Monday 18 April 2016

ഓർമ്മ / ഉപ്പ / അസ്‌ലം മാവില

ഓർമ്മ  / ഉപ്പ / അസ്‌ലം മാവില

ഉപ്പയെക്കുറിച്ചുള്ള  ഓർമ്മകൾ കടലോളം വലുതാണ്‌........
ഇടറുകയും പതറുകയും ചെയ്യും,  ഓർമ്മ വരുമ്പോൾ .....
ഞാൻ അറിയാതെ കുഞ്ഞാകും, എന്റെ പ്രായം പോലും മറന്നു പോകും...

ഹിജ്റ 1419, ചെറിയ പെരുന്നാൾ കഴിഞ്ഞു; ഞങ്ങൾ കേട്ട പെരുന്നാൾ ഖുതുബയൊക്കെ ഉപ്പ ചോദിച്ചു കൊണ്ടേയിരുന്നു. ഉപ്പയുടെ ഓർമ്മ വെച്ച കാലം മുതൽ ഒരു പക്ഷെ ഉപ്പയ്ക്ക് പോകാൻ പറ്റാത്ത ആദ്യത്തെ പെരുന്നാൾ നമസ്കാരം. അത് നഷ്ടപ്പെട്ടതിന്റെ വേദന ആ കണ്ണുകളിൽ തളം കെട്ടിയിട്ടുണ്ട്.  ഉപ്പ തിരിഞ്ഞു തലവെച്ചത് ഒരു പക്ഷെ അത് ഞങ്ങൾ കാണരുതെന്ന് കരുതിയാകാം.... വേദനകൾ എപ്പോഴും ഞങ്ങളിൽ നിന്ന് മറച്ചു വെക്കാൻ ഉപ്പ എപ്പോഴും ശ്രമിച്ചിരുന്നു, അന്നും ഉപ്പ ഞങ്ങളെ തോൽപ്പിച്ചു കളഞ്ഞു !

മുപ്പതിൽ അധികം കൊല്ലക്കാലം കച്ചവടം ചെയ്തിരുന്ന മധൂരിലുള്ള കടയുടെ താക്കോൽ  അതിന്റെ ഉടമയ്ക്ക് തിരിച്ചു നൽകാൻ ഉപ്പ ഞങ്ങളോട് പറയുന്നത് മരണത്തിനു പത്തു ദിവസങ്ങൾ മുമ്പ്....

അനന്തരാവകാശവിഷയം പറഞ്ഞു ''നീ നീതി ചെയ്യു''മെന്ന് ഉറപ്പുണ്ടെന്ന് പറയുന്നതും ഏതാനും ദിവസങ്ങൾക്ക് മുമ്പ്.....

വെറ്റിലയും പുകയിലയും  ചവച്ചിരുന്ന ഉമ്മയോട്  ഇനിയവ തൊട്ടുപോകരുതെന്ന് നിർബന്ധ രൂപത്തിൽ  പറയുന്നതും ....

മൂത്ത പെങ്ങളുടെ അഭിപ്രായത്തിന് അർഹിക്കുന്ന പരിഗണന നൽകി മാത്രമേ എന്ത് വിഷയത്തിലും   ഒരു തീരുമാനമുണ്ടാകൂ എന്ന് നിർദ്ദേശിക്കുന്നതും... എല്ലാം ദിവസങ്ങൾക്ക് മുമ്പ്.

അറിയുന്നത് മാത്രം  പറഞ്ഞു കൊടുക്കുക, അറിയാത്തത്  വായിച്ചും കേട്ടുമറിയാൻ ശ്രമിക്കുക. നമ്മുടെ കുടുംബം അധ്യാപകരുടെതാണ്. ഉപ്പ തമാശ രൂപത്തിൽ പറയാറുണ്ട്. ഭാഷ എന്നാൽ സംസ്കാരം  എന്നാണു അർത്ഥമെന്നും സയൻസിനു ബുദ്ധിയെന്നാണ് വിവക്ഷയെന്നും അഴിക്കോട്മാഷ്‌  പറയുന്നതിന് മുമ്പ് എത്രയോ മുമ്പ് ഞാൻ കേട്ടത് ഉപ്പയിൽ നിന്ന്.

തായൽ -മീത്തൽ ജമാഅത്തിന്റെ മുറിവുണക്കാൻ നിമിത്തമായതും സ്രാമ്പി പള്ളിക്കടുത്തുള്ള ഒറ്റമുറി ക്ലാസ്സിലെ അധ്യാപകനായ നിന്റെ പിതാമഹനെന്നു എന്നോട്പറഞ്ഞതും അതിന്റെ ചരിത്രമറിയാൻ ഞാൻ ശ്രമിച്ചതും .... എല്ലാം മനം പുരട്ടി വരുന്നു.

''നിന്റെ സാന്നിധ്യം  രണ്ടു പേർക്കും   അരോചകമല്ലെങ്കിൽ, കുടുംബങ്ങൾക്കിടയിലെ മുറിവ് ഉണക്കാൻ നിന്റെ ഒരു വാക്കിന് സാധിക്കുമെങ്കിൽ,  അവനവന്റെ  പരിമിതി അറിഞ്ഞു കൊണ്ട് ഇടപെടുക'' - ഉപ്പാന്റെ ഈ ഉപദേശം ഞാൻ പലരുമായും ഷെയർ ചെയ്യാറുണ്ട്. ഫാമിലി കൌൺസിലിംഗിലെ മർമ്മ പ്രധാനമായ ഒരു വശമാണ് അതെന്നു  ഈ വിഷയത്തിൽ അഗ്രഗണ്യരായവരിൽ നിന്ന്  പിന്നീടാണ് ഞാൻ  അറിഞ്ഞത്.

അഞ്ചിലോ ആറിലോ ഉള്ളപ്പോഴാണ് ഉപ്പയുടെ കൂടെ ആദ്യമായി   രാഷ്ട്രീയ പ്രസംഗം കേൾക്കാൻ കാസർകോട്‌ പോകുന്നത് ....

പത്താം ക്ലാസ്സ് വരെ എന്റെ സിലബസ്സു മുഴുവനും  ഒന്നൊഴിയാതെ എനിക്ക് പഠിപ്പിച്ചു തന്നത് എന്റുപ്പ ! കണക്ക്, ഇംഗ്ലീഷ് ഉപ്പയുടെ ഇഷ്ടവിഷയം.

വീട്ടിൽ ഉണ്ടായിരുന്ന പൂച്ചയ്ക്ക് ഭക്ഷണം കിട്ടാതെയാകുമോ എന്ന ആധിയിൽ പാതിരായ്ക്ക് ഒരു ബന്ധുവിന്റെ കല്യാണവീട്ടിൽ നിന്ന് ഞങ്ങളോട് ആരോടും പറയാതെ ഇറങ്ങി  മൈലുകളോളം നടന്നു വീട്ടിലെത്തിയത്.... ആ പൂച്ച ചത്തപ്പോൾ ദിവസങ്ങളോളം ഉപ്പ , പരിഭവം പറഞ്ഞു, ഭക്ഷണം  പകുതിക്ക് നിർത്തി കസേരയിൽ നിന്നെഴുന്നേറ്റ്‌ കൈ കഴുകാൻ പോയിരുന്നത്....

ഒരു പാട് പ്രാവശ്യം ഞാൻ ഉപ്പയെ കുറിച്ച്  എഴുതാൻ വിചാരിച്ചിരുന്നു. അതിനു മാത്രമായി ഒരു ബ്ലോഗ്‌.; എന്റെ മക്കളും അവരുടെ മക്കളും അങ്ങിനെ തലമുറ-തലമുറകൾക്ക് വായിക്കാൻ മാത്രമായി .... ഒരു പേജ് എഴുതി തീരുന്നതിനു മുമ്പ് കണ്ണുകൾ നിറയും, കൈ വിറയ്ക്കും, തൊണ്ട വരളും, പിന്നീടുള്ള ഒന്ന് രണ്ടു ദിവസങ്ങൾ വല്ലാത്ത ശൂന്യത അനുഭവപ്പെടും.........  അതിനു പാകമായ ഒരു മനസ്സ് ഈ 46-ലും എനിക്ക് ഉണ്ടായിട്ടില്ല എന്നതാണ് സത്യം.

എന്റെ സൌഹൃദ വലയത്തിലെ ഒരു കോളേജ് പ്രൊഫസ്സർ (ആരിഫ് സൈൻ ) ഞാൻ വാതോരാതെ എപ്പോഴും
എന്റെ ഉപ്പയെ കുറിച്ച് പറയുമ്പോൾ, ലോക  മലയാളി സമൂഹം ആദരിക്കുന്ന ഒരു  പിതാവിന്റെ മകൻ  കൂടിയായ അദ്ദേഹം ഒരു ദിവസം എനിക്ക് ഒരു വാരികയിൽ  അദ്ദേഹം എഴുതിയ ആർടിക്ൾ കാണിച്ചു തന്നു.  അതിൽ എന്റെ ഉപ്പാനെ കുറിച്ചുള്ള പരാമർശം. ഞാൻ അത് മുഴുവൻ വായിക്കാൻ പറ്റാതെ പറഞ്ഞു - ആരിഫ് സാബ്,  മുഴുമിപ്പിക്കാൻ പറ്റുന്നില്ല , ഞാൻ പിന്നീട് വായിക്കാം.  പിന്നീട് ഒരിക്കലും ഞാൻ അത്  വായിക്കാൻ നിന്നിട്ടില്ല ! ആവില്ല, അതായിരുന്നു കാരണവും.

ഇന്നും എന്റെ കയ്യിൽ തുറക്കാത്ത ഒരു കത്തുണ്ട്; ഉപ്പയുടെ മരണ ശേഷം ഞാൻ തിരിച്ചു ദുബായിലെത്തി കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചപ്പോൾ എന്റെ ടേബിളിൽ കണ്ടത്!   എനിക്ക്ഉപ്പ അവസാനം  അയച്ച കത്ത്. നീലാകാശ നിറമുള്ള എയർമെയിൽ, സ്വതസിദ്ധമായ ചെരിച്ച് എഴുതിയ നല്ല കൂട്ടക്ഷരത്തിലുള്ള അഡ്രസ്സ്. ''ഫ്രം അഡ്രസ്‌'' എഴുതുന്നതും ഒപ്പിടുന്നതും രണ്ടും ഒരേ രീതിയിലായിരിക്കും. ( കൂട്ടത്തിൽ പറയട്ടെ, ഞാൻ ഇപ്പോൾ  ഡ്യൂട്ടി റിപ്പോർട്ട് ചെയ്യുന്ന ആരാംകോ  സീനിയർ പ്രോജക്റ്റ് മാനേജരുടെ കയ്യൊപ്പും ഏകദേശം എന്റെ ഉപ്പയുടെ കയ്യൊപ്പിനു സമാനമാണ്). ആ കത്ത് കണ്ടപ്പോൾ  അന്ന് ഞാനനുഭവിച്ച മനസംഘർഷം സമാനതകൾ ഇല്ലാത്തതായിരുന്നു.  ഞങ്ങളുടെ എഴുത്ത് കുത്തുകൾ  അത്രമാത്രം ഹൃദയ സ്പർശിയും ഹ്രുദയസ്പൃ ക്കുമായിരുന്നു.  രണ്ടു ഹൃദയങ്ങൾ സംസാരിക്കുന്ന പിതൃ-പുത്ര   കറസ്പോണ്ടൻസാണ് എനിക്ക് അതോടെ നഷ്ടപ്പെട്ടതെന്ന് ഉൾക്കൊള്ളാൻ  ഒരുപാട് ആഴ്ചകൾ വേണ്ടി വന്നു.  തുറക്കാത്ത കത്തായി എന്റെ മേശപ്പുറത്ത് കുറേകാലം അത് കിടന്നു.  പിന്നെ  ആ എഴുത്ത് അങ്ങിനെ തന്നെ പെട്ടിയിൽ  വെച്ചു.  ഇന്നും അത് തുറന്ന്  വായിക്കാൻ  എന്തോ എന്റെ മനസ്സിന് ...... ശക്തിയില്ലാത്തത് പോലെ.

ഉപ്പയെ കുറിച്ച് ആയിരം താളുകൾ എഴുതിയാലും പൂർണ്ണമാകില്ലെന്ന് എന്റെ മനസ്സ് എപ്പോഴും പറയും. എഴുതാൻ എന്റെ മനസ്സിന് പടച്ചവൻ നിശ്ചയദാർഡ്യം തന്നാൽ, ഇൻഷാഅല്ലാഹ്,  ഞാൻ എഴുതും.

ഇന്ന് ഞാൻ വോയിസിൽ വരുന്നില്ല. നിങ്ങളുടെ വോയിസ് ഒരു പക്ഷെ ഞാൻ മുഴുവനായും കേൾക്കാൻ ഇടയായെന്നും വരില്ല. കഴിയില്ല അത് കൊണ്ടാണ്.  നിങ്ങൾ എല്ലാവരും അദ്ദേഹത്തെ കുറിച്ച് നല്ലത് പറയുമെന്നും അറിയാം, അദ്ദേഹത്തിന്റെ പരലോക വിജയത്തിന്  നിങ്ങൾ പ്രാർഥിക്കുമെന്നും അറിയാം .  ആ പ്രാർഥനകൾക്കൊക്കെ ഞാൻ  ഇപ്പോഴേ  ആമീൻ പറയുന്നു.

നിർത്തുന്നു. ചെറിയ പെരുന്നാൾ കഴിഞ്ഞ്‌  ഒരാഴ്ചയേ ഉപ്പ ഞങ്ങളോടൊപ്പം ഉണ്ടായുള്ളൂ.  1419 ശവ്വാൽ  9, ബുധനാഴ്ച (27 ജനുവരി 1999).   അല്ലാഹുവിന്റെ വിധിക്ക് ഉത്തരം നൽകി, നല്ല ഓർമ്മകൾ മാത്രം ബാക്കിയാക്കി പടച്ചവന്റെ സന്നിധിയിലേക്ക് ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത  ആ നല്ല പിതാവ് പരാതിയില്ലാതെ പോയി...... ശേഷം, പല സന്ദർഭങ്ങളിലും ഞങ്ങൾ ഒരു പാട് വിങ്ങിയിട്ടുണ്ട്. അതൊക്കെ ഉപ്പയുടെ നന്മകളുടെ ഗ്രന്ഥത്തിൽ മലക്കുകൾ  രേഖപ്പെടുത്തുമായിരിക്കും. കാരണം, ഉപ്പ ഞങ്ങളെ അത്രമാത്രം സ്നേഹിച്ചിരുന്നു, ഞങ്ങൾ ഉപ്പയെയും.             

No comments:

Post a Comment