Wednesday 20 November 2019

തലക്കനവും തലമുറകളുടെ വിടവും സൃഷ്ടിക്കുന്നത്...* /✍ *അസ്ലം മാവിലെ*

*മനസില്‍ കനം വെച്ച്കല്ലുപോലെയാകരുത്; സക്രിയമാകേണ്ട വര്‍ത്തമാനകാലത്ത് തലക്കനവും തലമുറകളുടെ വിടവും സൃഷ്ടിക്കുന്നത്...*


✍ *അസ്ലം മാവിലെ*

https://www.kvartha.com/2019/11/malayalam-article-about-self-respect.html

എല്ലാമായി, ആയിക്കൊണ്ടിരിക്കുന്നു. പക്ഷെ, ഒന്നും ഒത്തുവരുന്നില്ല, ഒരുത്തിലായി വരുന്നില്ല, ഒത്തൊരുമയിൽ ആകുന്നില്ല, ഒന്നിക്കുന്നില്ല, ഒന്നിലേക്കെത്തുന്നില്ല.

നമുക്കൊരു പിള്ള മനസ്സുണ്ടായിരുന്നു. അന്ന് നമുക്ക് കോംപ്ലക്സില്ലായിരുന്നു. രാവിലെ തെറ്റിയാൽ ഉച്ചയോടെ തീരും. അത് പേറി നടക്കലില്ല. പേറാൻ മാത്രമുള്ളതെന്നറിയില്ല.

അന്ന് മൊത്തം വമ്പും വീമ്പും അന്നത്തെ യുവത്വത്തിനും മുതിർന്നവരിൽ പെട്ടവർക്കും. നമ്മളാലോചിച്ചിട്ടുണ്ട്, മുതിർന്നാൽ ഇവരുടെ തലക്കനം നമുക്ക് പാടില്ലെന്ന്. കോംപ്ലക്സ് പിടികൂടരുതെന്ന്. മനസ്സിൽ കനം വെച്ച്  വെച്ച് കല്ലുപോലെയാക്കരുതെന്ന്.

ബാല്യം തീർന്നു, കൗമാരം വന്നു, കോംപ്ലക്സ് മുട്ടയിടാൻ തുടങ്ങി. യൗവ്വനത്തിൽ വിരിഞ്ഞിറങ്ങി, അതിന്റെ അവസാനത്തിൽ,  തലക്കനത്തിന്റെ മൂർദ്ധന്യത്തിലെത്തി. വാർദ്ധക്യത്തിന്റെ തുടക്കത്തോടെ അതിന്റെ മാമ്മൂത്തുമായി.

ചെറുതാകും വിഷയം. എന്നാലും അത് മനസ്സിൽ നിന്ന് മായ്ച്ചു കളയില്ല. ഒരു നാട്ടിൽ സൗകര്യങ്ങളുടെ അസ്ഥികൂടങ്ങളും വാരിയെല്ലും കണ്ടിരുന്ന കാലമുണ്ടായിരുന്നു. ഇന്നതൊക്കെ മാറി, ഭൗതിക സൗകര്യങ്ങളാണെവിടെയും. പക്ഷെ, കോംപ്ലക്സ് മാത്രം അങ്ങിനെ തന്നെ കിടക്കുന്നു.

ഇല്ല, സഹകരിക്കില്ല. ഇല്ല, ഇങ്ങോട്ട് അടുപ്പിക്കില്ല. വേണ്ടെങ്കിൽ വേണ്ട. വേണ്ടാത്തോൻ വരണ്ട. മുമ്പ് തീരെ പരിഗണിച്ചില്ല. ഇപ്പോൾ മറ്റവനെ കൂടുതൽ പരിഗണിക്കുന്നു. എന്തെന്തു ഞായങ്ങൾ.

ചില നാടുകളിൽ പുറത്ത് നിന്നു കാണുമ്പോൾ വലിയ വികസനമൊക്കെ കാണും. പുറമേയ്ക്ക് മാത്രം. തലമുറകൾ തമ്മിൽ കടലോളം അകൽച്ച ഉണ്ടാകും. നര നോക്കി നരക്കാത്തത് പരിഹസിക്കുന്ന ഭൂമികയായിരിക്കുമവിടങ്ങളിൽ.

കാരണമെന്ത് ? നിസ്സാരം. വിവാഹ സദസ്സിൽ കുറച്ചു പേർ മാറി നിന്നിട്ടുണ്ട്. ഒരാൾ ചോദിച്ചു - എന്തേ, തെങ്ങിൻ ചോട്ടിൽ, ഈർക്കിലൊടിക്കുന്നു ? തക്കാരം കുറഞ്ഞു പോയി, അത്രേയുള്ളൂ. അയാൾ അവരോട് പറഞ്ഞത്രെ - വിരുന്നുകാരന് പകരം നിങ്ങൾക്കു വീട്ടുകാരായിക്കൂടേ ?

സ്വയം വിരുന്നുകാരനായി പ്രഖ്യാപിക്കാതിരിക്കുക. സ്ഥാനമാനങ്ങളിലിരിക്കുന്നവർ "നാലുകെട്ടി"ലെ വല്യമ്മാവന്മാരുമാകാതിരിക്കുക.  കണ്ടാൽ ചിരി പൊഴിക്കുക. അതിനോളം വലിയ മഞ്ഞുരുക്കമില്ല.

നമ്മുടെ ചുറ്റുപാടുകളിൽ വിരുന്നുകാരെ പരിവേഷം കൊണ്ടും തറവാട്ടുക്കാരണവാഭിനയം കൊണ്ടും ഒരുപാട് നല്ല സംരംഭങ്ങൾക്ക് ഗ്രൌണ്ടൊരുങ്ങാതെ പോയിട്ടുണ്ട്. ഒരുങ്ങിയ ഗ്രൌണ്ടിൽ ഓട്ട വീണിട്ടുണ്ട്.   വേണ്ടാതീനങ്ങൾക്കാണ് നിസ്സഹകരിക്കേണ്ടത്. വേണ്ടതിതിന് സഹകരിച്ചേ മതിയാവൂ.

ഏത് ചുറ്റുവട്ടങ്ങളും ഈ കുപ്പായമിട്ട് നോക്കാം. എത്രമാത്രം യോജിക്കുന്നുവെന്ന് അപ്പോൾ മനസ്സിലാകും.

മുതിർന്നവരും യുവാക്കളും ഒന്നിച്ചു നിൽക്കുന്നിടത്തേ വികസന സ്വപ്നങ്ങൾ ശരിയാം വണ്ണം സാക്ഷാത്ക്കരിക്കപ്പെട്ടിട്ടുള്ളൂ. സാംസ്ക്കാരിക ഔന്നത്യം വിജയം  വരിച്ചിട്ടുള്ളൂ. തലമുറകളുടെ വിടവ് (Generation Gap)  തീർത്തിടത്തൊക്കെ ഒരു തരം മരവിപ്പ് കാണാം, കാർമേഘം തളംകെട്ടി നിന്ന മുഴുദിനപകൽ പോലെ.

പരിഗണന എന്നതും അവഗണിക്കേണ്ട ഘടകമല്ല. പത്തിനെയും പരിഗണിക്കണം. പ്രായച്ചെറുപ്പം അവഗണിക്കാൻ കാരണമല്ല. ചെറുതാക്കലാണ് പരിഗണിക്കാതിരിക്കൽ. അടുത്തിരിക്കുന്നവനെ അരികിൽ ചേർക്കലാണ് പരിഗണന, അയാളേതർഥത്തിലും ചെറുതാകട്ടെ. അത് വഴി അപരത്വമില്ലാതാകും. അന്യത നാടുനീങ്ങും. ഇമ്പം കൂടും കുടുംബമാകും. കുന്നായ്മ മാറി കൂട്ടായ്മ കുന്നോളം വളരും.

പരസ്പരം അറിഞ്ഞും പരാമിതികൾ മനസ്സിലാക്കിയും പുതിയ കാലത്തെ ഉൾക്കൊണ്ടും പുതിയ അസ്തമയങ്ങൾ പഴയ പ്രഭാതങ്ങളായിരുന്നെന്ന്  തിരിച്ചറിഞ്ഞും മുന്നോട്ട് പോകാൻ അടുത്തടുത്ത് നിൽക്കുന്ന തലമുറകൾക്കാകണം.  ചുട്ടുപഴുപ്പിച്ച ശത്രുത സജീവമായി നിലനിർത്തി വർത്തമാന(കാല)ത്തിൽ ഭൂതകാലത്തെ പാഠങ്ങൾ തൃണവൽക്കരിക്കപ്പെടുകയും പാടേ വിപാടനം ചെയ്യപ്പെടുകയും ചെയ്യുന്ന ഒരവസ്ഥയാണ് തലമുറകളുടെ വിടവെന്ന ഒരു നിരീക്ഷണമുണ്ട്. ഏറ്റവും വലിയ തമാശ ഈ കെട്ടിപ്പടുത്ത ശത്രുതയ്ക്ക് കാര്യമായ കാരണങ്ങളൊന്നുമില്ലെന്നതാണ്, അന്നും ഇന്നും.

തലക്കനവും തലമുറകളുടെ വിടവും കാരണം നഷ്ടപ്പെടുന്നത് സക്രിയമാകേണ്ടിയിരുന്ന വർത്തമാന കാലമാണ്. പലർക്കും ഭൂതം കാലം തിരിഞ്ഞു നോക്കുമ്പോൾ നല്ലതായി ഒന്നും പറയാനില്ലാത്തത് ഓർമ്മക്കുറവു കൊണ്ടൊന്നുമല്ല, ഓർമ്മകൾ നല്ല പോലെ അലട്ടുന്നത് കൊണ്ടാണ്.

No comments:

Post a Comment