Friday 26 May 2017

*ആ ആകാശ ദുരന്തത്തിന്* *ഇന്നേക്ക് ഏഴ് വർഷത്തെ* *പഴക്കം;* *ഓർമ്മകൾ ഇന്നും* *വിറങ്ങലിച്ചു* *നിൽക്കുന്നു /അസ്ലം മാവില

*ആ ആകാശ ദുരന്തത്തിന്*
*ഇന്നേക്ക് ഏഴ് വർഷത്തെ*
*പഴക്കം;*
*ഓർമ്മകൾ ഇന്നും* *വിറങ്ങലിച്ചു*
*നിൽക്കുന്നു*
_______________

അസ്ലം മാവില
_______________

2010 - ലെ മെയ് 22. അന്നൊരു  ശനിയാഴ്ച; ഒന്നിടവിട്ട ശനിയാഴ്ചകളിൽ ഞാൻ ഓഫിസിൽ എത്തണം. അന്ന് അഡ്മിനിസ്ട്രേഷന്റെ ചുമതല  എനിക്കായിരുന്നു.  അൽഖൂസ് ഇൻഡസ്ടീയൽ ഏരിയയിലുള്ള മിഡ്ൽ ഈസ്റ്റ് ഇൻസുലേഷൻ ഫാക്ടറിയുടെ അഡ്മിൻ ഓഫീസിൽ ഞാൻ രാവിലെ 6 :30 മുതൽ  ഡ്യൂട്ടിയിലുണ്ട്.

എന്റെ മൊബൈലിലേക്ക് രാവിലെ തന്നെ ഗൾഫ് മനോരമ ലേഖകൻ  സാദിഖ് കാവിലിന്റെ വിളി. മംഗലാപുരത്ത്  എയർ ഇന്ത്യാ വിമാനം തകർന്നു വീണു ! യാത്രക്കാരിൽ കാസർക്കോട്ടുകാരുണ്ടെന്ന് പറയുന്നു; നിനക്കറിയുന്ന ആരെങ്കിലുമുണ്ടോ? ഞാനൊരു കാസർകോട്ടുകാരനായത് കൊണ്ട് തന്നെ മാധ്യമ സുഹൃത്തു എൻ എ അബൂബക്കറി (ജയ്ഹിന്ദ്  ടിവി) ന്റെ വിളിയും തൊട്ടുsനെ - എന്തെങ്കിലും അപ്ഡേറ്ററിയാൻ.

എന്റെ ആദ്യത്തെ അന്വേഷണത്തിൽ ആ ദുരന്തവാർത്ത ചെവിയിലെത്തി - സുഹൃത്തും  ഭാര്യാബന്ധുകൂടിയുമായ നെല്ലിക്കുന്ന് സ്വദേശി സിദ്ദീഖ് ആ ഫ്ലൈറ്റിലെ യാത്രക്കാരൻ. ഉപ്പാന്റെ മരണവാർത്തയറിഞ്ഞ് അന്ത്യചുംബനം നൽകാനും ജനാസയിൽ പങ്കെടുക്കാനും ഉമ്മയെ സമാശ്വസിപ്പിക്കാനുമായിരുന്നു അവന്റെ യാത്ര! ഒന്നും സംഭവിക്കരുതേയെന്ന് മനസ്സ് പ്രാർഥിച്ചു കൊണ്ടേ യിരുന്നു. നടക്കേണ്ടത് നടന്നല്ലേ തീരൂ.  തൊട്ട് മുമ്പുള്ള ആഴ്ചയിൽ ഗോൾഡ് സൂഖിലേക്കുള്ള ധൃതി പിടിച്ച പോക്കിൽ കുശലാന്വേഷണം നടത്തിപ്പിരിഞ്ഞ സിദ്ദീഖ്  ആ വിമാനദുരന്തത്തോടൊപ്പം ഓർമ്മയായി!

 നാട്ടിലേക്കുള്ള വിളിയിൽ മറ്റൊരു ദുഃഖ വാർത്തകൂടി ചെവിയിലെത്തി. ഒരു മധൂർ സ്വദേശി കൂടി ആ യാത്രയിലുണ്ട്. തൊട്ടയൽ പ്രദേശക്കാരൻ.  ഉത്കണ്ഠയുടെ തൊണ്ട വറ്റിയ നിമിഷങ്ങൾ ! ഓൺലൈനിൽ അപ്ഡേറ്റുകൾ വന്നു കൊണ്ടേയിരുന്നു, പ്രവാസിക്കൂട്ടുകാർക്കും നാട്ടിലേക്കുളള വിളിയും തുടർന്നു കൊണ്ടിരുന്നു. ആ വാർത്തയും പിന്നാലെയെത്തി,    സമീറും മരണത്തിന് കീഴടങ്ങിയിരിക്കുന്നു ! പടച്ചവന്റെ വിളിക്ക് ഉത്തരം കൊടുത്തല്ലേ പറ്റൂ, അതെപ്പോഴായാലും.

കിട്ടുന്ന മുറയ്ക്ക് മാധ്യമ സുഹൃത്തുക്കൾക്ക് ഞാൻ എന്റെ പരിമിതിയിൽ നിന്ന് കൊണ്ട് വിവരങ്ങൾ കൈമാറിക്കൊണ്ടിരുന്നു. ഞങ്ങളുടെ ഓഫീസിലെ മംഗലാപുരക്കാരന്റെ ബന്ധുവും ഭാര്യയും കുഞ്ഞും .... വിവരങ്ങൾ കിട്ടിക്കൊണ്ടേയിരുന്നു. മത-സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്ന കുലീനവ്യക്തി ഖലീൽ ഇബ്രാഹിമും ഇതേ ദുരന്തത്തിലെ രക്തസാക്ഷിയാണെന്നും വേദനയോട് കൂടി കേട്ടു.

സമിർ എന്റെ അനിയന്റെ രണ്ട് വർഷം ജൂനിയറാണ്. വളരെ സൗമ്യനായ പയ്യൻ. പക്വമതിയായ ചെറുപ്പക്കാരൻ. എല്ലാവർക്കും നല്ലതേ പറയാനുള്ളൂ. അടുത്തിടപഴകി അവനെ കൂടുതൽ പരിചയമില്ലെങ്കിലും സമീറിന്റെ കുടുംബത്തെ എനിക്ക് വളരെ നന്നായറിയാം.

സാങ്കേതിക തകരാറെന്ന് പറഞ്ഞു കൂടാ. ലാൻഡ് ചെയ്യുമ്പോഴുണ്ടായ ആശയകുഴപ്പമാണ് ബജ്പ ദുരന്തമുണ്ടാക്കിയത്. നിർണ്ണായക ഘട്ടത്തിൽ പൈലറ്റെടുക്കുന്ന അതിദ്രുത തീരുമാനങ്ങളിലൊന്ന് പിഴച്ചുവെന്ന് പറയാം. ILS (Instruments Landing System)  സംവിധാനത്തിന് പകരം TGL (Touch-and-Go Landing) സംവിധാനത്തിL ലാൻഡ് ചെയ്യാനാണ് അന്നാ പൈലറ്റിന് അപ്പോൾ തോന്നിയതത്രെ! അതൊരു ദുരന്താനന്തരന്വേഷണ നിഗമനമാണ്.  ഫലമോ ? റൺവേയും കടന്ന് വിമാനം നീങ്ങി!  അതിന് നിരപരാധികളായ 166 യാത്രക്കാരും അവരുടെ കുടുംബവും കനത്ത വിലനൽകി. അവരിൽ158 പേർക്കും തങ്ങളുടെ വിലപ്പെട്ട ജീവനാണ് നൽകേണ്ടി വന്നത് !

ഇന്നേക്ക് ബജ്പെ വിമാനദുരന്തം കഴിഞ്ഞ്  7 വർഷം തികഞ്ഞു; റഊഫ് കൊല്യയുടെ മെസേജ് ഇന്നലെ പ്രൈവറ്റ് മെസേജായുണ്ടായിരുന്നു. KB സമീറിന്റെ ഓർമ്മകളുടെ e-text ഉം,   എഴുതണമെന്ന ആവശ്യവും.

പൊയ്പോയ ജിവനുകളുടെ ഓർമ്മകൾക്ക് ബാഷ്പാഞ്ചലി; അവരുടെ ഉറ്റവരുടെ ദുഃഖത്തോടൊപ്പം നമുക്ക് കണ്ണ് നനയ്ക്കാം
_________________😪

No comments:

Post a Comment