Sunday 17 November 2019

രണ്ട് കാലാകാരികൾ* *പട്ലയുടെ യശസ്സുയർത്തുന്നു* *കൂടെ കണ്ണിട്ട് വായിക്കാൻ* *നേരു വർത്തമാനങ്ങളും* / അസ്ലം മാവിലെ


*രണ്ട് കാലാകാരികൾ*
*പട്ലയുടെ യശസ്സുയർത്തുന്നു*
*കൂടെ കണ്ണിട്ട് വായിക്കാൻ*
*നേരു വർത്തമാനങ്ങളും*
..............................
അസ്ലം മാവിലെ
..............................

രണ്ട് കലാകാരികളെക്കുറിച്ചാണ് രണ്ട് ദിവസമായി  നാട്ടിൽ നാക്കെടുത്തിടത്ത് സംസാരം. അവരാണ്  കാസർകോട് ജില്ലയിലാകമാനം കലയെ സ്നേഹിക്കുന്നവരുടെ ഇടയിൽ സംസാര വിഷയം. ഒരു ഗ്രാമവും ആ ഗ്രാമത്തിലെ പള്ളിക്കൂടവും ഈ രണ്ട് കുട്ടികൾ വഴി ഒന്നു കൂടി വാർത്തകളിൽ വന്നിരിക്കുന്നു !

അവർ മറ്റാരുമല്ല,  മറിയം അബ്ദുൽ അസീസും അയിഷത്ത് ഹുസ്നയുമാണ്. സ്കൂൾ കലോത്സവത്തിൽ ജില്ലയിൽ നിന്നും ഒന്നാം സ്ഥാനവും ഏ ഗ്രേഡും വാങ്ങി സംസ്ഥാന കലോത്സവ മത്സത്തിന്റെ ഭാഗമായിരിക്കുകയാണ് ഈ രണ്ടു മിടുക്കിപ്പെൺകുട്ടികൾ. മറിയം ഹൈസ്ക്കൂൾ വിഭാഗം കഥാപ്രസംഗത്തിലും ഹുസ്ന യു പി വിഭാഗം അറബിക് കഥപറച്ചിലിലുമാണ് വിജയികളായത്.

ഈ വർഷത്തെ സംസ്ഥാന കലോത്സവത്തിന് ആതിഥ്യം നൽകുന്ന കാസർകോട് ജില്ലയിൽ,  പട്ല സ്കൂളിലെ മക്കളുടെ കൂടി  സാനിധ്യമുണ്ടാകുക എന്നത് നമുക്ക് ഏറെ അഭിമാനമുണ്ടാക്കുന്ന വർത്തമാനം തന്നെയാണ്.  എവിടെ നിന്നു വരുന്നു എന്ന് ചോദിച്ചാൽ പട്ലയിൽ നിന്നും വരുന്നെന്നും  ജില്ലയിലെ രണ്ടിനങ്ങളിൽ ഒന്നാമതായെത്തിയ പിള്ളേരുടെ നാട്ടിൽ നിന്നാണെന്നും അവരെ മത്സരം കൂടി കാണാൻ വന്നതെന്നുമുള്ള  ബോഡീലാങ്ങ്ഗ്വേജിൽ നിവർന്നു നിൽക്കാൻ നമുക്കും അവകാശമൊക്കെയായി എന്നർഥം.

അറിഞ്ഞിടത്തോളം സബ്ജില്ലതൊട്ടങ്ങോട്ട് മാത്സര്യ ബുദ്ധിയോടെയാണ് പട്ല സ്കൂൾ അധികൃതർ കലോത്സവത്തെ കണ്ടത്;  നന്നായി. അങ്ങനെയാണ് വേണ്ടതും. മറിച്ചായിരുന്നെങ്കിൽ ഒരെഴുത്തുകൂടി എഴുതേണ്ടി വരുമായിരുന്നു.

വരും വർഷങ്ങളിൽ ഇതേ താത്പര്യങ്ങൾ നിലനിർത്തി കൂടുതൽ ഇനങ്ങളിൽ മതിയായ സ്കോർ വാങ്ങാനുള്ള പരിശീലനവും പരിശ്രമവും സ്കൂൾ ആരംഭത്തിൽ തന്നെ കൈകൊള്ളണം. ഒപ്പം, നമ്മുടെ പൊടിമക്കൾ  സാഹിത്യമത്സരങ്ങളിലും സമ്മാനങ്ങൾ വാരിക്കൂട്ടാൻ ഭാഷാധ്യാപകർ നൂതന മാർഗ്ഗങ്ങൾ ആലോചിക്കുകയും വേണം. (തദ്വിഷയത്തിൽ പുതിയ കാൽവെപ്പിനുള്ള കടലാസുവർക്കുകൾ തുടങ്ങി എന്ന ശുഭവാർത്തയും അന്തരീക്ഷത്തിൽ ഇപ്പോൾ പാറിക്കളിക്കുന്നുണ്ട്. അതും വളരെ വളരെ നന്ന്. നാട്ടിലെ സാംസ്ക്കാരിക കൂട്ടായ്മകൾ കൂടി ഈ സംരംഭത്തിന്  ഒരു കൈ താങ്ങായാൽ മാത്രം മതി)

മുകളിൽ പരാമർശിച്ച രണ്ടു കുട്ടികൾ അറബിക് മാധ്യമത്തിലാണ് കഥാപ്രസംഗത്തിലും കഥപറച്ചിലിലും ഒന്നാമതെത്തിയത് എന്നത് ഒന്നടിവരയിടണം. പ്രത്യേകിച്ച് മലയാളം, ഇംഗ്ലിഷ്, ഹിന്ദി ഭാഷാധ്യാപകർ കൂടി മൂന്ന് കസേര ചുറ്റുമിട്ട് ഒന്ന് തല ചെലവാക്കണം. അടുത്ത തവണ ഇടത്ത് നിന്നും വലത്തോട്ടെഴുതുന്ന ഒരു ഭാഷയിലെങ്കിലും ഒരു പൊടിമോനോ പൊടിമോളോ കലോത്സവത്തിന്റെ സംസ്ഥാന മത്സരവേദിയിലും അരങ്ങത്തും കാണണ്ടേ എന്നാലോചിക്കണം.  1950 മുതൽ ഈ സ്കൂളിൽ അ ആ ഇ ഇ ഈയും എ ബി സി ഡി യും ക കെ കി കൊ പറയാനും പഠിക്കാനും തുടങ്ങിയിട്ടുണ്ടെന്ന് 70-ാം സ്കൂൾ വാർഷത്തികാഘോഷത്തിന്റെ പടിവാതിലിൽ നിന്ന് തന്നെ പറയാൻ എനിക്കൽപം മടിയുണ്ടെങ്കിലും പറയുകയാണ്.

വീണ്ടും,
മറിയമിനും ഹുസ്നയ്ക്കും നിറഭാവുകങ്ങൾ ! രണ്ടു പേരും എന്റെ സുഹൃത്തുക്കളുടെ മക്കൾ ! മറിയമിന്റെ മാതാപിതാക്കൾ - എന്റെ അയൽക്കാരൻ ടി.വി. അബ്ദുൽ അസിസും സാബിറയും. ഹുസ്നയുടെ മാതാപിതാക്കൾ എന്റെ സഹപാഠി സി. അബ്ദുല്ലയും ബുഷ്റയും. വ്യക്തിപരമായി,  ഞാനും എന്റെ കുടുംബവും നിങ്ങളുടെ സന്തോഷത്തോടൊപ്പം ചേരുന്നു.

ഈ നാടു മുഴുവനും പ്രാർഥനയോടും ആശംസയോടും നിങ്ങളുടെ ഒപ്പമാണ്.

ഈ മാസാവസാനം നല്ല  വാർത്തകളുമായി ഒന്നുകൂടി പട്ലയുടെയും പട്ല സ്കൂളിന്റെയും  യശസ്സുയരാൻ നിങ്ങളുടെ കലാപ്രകടനങ്ങൾക്കാകട്ടെ. 

No comments:

Post a Comment