Thursday 7 November 2019

പ്രസംഗകലയുടെ അനന്തസാധ്യതകളിലേക്ക് നടന്നു കയറാം; നമ്മുടെ കൂട്ടായ്മകളാണ് വാതില്‍ തുറന്നു കൊടുക്കേണ്ടത്* /*അസ്ലം മാവിലെ*



*പ്രസംഗകലയുടെ അനന്തസാധ്യതകളിലേക്ക് നടന്നു കയറാം; നമ്മുടെ കൂട്ടായ്മകളാണ് വാതില്‍ തുറന്നു കൊടുക്കേണ്ടത്*

*അസ്ലം മാവിലെ*
http://www.kvartha.com/2019/11/malayalam-article-about-speeching.html?m=1
................................
രണ്ടു ദിവസം മുമ്പ് ഒരു ഓൺലൈൻ പ്രസംഗ ട്രൈയിനിംഗ് ക്ലാസ്സിന്റെ ലിങ്ക് കിട്ടിയപ്പോൾ വെറുതെ ഒന്നു കയറി. എന്താണാ സംഭവം എന്നറിയണമല്ലോ. ആളുകൾ വരുന്നതേയുള്ളൂ. സാധാരണ ഒരു വാട്സപ്പ് ലിങ്ക് കിട്ടിയാൽ മിനിറ്റുകൾ കൊണ്ട് 257 അക്കം പൂർത്തിയാക്കും.  ഒന്നുമില്ലെങ്കിൽ വഴിപോക്കന്മാർ വരെ ഒന്ന് വന്ന് എത്തി നോക്കി ഇറങ്ങിപ്പോയ്ക്കൊണ്ടേയിരിക്കുകയെങ്കിലും ചെയ്യും. ഇത് രണ്ട് ദിവസായി; തലക്കെട്ട് കണ്ടത് കൊണ്ടാകാം 30 എണ്ണം വരെ അകത്ത് കയറിയിട്ടില്ല. കയറിയവർ അനങ്ങിയിട്ടുമില്ല, ഒറ്റയിരുപ്പാണ്.

മുമ്പൊക്കെ കല്യാണവീടുകളിൽ സൽക്കാരം തുടങ്ങുന്നതിന് മുമ്പ് പെട്ടിപ്പാട്ട് വെക്കില്ലേ ? വന്നവർ ബോറടിക്കാതിരിക്കാനും വയറ് കാളുന്നത് ശ്രദ്ധയിൽ നിന്നൽപം മാറാനും.  അത് പോലെ അവിടെ ഇപ്പോൾ  ആപ്തവാക്യങ്ങൾ ടെക്സ്റ്റ് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.

എന്റെ വകയും ഇന്ന് അതിരാവിലെ  ഒന്നു തള്ളി വിട്ടു. അതിങ്ങനെ : ബുദ്ധിമാനെ തീരുമാനിക്കാൻ അയാളുടെ ഉത്തരങ്ങൾക്ക് കാതോർക്കുക. തന്ത്രം മെനയുന്നവനെ അറിയാൻ അയാളുടെ ചോദ്യശരങ്ങൾ ശ്രദ്ധിക്കുക. എങ്കിൽ ഉത്തരങ്ങൾ പറയുന്നതിനേക്കാളേറെ, നിരന്തരം ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കുന്ന ജനകീയ പ്രാസംഗികർ ഏത് വിഭാഗത്തിലാണ് ?

പ്രസംഗം ഇന്നും പലർക്കുമപ്രാപ്യമാണ്. ഒബ്സർവേഷണൽ കൊമേഡിയനായ ജെറി സെൻഫീൽഡ് പറയും : "ഞാൻ പഠിച്ചിടത്തോളം മനുഷ്യൻ ആദ്യം ഭയക്കുന്നത് പ്രസംഗിക്കാനാണ്, രണ്ടാമതേ ആർക്കും മരണത്തിന്റെ കാര്യത്തിൽ ഭയമുള്ളൂ. എന്ന് വെച്ചാൽ ഒരു മരണാനന്തര ചടങ്ങിനെത്തി  ഉപചാരവാക്കുകൾ പറയുന്നതിനേക്കാൾ കുറച്ചു കൂടി നല്ലതെന്ന് നിങ്ങൾക്ക് തോന്നുക  തലക്കുംഭാഗത്ത് കുന്തിരിക്കം കത്തിച്ച്, വയറിൽ അരിപ്പൊതി വെച്ച് സ്വയം വെള്ളത്തുണിയെടുത്ത് കാലോളം മൂടിക്കിടക്കാനായിരിക്കും." കുന്തിരക്കവും അരിപ്പൊതിയും ജെറി പറഞ്ഞോന്ന് തപ്പാൻ നിൽക്കണ്ട,  എന്റെ മൊഴിമാറ്റം മലബാറീകരിച്ചതാണ്. അദ്ദേഹം പറഞ്ഞ അവസാന വാചകം ഇതാണ്. This means to the average person, if you go to a funeral, you’re better off in the casket than delivering the eulogy.

പ്രസംഗം ശീലിക്കാൻ എന്തിനിത്ര ഭയം ? നീന്തൽ പഠിക്കാനിറങ്ങുമ്പോൾ ആദ്യമായി വെള്ളം കാണുന്ന അപരിചിതത്വമേ ഇതിനുമുള്ളൂ. ക്ഷണികം. പിന്നെപ്പിന്നെ അതൊരു സുഖമുള്ള ഏർപ്പാടാണ്
ബാഹ്യസമ്മർദ്ദം മൂലം ഉണ്ടാകുന്ന ഭീതിയാണ്  മറ്റൊന്ന്. അത് മൈണ്ട് ചെയ്യരുത്. ചില നേരങ്ങളിൽ,   പ്രസംഗിച്ച് പഠിച്ചവരും അതിൽ തെളിഞ്ഞവരും നിങ്ങളെ നിരുത്സാഹപ്പെടുത്താൻ വരും. അതെന്തിനാണെന്നറിയാമല്ലോ ? നല്ല ഉദ്ദേശമേതായാലും അതിനില്ല. അവർക്കും ചെവി കൊടുക്കരുത്.

ഓരോ നാട്ടിലും കാണും ഓരോ ബാനറിൽ കൂട്ടായ്മകൾ. അവർ മുൻകൈ എടുത്ത് പ്രസംഗ പരിശീലനത്തിന് തുടക്കമിടണം. കൂട്ടായ്മകളുടെ  നേതൃസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കുന്നത് നിങ്ങൾക്ക് മാത്രം പ്രസംഗിച്ചു കാലം കഴിക്കാനല്ല. മറ്റുള്ളവർക്ക് കൂടി അവസരങ്ങൾ ഒരുക്കാൻ കൂടിയാണ്. കോംപ്ലക്സ് മാറ്റി പുതുതലമുറകളെ കൂടി പ്രസംഗബാറ്റൺ കൈമാറാൻ എല്ലാ കൂട്ടായ്മകളുടെയും  നേതൃത്വങ്ങൾക്കാകണം. അതിൽ ഇന്നയിന്ന സംഘങ്ങൾ എന്നൊന്നില്ല.

കൂട്ടത്തിൽ പറയട്ടെ. പ്രസംഗം  വാതിലിനിടയിൽ കുടുങ്ങിയതോ കുടുക്കിയതോ ആയ ചില സ്ഥിരം സ്‌റ്റേജ് മുഖങ്ങളുണ്ട്. അവരെ എല്ലാ നാട്ടിലും കാണും. ഒരൗൺസ് ശൈലി മാറ്റാൻ ശ്രമിക്കാത്ത അറുബോറന്മാർ. "പിന്നെപ്രസംഗകരെ"ന്നാണ് പൊതുവെ ട്രെയിംനിംഗ് ക്ലാസുകളിൽ അവരെ പറയുക. ഒന്ന് രണ്ട് പദങ്ങൾ  തൊണ്ടയിൽ കുടുക്കി വെച്ച്  അതിങ്ങനെ ഓരോ വാചകത്തിന് മുന്നിലും പിന്നിലും  ഒഴുക്കിക്കൊണ്ടേയിരിക്കും. അവരും ഇത്തരം പരിശീലന ക്ലാസ്സുകളിൽ ആദ്യവരി നിന്ന് ടോക്കണെടുത്ത്  നേരത്തെ വന്നിരിക്കേണ്ടവരാണ്.

ആദ്യ ബാച്ചിൽ തന്നെ നാട്ടിൽ നിന്ന് നാലഞ്ച് പേരെങ്കിലും പുറത്തിറങ്ങട്ടെ. തുടക്കക്ലാസ്സിൽ പത്ത് - പതിനഞ്ചു പേരെ എന്തായാലും ഇരിക്കാൻ കിട്ടും. ഉത്സാഹക്കമ്മിറ്റിക്കാരാണ്.  കോട്ടുവായിട്ടായാലും ഇരുന്നോട്ടെ. വൈകി വൈകി വന്നും അവധി പറഞ്ഞും പകുതിയിലധികം പേരും പിൻവാങ്ങും. ബാച്ചവസാനമാകുമ്പോഴേക്കും പൊതുവെ അഞ്ചിലാണൊതുങ്ങാറ്. അവരാണ് ഈ ഉദ്യമത്തിന്റെ യഥാർഥ ഔട്ട്പുട്ടും.

പ്രമുഖ ബിസിനസ് മാഗ്നറ്റായ വാറൻ ബഫറ് പ്രസംഗകലയെ കുറിച്ച് പറയുന്നത് ഇങ്ങനെ:
"ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും,  കൈപ്പിടിയിലൊതുങ്ങും വരെ ഈ കല മനസ്സിലാക്കുവാൻ ശ്രമിക്കുക. എന്ന് പേടി മറികടന്നു ഈ കലയിൽ ഇഴചേരുവാൻ സാധിക്കുന്നുവോ അന്ന് മുതൽ അനന്തമായ സാധ്യതകളുടെ വാതിലുകൾ നിങ്ങൾ തന്നെയാണ്  മലർക്കെ തുറക്കുന്നത്"

NB : പ്രസംഗകലയെ കുറിച്ച്  Warren Buffett വിശദമായി പറഞ്ഞത് ഈ ലിങ്കിൽ വായിക്കുക.
https://www.inc.com/carmine-gallo/3-steps-to-overcome-stage-fright-that-worked-for-warren-buffett.html

No comments:

Post a Comment