Sunday 17 November 2019

*ശരിയല്ലെന്ന് തോന്നുന്നു ; എന്തോ എനിക്കങ്ങിനെത്തന്നെ തോന്നുന്നു* / അസ്ലം മാവിലെ

*ശരിയല്ലെന്ന് തോന്നുന്നു ; എന്തോ എനിക്കങ്ങിനെത്തന്നെ തോന്നുന്നു*
..............................
അസ്ലം മാവിലെ
..............................

എന്റെ എതിർപക്ഷത്ത് ഇനി നാലാള്  കൂടിയാലും വേണ്ടില്ല. ഉള്ളത് ഞാൻ പറയാം, ചോദിക്കാം. 

ശാരീരികമായ പ്രയാസം നേരിടുന്നവരെ ഹൈലൈറ്റ് ചെയ്ത് കാണിക്കാനാണോ ഇവിടെ ഇങ്ങിനെ പോസ്റ്റിടുന്നത് ? അത് കൊണ്ട് എന്താണർഥമാക്കുന്നത് നിങ്ങൾ ? തുടരെത്തുടരെ മത്സരിച്ചു ഭിന്നശേഷിക്കാരുടെ ചിത്രങ്ങൾ കമന്റോടെയും, കമന്റില്ലാകമന്റോടെയും പോസ്റ്റ് ചെയ്യുന്നതിന്റെ ചേതോവികാരം എന്താണ്, ഹേയ് ?

ഒന്നും മനസ്സിലാകുന്നില്ല. പ്രയാസം തോന്നുന്നു. ഇപ്പഴിതാണ് ട്രന്റന്ന് പറയുന്നിടത്ത് എന്തോ അക്ഷരപിശക് മാത്രമല്ല ആലോചനാ പിശകുകൂടിയുണ്ട്. അതൊന്നു കൂടി വായിച്ച് പിന്നെ എന്റെ ഈ കുറിപ്പും കൂടി വായിച്ചാൽ ഗൗരവം മനസ്സിലാകും.

വികലാംഗൻ എന്ന പദം പോലും  പ്രയാസമുണ്ടാക്കുന്നുണ്ട്. അത്കൊണ്ടാണ് ഭിന്നശേഷി വിഭാഗം എന്ന പോസിറ്റീവ് എനർജി നൽകുന്ന വിശേഷണങ്ങൾ ലോകാടിസ്ഥാനത്തിൽ ഇയ്യിടെ ഉപയോഗിച്ചു തുടങ്ങിയത്.

2015 ൽ,  ദിവ്യശരീരം - Devine Body - എന്ന അർഥത്തിൽ  ദിവ്യാംഗ്‌ എന്ന പദം വരെ ഉപയോഗിക്കാൻ ഇന്ത്യയിൽ   നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. മംഗലാപുരം വരെ ഒന്ന് പോയാൽ കാണാം.  കർണ്ണാടകയിലെ പൊതുവാഹനങ്ങളിൽ ഈ പദം ഇപ്പോൾ  ഇടം പറ്റിയിട്ടുണ്ട്. ആ പദത്തിലെ പൊതുആശയത്തോട് വിയോജിപ്പുള്ളത് കൊണ്ട് ചില സംസ്ഥാനങ്ങളിൽ ദിവ്യാംഗ് ഉപയോഗിക്കുന്നില്ലെന്നേയുളളൂ.

പറഞ്ഞു വന്നത്, തമാശയ്ക്ക് പോലും ഈ സഹോദരരെ പൊതുഇടങ്ങളിൽ വലിച്ചിഴയ്ക്കരുത്. സിവിലൈസ്ഡ് സൊസൈറ്റിയിൽ ഈ സമീപനം തീരെ ശരിയല്ല. ഈ ഫോട്ടോയിലുള്ളവർ നമ്മുടെ വീട്ടിലെ ഒരംഗമെന്ന് മാത്രം ഒരു വേള ആലോചിച്ചാൽ മാത്രം മതി, എല്ലാ തർക്കുത്തരങ്ങൾക്കും മറുപടി എളുപ്പം കിട്ടാൻ.

നേതാക്കൾ തൊട്ട് തലോടട്ടെ, നമ്മിൽ പലർക്കും ചെയ്യാനാവാത്ത ഒരു നന്മ ഒരു കുഞ്ഞനിയൻ ചെയ്തു. അത് ഒരു ഭരണാധികാരി സ്നേഹസ്പർശം കൊണ്ട് ഒരു കുറിപ്പെഴുതി. കഴിഞ്ഞു. അത് കണ്ടു, വായിച്ചു. അതോടെ തീർന്നു. പിന്നെയുമത് തന്നെ പോസ്റ്റ് ചെയ്യുക. അതിന് പകരമായി വേറൊരു ഫോട്ടോയും വേറൊരു നേതാവിനെയും പോസ്റ്റ് ചെയ്യാൻ തിടുക്കം കൂട്ടുക - എന്തോ എന്റെ മനസ്സ് അതിനോട്  പാകപ്പെട്ടു വരുന്നില്ല.

ദേ, ഇതും കൂട്ടത്തിൽ വായിക്കുക.
രണ്ടാഴ്ച മുമ്പ് ഞാൻ പട്ല സ്കൂളിലെത്തി. പ്രധാനധ്യാപകന്റെ ക്യാബിനിലിരുന്നു. സംസാരത്തിനിടക്ക് അദ്ദേഹം പറഞ്ഞു : ഞാനെവിടെയും കാണാത്ത വലിയ പ്രത്യേകത ഇവിടെ കണ്ടു, കാഴ്ചക്കുറവുള്ള ഒരധ്യാപകനുണ്ട് നമ്മുടെ സ്കൂളിൽ, അദ്ദേഹത്തെ ബസ്സിറക്കാനും ബസ്സ് കയറ്റാനും ക്ലാസിൽ കൊണ്ടു പോകാനും ടോയിലറ്റിൽ വിടാനും പുറത്തിറങ്ങുന്നത് വരെ കാത്ത് നിൽക്കാനും എല്ലാ സഹായങ്ങളും ചെയ്യാനും ഇവിടത്തെ മക്കൾ അവരുടെ സകല കുസൃതിത്തരങ്ങളും മാറ്റി വെച്ച്, മത്സരിക്കുകയാണ്, അത്കേട്ട് തൊട്ടടുത്ത നിൽക്കുന്ന പ്രമോദ് മാഷിന്റെ കണ്ണു നിറഞ്ഞോ എന്ന് എനിക്ക് സംശയമുണ്ട്.  നമ്മുടെ മക്കൾക്ക്, കുഞ്ഞുതലമുറയ്ക്ക്,  വരെ ഇക്കാര്യത്തിൽ നല്ല ധാരണയുണ്ട്.

*കണ്ണുതുറക്കാൻ:*
യലഹങ്കയിൽ ഒരു കവലയുടെ ഒരു മൂലയിൽ ഒരു സ്ത്രീ എന്നും ഇരിപ്പുറപ്പിക്കുമായിരുന്നു. മല്ലിയില, തുളസിയില, ഉള്ളിയില, ചീര തുടങ്ങി പച്ചിലകെട്ടുകളാണ് വിൽപന. ആ സഹോദരിയുടെ  അരയ്ക്ക് താഴെ ശരീരമില്ല.  സഹതാപത്തോടെ നോക്കുന്നവരോട്  അവർ പറയും : എന്റെ മേൽ ദയാവായ്പുള്ള നോട്ടമല്ല വേണ്ടത്, മറിച്ച് ഇടപാടാണ്. ഇതിൽ നിന്ന് രണ്ട് കെട്ട് നിങ്ങൾ വാങ്ങിയാൽ അന്തിക്ക് എന്റെ വീടു (അടുപ്പ്)  പുകയും.

*നീതിവേദി അഭിനന്ദനമർഹിക്കുന്നു ; സ്കൂൾ മാനേജ്മെന്റും*
...............................
അസ്ലം മാവിലെ
...............................

ഒന്ന് പുറത്തിറങ്ങി വീട്ടിൽ തിരിച്ചു വന്നതേയുള്ളൂ.  ഒരു സുഹൃത്ത് വീഡിയോ സ്ളോട്ടടക്കം ഒരു  വാർത്ത അയച്ചിട്ടുണ്ട്. അതിങ്ങനെ :

"പട്‌ള ഗവ.ഹൈസ്‌കൂളിലെ ശ്രീയേഷിന് ആശ്വാസത്തിന്റെ വീല്‍ചെയറുമായി നിതിവേദി പ്രവര്‍ത്തകരെത്തി. മകനുമായുള്ള ആശുപ്രത്രി യാത്രയിലെങ്കിലും അല്‍പം ആയാസം കുറയുമല്ലോ എന്നുള്ള പ്രതീക്ഷയിലാണിപ്പോള്‍ ഈ ഏഴുവയസുകാരന്റെ മാതാപിതാക്കള്‍".

പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിന്റെ ഭാഗമായി സ്കൂൾ മാനേജ്മെന്റ് ഇയ്യിടെ വീടുകൾതോറും സന്ദർശനങ്ങൾ നടത്തിയപ്പോഴായിരുന്നു ശ്രീയേഷിന്റെ അവസ്ഥ അവരുടെ ശ്രദ്ധയിൽ പെടുന്നതും കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിതിവേദി പ്രവര്‍ത്തകർക്ക് മുന്നിൽ അധികൃതർ വിഷയം അവതരിപ്പിക്കുന്നതും.

ഇക്കഴിഞ്ഞ ദിവസം വിൽചെയറെത്തി. ശ്രീ യേഷിന് ഇനി ഇരുന്ന് സഞ്ചരിക്കാൻ ഒരു കുഞ്ഞു വാഹനമായി.

പ്രശാന്ത് മാഷ്, പി.ടി. ഉഷ ടിച്ചർ അടക്കമുള്ള അധ്യാപകരുടെ  നേതൃത്വവും ഇടപെടലുകളും ഒരു വിദ്യാലയത്തിന്റെ മാനവിക യശസ്സു കൂടിയാണ് ഉയർത്തുന്നത്. അഭിനന്ദനങ്ങൾ.

ഒപ്പം,  കൂടെപ്പിറപ്പുകളുടെ കൂടെ നിൽക്കാനുള്ള നീതിവേദിയുടെ സന്മനസ്സിനെയും മുക്തകണ്ഠം നമുക്ക് പ്രശംസിക്കാം.

No comments:

Post a Comment