Sunday 8 May 2016

മദേർസ് ഡേ : എന്റുമ്മ / അസ്‌ലം മാവില

മദേർസ് ഡേ : എന്റുമ്മ

അസ്‌ലം  മാവില

മദേർസ് ഡേ ഇന്ന്. കുറച്ചു മണിക്കൂറുകൾ കൂടി ബാക്കി ഉണ്ട് ഈ ദിവസം തീരാൻ. ഈ ദിനം തീർന്നാലും  ഉമ്മയുടെ സ്നേഹ സ്പര്ശം എന്നുമെന്നുമുണ്ടാകും.  എനിക്ക് എന്റുമ്മയെ കുറിച്ച് എഴുതാൻ കിട്ടിയ ഒരു അവസരം. അതേതായാലും ഞാൻ പാഴാക്കുന്നില്ല.

ഇതെഴുതുമ്പോഴും ഉമ്മ വായനയിലായിരിക്കും. അതുറപ്പ്‌..
എനിക്ക് തന്നെ അത്ഭുതമാണ്. ഒരിക്കലും ഒഴിയാത്ത ഈ  വായനാശീലം ഉമ്മയ്ക്ക് എങ്ങിനെ കിട്ടിയെന്ന്. ഉറങ്ങാൻ കിടക്കുമ്പോഴും ഉമ്മയുടെ കയ്യിൽ ഒരു പുസ്തകം ഉണ്ടാകും. അല്ലെങ്കിൽ ഒരു പത്രത്തിന്റെ കീറ്. വാരിക, വായനക്കായി മറ്റെന്തെങ്കിലും. അനിയൻ സലിം വായിച്ചു മടക്കി വെച്ച ഒരു പുസ്തകമെങ്കിലും  ഉമ്മയ്ക്ക് വായിക്കണം. രാവിലെ മീത്തെ വീട്ടിലെത്തിയാൽ കാണാം മൂക്ക് കണ്ണട വെച്ച്  ഉമർ മൗലവി (റഹിമഹുല്ലാഹ് ) അറബി മലയാളത്തിൽ മൊഴി മാറ്റം നടത്തിയ ഖുർ-ആൻ പരിഭാഷയുടെ മുന്നിൽ ഉമ്മ ഗൌരവത്തോടെ ഇരുന്നിട്ടുണ്ടാകും, നിസ്കാരകുപ്പായത്തോടെ ..

ഇന്നലെ ഞാൻ  വീട്ടിന്നു ഇറങ്ങുന്നതിനു തൊട്ടു മുമ്പും സലീമിനു പറയാനുണ്ടായിരുന്നത് ഉമ്മയുടെ വായനയെ കുറിച്ചാണ്. എന്ത് കിട്ടിയാലും വായിക്കും.  ഞാൻ ചോദിച്ചു : ഇങ്ങനെ വായിക്കുന്തോറും മടുപ്പൊന്നും വരില്ലേ ?  വായനയിൽ നിന്ന് കണ്ണ് മാറ്റാതെ ഉമ്മയുടെ മറുപടി വന്നത്  നിഷേധാർത്ഥത്തിലുള്ള  തലയാട്ടലിൽ.

സലിം  എഴുതിയ പുസ്തകമൊക്കെ എത്രയോ തവണ വായിച്ചു പോലും ഉമ്മ. അവന്റെ പുസ്തക പ്രസാധനത്തിന് ആദ്യം കയ്നീട്ടം നൽകിയതും ഉമ്മ തന്നെ.  സാനിന്റെ കവിതാ  പുസ്തകം വരെ  അതിലെ ആശയമറിയാഞ്ഞിട്ടുപോലും ഉമ്മ ഒരു പാട് വട്ടം  വായിക്കുന്നത് ഞാനും കണ്ടിട്ടുണ്ട്.

*********************************************************************
എന്നെ പെറ്റത് മുതൽ എനിക്ക് ഉമ്മയെ ഓർമ്മ വേണം, (എല്ലാവർക്കും).  അതെന്റെ ഉപബോധമനസ്സിൽ എവിടെയെങ്കിലുമുണ്ടാകും. അവിടെ വരെ നമ്മുടെ ഓർമകളെ കൊണ്ട് വരാൻ ശ്രമിക്കുകയാണ്, നാമതിൽ പരാജയപ്പെടുമെങ്കിലും, ഓരോ ഉമ്മ ദിനവും !

ബൈത്തും സബീനയും താരാട്ട് പാട്ടുകളും ''കുഞ്ഞുറക്കി''ക്കഥകളും പ്രവാചക ക്വിസ്സകളും   തറവാട്ടു ചരിത്രങ്ങളും  നാട്ടു വർത്തമാനങ്ങളും......  ഉമ്മ ശരിക്കും ഒരു അറിവിന്റെ കേദാരം പോലെയാണ് എന്നെ പോലെ  ഓരോരുത്തർക്കും.

 മക്കൾക്കും  ഉപ്പയ്ക്കും ഇടയിലുള്ള മധ്യവർത്തി.  കൈകുറ്റങ്ങളും തെറ്റുകളും  ഉപ്പയ്ക്ക് മുന്നിൽ എത്തിക്കാതെ വഴിക്ക് വെച്ച് തന്നെ തല്ലിയും തലോടിയും ശാസിച്ചും തീർക്കുന്ന ന്യായാധിപ.  വരാൻ അല്പം വൈകിയാൽ വഴിക്കണ്ണിട്ടു കാത്തിരിക്കുന്ന സ്നേഹനിധി. ...ഒന്നും പറയാൻ ബാക്കിയുണ്ടാകില്ല ആർക്കും,  ഉമ്മമാരെ കുറിച്ച്. പറയുന്തോറും ഇനിയും പതിന്മടങ്ങ്‌  ബാക്കിയുണ്ടെന്ന് തോന്നും.

നിർണ്ണായക സന്ദർഭങ്ങളിൽ എനിക്ക് ധൈര്യം നൽകിയത് എന്റുമ്മയാണ്. അല്പം പതറുമെന്ന് തോന്നിയിടത്തോക്കെ ഉമ്മ പരിഹാരവുമായേ വന്നിട്ടുള്ളൂ. എന്തിനും ഉമ്മയ്ക്ക് ഒരു നിലപാടുണ്ട്. കടം ഭയപ്പെട്ട ഒരാൾ ഉമ്മയാകണം. എന്നെ അതിൽ നിന്നൊക്കെ രക്ഷപ്പെടുത്തിയതും ഉമ്മയുടെ അവസരോചിതമായ ഇടപെടലുകൾ തന്നെ. നമ്മുടെ കയ്യിൽ എന്താണോ  ഉള്ളത് അത്കൊണ്ട് തൃപ്തിപ്പെടുക.  തലയെടുപ്പോടെ നിൽക്കാൻ ഉമ്മയുടെ ഇടക്കിടക്കുള്ള ഓർമ്മപ്പെടുത്തലുകൾ എനിക്ക് കൂട്ടാകാറുണ്ട്.

ചെറിയ ഒരസുഖം വന്നാലും ഞാൻ ആദ്യം പറയുന്നത് ഉമ്മയോടാണ്. എന്റെ ഫയൽ മുഴുവൻ ഉമ്മാന്റെ കയ്യിലാണല്ലോ. അവർ എന്നോട് ഓരോന്ന് ചോദിക്കും , നാലീസം മുമ്പ് കഴിച്ചത് മുതൽ അങ്ങോട്ട്‌ എല്ലാം കുഞ്ഞു പറയുന്നത്പോലെ ഞാൻ പറയും.  വളരെ ലാഘവത്തോടെ ഉമ്മ അതിനു എന്തെങ്കിലും ''തക്കട്ട്'' മരുന്ന് പറയും.

 ഞാൻ എങ്ങിനെ ഏതീണത്തിൽ സലാം പറഞ്ഞോ  അതേ ഈണത്തിലായിരിക്കും ഉമ്മയുടെ പ്രത്യുത്തരം.  ഇന്നലെ തിരിച്ചെത്തിയിട്ട്‌  ഉമ്മയെ വിളിച്ചു പതിവിൽ  അൽപം നീട്ടി സലാം പറഞ്ഞപ്പോഴും ഉമ്മയുടെ സലാം മടക്കലിലും  അത്ര തന്നെ നീട്ടം !

''മമ്മദൂ'' ...''ചെക്കന്'' ... ഈ വിളി ഫോണിന്റെ അങ്ങേ തലയ്ക്കൽ കേൾക്കുമ്പോൾ തന്നെ ഒരു സുഖവും അനുഭൂതിയുമാണ്.  ആ വിളി കേൾക്കാൻ ഇനിയും ഒരു പാട് വർഷങ്ങൾ ഇടവരട്ടേ എന്ന് മാത്രമാണ് എന്റെ പ്രാർത്ഥന.

ഉമ്മ വഴിക്കണ്ണാണ്. ആ സ്നേഹനിധിയുടെ കാലടിയിലാണ് നമ്മുടെ സ്വർഗ്ഗകവാടം.  അവരുടെ കരുണയും  കടാക്ഷവും സ്നേഹവും സ്പർശവും എന്നുമെന്നും ഉണ്ടായിരുന്നെങ്കിൽ .....നമുക്ക് പ്രാർഥിക്കാം, ആഗ്രഹിക്കാം...

go to the below link

http://goo.gl/Sw16T9

http://www.kvartha.com/2016/05/mothers-day-my-mother.html

No comments:

Post a Comment