Sunday 17 November 2019

ചികിത്സ തേടേണ്ടത് സര്‍ക്കാര്‍ ആശുപത്രിയിലാണ്, അവിടെ എല്ലാമുണ്ട്* / അസ്‌ലം മാവിലെ

*ചികിത്സ തേടേണ്ടത് സര്‍ക്കാര്‍ ആശുപത്രിയിലാണ്, അവിടെ എല്ലാമുണ്ട്*
അസ്‌ലം മാവിലെ
(www.kasargodvartha.com 12.11.2019)  
-----------------------------------------------
കുറെ അനുഭവങ്ങളിൽ ഒന്ന്. ഇക്കഴിഞ്ഞ രണ്ടാഴ്ച മുമ്പ്. ഒരു വെള്ളിയാഴ്ച. ബ്രണ്ണൻ കോളേജിൽ  പോയി തിരിച്ചു വരികയാണ്. ജുമുഅ: നമസ്ക്കരിക്കാൻ തലശ്ശേരി ടൗണിലിറങ്ങി പള്ളിയിൽ കയറി. നമസ്ക്കാരം തുടങ്ങിക്കഴിഞ്ഞിരുന്നു, പുറത്ത് നല്ല മഴയും.
ധൃതിപിടിച്ച് വലത് വശത്ത് കൂടി അകത്ത് കടക്കാൻ വെച്ച് പിടിച്ചു. സ്ഥല സൗകരുമില്ലാത്തത് കൊണ്ട് മുമ്പിലുള്ള ഏതെങ്കിലും വരിയിൽ നുഴഞ്ഞ് നിൽക്കാൻ വേണ്ടി തിരിച്ചു കുറച്ചു കൂടി ധൃതിയിൽ നടന്നു. എല്ലാം ഞൊടിയിടയിൽ. ഒരു ടോയിലറ്റിന്റെ വാതിൽ കൊളുത്തി കുപ്പായം ഉടക്കി. ഷർട്ടിന്റെ ഷോൾഡർ ഭാഗം കീറിപ്പറിഞ്ഞു; മുതുകിന് താഴെ അത്യാവശ്യം നല്ല മുറിവ്.
ഒരു വിധം നമസ്ക്കരിച്ച് പുറത്തിറങ്ങി. ഒരു അപരിചിതൻ പറഞ്ഞു - ഇവിടെയൊന്നും ആസ്പത്രി പോകാൻ നിൽക്കണ്ട, വെറുതെ ബില്ലെഴുതിക്കളയും ! ഞാൻ നേരെ റെയിൽവേ സ്‌റ്റേഷനിലേക്ക് നടന്നു, വണ്ടിയിൽ കയറി. നല്ല വേദനയുണ്ട്. മുറിവുമുണ്ട്. വൈകുന്നേരം 4:30 കഴിഞ്ഞിരിക്കണം, മകന്റെ കൂടെ ഗവ. ആസ്പത്രിക്ക് പിടിച്ചു,
വലിയ തിരക്കില്ല, 5 രൂപ നൽകി ടോക്കൺ എടുത്തു. അവർ കാഷ്വൽറ്റി കാണിച്ചു. ആ സമയം വലിയ കേസ് ഉള്ളതിനാൽ കുറച്ചിട ഇരിക്കാൻ പറഞ്ഞു. അത്ര വലിയ വേദനയില്ലങ്കിലും സിസ്റ്ററെ കണ്ടപ്പോൾ ഒന്നഭിനയിച്ചു നോക്കി.
സീനിയറായ ആ നഴ്സ് അകത്ത് വരാൻ പറഞ്ഞു, മുറിവ് തൊട്ടു നോക്കി. TT (Tetanuട Toxoid) എഴുതി. മുറിവും കെട്ടണ്ട, വേദന സംഹാരിയും വേണ്ട. തീർന്നു ! ഞാനും മറന്നു, ''ഇരുമ്പു"മുറി എന്നെയും മറന്നു. മൂന്ന് ദിവസത്തിൽ മുറിഞ്ഞ ഭാഗം ഉണങ്ങി"ച്ചൂളി"യായി ! ഇത്രയേ ഉള്ളൂ കാര്യങ്ങൾ. ചിലവ് - 5 രൂ ടോക്കണിന്; 5 രൂ സ്കൂട്ടർ പാർക്കിംഗിന്.
പുറത്തിറങ്ങുമ്പോൾ ഒരു മാന്യസുഹൃത്ത് മുമ്പിൽ. ഞാനങ്ങോട്ട് - " നിങ്ങളെന്താ ഇവിടെ ? "
മാന്യ സു : ഞാൻ ഒരാളെ കാണാൻ ..
മാന്യ സു (ഇങ്ങോട്ട് ) : നിങ്ങളെന്താ ഇവിടെ ?
ഞാൻ : മുതുകിൽ ചെറിയ ഒരു മുറിവ്.
മാന്യ സു: എല്ലാവരും പറയുന്നു ഗവ. ആസ്പത്രിയാകെ മാറീന്ന്, എനിക്കും ഇന്നൊരു ഡോക്ടറെ കാണിച്ചാലോന്ന്..
അപ്പോൾ വരവ് ചികിത്സയ്ക്ക്, കാണാൻ വന്നതോ ?  സുഹൃത്തിനെ, പക്ഷെ, ആ സുഹൃത്ത്  ഡോക്ടറാണെന്ന് മാത്രം ! ഇങ്ങനെയും ചില പാതിവെന്ത ജന്മങ്ങളെയും ആ പരിസരങ്ങളിൽ കാണാനും ഇടയായേക്കും.
90% അസുഖത്തിന് ധർമ്മാസ്പത്രികളാണ് ബെസ്റ്റ്. ബമ്പും ബെല്യത്തെണഉം അലൂല് വെച്ച് ഇറങ്ങണമെന്നേയുള്ളൂ. നല്ല ഇടപെടൽ. ശാന്തം. പരിഗണന. ആദ്യം വന്നവന് ആദ്യം മുൻഗണന. കുറച്ച് ഇരിക്കണം. ഗുരുതരമെങ്കിൽ അതിനും പ്രത്യേക പരിഗണനയുണ്ട്.
നാം അവിടെ സാമൂഹ്യ സേവകനായാൽ തള്ളിക്കയറ്റങ്ങൾ പറഞ്ഞ് ഒതുക്കാം. മറ്റുള്ളവരെ ഒരു കൈ സഹായിക്കാം. ഹിന്ദി അറിയുമെങ്കിൽ രോഗികളായി വരുന്ന വടക്കൻ സംസ്ഥാനക്കാരെ ദ്വിഭാഷിയായി നമ്മുടെ ഊഴം എത്തുന്നത് വരെ സഹായിക്കുകയും ചെയ്യാം.
ഇവിടെ മായിപ്പാടിയിലുമുണ്ട് ഹെൽത്ത് സെന്റർ. എല്ലാ പഞ്ചായത്തിലും  കാണും ഇതേ സൗകര്യമുള്ള ഒരെണ്ണം വീതം. ഓരോ വാർഡിലെയും ആരോഗ്യ ഉപകേന്ദ്രത്തിലെ ഉദ്യോഗസ്ഥർ ഇവിടെ വന്നാണ് റിപ്പോർട്ട് ചെയ്യുക. അത്കൊണ്ട് നാട്ടിലെ ആരോഗ്യ അന്തരീക്ഷം അവർക്ക് കാണാപാഠമാണ്. മിക്ക രോഗങ്ങൾക്കും മാറാൻ പറ്റുന്ന ചികിത്സയും മരുന്നും ഇവിടെ ലഭ്യമാണ്. പക്ഷെ, ആ... പക്ഷെ, അതന്നെ...ബമ്പും ബെല്യത്തെണഉം അലൂല്..........ണമെന്നേയുള്ളൂ
നമ്മൾ, പൊയഅക്കാർ,  ഇപ്പഴും ഗവ. ആസ്പ്പത്രിയെ കണ്ടിട്ടുള്ളത് തല്ലും കുത്തും നടന്നാൽ കേസ് ഫയൽ ചെയ്യാൻ പാകത്തിനുള്ള ഒരിടമായിട്ടും പിന്നെ മോർച്ചറിയാവശ്യത്തിനുമായിട്ടാണ്.
കാസർകോട് തന്നെ മുൻസിപ്പൽ പ്രാഥമികാരോഗ്യ കേന്ദ്രം വേറെയുണ്ട്. അത്പോലെ ഗവ. ആയുർവ്വേദ, ഹോമിയോ ആസ്പത്രികളുമുണ്ട്. ആയുർവേദ ആസ്പത്രിയിൽ കിടത്തി ചികിത്സയ്ക്കും സൗകര്യമുണ്ട്. ഇവിടെ പോകുമ്പോൾ രണ്ട് ഒഴിഞ്ഞ അംസക്കുപ്പിയും (ounce bottle) കൂടെക്കരുതണം.
ഇതിനിടയിൽ വാർഡ് മെമ്പറോടും ആരോഗ്യ പ്രവർത്തകരോടും പറയാനുള്ളത് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടി ഡോക്ടർ(മാർ) ചില ദിവസങ്ങളിൽ അവരുടെ ജോലിയുടെ ഭാഗമായി മേൽ സ്ഥാപനങ്ങളിൽ നടക്കുന്ന യോഗങ്ങളിലും സെമിനാറുകളിലും പോകേണ്ടി വരുന്നുണ്ട്. അന്നവർ ഡ്യൂട്ടിയിൽ ഉണ്ടാകില്ല. തലേ ദിവസം തന്നെ അവർ ഇതറിയുമല്ലോ. *അത് കൊണ്ട് ആ വിവരം ( ഡോക്ടർ പിറ്റേ ദിവസം രാവിലെ ആസ്പത്രിയിൽ വരില്ലെന്ന വിവരം) തലേനാൾ രാത്രി തന്നെ അതത് വാർഡുകളിലെ രണ്ട് മൂന്ന് പ്രധാന വാട്ട്സാപ് ഗ്രുപ്പുകളിലെങ്കിലും അറിയക്കുവാൻ ഏർപ്പാട് ചെയ്യണം, മനസ്സു കാണിക്കണം.*
പല രോഗികളും തിരിച്ചു പോകുന്നത് നേരിൽ കണ്ടത് കൊണ്ടാണ് ഈ വിഷയം ഇവിടെ എഴുതുന്നത്. ഒന്നിത് സൂചിപ്പിക്കുവാൻ അവസരം കാത്തിരിക്കുകയായിരുന്നു ഞാനും.

No comments:

Post a Comment