Monday 11 November 2019

കോടാലിക്ക് പിടി മരം ;* *മരം തന്നെയാണ് മരത്തിന് ശത്രുവും !*/ അസ്ലം മാവിലെ

*കോടാലിക്ക് പിടി മരം ;*
*മരം തന്നെയാണ് മരത്തിന് ശത്രുവും  !*
...............................
അസ്ലം മാവിലെ
...............................

മനുഷ്യൻ മനുഷ്യന് ആരാകണം ? സിവിലൈസേഷന്റെ തുടക്കം മുതൽ ഇത് ചർച്ചപ്പെട്ടിരിക്കണം.

ഭൂവിലെ ആദിപിതാവിന് ഹവ്വയിൽ ജനിച്ച മക്കൾ കുഞ്ഞിരിക്കുമ്പോൾ സൗഹൃദാന്തരീക്ഷത്തിലായിരുന്നു. കള്ളം, ചതി, വഞ്ചന, പൊളി, പൊള്ളത്തരം ഒന്നുമില്ലാത്ത കാലം. പിള്ള മനസ്സിൽ കള്ളവും കള്ളത്തരവും കള്ളനും കേറാത്ത കാലം.

പിന്നെയാണ് നാം വാടകക്കാരാകുന്നത്. ചിന്ത, ചിത്തം, ഹൃത്ത്,  ഹൃദയം മുതലങ്ങോട്ട് കാണാത്തതും കാണുന്നതുമായ നമ്മുടെ എല്ലാം വാടകച്ചരക്കുകളായി മാറുന്നു. കേൾക്കാനുള്ള സാവകാശമില്ലാതായി. അവകാശങ്ങൾ തനിക്ക് മാത്രമായി. എല്ലാവരും അപരനായി. സ്വാർഥത മാത്രമാണ് സ്വസ്ഥത തരുന്നതെന്ന നിലയ്ക്കെത്തി. വിദ്വേഷവും പരശത്രുതയും ആലയിൽ ചുട്ടുപഴുക്കാൻ തുടങ്ങി. മനുഷ്യൻ തന്നെ അതിന്റെ പിടിയായി മാറി.

വായിച്ചില്ലേ ? ഭൂമിയിൽ ആദ്യത്തെ മനുഷ്യ രക്തം ചിന്നിത്തെറിച്ചു ! അതും ആദി പിതാവിന്റെ ആദ്യ മക്കളിൽ നിന്ന്. ചേതനയറ്റ സഹോദര ശരീരത്തെ മറവ് ചെയ്യാൻ ആകാശത്ത് വട്ടമിട്ട് പറന്ന രണ്ട് പക്ഷിക്കുഞ്ഞുങ്ങൾക്ക് ചിറക് താഴ്ത്തേണ്ടി വന്നു. ഇഷ്ടമില്ലാഞ്ഞിട്ട് പോലും അവയിലൊന്നിന് ജിവൻ ത്യജിക്കേണ്ടി വന്നു ! അവിടെയും കാക്ക തന്നെ കാക്കയ്ക്ക് കോടാലിപ്പിടി തീർത്തു !

ഭൂമിയിൽ ഒന്നു സഞ്ചരിക്കൂ. ഇത് തന്നെയാണെവിടെയും. അവസരങ്ങൾ അനുകൂലമല്ലാത്തതിന്റെ പേരിൽ പിടി തീർക്കാൻ വൈകുന്നവരും വൈകിക്കുന്നവരും. മനുഷ്യൻ മനുഷ്യന് തന്നെയാണ് ശത്രു. ആർത്തിയും അത്യാഗ്രഹവും അസഹിഷ്ണുതയും അസംതൃപ്തിയും തീർക്കുന്നതാണ് ശത്രുത. പക്ഷെ, ആ ശത്രുതയുടെ ആഫ്റ്റർ ഇഫ്ക്റ്റ് ജീവജാലങ്ങളെയും ഭൗമലോകത്തെ ആകമാനവും ബാധിക്കുന്നു !

നാനാത്വം (Diversity) നാമ്പിട്ടിടത്തും ശത്രുത കുറയുമത്രെ. അപരന്റെ വിശ്വാസത്തെയും ആചാരത്തെയും വ്യക്തിത്വത്തെയും ജീവിത രീതിയെയും  അംഗികരിക്കുവാനുള്ള സന്മനസ്സുള്ളിടത്താണ് നാനാത്വത്തിന്റെ പ്രസക്തി. You are a Lucky child if your parents taught you to accept diversity എന്ന് Roger Ebert ഒരിടത്ത് പറയുന്നുണ്ട്.

തെയ്യം പറഞ്ഞിലും കാര്യമില്ലാതില്ല.

No comments:

Post a Comment