Friday 26 May 2017

*കരുതിയിരിക്കുക* *തോളത്ത് കിടന്ന്* *ചെവി കടിക്കുന്നവനെ* *ഇന്ന് ഒരുത്തനാണ്* *അകത്തായത്* /അസ്ലം മാവില

*കരുതിയിരിക്കുക*
*തോളത്ത് കിടന്ന്*
*ചെവി കടിക്കുന്നവനെ*
*ഇന്ന് ഒരുത്തനാണ്*
 *അകത്തായത്*
________________

അസ്ലം മാവില
_______________

ഒരു പ്രിന്റ് മീഡിയയിൽ ഇന്നലെ വന്ന വാർത്ത കണ്ടുവല്ലോ. നമ്മുടെ സ്കൂളിന്റെ  പിറക് വശത്ത്  ഒരു സാമൂഹ്യദ്രോഹിയുടെ ഓട്ടോറിക്ഷയിൽ നിന്ന് രാത്രി അരകിലോ കഞ്ചാവ് പോലീസ് കയ്യോടെ പിടിച്ചെന്ന്. ഒരു ദിവസം മുമ്പ് ഇവന്റെ കയ്യിൽ നിന്ന് തന്നെയാണ് അര കിലോ കഞ്ചാവ് വേറെ കിട്ടിയത്!

വേനലവധിയുടെ മറവിൽ, നമ്മുടെ സ്കൂൾ പരിസരം വരെ ഇതിന്റെ   വിൽപനയിടമാക്കാൻ ഒരു അയൽപ്രദേശക്കാരന്,  കുഞ്ചാർക്കാരന്,   ധൈര്യം വന്നിരിക്കുന്നു എന്നാണ് ഇന്നലെ ഇറങ്ങിയ പത്രവാർത്ത സൂചിപ്പിക്കുന്നത്.  ആ വാർത്തയിൽ പറഞ്ഞ, കഞ്ചാവ് പിടിച്ച സ്ഥലത്തെക്കുറിച്ച് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ തെറ്റായ വാർത്ത തിരുത്തിക്കാൻ നാട്ടിലെ രാഷ്ട്രീയ-സാമൂഹിക- മതനേതൃത്വങ്ങൾ മുന്നിട്ടിറങ്ങണം.  ഇല്ലെങ്കിൽ നമ്മുടെ നാടിനും സ്കൂൾ പരിസരത്തിനുമത് പേരുദോശമാണ്.

എങ്ങിനെയായാലും, ഒരു കിലോ ഇവന്റെ കയ്യിന്ന് പിടിച്ചത് ശരിയാണല്ലോ. നമ്മുടെ നാട്ടുകാരും അവന്റെ നാട്ടുകാരും അറിയുന്ന നികൃഷ്ടമുഖവുമാണിത്.

ഇയാളൊരു ഓട്ടോക്കാരനാണ്. പകൽ വാടക ഓട്ടം, അത് പുകമറക്ക്, ഒരു പണിയുണ്ടെന്ന് പറയാനും ചുറ്റുപാട് വീക്ഷിക്കാനും . ആർക്കും സംശയം ഉണ്ടാകില്ല. ആരും വണ്ടി പരിശോധിക്കാനും  ചാൻസില്ല. രാത്രി വാടകയുടെ പേര് പറഞ്ഞ് പറഞ്ഞിറങ്ങാം, കച്ചോടം വേറെയും. ഏത് പാതിരാത്രിയും ഓടാനുള്ള ലൈസൻസുമായി. പാതിരാക്ക് അസമയത്ത് നമ്മളാരെങ്കിലും കണ്ടാൽ അത് "ഞമ്മളെ പാറൂക്കു" എന്ന് പറഞ്ഞ് ആരും ഖ്യാലാക്കില്ലെന്ന് ഈ ലോകതരികിടക്ക് നന്നായി അറിയുകയും ചെയ്യും.  എങ്ങിനെയുണ്ട് ഈ നല്ല  അയൽക്കാരന്റെ ഏർപ്പാട് ? കൂട്ടരേ, അതിന് തന്നെയാണ് ഇയാൾ ഡ്രൈവർ വേഷം കെട്ടിയതും !

നാട്ടുകാരും ഓട്ടോഡ്രൈവർമാരും സംഘടിച്ച് കൊണ്ട് ഇമ്മാതിരിയുള്ള നജസിനെ നമ്മുടെ പ്രദേശത്തടുപ്പിക്കാതിരിക്കാൻ വളരെ ശ്രദ്ധിക്കണം. നാമാരും ശ്രദ്ധിച്ചില്ലെങ്കിലും നിയമപാലകർ ഇവനെയൊക്കെ നോട്ടമിട്ടിട്ടുണ്ടെന്നത് മാത്രമാണ് ഏക ആശ്വാസം. പോലീസുകാർ അഭിനന്ദനത്തിന് നൂറ് ശതമാനമർഹരാണ്.

സമൂഹത്തെ ബാധിക്കുന്ന ഇത്തരം വൈറസ് വിഷയങ്ങൾ ചർച്ച ചെയ്യാനാണ് അതത് പ്രദേശങ്ങളിലെ കൂട്ടായ്മകൾ സമയം കണ്ടെത്തേണ്ടത്.  അല്ലാതെ ആവശ്യമില്ലാത്ത വിഷയങ്ങളിൽ ആവേശത്തോടെ തലയിട്ടല്ല ആളാകേണ്ടത്. അതൊക്കെ വേറെവിടെയോ ഉള്ളത്, നമുക്കതിനെക്കാളും എത്രയോ വലുതും വെല്ലുവിളിയുമാണ് ഇത്തരം വിഷയങ്ങൾ.

അത് കൊണ്ട് ഇതൊന്നും നിസ്സാരമല്ല; നിസ്സാരമായി കാണുകയും ചെയ്യരുത്.  കാര്യം വളരെ ഗൗരവമുള്ള ഒന്നാണ്.  പ്രബുദ്ധ നേതൃത്വം ഇക്കാര്യം സീരിയസായി കണ്ടില്ലെങ്കിൽ , പലിശ എങ്ങിനെ ഒരു സമൂഹത്തെ മുച്ചൂടും ബാധിച്ചോ അത് പോലെയായിത്തീരുമിതും.  കുറെ സമയമതിന് വേണമെന്നില്ല.

സി. പി. യിൽ കരീം P പടിഞ്ഞാർ  എഴുതിയത് വീണ്ടും പകർത്തുന്നു -  "കാലക്കേടിന്  ഇവനെങ്ങാനും  പുറത്തിറങ്ങി  പട്ലയിൽ  കണ്ടാൽ  നാട്ടുകാർ  സൂക്ഷിക്കണം  വേണ്ടപോലെ . അല്ലേൽ  പട്ള  ഭീകരഗ്രാമമായി  മാറും." ഈ ആശങ്ക എല്ലാവർക്കുമുണ്ടാകണം, ഉണ്ടായേ തീരൂ.


കരുതുക , കരുതലോടെ. ആൺ മക്കളുള്ളവർ കണ്ണ് തുറന്നിരിക്കുക. ഹറാം നമ്മുടെയും നമ്മുടെ മക്കളുടെയും ഭക്ഷണത്തിലും സമ്പാദ്യത്തിലും ഉണ്ടാവരുതെന്ന നിർബന്ധബുദ്ധി ഇനിയും നമുക്കുണ്ടല്ലോ, അല്ലേ ? എങ്കിൽ, ഒരു കരുതൽ വളരെ ആവശ്യം തന്നെയാണ്.
________________🔹

No comments:

Post a Comment