Tuesday 5 November 2019

തടവറ തീര്‍ക്കുന്നതിന് മുമ്പ് തണല്‍ക്കൂടിന്റെ പണിതീര്‍ക്കണം / അസ്ലം മാവിലെ

ജീവിത സായാഹ്നങ്ങളില്‍ മിണ്ടിയും പറഞ്ഞുമിരിക്കാന്‍ ഒരിടം നമുക്കു വേണ്ടേ?; തടവറ തീര്‍ക്കുന്നതിന് മുമ്പ് തണല്‍ക്കൂടിന്റെ പണിതീര്‍ക്കണം

അസ്ലം മാവിലെ

http://www.kasargodvartha.com/2019/11/senior-citizens-waiting-for-happyness.html

ഫേസ് ബുക്കില്‍ ഒന്ന് കണ്ണോടിച്ചപ്പോള്‍, മൊഗ്രാല്‍ക്കാരന്റെ പേജില്‍ വത്യസ്തമായ ഒരു ഫോട്ടോ കണ്ടു. പ്രായം ചെന്ന കുറെ മനുഷ്യര്‍. കൂടെ മനോഹരമായ അടിക്കുറിപ്പ്, മൊഗ്രാലിന്റെ നാട്ടുസൗന്ദര്യങ്ങള്‍.

ഓരോ ഗ്രാമത്തിലും നഗരത്തിലും കാണും ഇതുപോലുള്ള നാട്ടുസൗന്ദര്യങ്ങള്‍. മുതിര്‍ന്ന പൗരന്മാര്‍, 60 കഴിഞ്ഞവര്‍, അവരാകട്ടെ  ഒന്നിച്ചു കളിതമാശകള്‍ പറയാന്‍, കടന്നുപോയ ഓര്‍മ്മക്കാലത്തേക്കൂളിയിട്ടിറങ്ങാന്‍, ദുഃഖഭാരം പങ്ക് വെക്കാന്‍ ഒരിടത്തിരിക്കാന്‍ ഇടമന്വേഷിക്കുന്നവരാണ്.

ദുബൈയില്‍ ഇറാനി ബസാറിലും, ഫിക്രീ മാര്‍ക്കറ്റിലും മറ്റും ഒരു ഒഴിഞ്ഞ സ്ഥലത്ത് മൂന്ന് നാല് മരക്കട്ടിലുകള്‍ കാണാം. അവിടെ പ്രായം ചെന്ന അറബികള്‍ എന്നും വൈകുന്നേരങ്ങളില്‍ വന്നിരിക്കും. ഉള്‍പ്രദേശങ്ങളിലും ഇതുപോലെയുള്ള മനോഹരകാഴ്ചകള്‍ കാണാം.

അവരെ ആരെങ്കിലും വണ്ടിയില്‍ കൊണ്ട് വിടുന്നതാണ്. അല്ലെങ്കില്‍ സ്വയം വണ്ടിയോടിച്ചു വരും. ടാക്‌സി പിടിച്ചും ചിലര്‍ വരുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കയ്യില്‍ കാപ്പി (ഖഹ്-വ) അല്ലെങ്കില്‍ കട്ടന്‍ചായ (സുലൈമാനി) നിറച്ച ചൂടാറാത്ത പാത്രമുണ്ടാകും. വളരെ ലഘുവായ കടി പൊതിയായിട്ടുണ്ടാകും. നേരം ഇരുട്ടുവോളം അവര്‍ നാട്ടുവര്‍ത്തമാനങ്ങള്‍ പറഞ്ഞു കൊണ്ടേയിരിക്കും. ചിലര്‍ ഊന്ന് വടിയില്‍ താടി വെച്ച് ഗ്രാമ നഗരക്കാഴ്ചകള്‍ കണ്ടുകൊണ്ടേയുണ്ടാകും.

അത്തരം മുതിര്‍ന്ന മനുഷ്യരുടെ കൂടിയിരുത്തം ഇയ്യിടെ ബംഗളൂരുവിലും കണ്ടു. ചില ആല്‍മരച്ചോട്ടില്‍ അറുപതെഴുപത് കഴിഞ്ഞവര്‍. പാര്‍ക്കുകളിലെ ഒരു വലിയ പ്രദേശം തന്നെ അവര്‍ക്കുവേണ്ടി മാറ്റി വെച്ചതു പോലെയുണ്ട്. അത്രയുമുണ്ട് മുതിര്‍ന്ന പൗരന്‍മാരുടെ ആധിക്യം. ചിലര്‍ സംസാരിക്കില്ല. പരസ്പരം നോക്കിയും വഴിയോരങ്ങളില്‍ കണ്ണോടിച്ചും ഇരുപ്പാണ്. അവര്‍ക്കതാകാം ഇഷ്ടം.

എന്റെ സൗഹൃദങ്ങള്‍ക്കിടയില്‍ വര്‍ഷങ്ങളായി ഞാന്‍ ഈ വിഷയം എടുത്തിടാറുണ്ട്. ഓരോ നാട്ടിലും ഈ ഒരാലോചന പ്രാവര്‍ത്തികമാക്കാന്‍ മാത്രം പ്രസക്തവുമാണ്. നാളെ നാമും അറുപതിലേക്ക് കാലെടുത്തു വെക്കും. കാലത്തോടൊപ്പം നമുക്കും ജരാനരകള്‍ ബാധിക്കും. കാഴ്ചകള്‍ മങ്ങും, വീടുകളില്‍ തളച്ചിടപ്പെടും. അത്തരം ഒറ്റപ്പെടലുകളിലെ ഓര്‍മ്മകളില്‍,  ചെയ്ത് തീര്‍ക്കാനാവാത്തതൊക്കെയും നമ്മെ വേട്ടയാടിക്കൊണ്ടേയിരിക്കും.

ഒന്നിച്ചുണ്ടായിരുന്നവര്‍ മരിച്ചതു പോലും അറിയാതെ വരും. മിണ്ടാനും പറയാനുമാളുകള്‍ കുറഞ്ഞു കുറഞ്ഞുകൊണ്ടേയിരിക്കും. ജിവിതം കല്‍മതിലുകളില്‍ അനുവാദം ചോദിക്കാതെ തളയ്ക്കപ്പെടും. അവര്‍ക്കാണ് കൂടിയിരുത്തത്തിന് ഒരു സ്ഥലം വേണ്ടത്. ഒരു ഗ്രാമത്തില്‍ തന്നെ പലയിടത്തായി, ഒരാഴ്ചയില്‍ ഒന്നു രണ്ടുവട്ടമോ മുഴുവന്‍ ദിവസമോ വൈകുന്നേരങ്ങളില്‍ ഇരിക്കാന്‍ ഒരിടം. മുതിര്‍ന്ന പൗരന്‍മാര്‍ക്കു മാത്രമായി ഒരു കുഞ്ഞു മൂലയും കവലയും.

മുതിര്‍ന്നവര്‍ക്കു പലര്‍ക്കും കളിക്കൂട്ടുകാരെ കാണണമെന്നുണ്ട്. അവരില്‍ രോഗബാധിതരുണ്ട്. സൗഖ്യത്തിലുള്ളവരുണ്ട്. എങ്ങനെ പോകും, എങ്ങനെയവരെ ഒരുനോക്കു കാണും? എങ്ങനെ മിണ്ടിയും പറഞ്ഞുമിരിക്കും...? 

ഈ പ്രായത്തില്‍ എവിടെ പോകുന്നു? ആരെക്കാണാനാണ്? മക്കളും മരുമക്കളും പേരക്കുട്ടികളും തടസവാദങ്ങളുമായി മുന്നിലെത്തും. അവരൊക്കെ വല്യ വല്യ ആളുകളായി, ആ വീട്ടുകാരായി ഞങ്ങളത്ര സുഖത്തിലല്ല, ഇന്ന് വേണ്ട ഒരാഴ്ച കഴിഞ്ഞ് പോകാം, ഇന്നവിടെ വേറെന്തോ പരിപാടികളുണ്ട്, ഈ പ്രായത്തില്‍ പുറത്തിറങ്ങരുതെന്ന് ഡോക്ടര്‍ നിര്‍ദ്ദേശമുണ്ട്... എത്ര ന്യായങ്ങള്‍ പറഞ്ഞായിരിക്കും മുതിര്‍ന്നവരുടെ ആഗ്രഹങ്ങളുടെ മുള നുള്ളിക്കളയുക.  വീട്ടിനു പുറത്തിറക്കാതിരിക്കാന്‍ പുതിയ കാരണങ്ങളുമായി ചിലരെ ശട്ടംകെട്ടി എഴുന്നള്ളിക്കും. ചിലര്‍ ഒച്ചവെച്ചു ഇരുത്തിക്കളയും. പരിഹാസവാക്കുകള്‍ പറഞ്ഞു നിരുത്സാഹപ്പെടുത്തും. സുഹൃദ്-ബന്ധുവീടുകളില്‍ കൊണ്ട് പോകാതിരിക്കാന്‍ എന്തൊക്കെ വേഷംകെട്ടലുകള്‍!

ഇതും ഒരാലോചനയാണ്. വാരിക്കൂട്ടുന്നതില്‍ നിന്നൊരല്‍പ്പം മാറ്റിവെച്ച് കുറച്ചു മാറിയൊരിടത്ത് ഒരു തുറസ്സുഭൂമിയില്‍ തണല്‍ക്കൂടെന്ന ആലോചന. എല്ലാവര്‍ക്കും ആയില്ലെങ്കില്‍ ഏതാനും ചില നന്മച്ചില്ലകളാല്‍ ഒരുക്കിയ ഒരു കുരുവിക്കൂട്. അടുത്തുള്ളവര്‍ക്കവിടം വരെ നടന്നും ഉന്തുകസേരകളിലുമെത്താം. അകലെയുള്ളവര്‍ക്ക് വാഹനത്തില്‍ വരാം. ഒന്നൊന്നര മണിക്കൂറിന് വേണ്ടി മാത്രമുള്ള ഒരു വാഹനസംവിധാനം അല്ലെങ്കില്‍ ഷട്ടില്‍ സര്‍വീസ് ഒരുക്കണം. കൊണ്ട് വരാനും കൊണ്ട് വിടാനും.

വൃത്തിയും വെടിപ്പുമുള്ള 10 സെന്റില്‍ ഒരിടം, അല്ലെങ്കില്‍ അതിലും കുറവ്. അങ്ങനെയൊരു കുഞ്ഞു പൂവാടി വെറുതെ ഒന്നു മനസ്സില്‍ കാണൂ. എന്തൊക്കെ സൗകര്യങ്ങളോടെ ലളിതമായി അതൊരുക്കാമെന്ന് നിങ്ങളുടെ മുഖത്തു വിരിഞ്ഞ മന്ദസ്മിതം പറഞ്ഞു തരും. നാം കെട്ടിപ്പൊക്കിയ വീടൊരുനാള്‍ നമുക്ക് തന്നെ തടവറ തീര്‍ക്കുന്നതിന് മുമ്പ് ആ തണല്‍ക്കൂടിന്റെ പണിതീരണമെന്ന് മനസ്സു പറഞ്ഞു കൊണ്ടേയിരിക്കും.

No comments:

Post a Comment