Thursday, 14 April 2016

നിരീക്ഷണം / ദുരന്തങ്ങൾ ഓർമ്മപ്പെടുത്തുന്നത് .../ അസ്‌ലം മാവില


അസ്‌ലം മാവില

ഒരു അപകടം വരുമ്പോഴാണ് എല്ലാവരും ഉണരുന്നത്. അതിനു മുമ്പ് അപകടം മനസ്സിലാക്കി അധികാരികൾ ''നോ'' പറയുമ്പോൾ  പൊതുജനങ്ങൾ വിചാരിക്കുന്നത് - 'അതൊക്കെ അവർ പറഞ്ഞോണ്ടിരിക്കും എത്ര സ്ഥലങ്ങളിൽ ഇവ നടക്കുന്നു, അവിടങ്ങളിലൊക്കെ വല്ല പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടോ ?'

ചില സന്ദര്ഭങ്ങളിൽ നേരെ തിരിച്ചും സംഭവിക്കും. അവിടെ മുന്നറിയിപ്പ് നൽകുന്നത് പൊതുജനങ്ങളായിരിക്കും,  അതും ശാസ്ത്രീയമായി,  സമാന ദുരന്തങ്ങളുടെ പിൻബലത്തിൽ. അപ്പോൾ ഉദ്യോഗസ്ഥർ വന്നു സിറ്റിംഗ് നടത്തി മറുവാദം പറയും - 'എത്രയിടത്ത് ഇത് മണ്ണിനടിയിൽ കുഴിച്ചിട്ടിട്ടുണ്ട്; അവിടെ വല്ല പ്രശ്നങ്ങൾ നടക്കുന്നുണ്ടോ? നിങ്ങൾക്ക് മാത്രമെന്താ ഒരു പ്രശ്നം ? '
ഞായറാഴ്ച പുലർച്ചയ്ക്ക് കൊല്ലം ജില്ലയിൽ നടന്ന ദാരുണമായ വെടിക്കെട്ട്‌ ദുരന്തവും,  ഇനി നടക്കാൻ സാധ്യതയുള്ള ഗൈൽ വാതക പൈപ്പ് ലൈൻ (ആ പദ്ധതി നടപ്പിലായാൽ) ദുരന്തവുമാണ് എന്റെ പരാമർശം. പ്രതിയായി ആരെങ്കിലും ഒരാൾ ഉണ്ടാകും,  ഒന്നുകിൽ നാട്ടുകാർ; അല്ലെങ്കിൽ അധികാരികൾ.

ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനും ഇമ്പ്ലിമെന്റ് ചെയ്യുന്നതിനുമുള്ള മാനദൺഡം ദുർവാശിയും ദുരഭിമാനവുമായിപ്പോകുന്നുന്നുണ്ടോ എന്ന സംശയം സ്വാഭാവികം.  അവധാനതയോടെ വരുംവരായ്കൾ മനസ്സിലാക്കി തീരുമാനങ്ങൾ എടുക്കുന്ന ഒരു നേതൃത്വത്തിന്റെ അഭാവമാണ് വില്ലനായി പലപ്പോഴും വരുന്നത്.

മേൽപരാമർശിച്ച ഒന്നാമത്തെ വിഷയത്തിൽ,  പടക്കമോ ഗുണ്ടോ അമിട്ടോ ഒന്നും ഉപയോഗിക്കാതെ ഉത്സവങ്ങളും ആഘോഷങ്ങളും ആഹ്ലാദപ്രകടനങ്ങളും നടത്തുന്ന സാഹചര്യം നടത്തിപ്പുകാർ ഇനി മുതൽ സ്വീകരിക്കണം. മറ്റൊരാൾ നിർബന്ധിച്ച് ചെയ്യിപ്പിക്കുന്നതിനു പകരം അതായിരിക്കും കൂടുതൽ അഭികാമ്യം.

പടക്കനിർമ്മാണവും പടക്കക്കടകളും നിരോധിക്കണം.  എന്തൊക്കെ നാട്ടിൽ നിരോധിക്കുന്നു. കൂട്ടത്തിൽ ഇതുമാകാമല്ലോ. ഓലത്തിരി, പൂത്തിരി,  കരിന്തിരി മാത്രമാണ് നമ്മുടെ പടക്ക വിൽപ്പന കടകളിൽ ലഭ്യമെന്ന അന്ധവിശ്വാസം വെച്ച് പുലർത്തുന്ന ഉദ്യോഗസ്ഥരാണ് ഇന്നുള്ളതെന്നു തോന്നിപ്പോകുന്നു. ആ ധാരണ നിയമ പാലകർക്ക് ഉള്ളിടത്തോളം ഇവിടെ ദുരന്തങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. അവ നിർമ്മിക്കുന്ന സ്ഥലങ്ങളാകട്ടെ അതിലേറെ സുരക്ഷിതമെന്ന് ഇവർ ധരിച്ചും കളയുന്നു. അല്ലെങ്കിൽ കൊല്ലം ദുരന്ത ശേഷം ലൈസന്സ് കൊടുത്ത കടകളിലും കപ്പണത്തും സംസ്ഥാനത്തുടനീളം നടത്തിയ മിന്നൽ പരിശോധനയിൽ ഒരു തരത്തിലുള്ള വയലേഷൻ ഉണ്ടായില്ലെന്നും ഒന്നും പിടിച്ചെടുത്തില്ലെന്നും തപ്പൽ ഉദ്യോഗസ്ഥർ പറയേണ്ടതല്ലേ? മറിച്ചാണല്ലോ പറഞ്ഞത്.

അത് പോലെ,  എവിടെയും കിട്ടാത്ത ഉഗ്രസംഹാരിയായ അമിട്ടാണ് രാഷ്രീയ പാർട്ടികളുടെ അനുമതിയോടെ ചില സ്ഥലങ്ങളിൽ കുടിൽ വ്യവസായം പോലെ നിർമ്മിച്ച്‌ കൊണ്ടിരിക്കുന്നത്. അശ്രദ്ധമൂലം  ഇവിടങ്ങളിൽ പൊട്ടുമ്പോൾ മാത്രം മാലോകർ അറിയുന്നുവെന്നേയുള്ളൂ. എന്നിട്ടും അധികാരികൾ എല്ലാ കാലത്തും കണ്ണുമടച്ച് അടുത്ത ദുരന്തത്തിന് കാത്തിരിക്കുന്നു.

109 പേർ മരിച്ചത് അവരാഗ്രഹിച്ചിട്ടല്ലല്ലോ. അടുത്ത അധ്യയന വർഷം തുടങ്ങുമ്പോൾ പാഠപുസ്തകങ്ങളും കുഞ്ഞുടുപ്പുകളും വാങ്ങാൻ വേണ്ടി വഴിയോര കച്ചവടം നടത്താൻ മക്കളോടൊപ്പം വന്ന മാതാപിതാക്കളും മരിച്ചവരിൽ ഉണ്ട്. കിലോമീറ്റർ അകലെ സൈക്കിളിൽ പോകവേ ചീള് തെറിച്ചു മരണം പുൽകിയവരും അതിലുണ്ട്.

പ്രകൃതി ദുരന്തങ്ങളെ തൽക്കാലം ഒഴിവാക്കാം.  മനുഷ്യന്റെ കൈക്രിയ കൊണ്ടും കൈപ്പിഴ കൊണ്ടും ഉണ്ടാകുന്ന ദുരന്തങ്ങളിൽ നിന്നും നാം പാഠം പഠിച്ചേ തീരൂ. ഈ ദുരന്തം ഏതാനും ദിവസങ്ങളിൽ ഒതുങ്ങിയേക്കാവുന്ന  ചാനൽ ചർച്ച പോലെ ആറിത്തണുക്കരുത്. ഇനിമുതൽ വെടിയും അമിട്ടുമില്ലാത്ത ആഘോഷങ്ങളും ആഹ്ലാദങ്ങളും ആകട്ടെ. അവ കണ്ടതിന്റെയും  ആഘോഷിച്ചതിന്റെയും  സന്തോഷവും പറഞ്ഞു തിരിച്ചുപോകാൻ ഒന്നിച്ചു വന്നവർ  കൂടെ ഉണ്ടെങ്കിലല്ലേ സാധിക്കൂ.

വൈകല്യവും വൈധവ്യവും അനാഥത്വവും വിഭാര്യത്വവും നൽകുന്ന ശൂന്യതതയും ഊഷരതയും  അവയനുഭവിച്ചവർക്കേ  മനസ്സിലാകൂ. ഇതവസാനത്തെ ദുരന്തമാകട്ടെ,  അധികൃതർ അതിനനുസരിച്ച് നിയമ നിർമ്മാണം കൊണ്ട് വരട്ടെ.  ആദരാഞ്ജലികൾ,  കൊല്ലം  ദുരന്തത്തിൽ ജീവൻ പൊയ്പ്പോയവർക്ക് ! അവരുടെ വിതുമ്പുന്ന കുടുംബങ്ങളോടൊപ്പം എന്റെ വിങ്ങുന്ന മനസ്സും !

No comments:

Post a Comment