Wednesday 20 November 2019

പട്ല സ്കൂളും പബ്ലിക് ട്രാൻസ്പോർട്ടും* *അത്രമാത്രം രൂക്ഷമായ പ്രശ്നം നിലനിൽക്കുന്നുണ്ടോ ?* *ബദൽ പരിഹാരമെന്തുണ്ട് ?* *അൽപം ശകടചിന്തകൾ* / അസ്ലം മാവിലെ

*പട്ല സ്കൂളും  പബ്ലിക് ട്രാൻസ്പോർട്ടും*
*അത്രമാത്രം രൂക്ഷമായ പ്രശ്നം നിലനിൽക്കുന്നുണ്ടോ ?*
*ബദൽ പരിഹാരമെന്തുണ്ട് ?*
*അൽപം ശകടചിന്തകൾ*
...............................
അസ്ലം മാവിലെ
...............................

കഴിഞ്ഞ മാസം കാസർകോട് - മധൂർ ബസ് യാത്രയ്ക്കിടെ ഒരു പഴയ ബസ് ഡ്രൈവറെ എന്റെ സഹ ഇരിപ്പിടക്കാരനായി കിട്ടി. പരിചയം പുതുക്കി. അയാളും ഒരു ബസ് മുതലാളിയായിരുന്നു. വണ്ടീം വലീം നടക്കാത്തത് കൊണ്ട് പകുതിക്ക് ആരുടെയോ പിരടിക്ക് ഈ വേതാളത്തെ വെച്ച് കയ്യൊഴിഞ്ഞു കളഞ്ഞുവത്രെ. അതോടെ ഞങ്ങളുടെ സംസാര വിഷയം ബസ് ഓട്ടവും അതിന്റെ ലാഭനഷ്ടങ്ങളെ കുറിച്ചുമായി.

എന്തൊക്കെ തൊന്തരവാണ് ? മൂന്ന് മാസത്തിലൊരിക്കൽ കനത്ത മോട്ടോർ വെഹിക്ക്ൾ ടാക്സ് (30,000 to 35,000 ), ഇൻഷുറൻസ്, വേയ്ജ് ബിൽ. എണ്ണയുടെ (HSD) വർദ്ധനവ് വേറെ - 80 രൂപ/ലിറ്റർ. മെയിൻറനൻസ് ചെലവ്. ടയർ & ലൂബ്രിക്കൻസ് വിലവർദ്ധനവ്, ശമ്പളം, പണിക്കാരെ ഭക്ഷണം, പിരിവ് എല്ലാം കൂടി കേട്ടപ്പോൾ ഏറ്റവും കൂടുതൽ ടെൻഷനടിക്കുന്ന ഏർപ്പാടാണ് ബസ്സോട്ടമെന്ന് എനിക്ക് തോന്നി.  ഇതൊക്കെ പോരാഞ്ഞ് കുറെ ഓസിന് യാത്രക്കാരും (freebies).

ഞാൻ യാത്ര ചെയ്തു കൊണ്ടിരിക്കെ  ബസ്സ് ഒന്നു കൂടി തിരിഞ്ഞും മറിഞ്ഞും നോക്കി - ഒരുമാതിരി മങ്ങലം കഴിഞ്ഞ കല്യാണപ്പുര പോലെ, കാര്യമായി ആരും ഇല്ലന്നേയ്.  മധൂരിൽ നിന്ന് കാസർകോട്ടേക്ക് തിരിച്ചു പോകുന്ന രണ്ട് മൂന്ന് ബസ്സുകളിലും കഥ ഇത് തന്നെ.  ഈ പത്ത് മുപ്പത് ആളുകൾക്ക് 8, 9, 10 ഉറുപ്പിക ടിക്കറ്റ് ( 8, 8.70, 9.40 ) കൊടുത്ത് എന്ത് ലാഭം കിട്ടാനാണ് ? 

പിന്നെ എങ്ങിനെ ബസ് സെർവീസ് മൊതലാകും ? അഞ്ചെട്ട് കൊല്ലം മുമ്പുള്ള 30, 000 ബസ്സുകളിൽ നിന്നും 12,500 ലേക്ക് പ്രൈവറ്റ് ബസ്സുകളുടെ
എണ്ണം കുറഞ്ഞെന്ന് കേൾക്കുന്നു. ചിലർ ഓട്ടം തൽക്കാലികമായി നിർത്താൻ അപേക്ഷ കൊടുത്തു കൊണ്ടിരിക്കുകയാണത്രെ (ഫോറം - G എന്ന് പറയും,  ഇത് ത്രൈമാസ ടാക്സ് ഒഴിവാക്കാനുള്ള അപേക്ഷയാണ് ) 

ചില ബസ്സുകളിൽ ഇപ്പോൾ പണിക്ക് കിളിയും ഇല്ല, കുരുവിയുമില്ല. ഡ്രൈവറും കണ്ടക്ടറും മാത്രം. 500,  450, 400 ഇതാണ് ഡ്രൈവർ - കണ്ടക്ടർ - കിളി ശമ്പളനിരക്ക്. രാവിലെ 6 മണിക്ക് ഇറങ്ങിയാൽ രാത്രി 8 വരെയുള്ള പണിക്കൂലി എന്നോർക്കണം.

ഒരുപാട് ബസ്സ് നമ്മുടെ നാട്ടിലേക്ക് വേണമെന്ന് മുറവിളി കൂട്ടാം. ആ ബസ്സാണെങ്കിൽ സമയത്തിനു കിട്ടുകയും വേണമെന്ന് ആവശ്യവുമുന്നയിക്കാം, ഇനി പറ. ആര് യാത്ര ചെയ്യാനാണ് ? നാട്ടുകാരോ ? വടക്കു നിന്നും ബസ്സ് വരുന്ന ശബ്ദവും പടിഞ്ഞാറ് നിന്ന് പരിചയക്കാരന്റെ കാറും കിഴക്കു നിന്നു കുട്ടുകാരന്റെ ബൈക്കും വന്നാൽ ഞാനടക്കം ഏതിന് കൈ കാട്ടും ? 

പട്ലയിൽ ഇരു ചക്രവാഹനമില്ലാത്ത പത്തിരുപത് അധ്യാപകർക്ക് വേണ്ടി, നീർച്ചാൽ, കുഞ്ചാർ ഭാഗത്ത് നിന്ന് വരുന്ന കുറച്ചു കുട്ടികൾക്ക് വേണ്ടി അവരുടെ സ്കൂൾ സമയത്തിനനുസരിച്ച് ബസ് അനുവദിക്കണമെന്ന് പറയാമെന്നല്ലാതെ നടക്കുന്ന കാര്യമാണോ ?

പിന്നെയുള്ള നേർത്ത സാധ്യത മധൂരിലേക്ക് വരുന്ന ഏതെങ്കിലും ഒന്നോ രണ്ടോ  ബസ്  ട്രിപ്പ് രാവിലെ / വൈകുന്നേരങ്ങളിൽ  സ്കൂൾ സമയം കണക്കായി പട്ലയിലേക്ക് വഴി തിരിച്ചു വിടാൻ പറ്റുമോ എന്നാണ്.  അതിന് ഒരു ഇരുത്തം ബന്ധപ്പെട്ടവരെ പങ്കെടുപ്പിച്ച് നടത്തി,  ചർച്ച ചെയ്ത് നോക്കണം. അപ്പഴും പ്രശ്നം വരും. പട്ലയിലേക്ക് മധൂർ ഭാഗത്ത് നിന്ന് യാത്രക്കാരുമായി വരുമ്പോൾ കുഞ്ചാറ് ഭാഗത്തുള്ള കുട്ടികൾ എത്രമണിക്കാണ് ബസ് കാത്ത് നിൽക്കേണ്ടത് ? സ്കൂൾ സമയം തെറ്റില്ലേ ? അത് രാവിലെത്തേത്. ഇനി  വൈകുന്നേരത്തെ കഥയോ ? 

അതിലും നല്ലത്  ചെറിയ സേവനമെന്ന രീതിയിൽ ഒരു സെക്കനാൻന്റ് വാൻ ഏർപ്പാട് ചെയ്യുക - അധ്യാപകരെ മധൂരിൽ നിന്ന്കൊണ്ട് വരിക, തിരിച്ചു കൊണ്ട് വിടുക,  ദൂരെയുള്ള കുട്ടികളെയും അങ്ങിനെ തന്നെ. ചെറിയ ഫീസ് അവരിൽ നിന്നും വാങ്ങണം, ബാക്കി നാട്ടുകാർ കണ്ടെത്തണം.
പിന്നൊന്ന്, പട്ല - മധൂർ സ്റ്റാൻഡിലുള്ള റിക്ഷാ ടീമുമായി ആലോചിച്ച് ഒരു കരാറുണ്ടാക്കുക.

പത്രത്തിലും കൂടി വാർത്ത വന്ന സ്ഥിതിക്ക്,  പി ടി എ , എസ് എം സി, എസ് ഡി സി യോഗങ്ങൾ ഉടനെ ചേരട്ടെ, അവരെക്കൂടാതെ ക്ഷണിതാക്കളും അഭ്യുദയകാംക്ഷികളും പങ്കെടുക്കട്ടെ. നൂറുതലകൾ ഒന്നിച്ചു വെച്ചാൽ, അവയിൽ നിന്നു എന്തെങ്കിലും ഒരു  ഒരാശയം വരാതിരിക്കില്ലല്ലോ.

NB :
(1) മുമ്പ് പാലത്തിന് വീതി ഇല്ലാഞ്ഞിട്ടായിരുന്നു നമ്മുടെ നാട്ടിൽ ബസ്സ് വരാത്തത്. ഇന്ന് കപ്പൽ വീതിയുള്ള പാലത്തിൽ കൂടി സ്വകാര്യവാഹനങ്ങൾ ഇരച്ചോടുന്നത് കൊണ്ട്, പബ്ലിക് ട്രാൻസ്പോർട്ടിൽ കയറാൻ ആളില്ലാഞ്ഞ് ബസ്സോട്ടവുമില്ല.

(2) 900 മീറ്റർ ദൂരത്തിൽ ബസ്സ് സൗകര്യം മാത്രം ഇല്ലാത്തത് കൊണ്ട് ഈ സ്കൂളിലെ പൊന്നോമനകളെ പാതിവഴിക്കാക്കി, ബസ് സ്റ്റോപ്പിനടുത്തുള്ള സ്കൂൾ സൗകര്യങ്ങൾ തേടി ട്രാൻൻഫറും വാങ്ങി ഒരധ്യാപകനും  പട്ല സ്കൂളിൽ നിന്ന് പടിയിറങ്ങി പോകുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.  ഇനി അബദ്ധവശാൽ ആരെങ്കിലും മുമ്പെങ്ങാനും  ഇക്കാരണം പറഞ്ഞു  പോയിട്ടുണ്ടെങ്കിൽ അവർ ഹേളിഗെ ആയിട്ടുണ്ടാകുമെന്നും ഞാൻ കരുതുന്നുമില്ല.▪

No comments:

Post a Comment