Saturday 16 April 2016

മിനി കഥ / വയോജന ദിനം / മഹമൂദ്‌ പട്ള.


മഹമൂദ്‌ പട്ള.
 --------------
പഴക്കമാർന്ന തറവാടിന്റെ ഇരുണ്ട മുറിയിൽ അങ്ങിങ്ങായി ചിതറി കിടക്കുന്ന പഴകിയ സാധനങ്ങൾ. അടുക്കി വെക്കാൻ  പാകമല്ലാത്ത തുരുമ്പിച്ച അലമാരയുടെ അകത്ത് ചിതലരിച്ചു കിടക്കുന്ന പുസ്തകങ്ങൾ.  തൊട്ടടുത്തു കാലിളകിയ കട്ടിലിനരികിൽ പഴയ ചാരു കസേരയിൽ ഒരു വയസ്സൻ  ചാരികിടക്കുന്നു.

ചെറിയൊരു മയക്കത്തിൽ നിന്നും എണീറ്റ അയാളുടെ മുഖഭാവം കണ്ടാലറിയാം എവിടെയോ പോകാനുള്ള തിടുക്കത്തിലാണെന്ന്.

തന്റെ ഊന്നുവടിയുടെ സഹായത്താൽ പുറത്തേക്ക് പോകുന്നതിനിടയിൽ മുറിയുടെ ഒരു വശത്തു രണ്ടായി തൂങ്ങുന്ന പൊട്ടിയ    കണ്ണാടിയുടെ ഒരു ഭാഗത്ത്‌ തന്റെ മുഖത്തുള്ള ചുളിഞ്ഞതൊലിയെ  നിവർത്താൻ ശ്രമിക്കുന്നതിനിടയിൽ മറു ഭാഗം നരച്ച മുടികൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന കറുപ്പിനെ നോക്കി
തന്റെ വയസ്സ് തിട്ടപെടുത്തുന്നുണ്ടായിരുന്നു.

''വയോജനദിനമായ ഇന്ന് സ്കൂളിൽ നടകുന്ന പരിപാടിയിലേക്ക് ചെല്ലാൻ താൻ എന്തുകൊണ്ടും യോഗ്യൻ !'' അയാൾ ആരോടെന്നില്ലാതെ പറഞ്ഞു.

കയ്യിൽ ഒരു പഴയകുടയുമായി   പഴയകാല കൂട്ടുകാരെയും ആ സദസ്സിൽ പ്രതീക്ഷിച്ചു  മകനേയും കൂട്ടി അയാൾ നടന്നു...................

ജീവിതത്തിന്റെ സായംസന്ധ്യയിൽ രോഗങ്ങളാലും വാർദ്ധക്ക്യത്താലും
പരസഹായം ആവശ്യമായി വരുന്ന സമയത്ത് സഹായത്തിനു ആരുമില്ലാതെ ആയിതീരുന്ന അവസ്ഥയെ കുറിച്ച്  യുവജനതയെ ലക്ഷ്യം വെച്ച് ഒരു ''മാന്യൻ'' സംസാരിക്കുമ്പോൾ അവിടെയെത്തിയ വൃദ്ധന്മാരുടെ എണ്ണം വിരളമായിരുന്നു. വൃദ്ധനായ തനിക്ക് ആരോ അണിയിച്ച പട്ടുഷാളിന് അത്രനല്ല മണവുമില്ലായിരുന്നു!

മകന്റെ മുടികൾക്കിടയിലൂടെ വിരലുകൾ കൊണ്ട് തലോടി അടുത്ത ഒക്ടോബർ ഒന്നിന് കാണാമെന്ന് മറ്റു വൃദ്ധന്മാരോട് പറഞ്ഞ് പിരിയുമ്പോൾ, തൊട്ടകലെയുള്ള പണി തീരാറായ  വൃദ്ധസദനം അച്ഛനേയും കാത്തിരിപ്പുണ്ടെന്ന്  മകന്റെ മുഖത്ത് പറയാതെ പറയുന്നുണ്ടായിരുന്നു !!

മഹമൂദ്‌ പട്ള.

No comments:

Post a Comment