Saturday 27 May 2017

പ്ലസ് ടു: ഫലം ഇനി എന്ത്? ചില ആലോചനകൾ / അസ്ലം മാവില

പ്ലസ് ടു: ഫലം
ഇനി എന്ത്?
ചില ആലോചനകൾ
________________

അസ്ലം മാവില
________________

ചില തിരക്കുകൾ എന്റെ കുറിപ്പ് വൈകിപ്പിച്ചു. ക്ഷമിക്കുക.

പ്ലസ് ടു പരീക്ഷാഫലം വന്നു. പട്ല സ്കൂളിലെ കണക്കും വിജയശതമാനവും മാത്രമാണ്  ഇവിടെ കണ്ടത്. (ഞാനംഗമായ ഗ്രൂപ്പുകളിൽ മറ്റൊന്നും കണ്ടില്ല).

പട്ല സ്കൂളിൽ മാത്രമല്ലല്ലോ നമ്മുടെ കുട്ടികൾ പഠിച്ചത്! പട്ലക്ക് പുറത്തും ഒരുപാട് സ്കൂളുകളിൽ നമ്മുടെ നാട്ടിലെ കുട്ടികൾ പഠിച്ചിട്ടുണ്ട്. അവരുടെ ഹാലെന്ത്? അവരുടെ പെർഫോമൻസ് ? എന്താണ് അവിടങ്ങളിലെ വിജയ ശതമാനം ?  അതൊക്കെയുളള  സ്ഥിതിവിവരക്കണക്കും വിജയശതമാനറേറ്റും  കൂടി ഉണ്ടായാലേ ഒരു വിലയിരുത്തലിന് അർഥമുള്ളൂ. അങ്ങിനെ ഒരു കണക്കെടുപ്പ് നടത്തുന്ന തലത്തിലേക്ക് ബിരുദ വിദ്യാർഥികളും ഉയരണം. അതിന് ചെറിയ തയ്യാറെടുപ്പ് നടത്തണം.

മിക്ക കുട്ടികളുടെ കയ്യിലും ലാപ് ടോപ്പോ ഡെസ്ക്ടോപ്പോ ഉണ്ട്. ഒരു XL സ്പ്രെഡ് ഷീറ്റിൽ കുത്തിക്കുറിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ. കഴിഞ്ഞ വർഷത്തെ SSLC വിജയിച്ച പട്ല സ്വദേശികൾ, അവർ +2 വിന് ചേർന്ന സ്കൂൾ & സ്ട്രീം . വിജയിച്ചവരുടെയും, മിസ്സായവരുടെയും എണ്ണം. വിജയശതമാനം . ലളിതമായ  Equations അപ്ലൈ ചെയ്താൽ കിട്ടുന്ന കാര്യങ്ങൾ മാത്രമേയുള്ളൂ, അല്ലാത ആനക്കാര്യമല്ല.

മൂന്ന് വർഷം മുമ്പ് സി.പി. മുൻകൈ എടുത്ത് നടത്തിയ സർവ്വേയിലും തുടർന്ന് തയാറാക്കിയ ഡാറ്റാബാങ്കിലും (അസ്ലം പട്ലയുടെ ആശയവും ജാസിറിന്റെ ഹോംവർക്കും) ഇവക്കൊക്കെ ഓപ്ഷൻസുമുണ്ടായിരുന്നു. ഫോളോഅപ്പ് നടക്കാത്തതിനാൽ പിന്നീടൊരു അപ്ഡേഷൻ നടന്നില്ല.

നിങ്ങളൊക്കെ വിചാരിക്കും, ഈ മനുഷ്യനെന്താണ് ഹേയ് ഇങ്ങിനെ എഴുതുന്നതെന്ന്!

 SSLC ഫലത്തെ കുറിച്ചുളള അവലോകനം ഞാൻ മനപ്പൂർവ്വം ഒഴിവാക്കിയത് പ്ലസ്ടു ഫലം കാത്തായിരുന്നു. നടേ സൂചിപ്പിച്ചതൊക്കെ അങ്ങിനെയാണ് ഇന്നേക്ക് മാറ്റി വെച്ചതും.

ഇനി പറയാനുളളത് ജയിച്ചവരോടും വിജയം മിസ്സായവരോടുമാണ്. ജയിച്ചവർക്ക് ഇന്ത്യയിലെ ഏത് യൂനിവേഴ്സിറ്റിയിലും അവരുടെ സ്ട്രീമനുസരിച്ച് ബിരുദ പഠനം നടത്താനുളള അംഗീകാരമാണ് (Elegibility) ഈ വിജയം. ചില കോഴ്സുകൾക്ക് ചേരാൻ മിനിമം ഇത്ര ശതമാനമെന്ന നിബന്ധനയുണ്ടാകാം. പക്ഷെ അത്തരം നിബന്ധനയില്ലാത്ത വിഷയങ്ങളിൽ ബിരുദപoനത്തിന് ചെറിയ മാർക്ക് ഒരു തടസ്സവുമല്ല.

പ്ലസ്ടു ജയിച്ചവർ ഒരു കാരണവശാലും തുടർപഠനം നിർത്തരുത്. കുറഞ്ഞത് ഒരു ഡിപ്പോമയെങ്കിലും കരഗതമാക്കണം. ബിരുദ മായാൽ നന്ന്; പ്രൊഫഷനൽ ബിരുദമെങ്കിൽ ഏറ്റവും നന്ന് (ചൈനയിലൊക്കെ ബിരുദധാരികളാണ്  പോൽ ബുജികൾ)

വിജയഫലം മിസ്സായവർ അന്തം വിട്ട് നിൽക്കരുത്. തൊട്ടടുത്ത പരീക്ഷയിൽ എഴുതി എടുക്കുക. എന്ത് കൊണ്ട് മിസ്സായി എന്ന് നിങ്ങൾക്കറിയാം. ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തുക. തോറ്റെന്ന് പറഞ്ഞ് കൾവെർട്ടിൽ കുത്തിയിരുന്ന് നാളുകൾ കൊല്ലരുത്. വീട്ടിലെക്ക് നേരം വൈകിയും എത്തരുത്. നേരത്തെ എത്തുക.  ഉള്ളതങ്ങട്ട് ഉൾക്കൊള്ളുക.

എന്റെ ,നമ്മുടെ, സ്കൂളിലെ വിജയശതമാനം ചെറുതല്ല - 70.3 % . അഭിനന്ദനങ്ങൾ ! വിജയികൾക്ക്, അവരുടെ രക്ഷിതാക്കൾക്ക്, അധ്യാപകർക്ക്, പിടിഎക്ക് .

111 കുട്ടികളിൽ 78 പേരും ജയിച്ചിട്ടുണ്ട് ; ബാക്കി 33 പേർ ഏറ്റവും അടുത്ത പരീക്ഷയിൽ വിജയിക്കും ഉറപ്പ്, അവർ മനസ്സ് വെച്ചാൽ. എന്റെ ഈ കുറിപ്പ് അവർ വായിക്കാൻ ഇട വരട്ടെ എന്നും ആഗ്രഹിക്കുന്നു.

പുറം സ്കൂളിൽ പഠിച്ച് ജയിച്ച നാട്ടുകാരായ കുട്ടികളെയും അവരുടെ മാതാപിതാക്കളെയും അനുമോദിക്കുന്നു. അഞ്ച് A+ ഒരു A യും നേടി ചെമനാട് സ്കൂളിൽ നിന്ന് ഉന്നത വിജയം നേടിയ ഫിദയുടെയും അവളുടെ മാതാപിതാക്കളായ സഹീദിന്റെയും റുഖിയ്യയുടെയും സന്തോഷത്തിലും ഞാൻ പങ്ക് ചേരുന്നു.


PYF സുഹൃത്തുക്കളെ,  സ്റ്റുഡൻസ് വിംഗിന് വരാത്തത് കാര്യമാക്കണ്ട. ഇവർക്ക് മാത്രമായി ഒരു കരിയർ ഗൈഡൻസ് ക്ലാസ് ഒരുക്കണ്ടേ?  അതിൽ സ്റ്റുഡൻസ് വിംഗ് രൂപീകരണവുമാകാമല്ലോ
_________________🔹

No comments:

Post a Comment