Friday 1 April 2016

നിരീക്ഷണം/ ലഹരി വാർത്തകൾ പതിവിലും കൂടുതൽ കേൾക്കുമ്പോൾ / അസ്‌ലം മാവില

നിരീക്ഷണം

അസ്‌ലം മാവില

ലഹരി വാർത്തകൾ പതിവിലും കൂടുതൽ കേൾക്കുമ്പോൾ ...

ഉത്കൺഠ ഉണ്ടാകേണ്ട വിഷയമാണ്  കഴിഞ്ഞ കുറെ ദിവസങ്ങളായി നാം കേട്ടുകൊണ്ടിരിക്കുന്നത്ലഹരി സംബന്ധമായത് തന്നെ.  എവിടെയും ഇപ്പോൾ ഇതാണ് ചർച്ചാ വിഷയം. പത്രങ്ങളിൽ, പ്രാദേശിക ചാനലുകളിൽ, മഹല്ലുകളിൽ, സദസ്സുകളിൽ ...എല്ലായിടത്തും

പോലീസ് വിഭാഗം തെരുവ് നാടകം സംഘടിപ്പിക്കണമെങ്കിൽ ഇതിനെ  ചെറുതായ ആരും തള്ളിക്കളയരുത്. അവരുടെ കയ്യിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ഉണ്ടായിരിക്കണം.   രക്ഷിതാക്കൾക്കും ബന്ധുക്കൾക്കും അയൽപക്കക്കാരും ഏറെ ജാഗ്രത ഉണ്ടാകുക, അവനവൻ ജീവിക്കുന്ന ചുറ്റുപാടിൽ. മുമ്പൊക്കെ പെൺമക്കളെ കുറിച്ചായിരുന്നു രക്ഷിതാക്കൾക്ക് ഉത്കൺഠ. ഇപ്പോൾ അതിലേറെ ആശങ്ക ആൺമക്കളോടായിരിക്കുന്നു.

നിഷ്കളങ്കരായ സ്കൂൾ കുട്ടികൾക്ക് ഫ്രീയായി കഞ്ചാവ്പൊതി കൊടുത്തു കൊണ്ടിരുന്ന ഒരു തെമ്മാടിയെ മരത്തിൽ വരിഞ്ഞു  കെട്ടിയിട്ടു ഒരു കൂട്ടം യുവാക്കൾ പെരുമാറുന്നത് ഇന്നലെ സോഷ്യൽ മീഡിയ  കണ്ടു. സ്വന്തം അനിയന്മാരും ബന്ധുക്കളും അതിന്റെ ഇരയായത് തിരിച്ചറിഞ്ഞ യുവാക്കളുടെ രോഷമായിരുന്നു അത്.

ഇരുട്ടിന്റെ മറവിൽ ഈ  പാഷാണം പൊതിയുന്ന ഒരു ''കടൽക്കിഴവനെ'' ആഴ്ചകൾക്ക് മുമ്പാണ് കാസർകോട്പോലീസ് പൊക്കിയത്. ആ മനുഷ്യ പിശാചിന്റെ ലക്ഷ്യവും കുട്ടികൾ തന്നെ.  അവനും ഉണ്ട് മക്കൾ, പേരമക്കൾ. പക്ഷെ, ആർത്തിയുടെയും ലഹരിയുടെയും  മുന്നിൽ അവനെന്ത് സാമൂഹിക ബോധം ? ഇവർ കാരണം  പിഞ്ചുമക്കൾക്ക് നഷ്ടപ്പെടുന്ന ബോധം ആർ തിരിച്ചു നൽകും ? എത്ര കൌൺസിലിംഗ് തീരുന്നത് വരെ രക്ഷിതാക്കൾ  കാത്തിരിക്കണം ?

ഒരു സംശയവുമില്ല, പേടിക്കണം ഈ ട്രെൻഡ്.  യുവാക്കൾ ലഹരിയോടു കാണിക്കുന്ന സമീപനത്തെ ഭയക്കണം. കഴിവിന്റെ പരമാവധി അവരവരുടെ  ഭാഗങ്ങളിലുള്ള മുഴുവൻ കൂട്ടായ്മകളിലും ഇതിന്റെ ഗൌരവം എത്തിക്കുക. വിഷയത്തിന്റെ മർമ്മം പറഞ്ഞു കൊണ്ടിരിക്കെയാണ്  നമ്മുടെ കൺവട്ടത്തിൽ തന്നെയുള്ള  പ്രദേശത്ത്  ഒരു യുവപ്രഭാഷകന്റെ നേരെ ഇളകിമറിഞ്ഞ്  ഒരു  ''മോബ്'' കുതിച്ചെത്തിയത്. ഇരുട്ട് കരിമ്പടം വിരിക്കുന്നതിനു മുമ്പ് ഇറങ്ങാൻ ഓരോരുത്തർക്കുമാകണം.

എനിക്ക് പ്രത്യേക താൽപര്യമില്ല. പക്ഷെ, വിരൽ കടിക്കുന്ന ഒരു ദിവസം (അത്  വരാതിരിക്കട്ടെ ) മനസാക്ഷിക്കൂട്ടിൽ ചോദ്യശരമേൽക്കുമ്പോൾ  ന്യായം പറയാനെങ്കിലും നമ്മുടെ കയ്യിൽ എന്തെങ്കിലും വേണം -  ''ഞങ്ങൾ ശബ്ദിച്ചു'', ''എഴുതി'', ''മുന്നറിയിപ്പ് നൽകി'', ''ജാഗ്രതയുടെ കണ്ണുകൾ ഇമ പൂട്ടാതെ തുറന്നു വെച്ചു'', ''ഇറങ്ങി പ്രവർത്തിച്ചു''..  അതെങ്കിലും സാധിക്കണം.

നിരന്തരം ഇത് സംബന്ധിച്ച വിഷയങ്ങൾ നവമാധ്യമങ്ങൾ പോസ്റ്റ്‌ ചെയ്തു കൊണ്ടേയിരിക്കുക.  തിന്മയ്ക്കെതിരെ ഇത് ഒരു സമര രീതിയാണ്. ബോധവൽക്കരണ സംബന്ധമായ വോയിസുകളും പോസ്റ്റും ചെയ്യുക.  എല്ലാവരിലും  എത്തട്ടെ.

ലഹരി തലക്ക് പിടിച്ചപ്പോൾതലക്കിട്ടു ''കൊട്ടി''ക്കൊന്ന റിപ്പർ  കുഞ്ഞുമോൻ ഇന്ന് എണ്ണിയത് 9 പേരെയാണ്. ആ ഹതഭാഗ്യരുടെ എണ്ണം ഇനിയും കൂടാനാണ് ചാൻസ്. കാരണം നിയമപാലകർ സമാനകൊലപാതകങ്ങളുടെ എണ്ണം എടുക്കാൻ തുടങ്ങിക്കഴിഞ്ഞു.  കാസർകോട് അടക്കം മിക്ക ജില്ലകളിലും  കുഞ്ഞുമോൻ പെയിന്റടിക്കാൻ വന്നിട്ടുണ്ട്. പകൽ പെയിന്റടി,  അന്തിക്ക് പൈന്റടി,  പാതിരാക്ക് കഞ്ചാവടി, അത് കിട്ടാതിരിക്കുമ്പോൾ ആരാന്റുമ്മാന്റെ മക്കൾക്ക്  തലക്കടി.


ഈ കുറിപ്പ് ഇങ്ങിനെ തീർക്കുന്നു : ആരാന്റെ മക്കളെ കുറ്റം പറയുന്നതിന് മുമ്പ് അവനവന്റെ മക്കളുടെ മേൽ ഒരു കണ്ണ് എപ്പോഴും ഉണ്ടാകട്ടെ.  സംശയത്തിന്റെ കണ്ണല്ല. ജാഗ്രതയുടെ കണ്ണ്.  പ്രവാസികളായ രക്ഷിതാക്കൾ കൂടുതൽ സമയം തങ്ങളുടെ വീടുമായും   കുടുംബങ്ങളുമായും  ഇടപെട്ടുകൊണ്ടേയിരിക്കുക. നിങ്ങൾ അയക്കുന്ന കാശ് അരുതാത്തതിനു നിങ്ങളറിയാതെ  ബൈപ്പാസ്സായി പോകാതിരിക്കുന്നുവെന്നും ഉറപ്പു വരുത്തുക.

http://goo.gl/R1md2m
http://www.kasargodvartha.com/2016/04/drug-mafia-tightens.html

http://www.kasargodvartha.com/2016/04/drug-mafia-tightens.html

No comments:

Post a Comment