Friday 26 May 2017

ഗ്രീൻ പ്രോട്ടോക്കോൾ* *ശുചിത്വമിഷൻ* *ഹരിത കേരളം* *പിന്നെ ഡെങ്കിപ്പനിയും* *മഹല്ല് ബോധവൽക്കരണവും* /അസ്ലം മാവില ,

*ഗ്രീൻ പ്രോട്ടോക്കോൾ*
*ശുചിത്വമിഷൻ*
*ഹരിത കേരളം*
*പിന്നെ ഡെങ്കിപ്പനിയും*
*മഹല്ല് ബോധവൽക്കരണവും*
______________________

അസ്ലം മാവില
(എഡിറ്റർ,


 വിസ്ന്യൂസ് ) ____________________

തെക്കൻ ജില്ലകളിൽ മഴ ചാറാൻ തുടങ്ങി. ഒപ്പം പനിയും തുടങ്ങി. അതിൽ വില്ലൻ ഡെങ്കി . ഒരു സർക്കാർ ആസ്പത്രിയിലെ 44 ജീവനക്കാർക്കും ഈ പനി രോഗികളിൽ നിന്ന് പടർന്നു കഴിഞ്ഞു. 24 ഡോക്ടർമാർ അതിൽ പെടും. മെഡിക്കൽ ടീമിലെ ഒരാൾ മരണത്തിന് കീഴടങ്ങുകയും ചെയ്തു. ഞെട്ടലുണ്ടാക്കുന്ന വാർത്ത. ഒരു ദിനപത്രം മുഖപ്രസംഗത്തിൽ സൂചിപ്പിച്ചത് പോലെ- കുറുന്തോട്ടിക്കും വാതം പിടിപെട്ടിരിക്കുന്നു !

ഇനി, ഇന്ന് വായിക്കാൻ. ഈ കുറിപ്പ് എത്താൻ ഇടയുളള കേരളത്തിലെ മുഴുവൻ ജമാഅത്തധികാരികളും ഖത്വീബുമാരും ശ്രദ്ധിക്കാൻ.
രണ്ട് ദിവസം മുമ്പ് മന്ത്രി ജലീൽ കേരളത്തിലെ മുഴുവൻ മുസ്ലിം സംഘടനാ നേതാക്കളെയും   സ്ഥാപന മാനേജ്മെന്റ് പ്രതിനിധികളെയും
 വിളിച്ചു ചേർത്തിരുന്നു - കേരള ശുചിത്വമിഷനോടൊപ്പം പ്ലാസ്റ്റിക് ഫ്രീ കേരളമെന്ന സർക്കാർ പ്രവർത്തനത്തിന്റെ ഭാഗമാകാൻ.

പരിശുദ്ധ റംസാൻ വരുന്നു. ഇംഫ്താറുകൾ കൊണ്ട് പള്ളി പരിസരങ്ങൾ സജീവമാകും.
 ഡിസ്പോസിബിൾ പ്ലേറ്റ്, ഗ്ലാസ്, മറ്റു പ്ലാസ്റ്റിക് ഉത്പന്നങ്ങൾ എന്നിവ ഇഫ്താർ പാർടികളിൽ ഉപയോഗിക്കാതിരിക്കാൻ ബന്ധപ്പെട്ടവർ പ്രത്യേകം ശ്രദ്ധ വെക്കണം .
നേരത്തെ തന്നെ ബദൽ സംവിധാനങ്ങൾ കണ്ടെത്താൻ സംഘാടകർ മുൻകൈ എടുക്കണം. പ്രകൃതിസൗഹൃദ വസ്തുക്കൾ പരമാവധി ഉപയോഗിക്കുന്ന രീതിയിലേക്ക് നാം മാറണം. ഈ വിഷയത്തിൽ ഖത്വീബ്മാരുടെ ഉത്ബോധനങ്ങൾ വലിയ ഗുണം ചെയ്യും, തീർച്ച. വലിയ തോതിലുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾക്കും  മാരക രോഗങ്ങൾക്കും പകർച്ചവ്യാധികൾക്കും ഇവ കാരണമാകുന്നുണ്ടെന്നുള്ളത് ജനങ്ങളെ ബോധ്യപ്പെടുത്താൻ മഹല്ല് ഖത്വീബുമാർക്കും ഉറപ്പായും സാധിക്കും. അതിനാവശ്യമായ നോട്ടുകളും മെറ്റീരിയൽസും നൽകി ഉസ്താദുമാർക്ക് പിന്തുണ നൽകുവാൻ അതത് നാട്ടിലുള്ള ശാസ്ത്ര വിദ്യാർഥികളും പാരിസ്ഥിതി പ്രവർത്തകരും മുന്നോട്ട് വരണം. ശുചിത്വമിഷൻ, ഹരിതകേരളം, ഗ്രീൻ പ്രോട്ടോക്കോൾ തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങളും ലഘുലേഖകളും ലഭിക്കാൻ ഗ്രാമ പഞ്ചായത്ത് മുതലങ്ങോട്ടുള്ള ഭരണ സംവിധാനങ്ങൾ മഹല്ലധികാരികൾ ഉപയോഗപ്പെടുതുക. www.sanitation.kerala.gov.in  എന്ന വെബ്സൈറ്റും സന്ദർശിക്കുക.
മഹല്ലുകൾ അങ്ങിനെയാണ്  സക്രിയമാകേണ്ടത്. ലിഫ് ലെറ്റുകൾ, കുടുംബ കൂട്ടായ്മകൾ, വാഹന പ്രചരണം, പ്രൊജക്ടറുകളുപയോഗിച്ച് പ്രസന്റേഷൻ, ഓൺലൈൻ മെസേജ് , വിഡിയോ വോയ്സ് നോട്ട് തുടങ്ങി ഒരു പാട് മാർഗ്ഗങ്ങൾ അതത് മഹല്ല് നേതൃത്വങ്ങൾക്ക് ചെയ്യാൻ സാധിക്കും.


മാലിന്യ നിർമാർജ്ജനമെന്നത് ചെറിയ വിഷയമല്ല. പ്ലാസ്റ്റിക് പാത്രങ്ങൾ, കവറുകൾ, ഡിസ്പോസിബിൾ ഗ്ലാസുകളും പ്ലേറ്റുകളും തുടങ്ങിയവ എന്നെന്നേക്കുമായി ഉപേക്ഷിക്കുന്ന തലത്തിലേക്ക് ആലോചനകൾ ഗൗരവമായി നടക്കണം. ഈ കാര്യം വളരെ പ്രാധാന്യത്തോട്കൂടി   റമദാനിന്റ മുന്പുള്ള ഇന്നത്തെ വെള്ളിയാഴ്ചയും തുടർ ദിവസങ്ങളും  ഉപയോഗപ്പെടുത്താനും  ഉൽബോധനം നടത്തുവാനും തുടർന്ന് ആക്ഷൻ എടുക്കുവാനും സാധിച്ചാൽ  ഏറ്റവും നന്ന്.


വൃത്തിയും ശുചിത്വവും നമുക്ക് കാത്തു സൂക്ഷിക്കാം. ഒപ്പം,   പടച്ചവന്റെ  പ്രീതി കൂടി നേടുകയും ചെയ്യാം. ഇത് സംബന്ധമായ പ്രവാചക (محمد مصطفى صلى الله عليه وسلم) അധ്യാപനങ്ങൾ എല്ലാവർക്കും വർക്ക് ഔട്ട് ചെയ്യാനുള്ളതാണ്.


ആരോഗ്യമുള്ള മനസ്സും ശരീരവുമുള്ള സമൂഹമാണാരും ആഗ്രഹിക്കുക. അതിനാകട്ടെ ഒരു പൗരനെന്ന നിലയിലുള്ള നമ്മുടെ ഓരോരുത്തരുടെയും ശ്രമവും.

മഴക്കാല രോഗങ്ങൾ വരും അതുറപ്പ്, പക്ഷെ നാമായിട്ട് അതിന് കൂടുതൽ, എളുപ്പത്തിൽ  വഴിയൊരുക്കരുത്. കൊതുകും കൂത്താടിയും കൂട് കൂട്ടാൻ നമുടെ നിരുത്തരവാദപ്രവൃത്തികൾ ഒരിക്കലും കാരണമാകരുത് .

മൺസൂൺ തുടങ്ങിയില്ല ; ഇപ്പഴേ ഡെങ്കി ഒന്നും രണ്ടും വന്നു. പണ്ടത്തെ ആരോഗ്യ-ശുചിത്വ കേരളമൊക്കെ പോയി ; *പനിച്ച, പകർച്ച കേരളമായി* മാറിക്കൊണ്ടിരിക്കുകയാണ് മലയാളം. മഴ കനക്കുന്നതിന് മുമ്പ് നാം അറിഞ്ഞ് പണി  തുടങ്ങിയാൽ നല്ലത്; ഇല്ലെങ്കിൽ കൊതുകും കൂത്താടിയും ഒരാളെയും വിടാതെ *പനിയും പണിയും തരും*.  പിന്നെ നിലവിളിച്ച് കാര്യമില്ല.
_________________🔹

No comments:

Post a Comment