Saturday 6 May 2017

നിഹാൽ റഷീദ്ഒരു ഗ്രാമത്തിന്റെ മുഴുവൻ അഭിമാനപാത്രമാകുമ്പോൾ/Aslam Mavilae

*നിഹാൽ റഷീദ്*
*ഒരു ഗ്രാമത്തിന്റെ*
*മുഴുവൻ അഭിമാനപാത്രമാകുമ്പോൾ*
_______________

അസ്ലം മാവില
_______________

ഇന്നത്തെ സ്കൂൾ ചടങ്ങിൽ അപ്രതീക്ഷിതമായി ഒരു സ്മാർട് ബോയ് സ്റ്റേജിൽ ഉണ്ടാകും. നിഹാൽ, അഹമ്മദ് നിഹാൽ റഷീദ് . കൂട്ടുകാരുടെ നിലു.

SSLC പരീക്ഷാ ഫലം പുറത്തിറങ്ങിയ ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണി മുതൽ നിഹാൽ പട്ലയിൽ സംസാരവിഷയമാണ്. മറ്റൊന്നും കൊണ്ടല്ല,  നമ്മുടെ  സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ആൺതരി മുഴുവൻ വിഷയങ്ങളിലും A+ നേടിയതിന്റെ പേരിൽ ! (2012 ൽ ഒരു പെൺകുട്ടി പട്ല സ്കൂളിൽ നിന്ന് Full A+ നേടിയിട്ടുണ്ടെന്നാണ് എന്റെ ഓർമ്മ)

രണ്ട് കുട്ടികൾ  രണ്ട് പേപ്പറിൽ തോറ്റത് കൊണ്ട് മാത്രമാണ് തലനാരിഴയ്ക്ക് നൂറ്മേനി നമുക്ക് നഷ്ടമായത്. വിജയം  മിസ്സായ ആ കുട്ടികളെ സമാശ്വസിപ്പിക്കാൻ കൂടി ഞാനീ സന്ദർഭം ഉപയോഗിക്കുന്നു. സേ പരീക്ഷയിൽ അവരാപേപ്പർ എഴുതിയെടുക്കുമെന്ന് പ്രതീക്ഷിക്കാം. ഒപ്പം, നിസ്സാര കാരണങ്ങൾ ഒരു സ്കൂളിന് നൂറ് മേനി നഷ്ടപ്പെടുത്തുമ്പോൾ, അത്രയും കഠിനാധ്വാനം ചെയ്ത് പഠിപ്പിച്ച അധ്യാപകരുടെയും കൂടെ പഠിച്ച വിദ്യാർഥികളുടെയും മനസികാവസ്ഥയുമപ്പാടെ തള്ളിക്കളയുകയും ചെയ്യരുത്.

സ്കൂളിന്റെ യശസ്സ് ഉയർത്താൻ പങ്ക് വഹിച്ച മുഴുവൻ കുട്ടികളെയും അധ്യാപകരെയും സപോർട്ടിംഗ് സ്റ്റാഫിനെയും PTA & SMC നേതൃത്വങ്ങളെയും രക്ഷിതാക്കളെയും അഭിനന്ദിക്കുന്നു. അഭിവാദ്യം ചെയ്യുന്നു.

എനിക്ക് വ്യക്തിപരമായി, നിഹാലിന്റെ വിജയം എല്ലാത്തിലും വലിയ സന്തോഷമാണ്. ജേഷ്ഠ പുത്രൻ , അയൽക്കാരൻ, എല്ലാ ദിവസവും തൊട്ടടുത്ത കുഞ്ഞിപ്പള്ളിയിൽ കണ്ടുമുട്ടുന്ന സ്മൈലീ ഫെയ്സ്.


ചിട്ടയായ പഠനമായിരുന്നു നിഹാലിന്റെ കരുത്ത്. മോഡൽ പരീക്ഷയിൽ 2 വിഷയങ്ങൾ B+ ൽ ഒതുങ്ങിയപ്പോൾ നിരാശനാകുന്നതിന് പകരം അതൊരു വെല്ലുവിളിയായി അവൻ ഏറ്റെടുത്തു. മാതാപിതാക്കൾ , റഷീദ് & ഹാജിറ , പിന്തുണയുമായി കൂട്ടിനിരുന്നു. ഉറക്കമൽപം കുറച്ചു, വീക്കായ വിഷയങ്ങൾ കവർ ചെയ്യാൻ നാല് മണിക്ക് എഴുന്നേറ്റു. ഗൃഹപാഠം നന്നായി ചെയ്തു.

വിദ്യാഭ്യാസപരമായി വളരെ മുമ്പ് തന്നെ പ്രോത്സാഹനം നൽകിയിരുന്ന കുടുംബമാണ് നിഹാലിന്റെത്. നൂറ് കൊല്ലത്തിനപ്പുറം സ്രാമ്പിപ്പള്ളിപ്പരിസരത്തെ ഏകാധ്യാപക വിദ്യാലയത്തിലെ ഗുരുവര്യൻ മർഹും മമ്മിഞ്ഞി മുക്രി നിഹാലിന്റെ ഗ്രേറ്റ് ഗ്രാൻഡ് ഫാദറാണ്. വിദ്യഭ്യാസ-സാംസ്കാരിക പ്രവർത്തനങ്ങളിൽ പട്ലയിൽ ഒരു കാലത്ത് നേതൃരംഗത്തുണ്ടായിരുന്ന മർഹൂം പി.എം. അബ്ദുല്ലയാണ് പിതാമഹൻ.

ബിരുദധാരികളായ രണ്ട് സഹോദരങ്ങൾ, റൈസ & ആഷിർ.  പിതൃസഹോദരൻ ശാഫിയുടെ മകൻ കണ്ണൂർ യൂനിവേഴ്സിറ്റിയിൽ നിന്ന് എഞ്ചിനീയറിംഗിൽ (മെക്കാനിക്കൽ) മൂന്നാം റാങ്ക് നേടിയ കാർട്ടൂണിസ്റ്റ് മുജീബ്  (മൈൻഡ് ലോട്ട് ഡയരക്ടർ &   PA എഞ്ചി.കോളേജ് പ്രൊഫസ്സർ), മറ്റൊരു പിതൃസഹോദരൻ ഹമീദിന്റെ മകൻ കണ്ണൂർ യൂനിവേഴ്സിറ്റിയിൽ നിന്ന് BA  (ട്രാവൽസ് & ടൂറിസം മാനേജ്മെന്റ്) രണ്ടാം റാങ്ക് നേടിയ ജാസിർ (സഊദി എയർവേയ്സ് ഉദ്യോഗസ്ഥൻ), പിതൃസഹോദരിമാരുടെ ഗവൺമെന്റ് ഉദ്യോഗസ്ഥരായ മക്കൾ - റുക്സാന (കാസർകോട് കളക്ട്രേറ്റ് ) , നജ്മുന്നിസ ( കുണ്ടാർ ഗവ. ഹൈസ്കൂൾ അധ്യാപിക). ഇവരെയൊക്കെ  ഈ സന്ദർഭത്തിൽ സൂചിപ്പില്ലെങ്കിൽ എന്റെ കുറിപ്പ് അപൂർണ്ണവും അനീതിയുമായിരിക്കും.


ബക്കർ മാഷ് സൂചിപ്പിച്ചത് പോലെ നല്ലൊരു ഫുഡ്ബോൾ താരം കൂടിയാണ്  നിഹാൽ. സ്കൂൾ തലത്തിലും പ്രാദേശിക ക്ലബുകളിലും  നിഹാൽ ബൂട്ടണിഞ്ഞിട്ടുണ്ട്.

ഉന്നതങ്ങൾ കീഴടക്കാൻ നിഹാലിനാകട്ടെ എന്ന് മാത്രം ആശംസിക്കുന്നു. ആ സന്തോഷം കാണാൻ അവന്റെ മാതാപിതാക്കൾക്കുമാകട്ടെ.

പ്രിയപ്പെട്ട നിഹാൽ, ഒരു നാട് മുഴുവൻ നിന്റെ സന്തോഷത്തിൽ പങ്ക് ചേരുകയാണ്. ഇന്നത്തെ ചടങ്ങിൽ ആദരിക്കപ്പെടുന്ന നിന്റെ അധ്യാപകരായ ഡോ. ജബ്ബാർ സാറിന്റെയും നാരായണൻ മാഷിന്റെയും കൂടെ നീയുമുണ്ടാകണമെന്ന് PTA യും SMCയും ബഹുമാന്യ ഹെഡ്മിസ്ട്രസ്സും നിർബന്ധം പിടിച്ചതും ആ സന്തോഷാധിക്യത്തിന്റെ ഭാഗമാണ്.  ഭാവുകങ്ങൾ !
___________________🔹

No comments:

Post a Comment