Sunday 3 November 2019

ആടും പശുവും* *അഴിച്ചു വിട്ടോളൂ* *അതിന്റെ ഉടമകൾ* *വള്ളിയും വടിയുമായി* *കൂടെ വേണം* / അസ്ലം മാവിലെ

*ആടും പശുവും*
*അഴിച്ചു വിട്ടോളൂ*
*അതിന്റെ ഉടമകൾ*
*വള്ളിയും വടിയുമായി*
*കൂടെ വേണം*
................................
അസ്ലം മാവിലെ
................................
http://www.kasargodvartha.com/2019/11/article-by-aslam-mavila.html?m=1

നാട്ടിൽ യഥേഷ്ടം ആടിനെയും പശുവിനെയും അഴിച്ചു വിടുന്ന  അവറ്റകളുടെ ബഹു: മുതലാളിമാരോട്. നിങ്ങൾ നാൽക്കാലികളെ അഴിച്ചു വിടുന്നതിൽ ഞങ്ങൾക്ക് എതിർപ്പില്ല.  അവറ്റകളുടെ പിന്നാലെ വള്ളിയും കൊള്ളിയുമായി നിങ്ങളും കൂടെ വേണം. ഇല്ലെങ്കിൽ അഴിച്ചു വിടരുത്. പ്ലീസ്.

മതില് കെട്ടി ഗേറ്റ് അടച്ചവന്റെ വീട്ടു മുറ്റത്ത് പശു കയറില്ല. ശരി.
ഗേറ്റ് തുറന്നാലോ ? 24 മണിക്കൂറും അടച്ചിടാൻ പറ്റുമോ ? ഗേറ്റും മതിലും കെട്ടാത്തവനെ നിങ്ങൾ പരീക്ഷിക്കുകയാണോ ?

ഈ ആട്ടിൻ കൂട്ടങ്ങളുടെ കാര്യമോ ? ഇവർക്കെന്ത് മതിലും ഗേറ്റും ! മതിലിൽ തന്നെയാണ് ആടുകൾ മേഞ്ഞ് മേല് കായാൻ ഓടിച്ചാടുന്നത് ! പച്ച കണ്ടാൽ ആടിനെന്ത് വേലിയും വെട്ടാമതിലും, ഭായ്.

എത്ര വീട്ടുവളപ്പിലാണ് ഇവർ കയറി ഇറങ്ങി നട്ടുവളർത്തിയതിനെ നശിപ്പിക്കുന്നതെന്ന് കയറഴിച്ചു വിടുന്ന നാൽക്കാലികളുടെ വീട്ടുകാർ മനസ്സിലാക്കിയിട്ടുണ്ടോ?. അവിടെ നടുന്ന വാഴക്കന്ന്, പച്ചക്കറി, പൂച്ചെടി, തെങ്ങു തൈ, മാവിൻ ചെടി എന്ന് വേണ്ട സകലതും ഇവർ കടിച്ചു പറിക്കുകയാണ്. ആട് തിന്ന ചെടിക്ക് പിന്നെ ജീവിതം വെൻറിലേറ്ററാണല്ലോ.

അഴിച്ചു വിട്ട ആടും മാടും  വൈകുന്നേരം സ്വന്തം  വീട്ടുമുറ്റത്തെത്തുമ്പോൾ നിങ്ങൾ അവറ്റകളുടെ  വയറു നിറഞ്ഞു കാണുന്നുണ്ടാകുമല്ലോ. ആ നേരം ആരാന്റെ വയറാണ് കത്തുന്നത്, അവരുടെ കൃഷി എന്ന സ്വപ്നമാണ് നിങ്ങളുടെ ഈ വേണ്ടാത്ത പണി കൊണ്ട് തകർന്നു വീഴുതുന്നത്. അവർക്കുണ്ടായ നഷ്ടം നിങ്ങൾ എണ്ണിക്കൊടുക്കുമോ ?  ആ മാട് തരുന്ന പാലിനും ആട്‌ വിറ്റാൽ കിട്ടുന്ന കാശിനും എത്ര പരിശുദ്ധത ഉണ്ടാകും ? അതിന്റെ ചെലവ് കഴിയുന്നത് ഹലാലാകുമോ ? ആ പാൽ എങ്ങിനെ ചൂടാക്കിയാലാണ് അനുവദനീയമാകുക ?   നാടൻ ഭാഷയിൽ ചോദിച്ചാൽ ഇദെല്ലോ ദക്കോപ്പാ ?

എന്റെ അഭിപ്രായത്തിൽ ഇങ്ങിനെ തിന്നു കൊഴുത്ത നാൽക്കാലികളും കോഴിയും താറാവും മുയലും താറാവുമെല്ലാം പൊതുഖജനാവിനുള്ളതാണ്. കിടത്തവും ചാണകമിടലും സ്വന്തം വീട്ടിലെ തൊഴുത്തിലും,  മേയലും കൃഷിനശിപ്പിക്കലും ആരാന്റുപ്പാന്റെ വീട്ടുവളപ്പിലുമായാൽ അവകാശി ആരാണ് ? അത് പറ.

പാവങ്ങൾ ചില കൃഷിക്കാർ ഇങ്ങനെ മേഞ്ഞു വരുന്ന നാൽക്കാലികളെ ശല്യം സഹിക്കാഞ്ഞ് മുറ്റത്ത് പിടിച്ചു കെട്ടിയിടുന്നത് കാണാറുണ്ട്. സ്വൈരം കിട്ടണ്ടേ ? അപ്പോൾ കാണാം ചില മുതലാളിമാർ ഓടി വന്ന് വഴക്കു കൂടുന്നത്.   കഷ്ടമുണ്ട് സാറന്മാരേ !

മുമ്പൊക്കെ മിക്ക വീട്ടിലെയും പ്രായമുള്ളവർ മരണനേരത്ത് ഒസ്യത്ത് പറയുമത്രെ - "മക്കളേ കെട്ടിയിടാത്ത കാല്യോളെ പോറ്റിറ്റ് ഞങ്ങളെ പേര് പറയിച്ചർണ്ടാ, ഖബ്റ്ല് ഞങ്ങൊ സമധാൻത്തില് കെട്ന്നോർന്നാ.. "
ഈ ഒസ്യത്ത് ഓർമ്മയുള്ളത് കൊണ്ടാണ് ഇവിടെ ആരും വള്ളിയില്ലാത്ത കാലികളെ പോറ്റാത്തത്.

പോത്തിനോടും പശുവിനോടും ആടുകളോടും പറഞ്ഞാൽ തിരിയാത്തത് കൊണ്ടാണ് ഇവിടെ എഴുതുന്നത്. നിങ്ങൾ നാൽക്കാലികളെ അഴിച്ചു വിടുന്നതിൽ  ഞങ്ങൾക്ക് ആർക്കും എതിർപ്പില്ല.  പച്ചപ്പുല്ലിടത്ത്   അവറ്റകൾ വന്ന് മേഞ്ഞ് വയറു നിറച്ചും പോട്ടെ, പക്ഷെ,  വള്ളി പിടിച്ചു  നിങ്ങളും കൂടെ ഉണ്ടാകണം.

പലർക്കും അത്യാവശ്യത്തിന് പുറത്ത് എവിടെയും  പോകാൻ പറ്റാതായിട്ടുണ്ട്. എങ്ങിനെ പോകും ? കണ്ണുതപ്പിയാൽ ഇവർ അറഞ്ചം പൊറഞ്ചം മേയുകയല്ലേ ? അഴിച്ചു വിട്ടവർ മാത്രം കല്യാണത്തിനും വിരുന്നിനും ആസ്പത്രിയിലും മരിച്ചിടത്തും  പോയാൽ മതിയോ ? 

ഇക്കഴിഞ്ഞ ഗ്രാമസഭയിൽ വന്നവരിൽ 90% പേരും ഈ പരാതിയാണ് പറഞ്ഞത്. മെമ്പർ സാർ, നിങ്ങൾ പറഞ്ഞ മാവിൻ തൈയും ബത്തക്ക - കുമ്പളം വള്ളിയും കശുമാവും പ്ലാവും പ്ലാച്ചിങ്ങയും എല്ലാം എല്ലാവർക്കും മുറ്റത്ത് നടണമെന്നുണ്ട്. അതിന് ഇവറ്റങ്ങൾ സമ്മതിക്കണ്ടേ ?

മിനിഞ്ഞാന്ന് അതിരാവിലെ സ്കൂളിൽ പോകുന്ന ഒരു കുട്ടിയെ റോഡിൽ അലയുന്ന ഒരു നാൽക്കാലി ഒന്ന് മുരണ്ട് അടുത്ത പോയതാണ്. കുഞ്ഞുമക്കൾ ഓടി ഒരു വീട്ടിൽ കയറി ! അത്കൊണ്ട് മാത്രം  ഒരു അപകടം ഒഴിവായി.

ഇക്കഴിഞ്ഞ മാസം ആളില്ലാ നേരം നോക്കി ഒരു വീട്ടിലെ   ആൾമറയിൽ ഗുസ്തി കാണിച്ചു ഒരു അജം കിണറ്റിൽ ചാടി. രണ്ടീസം കഴിഞ്ഞ് അവർ വന്നു നോക്കുമ്പോഴാണ് അവർക്ക് മണത്തത്.  പണിയായാ ? എത്ര വട്ടം ഉമിയിട്ട് വെള്ളം കോരിയിരിക്കണം, ആ കിണറിൽ നിന്ന്. എന്നാലും ഷെക്ക് മാറുമോ ?

ഇവിടെയല്ല എവിടെയും ഒരുപാടാളുകൾ മാന്യമായി ആടും കോഴിയും പശുവും പോറ്റുന്നുണ്ട്. അവരോട് എല്ലാവർക്കും ബഹുമാനവുമാണ്. ഇങ്ങിനെ പറ്റില്ലെങ്കിൽ ഞാൻ നേരത്തെ പറഞ്ഞ മാതിരി വള്ളിയും പിടിച്ചു മേയാൻ കൊണ്ട് പോകണം.  പിന്നൊരു ഓപ്ഷൻ വിറ്റുകളയുക എന്നത് മാത്രമാണ്.

പലർക്കും ശല്യമായിട്ടുണ്ട്. ഇത് സീരിയസ്സായി കാണണം. വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ  ബോധവത്കരണ നടപടികൾ തുടങ്ങണം. സ്കൂളിലും ഇരു മദ്രസകളിലും ആരാധനാലയങ്ങളിലും അധ്യാപകർ ശരിയായ ഗൈഡൻസ് നൽകണം. ▪

No comments:

Post a Comment