Sunday, 24 April 2016

നിരീക്ഷണം / വരുന്നു പരീക്ഷാ ഫലങ്ങൾ പതറിയവരെ നമുക്ക് ആശ്വസിപ്പിക്കാം/ അസ്‌ലം മാവില

അസ്‌ലം മാവില

http://www.kasargodvartha.com/2016/04/exam-results-and-students.html
ഇനി വരുന്നത് പരീക്ഷാ ഫലപ്രഖ്യാപന ദിവസങ്ങളാണ്‌. ജയിക്കുമോ ഇല്ലയോ എന്ന് എഴുതിയവർക്കൊക്കെ ഏകദേശ ധാരണയുണ്ട്.  എത്ര ശതമാനം മാർക്ക്  ലഭിക്കും,  E ഗ്രേഡ് മുതൽ A + വരെ ഏതൊക്കെ വിഷയങ്ങളിലാണ്കിട്ടാൻ സാധ്യത  - ഇതൊക്കെ കുട്ടികൾക്ക് നല്ല തിട്ടവുമുണ്ട്. അത്യാവശ്യം പുസ്തകത്തിന്റെ ഏഴയലത്ത് പോയവനൊക്കെ രക്ഷപ്പെടട്ടെ എന്ന ലിബറൽ സമീപന രീതിയാണ് ഇയ്യിടെ മാർക്കിടുന്നവരിലും കണ്ടു വരുന്നത്.  അത്കൊണ്ട് ചെറിയ ഗൃഹപാഠം ചെയ്തവരൊക്കെ കടമ്പയും കടക്കും.

ഇതൊക്കെ ഉണ്ടായിട്ടും, ഒന്നും ശ്രദ്ധിക്കാതെ,  പഠിക്കാതെ തേരാപാരാ നടന്ന്, ഓശാരത്തിനു കുറെ മാർക്കും  പ്രതീക്ഷിച്ചു  റിസൾട്ട്‌ വരുമ്പോൾ ''കടുംകൈ'' ചെയ്യുന്ന ചില പോയത്തക്കാർ ഉണ്ട്. നാടുവിടുക,  ആറ്റിൽ ചാടുക,  മുങ്ങി നടന്ന് വല്ല തട്ടുകടകളിലോ മറ്റോ സപ്ലൈ പണിക്ക് നിന്ന് വീട്ടുകാരെ ടെൻഷനടിപ്പിക്കുക,  റെയിൽവേ ജോലിക്കാർക്ക് പണി കൊടുക്കുക ഇങ്ങനെ കുറെ കലാപരിപാടികൾ.

പരീക്ഷ കഴിഞ്ഞു വരുന്ന മക്കളുടെ ബടൽസ് കേട്ടും അത് കണ്ണടച്ചു വിശ്വസിച്ചും ''ഡൂൺ സ്കൂളി''ൽ ഹയർ സ്റ്റഡിക്ക് വേണ്ടി  സീറ്റ് ബുക്ക് ചെയ്ത്, അവസാനം  ഫലം വരുമ്പോൾ നക്ഷത്രമെണ്ണുന്ന രക്ഷിതാക്കളും കൂട്ടത്തിൽ ഇല്ലാതില്ല;  അവരാണ് കൂടുതൽ  എന്ന് പറയുന്നതാണ് ശരി. ഒരു പക്ഷെ ഇത് എല്ലാവരുടെയും  കണക്കുകൂട്ടലിനുമപ്പുറമായിരിക്കും.

നന്നായി ഹോം വർക്ക് ചെയ്ത് പരീക്ഷ എഴുതിയവർക്കൊക്കെ നല്ല മാർക്ക് കിട്ടും. അതുറപ്പ്‌. അല്ലാതെ കറക്കി കുത്തി ജയിക്കാൻ ഇത് objective type പരീക്ഷണമല്ലല്ലോ. മോഡൽ പരീക്ഷയ്ക്ക് എഴുതി കിട്ടിയ മാർക്ക് എല്ലാവരുടെയും  മുമ്പിലുണ്ട്. അപ്പപ്പോൾ സ്കൂളിലും കോളേജിലും  പോയോ, വിളിച്ചു ചോദിച്ചോ മക്കളുടെ പഠന നിലവാരം അറിഞ്ഞവരാരും തന്നെ ടെൻഷൻ അടിക്കാനോ മക്കളെ പ്രാകിപ്പറയാനോ നിൽക്കില്ല. മക്കൾളുടെ  കപ്പാസിറ്റിയും ലിമിറ്റും ഇത്രയൊക്കെ തന്നെയുള്ളൂവെന്ന് അവർക്ക് നന്നായി അറിയാം.

പ്രശ്നം വരുന്നത്,  അവനവന്റെ മാർക്ക് പറയാതെ അടുത്തിരിക്കുന്നവന്റെ മാർക്കും പറഞ്ഞു കാലാകാലം മാതാപിതാക്കളെ പറ്റിക്കുന്നവർക്കും, ഈ ''സ്മാർട്ട് ബോയ്സ്’’ (ഗേൾസ്‌) പറഞ്ഞത് ശരിയോന്നു അന്വേഷിക്കാൻ പോലും  സ്കൂൾ മുറ്റത്തു പോകാതെ,  തിരക്ക് പിടിച്ച ജീവിതം നയിക്കുന്നവർക്കുമാണ്.  (‘’വാടക എളേപ്പ/അമ്മാവൻമാർ’’ എല്ലാ നാട്ടിലും യഥേഷ്ടം ''അവൈലബിൾ'' ആയത് കൊണ്ട് അധ്യാപകർക്കും ഈ ‘’അതിസാമർഥ്യക്കാരു’’ടെ  ഏർപ്പാടു പെട്ടെന്ന് തിരിച്ചറിയാൻ പറ്റിയെന്നും വരില്ല.

കഴിഞ്ഞത് കഴിഞ്ഞു. എല്ലാവരും ഫലപ്രഖ്യാപനം കാത്തിരിക്കുക. SSLC  ഫലം കഴിഞ്ഞാൽ പിന്നാലെ ഒരു പാട് പരീക്ഷകളുടെ ഫലങ്ങൾ വരാനിരിക്കുന്നു.  കുട്ടികളും രക്ഷിതാക്കളും വല്ലാതെ ‘’എക്സൈറ്റഡ്‌’’ ആകാതിരുന്നാൽ മതി. മക്കളെ ഇപ്പോൾ തന്നെ സമാധാനിപ്പിക്കുക.  അവരുടെ കൂടെ നിന്ന് ധൈര്യം നൽകുക.  ഇത് അവസാനത്തെ പരീക്ഷയൊന്നുമല്ലല്ലോ. ഇനിയും ഒരുപാട് അവസരങ്ങൾ അവർക്കുണ്ട്.  മാർക്ക് കുറഞ്ഞത് കൊണ്ട് ലോകാവസാനം ജൂൺ മാസത്തിലൊന്നുമുണ്ടാകില്ല. വളരെ കൂളായി കുട്ടികളുടെ ഭയം മാറ്റുക. അതോടെ മക്കളും ശാന്തരാകും. അവർക്കും പരീക്ഷാഫല പേടി കുറഞ്ഞു കിട്ടും. ഇനിയുള്ള പരീക്ഷകളിൽ കുറച്ചു സീരിയസാകാൻ നിർദ്ദേശിക്കാം.

രക്ഷിതാക്കൾ ഒരുപടി കൂടി  മുന്നോട്ട് വരാൻ തയ്യാറാകണം.  തോറ്റാൽ  മക്കൾക്കു പരീക്ഷ വീണ്ടുമെഴുതാനുള്ള സാഹചര്യമുണ്ടാക്കി കൊടുക്കുക. മാർക്ക് അൽപം കുറഞ്ഞാൽ വീണ്ടുമെഴുതാൻ പ്രോത്സാഹിപ്പിക്കുക (അങ്ങിനെ ഒരു ഓപ്ഷൻ ഉണ്ടെങ്കിൽ).  തോറ്റാലും  മാർക്ക് കുറഞ്ഞാലും   കുറെ ആഴ്ചകൾ കുടുംബത്തിലെ ‘’ഔദ്യോഗിക മരമണ്ടനാ’’ക്കാനുള്ള ശ്രമങ്ങൾക്കൊന്നും രക്ഷിതാക്കൾ നിൽക്കരുത്. ഉന്നത വിദ്യാഭ്യാസത്തിനു ആദ്യത്തെ അല്ലോട്ട്മെന്റിൽ തന്നെ കുട്ടികളുടെ പേര് വന്നിലെങ്കിൽ അതിന്റെ പേരിൽ  ''കൂക്കലും ബിളി''യും കുറക്കുക. തൊട്ടടുത്ത അല്ലോട്ട്മെന്റ് പിന്നെയും ബാക്കിയുണ്ടല്ലോ.

ഒരു കുസൃതി ഇന്ന്  സോഷ്യൽ മീഡിയയിൽ സ്റ്റാറ്റസിട്ടത്  എനിക്ക് എന്തോ പ്രയാസം ഉണ്ടാക്കി  - ‘‘കടലോളം പഠിക്കാനുണ്ട്. തൊട്ടിയോളം പരീക്ഷയ്ക്ക് വന്നു;  ഒരു കുഞ്ഞുകുപ്പി എഴുതി. അപ്പോൾ സ്വാഭാവികമായും മാർക്കൊക്കെ ഞങ്ങൾക്ക് എത്രത്തോളം ഉണ്ടാകുമെന്ന് രക്ഷിതാക്കൾ മനസ്സിലാക്കണ്ടേ?  കോര്‍പറേഷന്‍ പൈപ്പിലെ വെളളം പോലെ.... ഒരു തുളളി.....രണ്ട് തുളളീ..... മടുത്തു.... ഈ വിദ്യാര്‍ത്ഥി ജീവിതം....’’

കാലിടറിയവരാണ് ജീവിതത്തിലെ പരുക്കൻ യാഥാർഥ്യങ്ങളെ പക്വതയോടെ ഉൾക്കൊണ്ടിട്ടുള്ളത്‌.. അത് കൊണ്ട് എന്റെ ആശംസയും ആശ്വാസവചസ്സുകളും  പരീക്ഷയിൽ പതറിയവർക്കാണ്, അതും അഡ്വാൻസായി.   ജയിച്ചവരെ  കെട്ടിപ്പിടിക്കാനും അനുമോദനങ്ങൾ കൊണ്ട് മൂടാനും  ഇവിടെ ഒരു പാട്പേർ ഉണ്ടല്ലോ; ഉണ്ടാകുമല്ലോ.

http://www.kasargodvartha.com/2016/04/exam-results-and-students.html

No comments:

Post a Comment