Wednesday 20 November 2019

ബൂഡ് ട്രാൻസ്ഫോമറിന് സുരക്ഷിത സ്ഥലത്തേക്ക് "ട്രാൻസ്ഫർ" ഓർഡർ

*ബൂഡ് ട്രാൻസ്ഫോമറിന് സുരക്ഷിത സ്ഥലത്തേക്ക് ട്രാൻസ്ഫർ ഓർഡർ*

*ABC സംവിധാനം ഇസാഫ് ബാങ്ക് (പട്ല) ജംഗ്ഷൻ മുതൽ ബൂഡ് ട്രാൻസ്ഫോമർ വരെ.  പക്ഷെ......*
..............................
അസ്ലം മാവിലെ
..............................

ഒടുവിൽ പണി തുടങ്ങി; പ്രദേശവാസികളുടെ നീണ്ട കാലത്തെ ഒരാവശ്യത്തിന് പരിഹാരമായി. അപകടം പതിയിരിക്കുന്ന ബൂഡ് ട്രാൻസ്ഫോമറിന് സ്ഥാനചലനമായി. 150 മീറ്റർ മാറ്റി സുരക്ഷിത സ്ഥാനത്തേക്ക് സ്ഥാപിക്കാൻ പണി തുടങ്ങി. മാട്ടത്തോടിന് തൊട്ടു ഇടത് വശം ചേർന്നാണ് ട്രാൻഫോമർ പുന:സ്ഥാപിക്കുക.

കൂടാതെ പട്ല ഇസാഫ് ബാങ്ക് ജംഗ്ഷൻ മുതൽ  ബൂഡ് ട്രാൻസ്ഫോമർ വരെയുള്ള പഴയ ഇലക്ട്രിക് പോസ്റ്റുകളും ക്യാബിളും മാറ്റി. ഇനിയവിടെ പുതിയ പോസ്റ്റുകൾ സ്ഥാനം പിടിച്ചു. റബ്ബർ കോട്ടിങ്ങോടു കൂടിയ ഏരിയൽ ബെൻച്ഡ് കേബിൾ (ABC) ആണ് ഇവിടെ വൈദ്യുതി ലൈനിനായി ഉപയോഗിക്കുന്നത്. റബ്ബർ മിശ്രിതം കൊണ്ട് വലയം ചെയ്യപ്പെട്ട ABC ഏറ്റവും സുരക്ഷിതമായ കേബിളിനത്തിൽ പെട്ടതാണ്. പൊട്ടിവീണാലും അപകടങ്ങൾ ഒഴിവാകും. മൂന്നു ലൈനും ചുറ്റിപ്പിണഞ്ഞ് ഒരു അയ പോലെയാണ് പ്രത്യക്ഷത്തിൽ കാണുക. ഇനി കാക്കയും കണ്ണോത്തിയും വവ്വാലും വാവാപക്ഷിയും ABC കേബിളിൽ തൂങ്ങി മരണം പുൽകില്ല.

എന്നാൽ ട്രാൻസ്ഫോമറിനിപ്പുറം കുറച്ച് ഭാഗത്ത് പഴയ ഇലക്ട്രിക് ലൈൻ കയ്യെത്തും ദൂരത്താണുള്ളത്. അവിടെ രണ്ടോ മൂന്നോ പോസ്റ്റുകൾ കുറച്ചു ഉയരം കൂട്ടി അപകടാവസ്ഥ ഒഴിവാക്കുന്ന കാര്യം ഇപ്പോൾ  നടന്നുകൊണ്ടിരിക്കുന്ന പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിനെ കുറിച്ച് അവിടെ പണിക്ക് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥനോ പണിക്കാർക്കോ ഒരറിവുമില്ലെന്ന് തോന്നുന്നു. അത്കൊണ്ട്  നാട്ടിൽ നിന്നും ബന്ധപ്പെട്ട പ്രാദേശിക രാഷ്ട്രീയ സാമൂഹ്യ നേതൃത്വങ്ങൾ ഉടനെ ഇടപെട്ട് അധികൃതരോട് അന്വേഷിക്കണം, അത് കൂടി ചെയ്യാൻ അവരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തുക കൂടി വേണം.

ആവശ്യക്കാർ ഒച്ച വെച്ചാൽ കാര്യങ്ങൾ നടക്കും. കൊടുക്കേണ്ടിടത്ത് കൊടുക്കുന്നത് പോലെ എഴുതിക്കൊടുക്കുകയും ഒപ്പം, ഫോളോഅപ് ചെയ്യുകയും ചെയ്താൽ ഭംഗിയായി പ്രശ്നങ്ങൾക്ക് പരിഹാരവുമുണ്ടാകും. ആവശ്യക്കാർ നാമാണല്ലോ; നമുക്കെന്ത് ഔചിത്യബോധം.

മായിപ്പാടിയിൽ ആ ജംഗ്ഷനിൽ തന്നെ  ഒരു മൈക്രോഫൈനാൻസ് സ്ഥാപനം തുടങ്ങുന്നുണ്ട്. ഇസാഫ് മൈക്രോഫൈനാൻസ് എന്നാണ് കേട്ടത്. ബാങ്കിന്റെ  പണി തീരാറായി. മേൽവിലാസം പട്ല എന്നെഴുതുന്നതിൽ ചില മുറുമുറുപ്പുണ്ട്. പട്ല വില്ലേജിൽ പെട്ടതായത് കൊണ്ട് വിലാസം മാറ്റാൻ പറ്റില്ലെന്നും പറഞ്ഞു കേൾക്കുന്നു.

അതിർത്തി ഗ്രാമത്തിലെ ഒരു ജംഗ്ഷനെ,  പട്ല ഇസാഫ് ബാങ്ക് ജംഗ്ഷൻ എന്ന് നമുക്കെങ്കിലും പറയാമല്ലോ, വേറെ ആരു പറഞ്ഞില്ലെങ്കിലും. Anyway ബോർഡ് വരട്ടെ ... ബോർഡ് ഇത് വരെ തൂക്കിയിട്ടില്ല.







.

No comments:

Post a Comment