Friday 8 November 2019

പൂച്ച പെറ്റ്* *പൂച്ച തന്നെ തിന്നുന്നു* /അസ്ലം മാവിലെ

*പൂച്ച പെറ്റ്*
*പൂച്ച തന്നെ തിന്നുന്നു*
............. ........... .....
അസ്ലം മാവിലെ
...............................

വളരെ ചെറുപ്പം മുതൽ കേട്ടുകൊണ്ടിരിക്കുന്ന ഒരു ചൊല്ലാണ് "പൂച്ച പെറ്റ് പൂച്ച തന്നെ തിന്നുന്നു" എന്നത്. നാട്ടുമ്പറത്തെ പെണ്ണുങ്ങളാണ് ഇത് ഇടക്കിടക്ക് ഉപയോഗിച്ചിരുന്നത്. അവനവനുണ്ടാക്കി അതാർക്കും കൊടുക്കാതെ അതിന്റെ ഫായിദ മുഴുവൻ അയാൾ തന്നെ മുതലാക്കുന്ന ഒരേർപ്പാട് കണ്ടാൽ അപ്പോൾ ഈ ചൊല്ല് നാക്കിൻ തുമ്പത്ത് വരും.

ചിലർ,  ഗൾഫിൽ,  ബാച്ചിലേർസ് റൂമിൽ ഈ ചൊല്ലിടക്കിടക്ക്  പ്രയോഗിക്കുന്നത് കണ്ടിട്ടുണ്ട്.   നാട്ടിന്ന് പെട്ടിയും ഡബ്ബയുമായി വരും. അയാൾ റൂമിലെത്തി കയ്യും കാലും കഴുകുന്നതിന് മുമ്പ്  അയാൾ തന്നെ ഡബ്ബ മടിയിൽ വെച്ച് കൊറിക്കാൻ തുടങ്ങും, പിന്നൊരുത്തൻ കൊറിച്ചോ ഇല്ലയോ അതൊന്നും ഇയാൾക്ക് വിഷയമല്ല, പിറ്റേ ദിവസം പരപരാ വെളുക്കുന്നതിന് മുമ്പ് ഇയാൾ തന്നെ ഡബ്ബയുടെ നെല്ലിപ്പട കാണിച്ചിരിക്കും, ഇല്ലെങ്കിൽ മണം പോലും ബാക്കി വെക്കാതെ കലിയാക്കിയിരിക്കും.

ശരിക്ക് മൃഗലോഗത്ത് ചില ഇനങ്ങളിൽ നടേ പറഞ്ഞ ഒരു സമ്പ്രദായമുണ്ട്, പ്രത്യേകിച്ച് പൂച്ചകളിലും പട്ടികളിലും, സ്വന്തം കുഞ്ഞുങ്ങളെ തിന്ന് തീർക്കുക എന്നത്. അമ്മ പൂച്ചകളാണ് ഈ ക്രൂര കൃത്യം ചെയ്യുക. അതിന് പല കാരണങ്ങളുണ്ട്. (അപൂർവ്വമായി മാത്രമേ ആൺ പൂച്ചകൾ പൈതങ്ങളെ ശാപ്പാടു ചെയ്യാറുള്ളൂ - നാം തെറ്റിദ്ധരിച്ചിരിക്കുന്നത് തിരിച്ചാണെങ്കിലും.)

ഇത് കൂടുതൽ കാണുന്നത് കന്നിപ്രസവം നടത്തിയ പൂച്ചകളിലാണ്. സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിലാണ് കുഞ്ഞുങ്ങൾ വളരുന്നതെന്ന് തോന്നിയാൽ അമ്മ പൂച്ചകൾക്ക് സ്ട്രസ്സ് കൂടുമത്രെ. തീർത്തും കൺഫ്യൂഷനാകും. വല്ലാതെ ഭയക്കുമത്രെ. നിവൃത്തിയില്ലാഞ്ഞ് മക്കളെ ശാപ്പാട് തുടങ്ങും.

സ്ട്രസ്സ് അനുഭവപ്പെടുന്ന ചില പൂച്ചകൾക്ക് പെറ്റ കുഞ്ഞുങ്ങളെ തന്നെ തിരിച്ചറിയാതെ വരും. അവ അറിയാതെ മക്കളുടെ വാല്, കാലുകൾ മാന്തിപ്പറിക്കുമത്രെ. പ്രസവിച്ചപാട് കുഞ്ഞുങ്ങളിൽ ആരോഗ്യമില്ലാത്തതിനെ തെരഞ്ഞു പിടിച്ച് അമ്മ പൂച്ച ചാമ്പാനും മടിക്കില്ല.

 നമ്മൾ കുഞ്ഞു പൂച്ചകളെ മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ ശ്രമിച്ചാലും അമ്മ പൂച്ചയ്ക്ക് അസ്വസ്ഥത അനുഭവപ്പെടും. അവയ്ക്ക് അത് സുരക്ഷിതമായിക്കൊള്ളണമെന്നില്ല. അപ്പോഴും കൂട്ടത്തിലൊന്നോ രണ്ടെണ്ണമോ അമ്മപ്പൂച്ച ശാപ്പിട്ടു കളയും. പ്രസവം നീണ്ടാലും,  അമ്മ പൂച്ചകൾക്ക് നഷ്ടപ്പെടുന്ന ആരോഗ്യം വീണ്ടെടുക്കുന്നത് പെറ്റ ചോരക്കുഞ്ഞിൽ ഒന്നു അകത്താക്കിയാണത്രെ.

അമ്മ പൂച്ച തിന്ന് ബാക്കിയായ കയ്യും കാലും ചെറിയ ചെറിയ പാർട്സും പാവം കണ്ടൻ പൂച്ച തിന്നുന്നത് കാണുമ്പോഴാണ് നാം യഥാർഥ പ്രതിയാരെന്ന് തിരിച്ചറിയാതെ പോകുന്നതും ആൺപ്പൂച്ചയെ കല്ലെറിഞ്ഞ് കാലൊടിക്കുന്നതും.

ഇതൊക്കെ വായിച്ച് തെറ്റിദ്ധരിച്ച് പൂച്ചക്കുഞ്ഞുങ്ങളെ മാറ്റാൻ നിങ്ങൾ ആരും നിൽക്കരുത്. നിങ്ങൾ സുരക്ഷാ സ്ഥാനത്തേക്ക് മാറ്റുന്നത് അമ്മ പൂച്ചയ്ക്ക് സുരക്ഷയ്ക്ക് പകരം അരക്ഷയാണ്  ഫീൽ ചെയ്യുക, അത് കൊണ്ട് ഒരു പൂച്ചക്കുഞ്ഞി കൂടി മഞ്ഞത്തണ്ണിയാകുകയേയുള്ളൂ, രക്ഷപ്പെടില്ല !

ശ്രദ്ധിച്ചിട്ടില്ലേ ? പ്രസവിച്ച ആദ്യ ഒരാഴ്ച ഈ പൂച്ചയെയും പൂച്ചക്കുട്ടികളെയും മഷിയിട്ടാൽ വരെ കാണില്ല. അത്ര സുരക്ഷാ സ്ഥലത്താണ് മക്കൾക്ക് അമ്മ വാസസ്ഥലം ഒരുക്കിയിട്ടുണ്ടാവുക.

വിഷയം പറയാൻ അവസരമൊരുക്കിയ THM ന് നന്ദി🐱

No comments:

Post a Comment