Saturday, 2 April 2016

ചെറുകഥ / യക്ഷിക്കാവ് / അനസ് പേരാൽ

ചെറുകഥ
__________________

യക്ഷിക്കാവ്
__________________

അനസ് പേരാൽ
__________________

യക്ഷിക്കാടും കടന്നു വന്ന കാറ്റില്‍ മരണത്തിന്റെ മണമുണ്ടെന്നു തോന്നി അയാള്‍ക്ക്.നിശബ്ധമായ രാത്രി.ഇടയ്ക്കിടെ കൂറ്റന്‍ ശബ്ദത്തോടെ ജനാലകളെ വലിച്ചടച്ചു കടന്നു പോകുന്ന കാറ്റ് മാത്രം ആണ് തന്റെ ചിന്തകളെ വ്യതിച്ചലിപ്പിക്കുന്നതെന്ന് തോന്നി അയാള്‍ക്ക്.ഏകാന്തതയെ സ്നേഹിച്ചു കഥയും കവിതയുമൊക്കെ ആയി ഒരു ഭ്രാന്തനെ പോലെ അലയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഓര്‍മ്മകളെ കീറി മുറിച്ചു കൊണ്ട് ആ നിലവിളി അയാളുടെ മനസ്സിലൂടെ കടന്നു പോയി.ചോരത്തുള്ളികള്‍  കൊണ്ട് അലങ്കരിച്ച തുളസിത്തറ , തകര്‍ന്നു തരിപ്പണമായ തറവാട്,ചലനമറ്റ തന്റെ കളിക്കൂട്ട്കാരിയുടെ ശരീരം,   ഉമ്മറത്ത്‌ നിറഞ്ഞു കൂടിയ നാട്ടുകാര്‍,തല്ലിച്ചതച്ചു ഒരു ജീവ്ച്ചവം പോലെ തന്നെ വലിച്ചു കൊണ്ട് പോയ പോലീസുകാര്‍...........തന്റെ ചുണ്ടുകള്‍ വിറക്കുന്നുണ്ടോ? പതറി പോവുന്നുണ്ട് ഇടയ്ക്കു മനസ്സ്.


സിഗരറ്റിന്റെ ലഹരി ഒന്നുമാവുന്നില്ല എന്ന് തോന്നിയപ്പോള്‍ ആണ്  കഞ്ചാവിലേക്ക് നീങ്ങിയത്.ജയില്‍ വാസത്തില്‍ നിന്നും കിട്ടിയ ഒരു ശീലം.രണ്ടു മൂന്നു കട്ടിയുള്ള പുകച്ചുരുളുകള്‍ ശൂന്യതയിലേക്ക് ഊതി പറത്തിയപ്പോള്‍ പുതിയ ഒരു ശക്തി ശരീരത്തിലൂടെ കടന്നു പോയ പോലെ തോന്നി അയാള്‍ക്ക്.പതുക്കെ ഒന്ന് അനങ്ങിയിരുന്നു.ജട പിടിച്ച തന്റെ മുടിയിഴകളില്‍ തലോടിക്കൊണ്ട് അയാള്‍ ഓര്‍ത്തു ,


എന്തൊരു വിഡ്ഢി ആണ് താന്‍.ഇത്രയും ദൂരം സഞ്ചരിച്ചു താന്‍ എന്തിനു ഈ യക്ഷിക്കാട് തേടി വന്നു?യാതൊരു ലക്ഷ്യവുമില്ലാതെ റെയില്‍വേ സ്റ്റേഷനില്‍ അലഞ്ഞു തിരിഞ്ഞു നടന്നപ്പോള്‍ ഏതോ ഒരു സഞ്ചാരി പറഞ്ഞതാണ് ഇതിനെ പറ്റി.കേട്ടപ്പോള്‍ തോന്നിയ  ഒരു വട്ട്............  താമസിക്കാന്‍ കിട്ടയതോ ഇത് പോലെ പൊട്ടിപൊളിഞ്ഞ ഈ വീടും. ആരെങ്കിലും ഉപേക്ഷിച്ചു പോയതാവും.അല്ലെങ്കിലും തന്നെ പോലെ ഒരു ഊര് തെണ്ടിക്ക് താമസിക്കാന്‍ എന്തിനു ബംഗ്ലാവ്. കഞ്ചാവ് കത്തി തീരുന്നതിനോടൊപ്പം തന്റെ തലയ്ക്കു ലഹരി പിടിക്കുന്നത്‌ അയാള്‍ അറിഞ്ഞു തുടങ്ങി.തുറന്നു കിടക്കുന്ന ജനാലയിലൂടെ അയാള്‍ ആകാശത്തേക്ക് നോക്കി.നിലാവിനെ മറക്കാന്‍ പോകുന്ന ആ മേഘക്കൂട്ടതിനോട് അയാള്‍ക്ക് വെറുപ്പ്‌ തോന്നി......


പതിയെ തന്റെ  മുറിയില്‍ ഇരുട്ട് നിറഞ്ഞു തുടങ്ങി.ഇടയ്ക്കിടെ ആഞ്ഞു വലിക്കുമ്പോള്‍ കത്തുന്ന ചുരുട്ടിന്റെ കനല്‍ മാത്രം ആയിരുന്നു ആ മുറിയിലെ ആകെ വെളിച്ചം.അയാള്‍ ഓര്‍ത്തു യക്ഷിക്കടിനെ പറ്റി ആ സഞ്ചാരി പറഞ്ഞ  കഥ....................


വര്‍ഷങ്ങള്‍ക്കു മുമ്പ് യക്ഷിക്കാടിന്റെ ശരിക്കുള്ള പേര് കൊരഗന്‍ കുന്നു എന്നായിരുന്നു.ദുര്‍ മന്ത്രവാദവും അനാചാരങ്ങളും ആയി കഴിഞ്ഞിരുന്ന ഒരു പറ്റം ഗോത്ര വര്‍ഗക്കാര്‍ ആയിരുന്നു അവിടെ താമസിച്ചിരുന്നത്.അവര്‍ ആരാധിച്ചിരുന്നത് ഒരു മാണിക്യ കല്ലിനെയാണ്.അവരുടെ എല്ലാ ശക്തിയും ആ കല്ലില്‍ ആവാഹിച്ചു വച്ചിരിക്കയായിരുന്നു.ഒടുവില്‍ ആ ഗോത്രം നശിച്ചു പോവുമ്പോള്‍ അവരുടെ അവസാനത്തെ മൂപ്പന്‍ ആ മാണിക്യ കല്ല്‌ ഒരു ചിതല്‍ പുറ്റിനുള്ളില്‍ സൂക്ഷിച്ചു അതിനു നാഗങ്ങളെ കാവലിരുതി.കുന്നിന്റെ നാല് ദിക്കിലും ഉള്ള പാലമരത്തില്‍ യക്ഷികളെയും കാവലിരുതി.പിന്നീട് അവിടെ യക്ഷിക്കാവും പൂജയും ഒക്കെ തുടങ്ങി.പകല്‍ സമയങ്ങളില്‍ പോലും ആള്‍ക്കാര്‍ അവിടെ പോവാന്‍ പേടിക്കാന്‍ തുടങ്ങി.അങ്ങനെ അത് യക്ഷിക്കാടായി മാറി.


ആ മാണിക്യക്കല്ല് സ്വന്തമാക്കാന്‍ വേണ്ടി ഒരു പാട് പേര്‍ യക്ഷിക്കാട്ടിലെത്തി .അത് സ്വന്തമക്കുന്നവര്‍ക്ക് ഭൂമിയിലെ ഏറ്റവും വലിയ ശക്തി ആയി മാറാന്‍ സാധിക്കും.പക്ഷെ ഇന്ന്  വരെ മാണിക്ക്യകല്ലും   തേടി യക്ഷിക്കാട് കയറിയ ആരും തിരിച്ചു വന്നിട്ടില്ല. ഉറക്കം കണ്ണുകളെ തളര്‍ത്തി തുടങ്ങി.കോട്ടുവായിട്ടു കൊണ്ട് അയാള്‍ ഒന്ന് അനങ്ങിക്കിടന്നു.അത് വരെ ഉണ്ടായിരുന്ന കാറ്റും നിന്നെന്നു തോന്നുന്നു.മരണത്തിന്റെ നിശബ്ധത........ പെട്ടന്ന് അകത്തെ മുറിയില്‍ ആരോ ചങ്ങല വലിച്ചു കൊണ്ട് പോവുന്ന പോലെ ഒരു ശബ്ദം  അയാള്‍ കേട്ടു .ആരോ മുക്കുകയും ഞരങ്ങയും ചെയ്യുന്ണ്ട്.ഇനിയിപ്പോ ആരെയെങ്കിലും  ചങ്ങലയ്ക്കിട്ടിരിക്കയാണോ ഇവിടെ? അയാള്‍ ലൈട്ടെര്‍ തെളിച്ചു കൊണ്ട് പതുക്കെ പുറത്തിറങ്ങി . വീട് മുഴുവന്‍ നടന്നു നോക്കി.ആരെയും കാണുന്നില്ല.പുറത്തു ഒരു കുതിരക്കുളംബടി ശബ്ദം അകന്നു പോവുന്നത് കേട്ട് അയാള്‍ മുറ്റത്തേക്കിറങ്ങി.
                             

ദൂരെ മഞ്ഞു മൂടിയ യാക്ഷിക്കാടിനകതെക്കു ഒരു വെള്ളക്കുതിര പാഞ്ഞു കേറുന്നത് ആയാല്‍ കണ്ടു.എവിടെയോ കാലന്‍ കോഴികള്‍ മരണം അറിയിച്ചു  കൊണ്ട് കൂവുന്നുണ്ടായിരുന്നു  ,മഞ്ഞു മേഘങ്ങള്‍ എങ്ങോ മാഞ്ഞു കഴിഞ്ഞു ,ദൂരെ ചിതല്‍ പുറ്റിന് കാവലിരുന്ന സര്‍പ്പങ്ങള്‍ പത്തി വിടര്‍ത്തി........ തനിക്കും ചുറ്റും ഒരു മായിക വലയം പോലെ തോന്നി അയാള്‍ക്ക്.ഏതോ ഒരു ശക്തി തന്നെ നിയന്ത്രിക്കുന്ന പോലെ.ഒരു നേര്‍ത്ത മൂളല്‍ അയാളെ അസ്വസ്ഥനാക്കാന്‍ തുടങ്ങി. "ആരാണത്?" ഇരുട്ടിലേക്ക് ഊളിയിട്ടു പോകുന്ന ഒരു രൂപം.കാലില്‍ ചങ്ങലയുണ്ട്.വേദന സഹിക്കാതെ ആണോ ആ രൂപം ഇത് പോലെ ശബ്ദം ഉണ്ടാക്കുന്നത്? ആരാ? ഒരു മറുപടിയും ഇല്ല.  കുന്നിന്റെ മുകളില്‍ നിന്നും ചെന്നായ്ക്കള്‍ നിര്‍ത്താതെ മോങ്ങാന്‍ തുടങ്ങി.. . രാത്രിയുടെ പൊന്നോമനകളുടെ ഭീകര സംഗീതം.


ആരോ ഒരാള്‍ അവിടെ നില്‍ക്കുന്നുണ്ടല്ലോ? ഒരു സ്ത്രീ. ഈ അസമയത്ത് ഒരു സ്ത്രീ ഇവിടെ,അതും  ഈ കാട്ടു പ്രദേശത്ത് ....   അയാളുടെ മനസ്സില്‍ പലതരത്തില്‍ ഉള്ള ചിന്തകള്‍ അലയടിക്കാന്‍ തുടങ്ങി. അവള്‍ അയാളെ നോക്കി പുഞ്ചിരിച്ചു. അത്രയും സുന്ദരിയായ ഒരു സ്ത്രീയെ അയാള്‍  ആദ്യമായിട്ടായിരുന്നു ഇത്ര അടുത്ത് കാണുന്നത്. ഒരു പക്ഷെ ഇവള്‍ ഒരു കാള്‍ ഗേള്‍ ആവുമോ? അങ്ങനെ ആണേല്‍ എന്തിനു ഈ കാട്ടില്‍ വരണം. അല്ലെങ്കില്‍ ഈ യക്ഷിക്കാട്ടിലെ യക്ഷി ഇവള്‍ ആകുമോ?
                           

"നിങ്ങള്‍ എന്താണ് ആലോചിക്കുന്നതെന്ന് ഞാന്‍ പറയട്ടെ?" നിശബ്ദതയെ ബേധിച്ചു കൊണ്ട് അവള്‍ സംസാരിച്ചു തുടങ്ങി.  "ഞാന്‍ ആരാണെന്നല്ലേ? പറയാം എന്റെ കൂടെ വാ... അവള്‍ നടന്നു തുടങ്ങി .പിന്നാലെ അയാളും.


കൊടും തണുപ്പത്ത് അയാളുടെ പല്ലുകള്‍ തമ്മില്‍ കൂട്ടി മുട്ടുന്നുണ്ടായിരുന്നു.ചുരുട്ട് വലിക്കാന്‍ വേണ്ടി അയാള്‍ പോക്കെറ്റില്‍ കൈയ്യിട്ടു.

"നിങ്ങളുടെ കീശ കാലിയാണ് ".അവള്‍ തിരിഞ്ഞു നോക്കാതെ തന്നെ പറഞ്ഞു.ഞെട്ടലോടെ അയാള്‍ പോക്കെറ്റില്‍ നിന്നും കയ്യെടുത്തു.


അവള്‍ പറഞ്ഞത് ശരിയായിരുന്നു ചുരുട്ട് മുറിയുടെ അകത്തു വെച്ച് ആണ് അയാള്‍ വന്നത്. യക്ഷിക്കാവിന്റെ മുന്നില്‍ എത്തിയപ്പോള്‍ അവള്‍ നടത്തം നിര്‍ത്തി.


"നമുക്ക് ഇവിടെ ഇരുന്നു സംസാരിക്കാം  " അവള്‍ പറഞ്ഞു. അയാള്‍ തലയാട്ടിക്കൊണ്ട് അവളെ തന്നെ നോക്കിയിരുന്നു. "എന്താ ഇങ്ങനെ നോക്കുന്നത്, എന്റെ കഥ ഞാന്‍ പറയാം പക്ഷെ ഒരു നിബന്ധന ,ഞാന്‍ കഥ പറഞ്ഞു തീരുന്നത് വരെ നിങ്ങള്‍ ഉറങ്ങരുത്.അങ്ങനെ സംഭവിച്ചാല്‍ നിങ്ങള്‍ ഈ യക്ഷിക്കാവില്‍ നിന്നും പുറത്തു പോവില്ല"അവള്‍ പറഞ്ഞു. "എന്നെ സൂക്ഷിച്ചു നോക്ക്, " അവളുടെ കണ്ണുകളിലേക്കു തന്നെ നോക്കിയിരുന്നു അയാള്‍.ഒരു വശീകരണ ശക്തി അവളുടെ കണ്ണുകള്‍ക്ക്‌ ഉണ്ടെന്നു  തോന്നി അയാള്‍ക്ക്. അവളുടെ കണ്ണുകളില്‍ അയാള്‍ ഒരിക്കല്‍ കൂടി കണ്ടു തന്റെ തറവാട് ,
ഓടിച്ചാടി നടക്കുന്ന കുട്ടികളുടെ കലപിലകള്‍ ,അമ്മ ,അച്ഛന്‍ എല്ലാരും ഒരു മിന്നല്‍ ചിത്രം പോലെ.........ഒടുവില്‍ അവള്‍ തന്റെ ദേവി,പ്രാണനെ പോലെ താന്‍ സ്നേഹിച്ചവള്‍....................................ഓര്‍മ്മകള്‍ അയാളെ വീണ്ടും ഭ്രാന്തു പിടിപ്പിക്കാന്‍ തുടങ്ങി.......ചോര തുള്ളികള്‍ നിറഞ്ഞ തന്റെ തറവാട്.....വീണ്ടുമൊരിക്കല്‍ കൂടി ദേവിയുടെ ചലനമറ്റ ആ ശരീരം കാണാന്‍ വയ്യ,കണ്ണുകള്‍ മുറുക്കെ അടച്ചു പിടിച്ചു അയാള്‍ ...


ഉത്സവം കൊടിയേറി ....മേളങ്ങളുടെ ശബ്ദങ്ങള്‍ കാത്തു തുളച്ചു കയറുന്ന പോലെ ചെവി പൊത്തിപ്പിടിച്ചു  അയാള്‍. "നിങ്ങള്ക്ക്   ഉറങ്ങണമോ?എന്റെ മടിയില്‍ തല വെച്ച് കിടന്നോളൂ . "കൊച്ചു കുഞ്ഞിനെ പോലെ അയാള്‍ അവളുടെ മടിയില്‍ തലവെച്ചു കിടന്നു. "അറിയാലോ എന്റെ നിബന്ധന ഉറങ്ങരുത്  ഉറങ്ങിയാല്‍ ".......അവള്‍ ചിരിച്ചു ... എന്റെ ദേവിയല്ലേ ഇത് ........ അല്ല .....ഒരു പക്ഷെ ദേവി ആണെങ്കിലോ ,അവള്‍ തന്നെ കളിപ്പിക്കയാവും.അവള്‍ ചിരിക്കുമ്പോള്‍ കൂര്‍ത്ത ദ്രംഷ്ട്ടകള്‍ കണ്ടു ഞെട്ടി അയാള്‍.തന്റെ മുടിയിഴകളില്‍ തലോടുമ്പോള്‍ അവളുടെ നഖങ്ങള്‍ കൊണ്ട് വേദനിച്ചു അയാള്‍ക്ക്‌.കുനിഞ്ഞിരുന്നു സംസാരിക്കുമ്പോള്‍ അവളുടെ വായില്‍ നിന്നും ചുടു ചോരയുടെ മണമാണ് വരുന്നതെന്ന് തോന്നി അയാള്‍ക്ക്‌. ഉറക്കം വരുന്നു .അയാള്‍ കണ്ണടച്ചു. തന്റെ മുടിയിഴകളിലൂടെയുള്ള വിരലോട്ടം നിലച്ചു,കഴുത്തില്‍ ഐസ് കട്ടകള്‍ വെച്ചപോലെ ,കഴുത്തിലെ ഞരമ്പില്‍ അവളുടെ മൂര്‍ച്ചയുള്ള പല്ലുകള്‍ തറച്ചപ്പോള്‍ അയാള്‍ ഉറക്കെ നിലവിളിച്ചു ദേവീ............


"നിങ്ങള്ക്ക് ഒന്നുമില്ല മിസ്റ്റര്‍ ശ്യാം. നിങ്ങള്‍ ഒരു ഗാഡ നിദ്രയില്‍ ആയിരുന്നു.കഴിഞ്ഞതൊക്കെ വെറും സ്വപ്നം മാത്രം.ഈ നിമിഷം മുതല്‍ നിങ്ങള്‍ ഒരു പുതിയ മനുഷ്യന്‍ ആണ്."ഹിപ്നോടിസം കഴിഞ്ഞു ഡോക്ടര്‍ അയാളുടെ തോളില്‍ തട്ടിക്കൊണ്ടു പറഞ്ഞു.ഒരു പുഞ്ചിരി നല്‍കി ഡോക്ടര്‍ക്ക്‌ അയാള്‍.ഡോക്ടര്‍ തിരഞ്ഞു നടന്നപ്പോള്‍ ചാരു കസേരയിലേക്ക് അമര്‍ന്നിരുന്നു അയാള്‍.കൈകള്‍ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു .പതിയെ അയാള്‍ കഴുത്തില്‍ തലോടി.ചെറിയ നനവുണ്ടായിരുന്നു അവിടെ .കണ്ണുകള്‍ അടച്ചു പിടിച്ചു കൊണ്ട് അയാള്‍ പതുക്കെ വിളിച്ചു "ദേവി "...... യക്ഷിക്കാവിന്റെ വാതില്‍ കൂറ്റന്‍ ശബ്ദത്തോടെ തുറന്നു.സര്‍പ്പങ്ങള്‍ പത്തി വിടര്‍ത്തി,പാല മരച്ചോട്ടില്‍ ഇരുന്ന അവളുടെ കാതുകളില്‍ ആ ശബ്ദം പ്രതിധ്വനിച്ചു.ഒരു ചെറു മന്ദഹാസം അവളുടെ ചുണ്ടില്‍ വിരിഞ്ഞുവോ?No comments:

Post a Comment