Monday 25 November 2019

*പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും ഒരുക്കങ്ങളും പാഴാവരുത്; സര്‍ക്കാര്‍ സ്‌കൂളുകളുടെ സംരക്ഷണം നമ്മുടെ കൈകളിലാണ്; പ്രതിസന്ധികളെ മുന്‍കൂട്ടി കാണാനുള്ള കണ്ണുണ്ടാകണം/ ASLAM MAVILAE



*പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും ഒരുക്കങ്ങളും പാഴാവരുത്; സര്‍ക്കാര്‍ സ്‌കൂളുകളുടെ സംരക്ഷണം നമ്മുടെ കൈകളിലാണ്; പ്രതിസന്ധികളെ മുന്‍കൂട്ടി കാണാനുള്ള കണ്ണുണ്ടാകണം*
................................
അസ്ലം മാവിലെ
................................
http://www.kvartha.com/2019/11/government-school-should-protected-by.html?m=1
പല അൺഎയ്ഡഡ് സ്കുളുകളിൽ നിന്നും മക്കളെ സർക്കാർ സ്കൂളുകളിൽ ചേർക്കുന്ന ട്രെന്റ് തുടങ്ങിയിട്ട് കുറച്ചു വർഷങ്ങളേ ആയുള്ളൂ. അങ്ങിനെയൊരു ചുറ്റുപാടിലേക്ക് രക്ഷിതാക്കളുടെ മൈന്റ് സെറ്റ് ചെയ്തെടുക്കാൻ അതത് പ്രദേശങ്ങളിലെ പൂർവ്വ വിദ്യാർഥികളും സാംസ്കാരിക പ്രവർത്തകരും പി ടി എ നേതൃത്വങ്ങളും ഭഗീരഥപ്രയത്നങ്ങൾ നടത്തിയിട്ടുണ്ട്.

പൊതുസമൂഹത്തിന് സാരമായി ബാധിച്ച അൺഎയ്ഡഡ് എസ്-മാനിയ മാറ്റാൻ ഒരുപാട് എതിർപ്പുകൾ തരണം ചെയ്യേണ്ടി വന്നത് അധ്യാപകരേക്കാളേറെ ഓരോ പ്രദേശത്തെയും ഏതാനും ചില വിദ്യാഭ്യാസ പ്രവർത്തകർക്കായിരുന്നു.
കൃത്യം 15 വർഷം തൊട്ടിങ്ങോട്ട് അതിലും കൃത്യമായി നടന്ന ഇടപെടലുകളുടെ ഫലമായാണ് പലയിടത്തും സർക്കാർ സ്കൂളുകൾ ഇന്നു കാണുന്ന പ്രതാപത്തിലേക്ക് നടന്നെത്തിയത്.

തലങ്ങും വിലങ്ങും പത്തിൽ കുറയാത്ത സ്വകാര്യ ഇംഗ്ലിഷ് മിഡിയം സ്കൂളുകളുടെ വണ്ടി നിരങ്ങാത്ത പ്രദേശങ്ങൾ തന്നെയില്ലായിരുന്നു. ഒരു ധാരണയോ കൃത്യമായ പ്ലാനിംഗോ ഇല്ലാത്ത അൺഎയ്ഡഡ് ഇമീസ് കെട്ടിടൊഴിവ് കാണുന്നിടത്തൊക്കെ യഥേഷ്ടം തുറക്കുന്ന ദയനീയ കാഴ്ച അന്ന് എവിടെയും കാണാമായിരുന്നു.

യാ, യാ, ഐ (ക്)നോ എന്ന് പറഞ്ഞവനെ പോലും വഴിതടഞ്ഞ് അധ്യാപകരാക്കിയിരുന്ന ഒരു കാലത്ത് വാ പൊളിച്ചു നോക്കാനേ അന്ന് സർക്കാർ വിദ്യാലയാധികൃതർക്കും പിടിഎയ്ക്കും സാധിച്ചിരുന്നുള്ളൂ. പഠിച്ചവർ പോലും സ്വന്തം പാഠശാല മറന്നു മക്കളെ ടൈ കെട്ടി ടാറ്റാ പറഞ്ഞ് മുറ്റത്ത് വരുന്ന ഓമ്നി -  ഓട്ടോറിക്ഷ മുതലങ്ങോട്ടുള്ള സകല ശകടങ്ങളിലും യാത്രയാക്കാൻ തിടുക്കപ്പെട്ടിരുന്ന ഒരു പോയ കാലവും പോയത്തക്കാലവും ഞാനടക്കം പലർക്കും ഓർത്തെടുക്കാൻ സാധിക്കും.

അന്നൊരു തിരിച്ചു ശ്രമം നടന്നു. ഏറ്റവും മികച്ച അധ്യാപകരാണ് സർക്കാർ സ്കൂളിലുള്ളതെന്ന് നാം പബ്ലിസിറ്റി നൽകി. ഉയർന്ന അക്കാഡമിക് യോഗ്യതയുള്ളവരെന്നും ടീച്ചിംഗിൽ മികച്ച പരിശീലനം സിദ്ധിച്ചവരെന്നുമായിരുന്നു നാം രക്ഷിതാക്കളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചത്. അങ്ങിനെയാണ് എതിർപ്പുകളെ അതിജീവിച്ച് സർക്കാർ സ്കൂൾ ഇത്രമാത്രം പ്രോമോട്ട് ചെയ്യപ്പെട്ടത്. അതോടൊപ്പം  നിരന്തര ഇടപെടലിന്റെ ഭാഗമായി അതത് കാലത്തെ സർക്കാരുകൾ അവസരത്തിനൊത്തുയർന്ന് ഭൗതിക സൗകര്യങ്ങൾ ഒരുക്കിത്തന്നതും ഇന്നു കാണുന്ന ഔന്നത്യവും പ്രിവിലേജും നമ്മുടെ സ്കൂളുകൾക്ക് കിട്ടിത്തുടങ്ങാൻ കാരണവുമായി.

അത് കൊണ്ട് തന്നെയാണ്  ഒരു സഹലയുടെ വിഷയം മുന്നിൽ വന്നപ്പോൾ ഇനി ഇങ്ങിനെയൊന്നാവർത്തിക്കാതിരിക്കാൻ വിദ്യാഭ്യാസ വകുപ്പ് ജാഗ്രതാ നിർദ്ദേശങ്ങൾ എല്ലാ സ്കൂളധികാരികൾക്ക് നൽകിയതും ഒന്നു കൂടി വിജിലൻറായതും. ഇത് കണ്ടറിയാൻ അധ്യാപകർക്കും പി ടി എ യ്ക്കും സാധിക്കണം.  ഇനിയുണ്ടാകുന്ന ചെറിയ പിഴവിന് പോലും പൊതുജനം മാപ്പ് തന്നുവെന്ന് വരില്ല. അനങ്ങാപ്പാറ നയമുള്ള പി ടി എക്കാരും പഠിച്ചതേ പാടൂ എന്ന് പറയുന്ന മാനേജ്മെന്റും ഒന്നുണരാൻ സമയമായി. ചെറിയ ഒരു അസ്വാഭികത സ്കൂളിലോ കാമ്പസിലോ കുട്ടികളിലോ കണ്ടാൽ മേലധികാരികളെ റിപ്പോർട്ട് ചെയ്യാനും ഫോളോ അപ് നടത്താനും അധ്യാപകരും ഒന്നേന്ന് മുതൽ തുടങ്ങണം.  അധ്യാപകർക്ക് ഓറിയന്റേഷനും പരിശീലനവും വേണ്ടത് ആനയും അമ്പാടിയും അഭിനയിച്ചു പാഠഭാഗങ്ങൾ ബോധ്യപ്പെടുത്താനല്ല. മറിച്ച് പ്രഥമശുശ്രൂഷയ്ക്കും പ്രഥമ പരിഗണനയ്ക്കുമുള്ള അവബോധശിൽപശാലകളാണാവശ്യം .

പ്രിയപ്പെട്ട അധ്യാപകരേ, നിങ്ങളെയൊക്കെ കണ്ണടച്ചു വിശ്വസിച്ചും പ്രതിക്ഷിച്ചുമാണ് രണ്ടാം വീടായ സർക്കാർ സ്കൂളിലേക്ക് രക്ഷിതാക്കൾ തങ്ങളുടെ പിഞ്ചോമനകളെ പറഞ്ഞയക്കുന്നത്. പ്രീസ്കൂൾ മാനേജ്മെന്റും അങ്കനവാടിക്കാരും വളരെ വളരെ ശ്രദ്ധിക്കണം. അവരുടെ കണ്ണെത്താത്തിടത്ത് രക്ഷിതാക്കളുടെ കണ്ണെത്താൻ പിടിഎ നേതൃത്വത്തിൽ ഒരു വിംഗ് തന്നെ ഇടക്കിടക്കുള്ള മിന്നൽ പരിശോധനയ്ക്കായി ഒരുങ്ങി വേണം. ഉച്ചഭക്ഷണശാലയിലടക്കം ശ്രദ്ധ കൂടിയേ തീരൂ. അരിയും പയറും വൃത്തിയിൽ കഴുകി ചട്ടിയിലിടുന്നത് മുതൽ അത് വെച്ചു വിളമ്പുന്നത് വരെ വേതനത്തിലുപരി സേവന മനസ്ഥിതിയോടെ പാചക്കാരും ആയമാരും അതിന്റെ ചുമതലക്കാരും
കാര്യങ്ങൾ ഗൗരവമായി കണ്ടേ തീരൂ.

ഇനി ഒരുപക്ഷെ, അടുത്ത അധ്യയനവർഷത്തിന് വളരെ മുന്നേയായി സർക്കാർ സ്കൂൾ പരിസരം സുരക്ഷിതമല്ല എന്ന ഒരു സമാന്തര കാമ്പയിനുള്ള സാധ്യത ഞാൻ മുന്നിൽ കാണുന്നു. വാക്ചാരുതിയുള്ളവർ രക്ഷിതാക്കളെ നേരിൽ കാണാനും കുറ്റങ്ങൾ പറഞ്ഞു ഫലിപ്പിക്കാനും വിശ്വസിപ്പിക്കാനും പരമാവധി ശ്രമിക്കും. എത്ര നിയന്ത്രണങ്ങൾ വന്നാലും അതൊക്കെ കാണേണ്ടവരെ കണ്ടും കാണിക്ക വെച്ചും കൂണുപോലെ "പെട്ടിക്കടകൾ" തലപൊക്കും. പിന്നെ പിന്നെ ഈ കാണുന്ന സംരക്ഷണയജ്ഞമൊക്കെ പൊടിപിടിക്കാൻ തുടങ്ങും.
വീണ്ടും പതിനഞ്ചു വർഷം പിന്നിലേക്ക് സർക്കാർ സ്കൂളുകൾ ചെരുപ്പിടാതെ നടന്നേക്കും.

സർക്കാർ സ്കൂളും  അതിന്റെ പരിസരവും  ചുറ്റുപാടും സുരക്ഷിതമാണെന്നും പഠനത്തോടൊപ്പം കുട്ടികളുടെ ക്ഷേമകാര്യങ്ങളിലും അവരോടുള്ള മാനുഷിക പരിഗണനയുടെ വിഷയത്തിലും ഒരനാസ്ഥയുമില്ലാത്തവരാണ് അധ്യാപകരും രക്ഷകർത്തൃസമിതിയും സ്കൂൾ മനേജ്മെന്റും എന്നും  പ്രവൃത്തിയിലൂടെയും മനോഭാവത്തിലൂടെയും  ബോധ്യപ്പെടുത്താൻ ഉത്തരവാദിത്യപ്പെട്ടവർക്കാകട്ടെ. അങ്ങനെയായില്ലെങ്കിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും ബഹളവുമൊക്കെ പാഴായി മാറാൻ അധിക കാലം വേണ്ടെന്ന് വീണ്ടും ഓർമ്മപ്പെടുത്തട്ടെ.

No comments:

Post a Comment