Monday 25 November 2019

ജാഗ്രത കാണിക്കുക* *പട്ലയിൽ മഞ്ഞപ്പിത്തം അങ്ങിങ്ങായുണ്ട്* / അസ്ലം മാവിലെ


*ജാഗ്രത കാണിക്കുക*
*പട്ലയിൽ മഞ്ഞപ്പിത്തം അങ്ങിങ്ങായുണ്ട്*
..............................
അസ്ലം മാവിലെ
..............................

ഈ കുറിപ്പിലെ അവസാനഭാഗം വായിക്കാതെ പോകരുത്.

പ്രളയശേഷം സ്വാഭാവികമായും ചില രോഗങ്ങൾ കണ്ടു വരാറുണ്ട്. ആരോഗ്യ പ്രവർത്തകരുടെ സജിവമായ ഇടപെടലും ഓൺലൈൻ ബോധവത്ക്കരണങ്ങളും ഏറ്റവും കൂടുതൽ ഇംപാക്ട് ഉണ്ടാക്കിയ പ്രദേശമാണ് പട്ല. മറ്റൊരു പരീക്ഷണത്തിന് നിൽക്കാതെ പൊതുജനങ്ങൾ കൂടുതൽ ജാഗരൂകരായി. ആരാഗ്യ സാക്ഷരായ നാട്ടുകാർ ശുചിത്വ കാര്യങ്ങളിലും പ്രളയാനന്തര പരിസര ശുചീകരണങ്ങളിലും വളരെ സജീവമായി നിലകൊണ്ടു. കിണറും കുളവും ടാങ്കും എല്ലാം നിർദ്ദേശങ്ങൾക്കനുസരിച്ചു ക്ലോറിനേഷൻ നടത്തി. വീടും പരിസരയും വൃത്തിഹീനമാകാതെ നോക്കി.  അത്കൊണ്ട് തന്നെ  പഞ്ചായത്തിലെ താഴ്ന്ന പ്രദേശവും ഏറെ സമയം വെള്ളം കെട്ടി നിൽക്കുന്ന ഏരിയ ആയിട്ടു കൂടി നമ്മെ പക്ഷെ, പ്രളയാനന്തര രോഗങ്ങൾ വല്ലാതെ അലട്ടിയില്ല.  അങ്ങിങ്ങായി കണ്ട രണ്ട് മൂന്ന് ഡെങ്കിപ്പനി, അതിസാരം കേസൊഴിച്ചാൽ  വലിയ ആരോഗ്യപ്രശ്നങ്ങൾ നമ്മുടെ  പ്രദേശത്തുണ്ടായില്ല എന്നാണ് ശുചിത്വ ബോധവത്ക്കരണവുമായി സേവന- ആരോഗ്യ പ്രവർത്തകരുടെ കൂടെ ഒന്ന് രണ്ട് ദിവസം നടന്ന അനുഭവം വെച്ചുകൊണ്ട്  ഞാൻ മനസ്സിലാക്കുന്നത്. ആരോഗ്യ ഉദ്യോഗസ്ഥരെയും ആശാ പ്രവർത്തകരെയും സന്നദ്ധസേവകരെയും ആരോഗ്യ സാക്ഷരായ നാട്ടുകാരെയും ഒരിക്കൽ കൂടി അഭിനന്ദിക്കാം. 

എന്നാൽ, പ്രളയം കഴിഞ്ഞു ചെറിയ ഇടവേളക്കു ശേഷം പട്ലയുടെ തെക്ക്- പടിഞ്ഞാറൻ സോണിൽ മഞ്ഞപ്പിത്തം അങ്ങിങ്ങായി തല പൊക്കി കൊണ്ടിരിക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. സിവിയറല്ല, പക്ഷെ ബദ്ധശ്രദ്ധരാകണം.   രണ്ട് മൂന്ന് പേർ എന്നോട് ഈ വിഷയം ഇന്നലെയും സൂചിപ്പിച്ചു. അവരുടെ വീടുകളിൽ ഈ രോഗമുള്ളവരുണ്ട്. കിണറിലെ വെള്ളം പരിശോധിക്കണോ എന്നൊക്കെ ആരായുകയും ചെയ്തു.  ചുറ്റുപാടുകളിൽ പടരാതിരിക്കാൻ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നെല്ലാം  അവർക്ക് അറിയണമെന്നുമുണ്ട്.

ഈ കുറിപ്പ് കൊണ്ട് രണ്ടുദ്ദേശമാണ്.
(ഒന്ന്)  പൊതുജനങ്ങൾ ആരോഗ്യകാര്യത്തിൽ ജാഗ്രത കാണിക്കുക. പണ്ടും മഞ്ഞപിത്തമുണ്ട്, നെലനെല്ലി അരച്ചു കഴിച്ചാൽ മാറുകയും ചെയ്യുമായിരുന്നു.  ഇന്നത്തെ സാഹചര്യമതല്ല. ഡെൻസ് പോപുലേറ്റഡ് ഏരിയയാണ് പട്ല. ചവിട്ടിനൊരു വീടാണ്. കിണറും കക്കൂസ് ടാങ്കും,  ദ്രവിക്കാത്ത പ്ലാസ്റ്റിക് കൂമ്പാരങ്ങളും,  തിന്നിട്ടും തീരാതെ കളഞ്ഞ ഭക്ഷണാവശിഷ്ടങ്ങളും,  ഇളനീർ തൊണ്ടും ചെപ്പും ചകിരിയും ചിരട്ടയും,  വളർത്തു പൂച്ചകളും പക്ഷിക്കുഞ്ഞുങ്ങളും,   ഉപയോഗിച്ചെറിഞ്ഞതും ഒഴുകിവന്നതുമായ പാംപേർസും നാപ്കിനും  എല്ലാം എട്ടും പത്തും സെന്റിനകത്താണുള്ളത്. വളരെ ജാഗ്രത കാണിക്കണം.  പഴയ ഒപ്പുതെങ്ങ് പരിസരത്തുള്ള പട്ല ലൈബ്രറിയുടെ ഒരു മുറി തന്നെ CP,  സർക്കാർ ആരോഗ്യ ഉപകേന്ദ്രത്തിന് പ്രവർത്തിക്കാനായി താത്കാലികമായി വിട്ടുകൊടുത്തിട്ടുണ്ട്. അവിടെ അപ്പപ്പോൾ നേരിട്ടു ചെന്നോ ഫോൺ വഴിയോ റിപ്പോർട്ട് ചെയ്യുക.

(രണ്ട്) ഈ വിഷയം ഇതിനകം തന്നെ  ആരോഗ്യ ഉദ്യോഗസ്ഥരുടെയും ആശാപ്രവർത്തകരുടെയും വാർഡ് അംഗത്തിന്റെയും ശ്രദ്ധയിൽ പെട്ടിരിക്കുമല്ലോ. പട്ലയിലെ  സേവനപ്രവർത്തകരുടെ  പങ്കാളിത്തത്തോടെ അത്തരം പ്രദേശങ്ങളിൽ രണ്ടോ മൂന്നോ അയൽക്കൂട്ടം പോലെ സംഘടിപ്പിച്ചു എത്രയും പെട്ടെന്ന് പ്രദേശവാസികൾക്ക് ബോധവത്ക്കരണം നടത്തുകയും ആശങ്ക അകറ്റുകയും വേണം. എല്ലാ വീടുകളും സന്ദർശിച്ചു ഓരോരുത്തരെയും ബോധ്യപെടുത്തുന്നതിന് പകരം സൗകര്യമുള്ള ഒരു വീട്ടുമുറ്റത്ത് ചുറ്റുവട്ടത്തുള്ളവർക്ക് ഒന്നിച്ചു കൂടാമല്ലോ. എന്നിട്ടും വരാത്തവരുടെ വീട്ടിലേക്ക് നമുക്കങ്ങോട്ടും പോകാം.

ഇനി ഞാനടക്കമുള്ള സേവനപ്രവർത്തകരോട് :
നാം മാത്രം തീരുമാനിച്ചു ചെയ്യുന്ന പ്രവൃത്തിയല്ല സേവനം. നമുക്ക് താൽപര്യമില്ലെങ്കിൽ അത് സേവനവുമല്ല എന്നും കരുതരുത്. ഒന്നും ചെറുതായി കാണരുത്. 
ചുറ്റുവട്ടത്തെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് അപ്പപ്പോൾ പൊതുനന്മ ലക്ഷൃമാക്കി  ഇടപെടുന്നതാണ് സേവനപ്രവർത്തനങ്ങൾ. അതത് പ്രദേശങ്ങളിലുള്ള കൗമാരക്കാരടക്കം എല്ലാവരും ഇതിന്റെ ഭാഗമാകണം. മഹല്ലതിർത്തിയൊന്നും സേവനപ്രവർത്തനങ്ങൾക്ക് ഒരിക്കലും തടസ്സമാകരുത്. ഗാന്ധി പറയുന്നുണ്ട് - നിങ്ങളെ സ്വയം കണ്ടെത്താനുള്ള ഏറ്റവും നല്ല വഴി, മറ്റുള്ളവർക്ക് വേണ്ടി സേവനം ചെയ്ത് നിങ്ങൾ സ്വയം നഷ്ടപ്പെടുക എന്നതാണ്. 

*മാമ്പൂ :*
എന്നെയും വിളിക്കുക, സമയം കണ്ടെത്തി കുറച്ചു നേരം ഞാനും കുടുംബവും കൂടെ  വരാം.

 

No comments:

Post a Comment