Monday, 11 April 2016

നിരീക്ഷണം / ഈ അവധിക്കാലം സക്രിയമാക്കാൻ ..../ അസ്‌ലം മാവില

നിരീക്ഷണം

ഈ അവധിക്കാലം സക്രിയമാക്കാൻ ....

അസ്‌ലം മാവില


പത്താം ക്ലാസ്സ് പരീക്ഷ അടക്കം മിക്ക പരീക്ഷകളും കഴിഞ്ഞു.  പാഠ പുസ്തകങ്ങൾക്ക് വിട.  യൂണിഫോം  ധരിച്ചു ഇനി സ്കൂൾ മുറ്റത്തേക്ക് പോകണ്ട.  ഉച്ചക്കഞ്ഞിക്ക് ക്യൂ നിൽക്കണ്ട. മാതാപിതാക്കളുടെയും  സഹോദരങ്ങളുടെയും കൂടെ ഉച്ചയൂണും വൈകിട്ടുള്ള ചായയും ഒന്നിച്ചു കഴിക്കാം.  ക്രികറ്റും കബഡിയും ഫുട്ബോളും ഉള്ള സൗകര്യം ഉപയോഗിച്ച് കളിക്കാം. വിരുന്നുകാരായി ബന്ധു വീട്ടിൽ തങ്ങാം.  അങ്ങിനെ നമ്മുടെ കുട്ടികൾ കളിച്ചും ഉല്ലസിച്ചും  അവധി ദിനങ്ങൾ ആഘോഷിച്ച് കൊണ്ടിരിക്കുന്നു.  വേനലവധിദിനങ്ങൾ അതൊക്കെ തന്നെയാണ്.

അതിനിടയിലും കുറച്ച്  സമയം ബാക്കി  ഉണ്ടാകുമല്ലോ. അതെങ്ങിനെ ഉഷാറാക്കാം കുറച്ചു ദിവസങ്ങൾ എങ്ങിനെ അവകുട്ടികൾക്കായി   ഉപകാരപ്പെടുത്താം. അത് ആലോചിക്കേണ്ടത് മുതിർന്ന കുട്ടികളും   രക്ഷിതാക്കളുമാണ്. നാട്ടിലെ ചെറിയ ചെറിയ കൂട്ടായ്മകളാണ്.

എന്തിനും തിരക്കഭിനയിക്കുന്നവരെയും  എന്നാൽ പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ സമയം കളയുന്നവരെയും പാട്ടിനു വിടുക.  കുഞ്ഞു തലമുറയ്ക്ക് വേണ്ടി അവർക്ക് ഒരണുമണി നന്മ ചെയ്യാൻ സാധിക്കില്ല. പക്ഷെ, സർഗാത്മ ചിന്തയുള്ള സേവന മനസ്ഥിതിയുള്ള  ഏതാനും യുവാക്കളും മുതിർന്നവരും എപ്പോഴും ഏത് നാട്ടിലും  കാണും. അവരാണ് വഴിവിളക്കുകളാകേണ്ടത്.

 എല്ലാ നാട്ടിലും ഇഷ്ടം പോലെ കൂട്ടായ്മകൾ ഉണ്ട്. ലൈബ്രറി സംഘങ്ങൾക്ലബ്ബുകൾ...  കുട്ടികളിൽ സാമൂഹ്യാവബോധമുണ്ടാക്കുന്ന പ്രോഗ്രാമുകൾ നടത്തുവാൻ അവർക്ക് സാധിക്കും, വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ നടത്തുവാനും. യുവാക്കൾക്ക്  നല്ല സംഘാടകരാകാൻ പറ്റിയ അവസരമാണ്.

സർഗ്ഗമേളകളും സക്രിയപരിപാടികളും സംഘടിപ്പിക്കുന്നതിനെ കുറിച്ച് ആലോചിച്ചു കൂടേ കുട്ടികളെ കൂടി സംഘാടകരാക്കി അവർക്ക് കൂടി സജീവമാകാനും ആസ്വദിക്കാനും പറ്റിയ കളർഫുൾ സെഷനുകൾ പ്ലാൻ ചെയ്ത് എന്ത് കൊണ്ട് ഈ അവധിക്കാലം സജീവമാക്കിക്കൂടാ ?പ്ലസ് ടു മുതൽ മുകളിൽ പഠിക്കുന്ന വിദ്യാർഥികൾ മുന്നിട്ടിറങ്ങിയാൽ തന്നെ ധാരാളം.   പഠനം സേവനത്തോടൊപ്പമാക്കുക. പ്ലസ്ടു മുതലങ്ങോട്ട് പഠിക്കുന്നവർ ഈ ബാധ്യത മറക്കാതിരിക്കുക.

അറിയുന്നവർ സംഘാടകരായി മുന്നിട്ടിറങ്ങട്ടെ.  സൗകര്യമുള്ളിടത്ത്  കൂട്ടായി വിവിധ സെഷനുകൾ നടത്തുക.  അങ്ങിനെ മക്കളുടെ അവധി ദിനങ്ങൾ സർഗാത്മകമായി  സജീവമാകട്ടെ.  അതിനു അള്ള്‌ വെക്കുന്ന പരിപാടി ആലോചിക്കുന്നതിനു പകരം പുതിയ ആശയങ്ങളുമായി മുന്നോട്ട് വരിക.  പൂവാടിയിലെ  പൂമ്പാറ്റകൾ, നമ്മുടെ  കുട്ടികൾഈ അവധിക്കാലമെങ്കിലും ഒന്നിച്ച് സക്രിയമായി അനുഭവിച്ചു തീർക്കട്ടെ.

എന്തൊക്കെ പ്രോഗ്രാമുകൾ നടത്താം, ഒരുപാടുണ്ട് മനസ്സ് വെച്ചാൽ. പുകവലിക്കെതിരെ, പരിസ്ഥിതി മലിനീകരണത്തിനെതിരെ,   പ്ലാസ്റ്റിക്‌ പാഴ്വസ്തുക്കളുടെ അനിയന്ത്രിത ഉപയോഗത്തിനെതിരെ, കുടിവെള്ളവുമായി ബന്ധപ്പെട്ടത്,   രക്ത ഗ്രൂപ്പ്  നിർണ്ണ ക്യാമ്പ്ഖുർ-ആൻ ഹിഫ്ദ് മത്സരങ്ങൾ, ചിത്രരചനാ വർക്ക് ഷോപ്പ്, എഴുത്ത്പണിപ്പുരസേവിംഗ് പോക്കറ്റ്‌ മണി കാമ്പയിൻ, തൊട്ടടുത്തുള്ള പോസ്റ്റ്‌ഓഫീസിൽ  ''അക്കൌണ്ട് ഓപണിംഗ്  കാമ്പയിൻ'' അങ്ങിനെ അങ്ങിനെ.... ഓരോരുത്തരുടെയും  മനസ്സിൽ  തോന്നുന്ന നല്ല ആശയങ്ങൾ.

 ചില മുതിർന്നവരെയും   ഏതു നാട്ടിലും കാണും - ഗ്രാമത്തിലായാലും പട്ടണത്തിലായാലും.   പഠിച്ചു; വിദ്യാഭ്യാസവും നേടി. തരക്കേടില്ലാതെ ഏർപ്പാടുമുണ്ട്. അത്യാവശ്യമായി എല്ലാ കാര്യത്തിലും ധാരണയുമുണ്ടാകും. പക്ഷെ അവർ ഇത്തരം വിഷയങ്ങളിൽ ശ്രദ്ധ ചെലുത്താതെ  എപ്പോഴും  ഒഴിഞ്ഞു മാറിക്കൊണ്ടേയിരിക്കും. കുറ്റം ബോധം അലട്ടുന്നതാവാനേ സാധ്യതയുള്ളൂ. അതേസമയം  പഠിപ്പ് അവരുടേതല്ലാത്ത കാരണത്താൽ പാതിവഴിക്ക്   ഉപേക്ഷിക്കേണ്ടി വന്നവർ നാട്ടിൽ സജീവവുമായിരിക്കും. സാമൂഹിക പ്രതിബദ്ധതയാണ് കാരണം.


നമ്മുടെ മോട്ടോ (ലക്ഷ്യം ) അതായിരിക്കട്ടെ, സാമൂഹികപ്രതിബദ്ധത. ഒരു നാടിനെ ഉന്നമനത്തിലേക്ക് എത്തിക്കുന്നതും ഈ പ്രതിബദ്ധത തന്നെ. വളരുന്ന തലമുറ നമ്മെ കണ്ടാണ്‌ പഠിക്കേണ്ടതും.

http://www.kasargodvartha.com/2016/04/activities-of-vocation-time.html

No comments:

Post a Comment