Friday 26 May 2017

*കാസർകോട് ജില്ലക്ക്* *33 തികയുന്നു* *ഓർമ്മകൾ* *ഓർമപ്പെടുത്തലുകൾ/ അസ്ലം മാവില

*കാസർകോട് ജില്ലക്ക്*
*33 തികയുന്നു*
*ഓർമ്മകൾ*
*ഓർമപ്പെടുത്തലുകൾ*
__________________

അസ്ലം മാവില
_________________

ഇന്ന് രാവിലെ വെറുതെ കാസർകോട് മുൻസിപ്പൽ ലൈബ്രറിയിൽ പോയി. വാതിൽ പടിയിൽ ഒരു നായ കുറുകെ കിടന്നിട്ടുണ്ട്. ഞാനതിനൊരു പരീക്ഷണ ജീവിയാകരുതെന്ന് കരുതി ഇരു മതിലുകളും വെറുതെ നോക്കിയതായിരുന്നു. ആ കെട്ടിടത്തിന്റെ ശിലാഫലകവും,   ഉത്ഘാടന ഫലകവും ശ്രദ്ധയിൽ പെട്ടു. 1983 മെയ് 22. പഞ്ചായത്ത് മന്ത്രി സുന്ദരമാണ് തറക്കല്ലിട്ടത്. കൃത്യം മൂന്ന് കൊല്ലം കഴിഞ്ഞ് 1986 മെയ് 23 ന് അതിന്റെ  ഉത്ഘാടനവും. ഞാൻ ഉദ്ദേശിച്ച വ്യക്തിയുടെ പേരും ഉത്ഘാടന ഫലകത്തിൽ കണ്ടു, ആദ്യ കാസർകോട് കളക്ടർ, കെ. നാരായണൻ.


1984 ലെ മെയ്മാസത്തിൽ, 24-നാണല്ലോ കാസർകോട് ജില്ലയാകുന്നത്. അന്ന് ഞാൻ ഒമ്പതാം ക്ലാസ്സ് കഴിഞ്ഞതേയുള്ളൂ. കോൺട്രാക്റും ബന്ധുവും അതിലുപരി പട്ലയുടെ സമാധാനപ്രിയനുമായ എം.എ. മൊയ്തീൻ കുഞ്ഞി സാഹിബിന് അന്ന് ജില്ലാ രൂപീകരണവുമായി ബന്ധപ്പെട്ട ചടങ്ങിൽ എന്തോ ചില ഉത്തരവാദിത്വങ്ങളുണ്ട്.

സുഹൃത്ത് എം. എ. മജീദ് നേരത്തെ കാസർകോട്ടെത്തിയിട്ടുണ്ട്. ഞങ്ങൾ കുറച്ച് കുട്ടികൾ ഉത്ഘാടന ചടങ്ങ് കാണാൻ പാകത്തിനാണ് എത്തിയത്. മുഖ്യമന്ത്രി കെ. കരുണാകരൻ, വ്യവസായ മന്ത്രി ഇ. അഹമ്മദ് മുതലങ്ങോട്ടുള്ളവർ വേദിയിൽ. കാസർകോട് എം.എൽ.എ. സി ടി, മഞ്ചശ്വരം എം. എൽ. എ ഡോ. സുബ്ബറാവു , മുൻസിപ്പൽ ചെയർമാൻ കെ.എസ്. സുലൈമാൻ ഹാജി ... ഇവരൊക്കെയാണ്  അന്നാ വേദിയിൽ കണ്ട ഓർമ്മ. സദസ്സിലെ കസേരമൊത്തം പ്രായമുള്ളവർ കയ്യടക്കിയത് കൊണ്ട് ഞങ്ങൾ, കുട്ടികൾ, മുന്നിൽ നിലത്ത് വിരിച്ച ടാർപായയിലാണ് ഇരുന്ന്' പരിപാടി വീക്ഷിച്ചത്.

കാസർകോട് കർണ്ണാട സമിതിക്ക് (KKS) മാത്രമായിരുന്നു കാസർകോട് ജില്ലയാകുന്നതിനോട് വലിയ എതിർപ്പ്. അവർക്ക് അവരുടേതായ കാരണങ്ങളുണ്ടാകാം. പക്ഷെ,  കെ.കെ.എസ് നേതാവ് കനിക്കുല്ലായ അന്ന് പറഞ്ഞത് വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു - "കാസർകോടിനെ കേരളം  സ്മഗ്ളേർസിന് വിറ്റെന്ന് ". അതിന് മറുപടി നൽകിയത് മന്ത്രി ഈ. അഹമ്മദും സി.പി.ഐ. നേതാവുമായ സുബ്ബറാവുവുമായിരുന്നു.

കാസർകോടിനെ കേരളത്തിന്റെ  ഭാഗമാക്കാൻ മാതൃഭൂമി പത്രാധിപർ കെ.പി. കേശവമേനോൻ നടത്തിയ ശ്രമം പോലെ ശ്രദ്ധേയമായിരുന്നു ഉത്തരദേശത്തിന്റെ  കെ.എം. അഹമ്മദിനെ പോലെയുളളവരുടെ കാസർകോട് ജില്ലക്ക് വേണ്ടിയുള്ള തൂലിക കൊണ്ടുള്ള ശ്രമങ്ങളും.

ഉത്തരകേരളത്തിലെ അവസാന പ്രദേശമായ കാസർകോട് വികസനമെത്തുന്നില്ല എന്നത് മാത്രമായിരുന്നില്ല,  മറ്റു ചില സാഹചര്യങ്ങളും ജില്ലാ രൂപീകരണത്തിന് കാരണമായിട്ടുണ്ട്. (ദൈർഘ്യം ഭയന്ന് ഇവിടെ എഴുതുന്നില്ല)

വികസനമെന്നത് തുടർപ്രകിയയാണല്ലോ. ജില്ലയിൽ  വികസനം തീരെ ഉണ്ടായിട്ടില്ലെന്ന് പറയുന്നതും ശരിയല്ല. ചിലതൊക്കെ 33 കൊല്ലം കഴിഞ്ഞിട്ടും ഇപ്പോഴുമനങ്ങാപ്പാറയിലും  ചെമന്ന നാടയിലും കുരുങ്ങിയിട്ടാണുള്ളത്. മെഡിക്കൽ കോളേജ്, എഞ്ചിനീയറിംഗ് കോളേജ് ഇതൊന്നും സർക്കാരിന്റേതായി ജില്ലയിൽ ഇല്ലെന്ന് പറയുന്നത് തന്നെ നാണക്കേടല്ലേ ? രാജധാനിയുടെ ചങ്ങല വലിക്കുന്നതിനോടും എനിക്ക് യോജിപ്പില്ല.  വെളളരിക്കുണ്ടും മഞ്ചേശ്വരവും താലൂക്കുകളാണെന്ന് ഇന്നാണ് വായിച്ചത്! അതിന് മാത്രം അവിടങ്ങളിൽ എന്തെങ്കിലും ഉണ്ടായാലല്ലേ മനസ്സിൽ തങ്ങിനിൽക്കുക!

ഇന്നൊരു ആഘോഷത്തിന്റെ സൂചന  കാസർകോട് ടൗണിൽ പോലും കണ്ടില്ല,  ചില പത്രങ്ങളിൽ ലേഖകരുടെ പരാതികളല്ലാതെ. പ്രഭാകരകമ്മീഷൻ പാക്കേജ് തന്നെ നേരെ ചൊവ്വെ പ്രാവർത്തികമാക്കിയാലും അത് കൂടുതൽ അപ്ഡേറ്റ് ചെയ്താലും  ജില്ല കുറെയൊക്കെ നന്നാക്കാൻ പറ്റും. ജില്ലക്കൊരു മന്ത്രിയുണ്ട്, ജില്ലക്കൊരു പ്രസിഡന്റുമുണ്ട്,  ഉത്ഘാടനം നടത്തുന്നതും ഓടിച്ചാടുന്നതും ദൃശ്യമാധ്യമങ്ങളിലും  പത്രങ്ങളിലുമായി അവരെ കാണുന്നുമുണ്ട്, മനസ്സ് വെച്ചാൽ ചന്ദ്രശേഖരനും  എ ജി സി ബഷിറിനും  ചിലതൊക്കെ ചെയ്യാൻ പറ്റും. കുടിവെള്ളം, മാലിന്യ സംസ്കരണം, ആരോഗ്യം, വിദ്യാഭ്യാസം ഇവയിലൊക്കെ നമ്മുടെ ജില്ല വളരെ പിന്നിലല്ലേ? മുന്നിലേതായാലുമല്ല.

ജില്ലക്കാശംസകൾ! നല്ലത് ഉണ്ടാകാൻ നമുക്കെല്ലാവർക്കുമാഗ്രഹിക്കാം
________________🔹

No comments:

Post a Comment