Friday 1 April 2016

മിനി കഥ / പറയാതെ പറഞ്ഞ മുഖം / മഹമൂദ് പട്ള

മിനി കഥ

മഹമൂദ് പട്ള

പറയാതെ പറഞ്ഞ മുഖം
___________________________
  
പതിവ് പോലെ സുബഹ് ബാങ്കിന്റെ മധുര നാദം കേട്ടാണ് അയാൾ ഉണർന്നത്.
നിസ്കാരം കഴിഞ്ഞ് പള്ളിയിൽ നിന്നും
തിരിച്ചുവരുമ്പോൾ എന്തൊക്കെയോ
ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു.

ശരിയാണ്‌ നാട്ടിൽ പലകൂട്ടായ്മകളും കാരുണ്യ പ്രവർത്തനങ്ങൾ മത്സരിച്ച്
നടത്തുകയാണ്. ആരൊക്കെയോ കാണിക്കണമെന്ന വാശിയോടെ
അർഹത പെട്ടവനു കിട്ടിയോ എന്ന്
നോക്കാതെ കൊടുത്തു തീർക്കാൻ ഓടുകയാണ്. ഇവരിൽ നിന്നും ഏറെ
വിത്യസ്തനായി അയാളുമുണ്ട് കൂടെ .

ഇടുങ്ങിയ വഴികളും കുന്നുകളും താണ്ടി, ഒരു ചെറിയ  കവർ ആരുമറിയാതെ ചുരുട്ടി പിടിച്ച്   വീട് വീടാന്തരം കയറി ഇറങ്ങിയപ്പോൾ നേരം ഏറെ  ഇരുട്ടിയിരുന്നു.

ശേഷിക്കുന്നത് പിറ്റേ ദിവസത്തേക്ക് മാറ്റി പിരിയുമ്പോൾ രോഗിയായ അയാളുടെ മുഖത്ത് നല്ല ക്ഷീണം അറിയിക്കുന്നുണ്ടായിരുന്നു,നല്ല വിശപ്പും.  അതുകൊണ്ട് അയാൾ തന്റെ വീട്ടിൽ എത്തിയത് അറിഞ്ഞതേയില്ല.

ഉമ്മാന്റെ ശകാരിക്കുന്ന വാക്കുകളിലും താൻ ഒരു ഹൃദ്രോഗിയെന്ന  ഓർമപ്പെടുത്തൽ കേൾക്കാതെ അയാൾ അടുക്കള ലക്ഷ്യംവെച്ച് നടന്നു .

തീ പുകയാത്ത അടുപ്പ് കണ്ടപ്പോൾ അടുത്തുള്ള പാത്രത്തിലേക്കായ് നോട്ടം.
അവിടെയും ഒന്നും കണ്ടില്ല.  അകത്തുനിന്നും കേട്ട പെങ്ങളുടെ ശബ്ദം അയാളെ  തിരച്ചിൽ അവസാനിപിക്കാൻ നിർബന്ധിതനാക്കി.

എല്ലാം മനസ്സിലായി ശരിയാണ്.  ഉപ്പാക്ക് തീരെ വയ്യ.  പ്രായം 65 കഴിഞ്ഞു.  ഇനി എങ്ങിനെ ജോലിക്ക് പോകാനാണ് !

വിശപ്പ്‌ മറന്ന അയാൾ ഒട്ടിയ വയറുമായ്  പട്ടിണി കിടക്കുന്ന തൻറെ മാതാപിതാക്കളിലേക്കായി ശ്രദ്ധ.

കൊട്ടിലിലെ (ആദ്യമുറി)മൺതിട്ടയിൽ ചാരിയിരുന്ന അയാൾ തുറന്നിട്ട ജനാലയിലൂടെ നോകുമ്പോൾ ആകാശത്ത് പൂർണ ചന്ദ്രൻ ഇരുണ്ട കാർമേഖങ്ങളിലേക്ക്‌ മറയുന്നുണ്ടായിരുന്നു,

ഇരുട്ടിന്റെ ഭികരതയായിരുന്നു ചുറ്റും!

കാരുണ്യവാനിലേക്ക്  കൈ ഉയർത്തിപ്രാർത്ഥിച്ചു കണ്ണടക്കുമ്പോഴും
അർഹത പെട്ടവർക്ക്  നാളെ റേഷൻ വാങ്ങാനാവശ്യമായ ചെറിയ കവർക്കൂട്ടങ്ങളായിരുന്നു  മനസ്സ് നിറയെ....

No comments:

Post a Comment