Friday 29 November 2019

28 വർഷം മുമ്പ് നടന്ന കാസർകോട്* *സ്കൂൾ യുവജനോത്സവ ഓർമ്മ* /അസ്ലം മാവിലെ

*28 വർഷം മുമ്പ് നടന്ന കാസർകോട്*
*സ്കൂൾ  യുവജനോത്സവ ഓർമ്മ*
...............................
അസ്ലം മാവിലെ
...............................

http://www.kasargodvartha.com/2019/11/remembering-1991-kasaragod.html?m=1

1956 ൽ അന്നത്തെ കേരള DPI ആയിരുന്ന  ഡോ. സി.എസ്. വെങ്കടേശ്വരൻ  ഡൽഹിയിൽ നടന്ന ഇന്റർ യൂനിവേഴ്സിറ്റി ഫെസ്റ്റിൽ അതിഥിയായി പങ്കെടുക്കുകയുണ്ടായി. ആ പ്രോഗ്രാം കണ്ട് അന്നദ്ദേഹത്തിന്  തോന്നിയ ആശയമാണ് യൂത്ത് ഫെസ്റ്റിവൽ. 1956 ൽ അദ്ദേഹം എറണാകുളത്ത് 200 കുട്ടികളെ പങ്കെടുപ്പിച്ചു ഫെസ്റ്റിവൽ നടത്തി. 2008 വരെ യുത്ത് ഫെസ്റ്റിഫൽ എന്നായിരുന്നു പേര്. 2009 മുതൽ കലോത്സവം എന്നാക്കി.

1991ലാണ് കാസർകോട് സ്കൂൾ യുവജനോത്സവം എത്തുന്നത്. ഇ.കെ. നായനാർ മന്ത്രിസഭ അഞ്ചു വർഷം പൂർത്തിയാക്കാൻ മാസങ്ങൾ മാത്രം. വിദ്യാഭ്യാസ മന്ത്രി കണ്ണൂർക്കാരനായ കെ. ചന്ദ്രശേഖരൻ.  നമ്മുടെ ജില്ലയുടെ (തൃക്കരിപ്പൂർ) മന്ത്രികൂടിയായിരുന്നു നായനാർ. C T അഹമ്മദലിയാണ് കാസർകോട് എം. എൽ. എ , സി.ടി.യുടെ മണ്ഡലത്തിൽ  വേദിയൊരുക്കാൻ നായനാർക്ക് ഒരു മടിയുമുണ്ടായില്ല. ഇപ്രാവശ്യത്തെ പോലെ ആലപ്പുഴക്കാർക്ക് പറ്റാത്തത് കൊണ്ട് കാസർകോട്ടുകാർ ഏറ്റെടുത്തതല്ല ആ ഉത്സവം . ഒന്നാം ചോയിസിൽ തന്നെ കാസർകോടിന് കിട്ടിയതാണ്.

ഒരു ഫെബ്രവരി മാസത്തിലായിരുന്നു അന്ന് സംസ്ഥാന യുവജനോത്സവം നടന്നത്. നായനാരാണ് ആ പെരുങ്കളിയാട്ടം ഉത്ഘാടനം ചെയ്തത്. അധ്യക്ഷൻ ചന്ദ്രശേഖരൻ. കണ്ണാടക  മന്ത്രി വിരപ്പമൊയ്ലി, മുൻമന്ത്രി എൻ. കെ. ബാലകൃഷൻ തുടങ്ങിയവർ വേദിയിൽ.  വിജയികൾക്ക്  സ്വർണ്ണകപ്പ് എന്ന കവി വൈലോപ്പിള്ളിയുടെ ആശയം പ്രാവർത്തികമാക്കിയ മുൻമന്ത്രി ടി.എം. ജേക്കബും അതിഥിയായി ആ വേദിയിലുണ്ട്.

അഞ്ചോ ആറോ വേദികളുണ്ട് അന്ന്. താളിപ്പടപ്പ് മൈതാനം, ജി എച്ച്‌.എസ് കാസർകോട് ലളിതകലാ സദനം, ഗവ. കോളേജ്, ചിന്മയ ഹാൾ, ജിഎച്ച്എസിൽ തന്നെ രണ്ട് വേദിയുണ്ടായിരുന്നെന്നാണ് എന്റെ ഓർമ്മ.

70 താഴെ ഇനങ്ങളായിരുന്നു അന്ന് മത്സരങ്ങൾ. താളിപ്പടപ്പിലാണ് പ്രധാന വേദി. മിക്ക കളർഫുൾ മത്സരങ്ങൾ അവിടെയായിരുന്നു. കലോത്സവത്തിന് മുന്നോടിയായി നടന്ന അതി ഗംഭീര സാംസ്ക്കാരിക ഘോഷയാത്ര ഞാൻ വലിയ അത്ഭുതത്തോടെയാണ് നേരിൽ കണ്ടത്.

തികഞ്ഞ അച്ചടക്കം. പരസ്പര സഹകരണം. നല്ല ആതിഥേയത്വം. ചിട്ടയായ സംഘാടനം. 1984 ജില്ലാ രൂപീകരണത്തിന് ശേഷം കാസർകോട് ശ്രദ്ധിക്കപ്പെട്ടത് ഏഴ് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ്. (84 ൽ അന്ന് മുഖ്യമന്ത്രി കെ. കരുണാകരനായിരുന്നു, ഞാനന്ന് ഒമ്പതാം ക്ലാസ്സ് കഴിഞ്ഞതാണ്. ജില്ലാ രൂപീകരണ പ്രഖ്യാപന ദിവസത്തിൽ ഞാൻ സുഹൃത്ത് എം.എ. മജിദിന്റെ കൂടെയാണ് ആഘോഷം കാണാൻ കാസർകോട്ടേക്ക് പോയത്. അന്നത്തെ ഉത്ഘാടന വേദി ഒരുക്കുന്നതിലൊക്കെ മജീദിന്റെ പിതാവ് മർഹൂം പട്ല എം.എ. മൊയ്തീൻ കുഞ്ഞി ഹാജിയും വളരെ സജിവമായിരുന്നു. )

പത്രപ്രവർത്തകനും സാംസ്കാരിക നേതാവുമായ കെ.എം. അഹ്മദിന്റെ സജീവമായ ഇടപെടൽ അന്നത്തെ യുവജനോത്സവ വാർത്തകൾ കവർ ചെയ്യുന്നതിൽ വലിയ പങ്കാണ് വഹിച്ചത്. സീനിയർ പത്രപ്രവർത്തകരായ റഹ്മാൻ തായലങ്ങാടിയും, കൗമുദിയുടെ കൃഷ്ണനും, എഴുത്തുകാരൻ സി.  രാഘവൻ മാഷും മറ്റും വളരെ സജീവം. ജെ. സുധാകരനായിരുന്നു അന്നത്തെ ജില്ലാ  കലക്ടർ.

ഒരു വേദിയിൽ നിന്നും മറ്റൊന്നിലേക്കുള്ള ഓട്ടപ്പാച്ചിലായിരുന്നു എല്ലാവരും. ഇടവേളകളില്ലാത്ത ബസ്സ് സർവ്വീസുകൾ. ഹൈവേയിൽ എത്തിയാൽ ഏത് ബസ്സിലും കയറാം. തിക്കിതിങ്ങി നിറഞ്ഞുള്ള യാത്ര. കണ്ടക്ടർമാർ ആരും മുഴുവൻ പേർക്കും ടിക്കറ്റ് മുറിച്ചു കൊടുത്തിരിക്കില്ല. അത്രയും തിരക്കും  യാത്രക്കാരും. സ്റ്റെപ്പിലും പിൻഭാഗത്തെ ഏണിയിലും പിടിച്ചു തൂങ്ങിയാണ് യാത്ര. (ഞാനും മിക്ക ട്രിപ്പിലും ടിക്കറ്റെടുത്തിരുന്നില്ല. അവർക്ക് തന്നെ ചോദിക്കാൻ നേരം വേണ്ടേ,  പിന്നെങ്ങനെ കൊടുക്കാൻ ? )

കോളേജിൽ കൂടെ പഠിച്ച ഒരു ബാച്ച് മേറ്റിന്റെ ഇളയച്ഛൻ ഊട്ടുപുരയിൽ ഉണ്ടായിരുന്നത് കൊണ്ട് ഭക്ഷണകാര്യത്തിൽ വലിയ അല്ലലലട്ടലുകൾ ഉണ്ടായിരുന്നില്ല. കൂട്ടുകാരന് വിശക്കുമ്പോഴൊക്കെ എനിക്കും യാന്ത്രികമായി വിശന്നു.

അവസാന ദിവസം വീണ്ടും ഘോഷയാത്രയുണ്ടായിരുന്നോ എന്നെനിക്ക് സംശയമുണ്ട്. താളിപ്പടപ്പിലെ പ്രധാന വേദിയിലാണ് സമാപനം.മന്ത്രി  ഇ. ചന്ദ്രശേഖരൻ നായർ , എം. രാമണ്ണ റൈ എം.പി.  അടക്കം വിശിഷ്ടാതിഥികൾ.  വിശിഷ്ടാതിഥികൾക്കും പൊതുജനങ്ങൾക്കും  വേണ്ടി സ്റ്റേജ് വിഭാഗങ്ങളിൽ ഒന്നാം സമ്മാനം നേടിയ ഇനങ്ങളുടെ പുനരാവതരണം കൂടി ഉണ്ടായിരുന്നു.  വൈകുവോളം സമ്മാന വിതരണങ്ങൾ. ആ ദിനരാത്രങ്ങൾ (ഓർമ്മ ശരിയെങ്കിൽ നാല് രാപ്പകലുകൾ)  കണ്ണഞ്ചിപ്പിക്കുന്നതും കർണ്ണാനന്ദകരമായിരുന്നു.

ഒരിക്കൽ കൂടി 28 വർഷങ്ങൾക്ക് ശേഷം കലയുടെ വസന്തോത്സവം കാസർകോടൻ മണ്ണിനെ തേടിയെത്തുമ്പോൾ 239 ഇനങ്ങളിലായി 10000 + മത്സരാർഥികളായുണ്ട്. 28 വേദികളുണ്ട്. നീലേശ്വരം മുതൽ വെള്ളിക്കോത്ത് വരെ ആ വേദികൾ കൗമാര കലാകാരന്മാർക്കു വേണ്ടി അണിഞ്ഞൊരുങ്ങും. വിസ്മയക്കാഴ്ചകളും കലാപ്രകടനങ്ങളുമായി 5 ദിനരാത്രങ്ങൾ ഇനി കാസർകോടിനെ ധന്യമാക്കും, ഉറപ്പ്.

*മാമ്പു :*
കലോത്സവ പ്രചരണത്തിന്റെ ഭാഗമായി ഇന്നലെ കാസർകോട്ട് നിറപ്പകിട്ടാർന്ന ഒരു കലാവിരുന്നൊരുക്കിയിരുന്നു. അതിൽ ഒരു നാടൻ കലാ ഇനം ഉദയൻ കുണ്ടുംകുഴിയുടെ നേതൃത്വത്തിൽ -  അലാമിക്കളിയും ഉണ്ടായിരുന്നു,  കാസർകോടിന് മാത്രം സ്വന്തമായത്. അതിന്റെ ചരിത്ര പശ്ചാത്തലം കർബലയോളമുണ്ടത്രെ.  തുർക്കന്മാർ ഹ്രനഫി മുസ്ലിംകൾ )  ഒരു കാലത്ത് നെഞ്ചിലേറ്റിയിരുന്ന കലാരൂപമത്രെ ഇത്. പക്ഷെ, ഒരിനം കൊറഗ വേഷത്തിൽ കറുപ്പ് നിറത്തിനമിത പ്രധാന്യം നൽകി  നൃത്തമാടിയിരുന്നത് അമുസ്ലിംകളായിരുന്നു പോലും. ഹസൻ - ഹുസൈനുമായി ബന്ധപ്പെട്ട കർബല നാളുകളുമായി ഈ അലാമിക്കളിക്ക് വളരെ അടുത്ത ബന്ധമുണ്ടത്രെ. ഇന്നീ കലാരൂപം നിലവിലില്ല. 

No comments:

Post a Comment