Monday 25 November 2019

അറിയില്ലെങ്കിൽ* *വാവാ സുരേഷാകരുത്, ആരും* /അസ്ലം മാവിലെ

*അറിയില്ലെങ്കിൽ*
*വാവാ സുരേഷാകരുത്, ആരും*
...............................
അസ്ലം മാവിലെ
...............................
http://www.kvartha.com/2019/11/shahlas-death-irresponsibility-of.html?m=1
---------------------
സുൽത്താൻ ബത്തേരിയിൽ ഒരു പെൺകുഞ്ഞ് മരണപ്പെട്ടതാണ് ഇന്നലെ മുതൽ വാർത്ത. കേരളത്തിലെ മുഖ്യധാരാ പത്രങ്ങൾ മുഴുവൻ ലീഡ് വാർത്തയായാണ് ഇന്ന് കൊടുത്തിട്ടുള്ളത്. ഇന്നലെ ദൃശ്യമാധ്യമങ്ങളിൽ ചൂടേറിയ ചർച്ചാവിഷയവുമതായിരുന്നു.

പൊതുവെ ചില അധ്യാപകർ വെച്ചു പുലർത്തുന്ന ദുശ്ശാഠ്യവും അനാവശ്യമായ കോംപ്ലക്സും ഒരിക്കൽ പറഞ്ഞത് ഒരു കാരണവശാലും  തിരുത്തില്ലെന്ന പിടിവാശിയും പ്രായോഗിക പരിജ്ഞാനമില്ലായ്മയുമാണ് ഷഹ്ല എന്ന സ്കൂൾ വിദ്യാർഥിനിയുടെ മരണത്തിനിടയാക്കിയ കാരണങ്ങളിൽ ഒന്ന്. 

നോക്കൂ നിങ്ങൾ. ക്ലാസ്സിനകത്ത് മാളം. ഒരു ഇഴജന്തുവിന് ഒളിഞ്ഞിരിക്കാൻ പാകത്തിന് ആ മാളത്തിന് വിസ്തൃതിയുണ്ട്. കുട്ടി തന്നെ പറഞ്ഞു പാമ്പ് തന്നെ കടിച്ചെന്ന്. കടിയുടെ പാട് കണ്ടിട്ട് പ്രായത്തേക്കാൾ പക്വത കാണിച്ച അവളുടെ സഹപാഠിനികൾ തറപ്പിച്ചു പറഞ്ഞു -  ഷഹ്ല കടിയേറ്റത് പാമ്പിന്റേതെന്ന്,  അവളെ ഉടൻ ആസ്പത്രിയിൽ എത്തിക്കണമെന്ന്. അവിടെയുള്ള അധ്യാപകരും പറഞ്ഞു -  പാമ്പ് കടിയേറ്റതാണെന്ന സംശയമുള്ള സ്ഥിതിക്ക് ആസ്പത്രിക്ക് കൊണ്ട് പോകാമെന്ന്. ഒരധ്യാപിക അപ്പോൾ തന്നെ ദേഷ്യം പിടിച്ചു ഇറങ്ങിപ്പോവുകയും ചെയ്തു. എന്നിട്ടും ക്ലാസധ്യാപകൻ ഒറ്റ വാശിയിലാണ് - പാമ്പ് കടിച്ചല്ല ചോര വരുന്നത്, ഇരുമ്പാണികൊണ്ടാണെന്ന്. ഞാൻ രക്ഷിതാവിനെ വിളിച്ചിട്ടുണ്ട്, അയാൾ വന്നാലേ കുട്ടിയെ കൂടെ വിടൂന്ന് !

ദുർവാശിയുടെ കൂടെ ഇയാളെ വിടാം. പക്ഷെ, മറ്റു അധ്യാപകർ എതിർപ്പിനെ മറികടന്നു എന്ത് കൊണ്ട് കുട്ടിയെ ആസ്പത്രിയിലെത്തിക്കാൻ ശ്രമിച്ചില്ല ? മുറിവിന് മുകളിൽ ഒരു തുണിശീല കെട്ടി രക്ഷിതാവ് വരുംവരെ കാത്ത് നിന്ന ആ അരമണിക്കൂർ എത്ര വലുതായിരുന്നുവെന്ന് ഇവരൊന്ന് കണക്കുകൂട്ടണം.  ബെല്ലടിച്ചശേഷം  അര മിനിറ്റ് ക്ലാസ്സിലെത്താൻ കുട്ടികൾ വൈകിയാൽ  കാണിക്കുന്ന സമയാച്ചടക്കബോധം സെക്കൻറിന്റെ നൂറിലൊരംശം പോലും സങ്കീർണ്ണത സൃഷ്ടിക്കുന്ന ഈ കേസിൽ എന്ത്കൊണ്ട് ഈ അധ്യാപകർ പാലിച്ചില്ല ?


ഈ സംഭവം നടക്കുന്നത് അവസാന പീരിയഡാണ്. എല്ലാ അധ്യാപകരും തീർച്ചയായും സ്ഥലം കാലിയാക്കാനുള്ള മൂഡിലായിരിക്കും. ഉത്തരവാദിത്വം ഏറ്റെടുക്കാൻ ഇവർ തയ്യാറായിരിക്കില്ല. ഓരോരുത്തന്റെ മേലേക്ക് ചാരി നീ പോ, നീ പോന്നും പറഞ്ഞു അവസാന ബെല്ലടിക്കും മുമ്പും സ്കൂട്ടറെടുത്ത് സ്കൂട്ടാവാനുള്ള തിരിക്കിലായിരിക്കും ഇവർ. അക്കാരണവും പാമ്പു കടിയേറ്റ കുട്ടിയെ ആസ്പത്രിയിൽ എത്തിക്കുന്നതിൽ മറ്റു അധ്യാപകരെ പിന്നോക്കം വലിച്ചിരിക്കാം.

ജീവിച്ചു തീർക്കാൻ ഒരുപാട് ബാക്കിയുള്ള പെൺകൊടിയെ ഇവരുടെ തികഞ്ഞ അനാസ്ഥ മൂലം ആ മാതാപിതാക്കൾക്ക് നഷ്ടപ്പെട്ടു.  സ്കൂളിലെത്തുന്ന കുഞ്ഞുമക്കൾക്ക് എന്ത് സംഭവിച്ചാലും അതെന്റെ ഉത്തരവാദിത്വമല്ലെന്ന നിലപാടിൽ,  സ്കിപ്പായി വീട്ടിലെത്താൻ തിടുക്കം കാട്ടുന്ന ആ അധ്യാപകർക്കു ഇപ്പോൾ സമാധാനം കിട്ടിയെന്ന് കരുതുന്നുണ്ടോ ? എത്ര പേരോട് ഇനി ഇവർ മറുപടി പറയാനുണ്ട് ? ഒന്നും രണ്ടും ദിവസത്തെ തീരുന്ന ഏർപ്പാടാണോ ? ആദരാഞ്ജലി എഴുതി സ്കൂൾ മതിലിൽ ബാനർ തൂക്കിയാൽ ഇനി മുതലങ്ങോട്ടുള്ള രാത്രികളിൽ ഉറക്കം ലഭിക്കുമെന്ന് ഇവർക്ക് ഉറപ്പുണ്ടോ ?

കുട്ടിയെ ആസ്പത്രിക്ക് പോകാൻ നിർബന്ധിച്ച ഒരധ്യാപിക, ദേഷ്യപ്പെട്ട് അതിലും വലിയ സീനുണ്ടാക്കി സ്ഥലം വിട്ടു എന്നു കേൾക്കുന്നു. ഈ അമ്മടീച്ചറിന് ഇറങ്ങിപ്പോകുമ്പോൾ ഷഹ്ല മോളെ കൂടി കൂടെ കൂട്ടിയിരുന്നെങ്കിൽ ചിത്രം മറ്റൊന്നാകുമായിരുന്നില്ലേ ?
ആസ്പത്രിയിൽ എത്തിക്കാൻ കൂട്ടാക്കാത്ത മാഷോടുള്ള  ദേഷ്യം ഒറ്റയ്ക്കിറങ്ങിപ്പോകുന്നതിന് പകരം, അമ്മടീച്ചർ ഇങ്ങനെയല്ലേ തീർക്കേണ്ടിയിരുന്നത് ? ആ സ്കൂളിൽ സ്വൽപമെങ്കിലും ദീനാനുകമ്പ അവശേഷിച്ചിരുന്ന ടീച്ചർക്ക് പക്ഷെ,  തലക്കു വെളിവും വെളിച്ചവും  ഇല്ലാതെ പോയി എന്നതാണ് അതിലേറെ കഷ്ടം !

ചക്കളത്തിൽ പോരും,  മൂപ്പിളമ തർക്കവും,  എല്ലാം അറിയാമെന്ന മൂഢധാരണയും ഇനിയെങ്കിലും മാറ്റി വെച്ച്  അധ്യാപകർ കുട്ടികളുടെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നഭിപ്രായം എനിക്കുണ്ട്. അറിയില്ലെങ്കിൽ അറിയില്ല എന്ന് പറഞ്ഞേക്കണം, വാവാ സുരേഷാകാൻ ഒരിക്കലും നിൽക്കരുത്. (നന്മച്ചില്ലകളായ പതിനായിരക്കണക്കിന് അധ്യാപകരുടെ സേവനങ്ങൾ മറന്നല്ല ഇപ്പറയുന്നത്, അവരോടുള്ള അഭിസംബോധനയുമല്ല )

ക്ലാസ്സിനകത്തും കാമ്പസിലും  അസ്വാഭാവികമായി എന്ത് ശ്രദ്ധയിൽ പെട്ടാലും സ്ഥാപന മേധാവിയെ  അറിയിക്കുവാൻ ആകുന്നില്ലെങ്കിൽ ആരും വാധ്യാരാകരുത്. ക്ലാസ്സിനകത്ത് വരുമ്പോൾ ചെരിപ്പഴിക്കാൻ കുട്ടികളെ നിർബന്ധിക്കാം. പക്ഷെ, ആ മക്കൾ നടക്കുന്ന, ഇരിക്കുന്ന സ്ഥലം പാദരക്ഷയില്ലാതെ കയറാൻ മാത്രം സുരക്ഷിതമാണോ എന്ന് കൂടി ഈ അധ്യാപകർ ആലോചിക്കണം.  നിലത്തെവിടെയെങ്കിലും തുള വീണിട്ടുണ്ടെങ്കിൽ  ഒരു കൈകോട്ട് മണ്ണെടുത്തടക്കാനും , കുട്ടികളെ കൂടി അതിന്റെ ഭാഗമാക്കാനുമുള്ള പ്രായോഗിക ബുദ്ധിയില്ലാതെ പോകുന്നത് കഷ്ടമാണ്. പണ്ടൊരു വാധ്യാർ തോണിക്കാരനോട് തർക്കിച്ച് പരിഹസിച്ച്, അവസാനം സ്വയം പരിഹാസ്യനായ കഥ ഓർമ്മയില്ലേ ? ബയോളജിയും ജിയോളജിയും എംബ്രിയോളജിയും അറിയാത്തപ്പോൾ ജീവിതത്തിന്റെ മുക്കാൽ ഭാഗവും കട്ടപ്പുകയായെന്ന് കളിയാക്കിയ വാധ്യാരോട് കാറ്റും കോളും വന്നപ്പോൾ തോണിക്കാരൻ ചോദിച്ചത് - ആശാനേ നീന്തോളജി അറിയോന്ന് ? അറിയില്ലെങ്കിൽ ജീവിതം തന്നെ മൊത്തം പോയെന്ന് പറഞ്ഞ് വെള്ളത്തിൽ ചാടിയ തോണിക്കാരന്റെ കഥ.

ഇനി മറ്റൊരാളെ പരിചയപ്പെടാം. ആളൊരു ഡോക്ടർ. സർക്കാർ ശമ്പളക്കാരൻ.  താലൂക്കാശുപത്രിയിലാണ് ഡ്യൂട്ടി. അവിടെ വിഷചികിത്സക്കുള്ള പരിചരണമുണ്ട്. അന്റിവീനവുമുണ്ട്. ടെസ്റ്റ് ചെയ്യാനുള്ള സൗകര്യമുണ്ട്. അവിടെയാണ് ഷഹ്ള എത്തുന്നത്. ടെസ്റ്റ് തുടങ്ങി.  പാമ്പ് കടിയേറ്റ ലക്ഷണങ്ങൾ  ഒബ്സർവേഷനിൽ വെച്ച സമയത്ത് തന്നെ രോഗി കാണിച്ചും തുടങ്ങി. പക്ഷെ, പിന്നെ അസുഖം തുടങ്ങിയത് ഡോക്ടർക്കാണ് . കുട്ടി ഛർദ്ദി തുടങ്ങിയപ്പോൾ അയാൾ  കുട്ടിയെ ഡിസ്ചാർജ് ചെയ്യാനാണ് ശ്രമിച്ചത്.  സ്വന്തം റിസ്കിൽ മകൾക്ക് മരുന്ന് നൽകാൻ കെഞ്ചിയ പിതാവിനോട് കുട്ടിയെ എത്രയും പെട്ടെന്ന് ഡിസ്ചാർജ് ചെയ്ത് മണിക്കൂറുകൾ അകലെയുള്ള ആസ്പത്രിക്ക് റഫർ ചെയ്യാൻ തിടുക്കം കാട്ടിയ നിരുത്തരാവാദിത്വത്തിന്റെ അങ്ങേയറ്റമായ ഒരു മണ്ടൻ  ഡോക്ടർ. എന്തൊരു ദുരന്തം !

ശരിക്കുമത്തരം ഘട്ടങ്ങളിൽ ആരാണ് സ്റ്റാൻഡ്‌ അറിയിക്കേണ്ടത് ? ചികിത്സ അറിയുന്ന ഡോക്ടറോ അല്ല രക്ഷിതാക്കളോ ? അത്ര ദൂരത്തേക്ക് റഫർ ചെയ്താൽ വിഷബാധയുടെ മുഴുവൻ ലക്ഷണങ്ങളും കാണിച്ചു തുടങ്ങിയ രോഗി എങ്ങിനെ രക്ഷപ്പെടുമെന്നാണ് വൈദ്യശാസ്ത്രം അഞ്ചരക്കൊല്ലം പഠിച്ച ഇയാൾ മനസ്സിലാക്കിയത് ? അറിയാത്തവർ ചോദിച്ചു പോകും.  അവിടെയും വിലപ്പെട്ട മറ്റൊരു അരമണിക്കൂർ  നഷ്ടമായി ! (ഒരുപക്ഷെ, ഡോക്ടർക്കും  സ്വകാര്യ ചികിത്സയ്ക്കുള്ള സമയമായിക്കാണും, അത് കൊണ്ടാകാം റിസ്ക്കിന് നിൽക്കാത്തത്! പിന്നെന്ത് പറയാൻ ?) 

ഇന്നലെ അസീസ് - അകാലത്തിൽ ആകാശത്തേക്ക് പറന്നകന്ന ആ മാലാഖക്കുഞ്ഞിന്റെ പിതാവ് - ഇടറി മുറിഞ്ഞ് വീണ ശബ്ദത്തിൽ പറഞ്ഞത് മലയാളി ലോകം മറക്കില്ല. "എനിക്കാരോടും പരിഭവമില്ല, കുറ്റപ്പെടുത്തുന്നുമില്ല;  നഷ്ടമായത് ഞങ്ങൾക്കാണ്, ഇനിയൊരു മാതാപിതാക്കൾക്കും ഇത്തരം  നിരുത്തരവാദത്വത്തിന്റെ ഒറ്റക്കാരണം കൊണ്ട് മാത്രം ഒരു കുഞ്ഞും നഷ്ടപ്പെടരുത്. "

അസീസിന്റെ വാക്കുകൾക്ക് ഒരുപാട് അർഥമാനങ്ങളുണ്ട്.

സ്കൂളിലെ ഭൗതിക സൗകര്യക്കുറവിനെ കുറിച്ച് വാചാലമായി വിഷയം വഴിതിരിച്ചു വിടുന്നതിന് പകരം ഉത്തരവാദിത്വപ്പെട്ടവരുടെ മനോഭാവത്തെക്കുറിച്ചാണ് നാം ആകുലരാകേണ്ടത്. ഇതിലുമപ്പുറം തുള വീണ, ചോർന്നൊലിച്ച, മോന്തായം പൊളിഞ്ഞ പള്ളിക്കൂടത്തിലൊക്കെയാണ് ഞങ്ങൾ പഠിച്ചു വളർന്നത്. അന്ന് പക്ഷെ,  മനുഷ്യത്വം എവിടെയും കാണാമായിരുന്നു.

No comments:

Post a Comment