Wednesday 27 November 2019

നാമുമായി ബന്ധപ്പെട്ടത്* *മനസ്സുവെച്ചാൽ നമുക്കാകുന്നത്* / അസ്ലം മാവിലെ


*നാമുമായി ബന്ധപ്പെട്ടത്*
*മനസ്സുവെച്ചാൽ നമുക്കാകുന്നത്*
................................
അസ്ലം മാവിലെ
................................

ഗാസക്കാരിയും ഗവേഷകയുമായ ഇസ്റാ മിഗ്ദാദിന്റെ ബ്ലോഗിൽ ഇന്ന് വെറുതെ ഒന്നു നോക്കിയതാണ്. അവരുടെ ബ്ലോഗിലെ ഒന്നാം  പേജിൽ My Journey With the Quran എന്ന ടൈറ്റിലിൽ ഒരെഴുത്തുണ്ട്  - സ്വന്തം അനുഭവമാണതിൽ, അവരെങ്ങിനെ ഖുർആൻ മന:പാഠമാക്കി, എങ്ങിനെ മന:പാഠമാക്കിയത് നിലനിർത്തി, നിലനിർത്തി പോകുന്നു എന്നൊക്കെ.

R -R -R തിയറി (Recite, Read,  Repeat പാരായണം - വായന - ആവർത്തനം)  ഇതെങ്ങിനെ മുന്നോട്ട് കൊണ്ട് പോകാമെന്ന് ആ വനിത അതിൽ എഴുതുന്നുണ്ട് - സൗകര്യമുണ്ടാക്കി നിങ്ങൾ വായിക്കുക, വളരെ ലളിതമായ ഇംഗ്ലിഷാണ്.

ഇനി എന്റെ വിഷയം പറയാം. ഖുർആൻ മനഃപാഠമാക്കിയവർ നമ്മുടെ  നാട്ടിൽ കുറെ പേരുണ്ട്. അവരിൽ തന്നെ മുഴുവനായി തീർത്തവർ. പകുതിക്ക് നിർത്തിയവർ. തുടർന്നു കൊണ്ടിരിക്കുന്നവർ.

മുഴുവനായി പൂർത്തിയാക്കിവരിൽ കുറച്ചു പേർ നിരന്തരമായ എഫേർട്ട് എടുത്ത് പാരായണ ശാസ്ത്ര (Science of Tajweed) പ്രകാരം റിവിഷനും റിപീറ്റേഷനും നടത്തിക്കൊണ്ടിരിക്കുന്നു. ഖൈറ്. പക്ഷെ, എല്ലാവർക്കുമതാകുന്നില്ല. ശരീയല്ലേ ?

പകുതിയിൽ നിർത്തിയവർ, മുഴുവനും പൂർത്തിയാക്കിയവർ - അവർ ഒരുപാട് മാസക്കാലം ഈ മഹാഭാഗ്യം സിദ്ധിക്കാൻ കഷ്ടപ്പെട്ടാണ് ഇറങ്ങിപ്പുറപ്പെട്ടത്, ആ മക്കളുടെ മാതാപിതാക്കൾ അവരേക്കാളേറെ പ്രതിക്ഷയോടെയാണ് ഈ സദുദ്യമത്തിന്,  ഹിഫ്ള് കോഴ്സിന് മക്കളെ പറഞ്ഞയച്ചത്, അയച്ചു കൊണ്ടിരിക്കുന്നത്.

പക്ഷെ, പകുതിക്ക് നിർത്തിയവർ പഠിച്ചഭാഗങ്ങൾ (എത്ര ഭാഗങ്ങളാണോ മന:പാഠമാക്കിയത് അത്ര) റിവൈസും റിപിറ്റും നടത്തി നിലനിർത്തുന്നുണ്ടോ ? പൂർത്തിയാക്കിവർ ഗുരുമുഖത്ത് നിന്ന് ലഭിച്ച നിർദ്ദേശപ്രകാരം അവധാനതയോടും ഗൗരവത്തോടും ഒരുവരി പോലും മറന്നിട്ടില്ലെന്ന് ഉറപ്പുവരുത്തുന്നുണ്ടോ ?

സഹോദരി ഇസ്റാ ബ്ലോഗിൽ എഴുതുന്നു - Try not to only memorize, always remember that *the Qur’an is so easily forgotten*, so give yourself time to revise the pages you already memorized. കടുപ്പിച്ച അക്ഷരത്തിൽ വായിച്ചോ ? ഖുർആൻ വളരെ എളുപ്പത്തിൽ മറന്നു പോകുമത്രെ (അതിനെ ആ രൂപത്തിൽ പരിചരിച്ചില്ലെങ്കിൽ ! ).

പഠിപ്പിക്കുന്ന സ്ഥാപനങ്ങളിൽ പഠനം കഴിഞ്ഞിറങ്ങിയവർക്ക് ഇടക്കിടക്ക് അവിടെ എത്തി ആവർത്തന മന: പാഠ പാരായണത്തിന്  സംവിധാനമൊരുക്കുന്നുണ്ടോ എന്നെനിക്കറിയില്ല, ഉണ്ടെങ്കിൽ പകുതിക്ക് നിർത്തിയവർക്കും പഠിച്ച ഭാഗങ്ങൾ മറക്കാതിരിക്കാൻ അതേ സംവിധാനങ്ങളും അവസരമൊരുക്കലും  അവിടെ  ഉണ്ടാകുമായിരിക്കും. 

എന്റെ ചോദ്യം - നാട്ടുകൂട്ടങ്ങൾക്ക് ഒരു ബാധ്യതയില്ലേ ? ഇവിടെ ഖുർആൻ മന:പാഠമാക്കിയ മക്കൾക്ക് നിരന്തരം അവസരങ്ങളൊരുക്കാനുള്ള ബാധ്യത. അതിന് നമ്മുടെയിടയിലെ "ക-ച-ട-ത-പ" സംഘടനാ കാഴ്ചപ്പാടുകളും സംവിധാനങ്ങളും വിഘാതമാകരുത്. അതൊക്കെ ഇക്കാര്യത്തിൽ മാറ്റിവെച്ചു ഒന്നിച്ചൊരു വേദിയുണ്ടാക്കി മത്സരങ്ങൾ, പ്രോത്സാഹനങ്ങൾ നിരന്തരം നടത്തിക്കൊണ്ടേയിരിക്കണം. ഹിഫ്ള് കോഴ്സ് കഴിഞ്ഞവർക്കും പാതിയിൽ നിർത്തിയവർക്കും പഠിച്ചു കൊണ്ടിരിക്കുന്നവർക്കും വലിയ സപ്പോർട്ടും ഇൻസ്പിറേഷനും എനർജിയും അത് വഴി ലഭിക്കും. ഇക്കാര്യത്തിലെങ്കിലും നാട്ടുകാർക്കെല്ലാവർക്കും  ഒന്നിച്ചിരിക്കുന്നതിൽ വല്ല കുഴപ്പവുമുണ്ടോ ? ഒരു വർഷത്തിൽ കുറഞ്ഞത് രണ്ട് വട്ടമെങ്കിലും നല്ല പ്ലാനോട് കൂടി ഖുർആൻ മന: പാഠ മത്സരങ്ങൾ.

ഇത് വായിച്ചു വല്ല സംഘടനക്കാരാരെങ്കിലും മൈലേജ് കിട്ടാൻ വേണ്ടി ഉടുത്തൊരുങ്ങി  ''ഞങ്ങൊ നടത്തുന്നുണ്ടു" എന്ന് പറഞ്ഞുള്ള പോസ്റ്റുമായി വരരുത് എന്നപേക്ഷിക്കുന്നു. അതു നമുക്ക് പിന്നീടൊരിക്കൽ പറയാം,  പോസ്റ്റ് ചെയ്യാം.  പ്രസക്തമായ അന്വേഷണമിതാണ് - *ഒരു ഗ്രാമത്തിന്റെ, ഒരു നാടിന്റെ ഒരേ മനസ്സോടെയുള്ള ഒത്തൊരുമയോടെയുള്ള സംഘാടനത്തോടെ ഇപ്പറഞ്ഞത് നമുക്കാകുമോ ?*

(വേണം സംഘടനകൾ. ആവശ്യമാണ് താനും. ഒരുമിച്ചു മുന്നോട്ട് പോകാനുള്ള അവസരങ്ങളുള്ളിടത്തൊക്കെ, ആ സംഘടനകൾ നമ്മുടെ അരയിൽ വള്ളിയിട്ട് പിടിച്ചു പിന്നോട്ട് വലിക്കാൻ  ശ്രമിച്ചാൽ അരയിൽ മുറുകുന്നതിന് മുമ്പ് കയറ് മയത്തിൽ ഊരി ഒരു തെങ്ങിൽ കെട്ടാനും നമുക്ക് അറിയണം. സങ്കുചിതത്വത്തിനല്ല ഒരു സംഘടനയും, സംഘബോധത്തിന് മാത്രമാണത്, വിശാല മാനവിക ബോധത്തിനും. )

*മാമ്പു*
നിഘണ്ടുകർത്താവും (lexicographer) സദാചാരവാദിയും (moralist) സാഹിത്യവിമർശകനുമായ സാമുവൽ ജോൺസൺന്റെ കാഴ്ചപ്പാടിനോട് ഞാനും യോജിക്കുന്നു  : മനുഷ്യന് നിരന്തരം അറിവ് പകരുക എന്നതിനേക്കാളേറെ ആവശ്യം അവരെ ഓർമ്മപ്പെടുത്തുക, അശ്രദ്ധമായൊന്നിനെ അവരുടെ ശ്രദ്ധയിൽ കൊണ്ട് വരിക എന്നതത്രെ. അതും ഒരു സേവനമാകുന്നു, ചെറുതല്ലാത്ത സേവനം.  ▪

No comments:

Post a Comment