Monday 25 November 2019

പട്ലയിലെ പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങളോട് വിനയപൂർവ്വം*/ അസ്ലം മാവിലെ

*പട്ലയിലെ പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങളോട് വിനയപൂർവ്വം*
.................................
അസ്ലം മാവിലെ
.................................

പ്രളയം കഴിഞ്ഞതോർമ്മയുണ്ടല്ലോ. ഒരു പാട് പേർ കഷ്ടനഷ്ടങ്ങൾ അനുഭവിച്ചിട്ടുമുണ്ട്. മധൂർ പഞ്ചായത്തിൽ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത വെള്ളപ്പൊക്കമാണുണ്ടായത്. അതിൽ ഏറ്റവുമധികം ബാധിച്ചത് പട്ലയെയാണ്, പട്ലയെ മാത്രം.

നൂറുകണക്കിന് കുടുംബങ്ങൾ കുടിയിറങ്ങി. ഫയർ സേനയും ദ്രുതകർമമ്മ വിഭാഗങ്ങളും ബോട്ടും രക്ഷാസങ്കേതങ്ങളുമായി കലക്കും വെള്ളത്തിൽ ഇറങ്ങി. രാത്രി ഉറക്കമിളച്ചു നാട്ടുകാരും അതിന്റെ ഭാഗമായി. വാർഡ് ചുമതലയുണ്ടായിരുന്ന വില്ലേജ് ആഫീസർ രക്ഷാപ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകി. സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ദുരിതാശ്വാസ കേമ്പിൽ കിടന്ന് പത്ര ദൃശ്യമാധ്യമങ്ങളിൽ കഥാപാത്രങ്ങളാകേണ്ടന്ന് കരുതി ബന്ധുമിത്രാദികൾ അവർക്ക് അഭയം സ്വന്തം വീടുകളിൽ നൽകി. സർക്കാരിന്റെ ഒരു അരിമണി പോലും വാങ്ങാൻ അഭയമൊരുക്കിയർ  ഒരുങ്ങിയില്ല. ഒന്നിച്ചു കലം വെച്ചു, ഒരുപ്പത്തിയിൽ ഉണ്ടു.  കലക്ടർ ഒഴിച്ച് ബാക്കി  എല്ലാവരും പട്ല സന്ദർശിച്ചു. അവർ നാട്ടുകാരുടെ ഈ വലിയ ദു:ഖത്തോടൊപ്പം, അതിന്നോരം നിന്നു. 

വില്ലേജ് ആഫീസർ വിളിച്ചു പറഞ്ഞു, സർക്കാർ പ്രഖ്യാപിച്ച ദുരിതാശ്വാസത്തിന് ദുരിതമനുഭവിച്ചർ അർഹരെന്ന്. മധൂർ പഞ്ചായത്തിലെ പട്ലവാസികൾ മാത്രം ലിസ്റ്റിന്ന് പുറത്തെന്നല്ല അവർ പറഞ്ഞത്.  അങ്ങിനെയെങ്കിൽ ആരും അപേക്ഷയും രേഖയും മെനക്കെട്ട് ആപ്പീസിൽ കെട്ടാക്കി തരുമായിരുന്നില്ലല്ലോ.

എല്ലാ പാർട്ടിക്കാരും അനുഭാവികളും പിണറായി സർക്കാർ ദുരിതാശ്വാസം നൽകുന്ന പ്രഖ്യാപനങ്ങൾ കാണുന്നിടത്തൊക്കെ പോസ്റ്റ് ചെയ്തു കൊണ്ടിരുന്നു.  ആദ്യം 5 കിട്ടും,  10 കിട്ടും പിന്നെ പിന്നെ  ബാക്കി മുഴുവൻ കിട്ടും. IFC കോഡുള്ള അക്കൗണ്ട് മാത്രം മതി. ഇതൊക്കെ നമ്പി ഓടിച്ചാടി അവർ പറഞ്ഞദിവസം തന്നെ നാട്ടുകാർ വില്ലേജാപ്പിസിൽ എത്തിച്ചു.  ഒരാഴ്ച കഴിഞ്ഞ് കുറച്ചു ഉല്യാഗസ്ഥരും ചില വീടുകളിൽ ഫയലുമായി എത്തുകയും ചെയ്തു.

ഇപ്പം, എന്തായി ?  ഫയലെവിടെ ? നടപടിയില്ലേ ? കാശ് തരില്ലേ ?  പട്ലയിൽ വെള്ളപ്പൊക്കം തന്നെ ഉണ്ടായിട്ടില്ലേ ? വെറുതെ നാട്ടുകാർക്ക് തോന്നിയതാണോ ? ദുരിതാശ്വാസ പ്രഖ്യാപനം വെറും പ്രഹസനമായിരുന്നോ ? ഉദ്യോഗസ്ഥർ അനങ്ങാത്തതാണോ ? അതും  പരിഹാസമായിരുന്നോ ? കാറ്റ് വരുന്നു, മഴ വരുന്നു, അവധി തരുന്നു - ഇത് പറയാൻ മാത്രമാണോ വില്ലേജ് ആപ്പീസ് മുതൽ ജില്ലാ ഡിസാസ്റ്റർ മാനേജ്മെൻറ് വരെയുള്ള സർക്കാർ സംവിധാനങ്ങൾ ?

പഞ്ചപ്പാവങ്ങളായ നാട്ടുകാർ ചോദിക്കാൻ തുടങ്ങിയിരിക്കുന്നു. 98 + കുടുംബങ്ങൾ സമർപ്പിച്ച നഷ്ടപരിഹാര അപേക്ഷയിന്മേൽ എന്ത് നടപടി ഉണ്ടായി ? ആ അപേക്ഷകൾ വില്ലേജ് ആപ്പീസിൽ അടയിരിക്കുകയാണോ ? മുകളിലെത്തിയോ ? ഫണ്ട് എന്ത് കൊണ്ട് പാസായില്ല ? അല്ല, പാസായ ഫണ്ട് ജില്ലയിലെത്തിയോ ? എന്ത് കൊണ്ട് നടപടി ഉണ്ടാകുന്നില്ല ? ഇനി എപ്പോൾ കിട്ടും ?
ഈ ചോദ്യങ്ങൾ ഇവിടെ വിക്ടിംസിന് വേണ്ടി രാഷ്ട്രീയ നേതൃത്വങ്ങളോട് ഞാൻ ചോദിക്കുന്നു.

കേരളത്തിന്റെ എന്താവശ്യത്തിനും സർവ്വകക്ഷി നേതാക്കാൾ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മറന്ന്, ഒന്നിച്ച് ഡൽഹിയിൽ പോകാറുണ്ട്. പട്ലയുടെ ന്യായമായ ഈ ഒരാവശ്യം ചോദിക്കാൻ, ചോദിച്ച് വാങ്ങാൻ , ആ ഫയൽ തീർക്കാൻ ഈ ഗ്രാമത്തിലെ രാഷ്ട്രീയ നേതൃത്വങ്ങൾ ഒരു കുടക്കീഴിൽ നിൽക്കണം. ഒരു തിയ്യതി തീരുമാനിക്കണം. ഒന്നിച്ചിരിക്കണം. ഒരു  മെയ്യോടെ വില്ലേജ് ആപ്പീസ് മുതൽ കലക്ട്രേറ്റും കഴിഞ്ഞ് നമ്മുടെ നാട്ടുകാരനായ റവന്യു മന്ത്രിയെ അടക്കം കാണാൻ സാധിക്കണം.

രാഷ്ട്രീയ നേതൃത്വം പ്രതികരിക്കുമെന്ന് കരുതുന്നു.  പ്രതികരിച്ചാൽ മാത്രം പോരാ. നടപടിയിലേക്ക് നീങ്ങുകയും വേണം. ഇതിനൊക്കെയല്ലേ നമുക്ക് പാർട്ടികളും സംവിധാനങ്ങളും ചട്ടക്കൂടുകളും ?

*മാമ്പൂ :*
ഒരു സൂചന കൂടി തരട്ടെ ? അന്വേഷിക്കുമോ ?

അപേക്ഷയിന്മേൽ നടപടി ആരംഭിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പിൽ എത്തിയവർക്കൊക്കെ 10,000 രൂപ (കുറഞ്ഞും / അത്ര തന്നെയും ) കിട്ടിയിട്ടുണ്ട്.

നമ്മുടെ അപേക്ഷയിന്മേലുള്ള നടപടിയുടെ ഭാഗമായി തിരുവനന്തപുരത്ത് നിന്ന്  പ്രാരംഭ നടപടിയായി കാസർകോട് എത്തിയിട്ട് നാളുകളേറെയായി. താലൂക്കാപിസിലെ സെക്ഷൻ G (ജി) എത്തി അന്വേഷിച്ചാൽ പേരു വിവരം കിട്ടും - ആർക്കൊക്കെയാണ് പാസായിട്ടുള്ളതെന്ന്. റേഷൻ ഉടമകളുടെ പേരായിരിക്കും കാണുക.  (ഗൃഹനാഥ) അറിഞ്ഞിടത്തോളം 70 % അപേക്ഷകളുടെ മേലിലും ആശ്വാസ തുക പാസായിട്ടുണ്ട്.

ഇനി നിങ്ങൾക്ക് സംയുക്തമായി പോകാമല്ലോ. ചോദിക്കേണ്ടത് പാസായ പൈസ റിലീസാക്കാൻ എന്താണ് തടസം ? ദുരിതാശ്വാസ കേമ്പിൽ എത്താത്തത് സാങ്കേതിക തടസ്സമായി കാണരുത്. അത് ഒരു നാടിന്റെ ആതിഥേയ മര്യാദയിൽ പെട്ടതാണ് - സ്കൂളിന് പകരം വിടുകൾ ദുരിതാശ്വാസ പാർപ്പിടമായത്. അത്കൊണ്ട് ആദ്യം കിട്ടേണ്ടത് നമുക്കാണ്. ഒരു നാട്ടിലെ പ്രയാസപ്പെട്ടവരുടെ അഭിമാനത്തിന് വിലകൽപ്പിച്ചതിന്.

പ്ലീസ്, തിങ്കളാഴ്ച ഒന്ന് രാവിലെ പോകാൻ പ്രാദേശിക സർവ്വകക്ഷി നേതൃത്വം ഒരുങ്ങണം. വാർഡ് മെമ്പർ മുൻകൈ എടുക്കണം.  ഉദ്യോഗസ്ഥർ നിസ്സംഗത കാണിച്ചാൽ മെലെ ലയറിലുള്ള പാർട്ടിനേതാക്കൾക്ക് വിളിക്കണം. ഇടപെടും. പൈസ പോരട്ടെ. അവിടെ കടലാസിലും കംപ്യൂട്ടറിലും ചുറ്റിക്കളിക്കാനുള്ളതല്ല നമുടെ നാട്ടുകാർക്ക് അനുവദിക്കപ്പെട്ട ദുരിതാശ്വാസ സംഖ്യ, അഞ്ചായിരമായാലും, പത്തായിരമായാലും.

കിട്ടിയവരുടെ പൈസ ആദ്യം അക്കൗണ്ടിൽ വരട്ടെ,  പിന്നെ നോക്കാം ബാക്കിയുള്ളവർക്ക് എന്ത്കൊണ്ട് കിട്ടിയില്ലെന്ന്.

അല്ല പിന്നെ, പണി എടുത്തതിന് ഒരു കൊണം (ഗുണം)  കിട്ടണ്ടേ ?



No comments:

Post a Comment