Monday 4 November 2019

ഈ നന്മകൾ നല്ലപോലെ കാണാതെ പോകരുത്, മതിയായ പ്രോത്സാഹനം നൽകാൻ അധികൃതർ മുന്നോട്ട് വന്നേ തീരൂ /അസ്ലം മാവിലെ

*ഈ നന്മകൾ നല്ലപോലെ കാണാതെ പോകരുത്, മതിയായ പ്രോത്സാഹനം നൽകാൻ അധികൃതർ മുന്നോട്ട് വന്നേ തീരൂ*
................................
അസ്ലം മാവിലെ
................................

ഇക്കഴിഞ്ഞ ടേമിലെ PTA പ്രസിഡന്റിനോട് ഞാനങ്ങോട്ട് വിളിച്ചു പറഞ്ഞു - എനിക്കാളാകാനല്ല, എന്റെ ബാധ്യത പോലെ തോന്നുന്നു, ഹയർ സെക്കണ്ടറി കുട്ടികൾക്കായി ഒരു മണിക്കൂർ എനിക്ക് ക്ലാസ്സെടുക്കണം. അദ്ദേഹം ചോദിച്ചു എന്താണ് വിഷയം ?
ഞാൻ പറഞ്ഞു : *സാമൂഹിക പ്രതിബദ്ധതയും വിദ്യാർഥികളും*. വിളിച്ചത് പതിനൊന്നര മണിക്ക്. 10 മിനിറ്റ് കഴിഞ്ഞില്ല പ്രസിഡന്റിന്റെ തിരിച്ചു വിളി - അസ്ലം, ഇപ്പോൾ 12 മണിക്ക് അവിടെ എത്താമോ ? ഒരു ബാച്ചിലെ കുട്ടികളോട് സംസാരിക്കാം. അവർക്കിപ്പോൾ ഒഴിവാണ്, എങ്ങിനെ അവരെ നിയന്ത്രിക്കുമെന്ന പ്രിൻസിപ്പളിന്റെ ആലോചനക്കിടയിൽ ഈ വീണു കിട്ടിയ അവസരം ഉപയോഗപ്പെടുത്താൻ പറ്റുമെങ്കിൽ രണ്ടുകാര്യമായി.

എന്റെ ഇഷ്ടവിഷയമായത് കൊണ്ട്  ഒരു തയ്യാറെടുപ്പില്ലാതെ സമ്മതം മൂളി, കൊളുത്തിൽ തൂക്കിയ കുപ്പായവുമിട്ട് ക്ഷണനേരം കൊണ്ട് സ്കൂളിൽ ഞാൻ ധൃതിയിൽ നടന്നെത്തിയതും എനിക്ക് പറയാനുള്ള കാര്യങ്ങൾ ആ ഒരു മണിക്കൂറിൽ  കുട്ടികളോട് പറഞ്ഞതും ഈ വേളയിൽ ഓർക്കട്ടെ

അറിയില്ല, ഈ മക്കൾ അന്നാ ക്ലാസ്സിൽ അറ്റൻഡ് ചെയ്തിരുന്നോ എന്ന്. അറ്റൻഡ് ചെയ്തിട്ടുണ്ടെങ്കിൽ എന്റെ നിറഞ്ഞ സന്തോഷമറിയിക്കുന്നു; ഇല്ലെങ്കിൽ എഴുന്നേറ്റ് നിന്ന് നിങ്ങളെ ആദരപൂർവ്വം അഭിവാദ്യം ചെയ്യുന്നു,  നിങ്ങളുടെ പ്രതിബദ്ധതയും കാരുണ്യ സേവന മനസ്ഥിതിയും മാനിച്ച്.

പട്ല സ്കൂളിലെ ഒന്നാം വർഷ ബാച്ചാണ് ചിത്രത്തിൽ. കൊമേഴ്സാണ് സ്ട്രീം. സ്കൂളിന് അവർ വാട്ടർ പ്യൂരിഫയർ സ്പോൺസർ  ചെയ്യുന്ന  വെയിലത്തു നിർത്തിയ ചടങ്ങാണ് അക്കാണുന്നത്.  കുടിവെള്ള പ്രശ്നത്തിന്  പരിഹാരമെന്ന സദുദ്ദേശത്തിൽ  മക്കളുടെ  അവർക്കാവുന്ന  കോൺട്രിബ്യൂഷൻ. ഗാന്ധിജയന്തി ദിനത്തൽ  സ്വമേധയാ  സ്കൂൾ പരിസരം വൃത്തിയാക്കി ഈ ബാച്ച് മാതൃക കാട്ടിയിരുന്നുവെന്നതും കൂടെ വായിക്കുക.

അഭിനന്ദനങ്ങൾ ആവോളം അർഹിക്കുന്നു. അണ്ണാറക്കണ്ണനും തന്നാലായതാണ് ചെയ്യേണ്ടത്. ഉച്ചനേരത്തെ സ്നാക്സ് കഴിക്കുന്നതൊഴിവാക്കി ഒരുക്കൂട്ടിയ നന്മത്തുട്ടുകൾക്ക് ആയിരം സ്വർണ്ണനാണയത്തേക്കാൾ മാറ്റും ശോഭയും  കൂടുതലാണ്. ഈ സേവന തത്പരത കെടാതെ സൂക്ഷിക്കുക.

*ഇനി സ്കൂൾ അധികൃതരോട്:*
ഇത്തരം പരിപാടികൾ നടത്തുമ്പോൾ കുറച്ചു കൂടി വിശാല കാഴ്‌ച്ചപ്പാട് കാണിക്കണം.  ഒരു ഷട്ടർ പൊക്കിയാൽ വലിയ ഹാളാക്കാൻ പറ്റിയ സൗകര്യം ഫസ്റ്റ്ഫ്ലോറിലുണ്ട്. അതന്ന് അങ്ങിനെ പറഞ്ഞുണ്ടാക്കിയത് മതില് കെട്ടാൻ ചെങ്കല്ല് കിട്ടാഞ്ഞിട്ടല്ല. ഇത് പോലെയുള്ള വ്യത്യസ്തമായ പ്രോഗ്രാമുകൾ സംഘടിപ്പിക്കാനാണ്.

ഒരു കോംപൗണ്ട് അഡ്ഡം കടന്നാൽ ഹൈസ്കൂളാണ്, അവിടെ ഒരു വർഷം നടക്കുന്ന പ്രോഗ്രാം ഇയ്യിടെ വാർഷിക റിപ്പോർട്ടിൽ വായിക്കുന്നത് കേട്ട് ഒന്ന് നിർത്തിയിരുന്നെങ്കിൽ മുടൂട്പ്പ്ന് മുമ്പ് വീട്ടിലെത്താമായിരുന്നു എന്ന് പോലും ഞാൻ ആഗ്രഹിച്ചിരുന്നു. അമ്മാതിരി പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത പ്രോഗ്രാമുകൾ. ഹയർസെക്കണ്ടറിയിൽ ഏതായാലും അതിന്റെ പത്തിലൊന്നു പോലുമുണ്ടാകില്ലല്ലോ. അന്നേരം ഓർക്കാപ്പുറത്ത് കിട്ടുന്ന ഇത്തരം പ്രോഗ്രാമുകൾ, അതും കുട്ടികൾ മുൻകൈ എടുക്കുന്ന പരിപാടികൾ, വെയിലത്ത് നിർത്തി ഒതുക്കേണ്ടതല്ലെന്ന് ഇവന്റ് മാനേജ്മെന്റിനെ കുറിച്ച് അത്യാവശ്യം ധാരണയുള്ള ഞാൻ സാന്ദർഭികമായി സൂചിപിക്കട്ടെ, അതാർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും.

കുട്ടികൾ ഇനിഷ്യേറ്റ് ചെയ്യുന്ന ഇത്തരം പ്രോഗ്രാമുകൾക്ക് ദൃസാക്ഷികളാകാൻ കുറഞ്ഞത് അവരുടെ രക്ഷിതാക്കൾ, PTA, SMC, SDC അംഗങ്ങൾ എന്നിവരെയെങ്കിലും വിളിക്കേണ്ടിയിരുന്നില്ലേ ? അല്ല, പത്ത്  നാട്ടുകാർ അവിടെ അധികം വന്നാൽ ആകാശം ഇടിഞ്ഞു വീഴുമോ ?   രണ്ട് ബക്കറ്റ് വെള്ളവും അഞ്ചാറ് ചെറുനാരങ്ങയും പഞ്ചാരയില്ലെങ്കിൽ കാക്കിലോ കല്ലുപ്പുമുണ്ടെങ്കിൽ ആതിഥ്യമര്യാദയുടെ ഭാഗമായി  ലൈറ്റ് റിഫ്രഷ്മെന്റുമാക്കാമായിരുന്നു. ഗൈഡൻസ് നൽകിയാൽ  കുട്ടികൾ അതിനൊക്കെ തയ്യാറാകുകയും ചെയ്യും. 

കണ്ണുരുട്ടേണ്ടിടത്ത് അധികൃതർ കണ്ണുരുട്ടണം, പ്രോത്സാഹിപ്പിക്കേണ്ടിടത്ത് എല്ലാം മറന്ന് പ്രോത്സാഹിപ്പിക്കണം. +1 ലെ കുട്ടികളാണിവർ. അടുത്ത വർഷം പ്രതീക്ഷ നൽകുന്ന കെടാവിളക്കുകൾ, മുണ്ടശ്ശേരിയുടെ ഭാഷയിൽ പറഞ്ഞാൽ കരിന്തിരികൾ. ഇവരെ പ്രോത്സാഹിപ്പിച്ചേ മതിയാകൂ. ഇവരാണടുത്ത സീനിയേർസ്. പുതിയ ബാച്ചുകൾക്ക്  ഇവരാണ്  ഇനിമാതൃകകൾ.

*കുട്ടികളോട് :*
എത്ര ചെറുതെങ്കിലും നിങ്ങളുടെ പരിപാടികൾക്ക് നല്ല പബ്ലിസിറ്റി നൽകുക. പ്രോഗ്രാമുകൾ നടന്ന ശേഷമല്ല, നടക്കുന്നതിന് മുമ്പാണ് പ്രചാരണം നടത്തേണ്ടത്. പത്ത് A3 സൈസ് വെള്ള പേപ്പറിൽ നല്ല കയ്യക്ഷരത്തിൽ എഴുതി കവലകളിൽ തൂക്കുക, ഓൺലൈനിൽ പരസ്യപ്പെടുത്തുക ഇതൊക്കെ വളരെ എളുപ്പമുള്ള മാർഗ്ഗങ്ങളാണ്. വിവിധ ഇനങ്ങളിൽ സ്കൂൾ ക്ലബ്ബുകളും കൂട്ടായ്മകളും രൂപീകരിച്ച് ഒഴിവ് നേരങ്ങൾ സജീവമാക്കുക, നിങ്ങളുടെ അധ്യാപകരെക്കൂടി അതിന്റെ ഭാഗമാക്കുക. +1 ബാച്ചിലെ കുട്ടികളുടെ മാതൃകാ പ്രവർത്തനങ്ങൾ പട്ല ഹയർസെക്കണ്ടറി ക്യാമ്പസിൽ പുതിയ പ്രഭാതത്തിന് തുടക്കം കുറിക്കട്ടെ. കൂടെയുണ്ട്, ഒരു വിരൽതുമ്പുമായ് എന്നെപ്പോലുള്ള സാധാരണക്കാരായ പൂർവ്വ വിദ്യാർഥികൾ. നന്മകൾ, നാനാഴി നന്മകൾ !

( www.rtpen.blogspot.com )

No comments:

Post a Comment