Friday 26 May 2017

*അനുഗ്രഹീതനായ* *ഒരു കുഞ്ഞനിയനോടൊപ്പം .../ അസ്ലം മാവില

*അനുഗ്രഹീതനായ*
*ഒരു കുഞ്ഞനിയനോടൊപ്പം*
 *ഇന്നത്തെ സായാഹ്നം*
 *ധന്യമായപ്പോൾ*
________________

അസ്ലം മാവില
________________

ഒരു ബുക്കും പെന്നും നൽകി എന്റെ  ചെറിയമോൻ എനിക്ക് ഇന്ന് തന്ന പണി എന്തെന്നോ ? അവർ മൂവർ സംഘങ്ങളുടെ "ആടാമാന" കളിയുടെ സ്കോറർ !    കുഞ്ഞിപ്പള്ളിയിൽ നിന്നും പതിവ് പോലെ അസർ ബാങ്കൊലി കേട്ടതോടെ  ആ കുട്ടിക്കളിക്ക് ഞാനൊരു തീരുമാനവുമാക്കി അവരുടെ ആഹ്ളാദാരവങ്ങൾക്ക് വലുതായി ചെവികൊടുക്കാതെ പുറത്തിറങ്ങി.

എനിക്ക് പിന്നാലെ ആ പള്ളിയിൽ കയറി വന്നത്  പതിനാലുകാരനായ ഒരു വിശിഷ്ട വ്യക്തി. പള്ളിയിൽ സന്നിഹിതരായർ  ആ കുട്ടിയെ ബഹുമാനപുരസ്കരം ഹസ്തദാനം നൽകി സ്വീകരിച്ചു. കുഞ്ഞിപ്പള്ളിയിലെ അസർ നമസ്ക്കാരത്തിന് നേതൃത്വം വഹിക്കാൻ എല്ലവരും ആ കുട്ടിക്ക് വഴി മാറി. അവരിൽ ഹാഫിദ് ജാസിമുണ്ട്, ആദിലsക്കമുള്ള ഹിഫ്ള് വിദ്യാർഥികളുണ്ട്.

അത്ര മാത്രം ആദരവിന് അർഹനായ ആ കുട്ടി മറ്റാരുമല്ല;  പരിശുദ്ധ ഖുർആൻ സമ്പൂർണ്ണമായി ഹൃദിസ്ഥമാക്കിയ ഭാഗ്യവാന്മാരിലെ ഭാഗ്യവാൻ,   സുഹൃത്തും അയൽക്കാരുമായ  അസീസ് - മറിയം ദമ്പതികളുടെ മകൻ. മർഹൂം P മുഹമ്മദ് കുഞ്ഞിയുടെയും മർഹൂം അബ്ദുല്ലയുടെയും പേരക്കുട്ടി. കാർട്ടൂണിസ്റ്റ് മുജിബിന്റെ ഭാര്യാസഹോദരൻ.  സാമൂഹ്യ പ്രവർത്തകൻ കരീം P പടിഞ്ഞാറിന്റെ സഹോദരപുത്രൻ. *ഹാഫിള് അബ്ദുല്ല ഫഹീം !*

മൂന്ന് വർഷം മുമ്പാണ് ഫഹീം നെല്ലിക്കട്ടയിലെ അൽനൂർ
ഇസ്ലാമിക് അക്കാഡമിയിലെ ഹാഫിദ് കോഴ്സിന് ചേരുന്നത്.  ചെമ്പരിക്ക ഖാദിയുടെ ബന്ധുകൂടിയായ മുഹമ്മദ് അബ്ദുൽ ഖാദർ സാഹിബ് തന്റെയും തന്റെ സഹോദരരുടെയും 6 മക്കളെ ഖുർആൻ ഹൃദിസ്ഥമാക്കാൻ  നാലഞ്ച് കൊല്ലം മുമ്പ് തുടങ്ങിയ മഹദ്സ്ഥാപനമാണ് അൽ നൂർ.

ജേഷ്ടൻ അൻസാറിന്  ഒരു കൂട്ടായാണ് ഫഹിം ഇവിടെ വരുന്നത്. അൽ നൂറിന്റെ പ്രിൻസിപ്പാൾ ഹാഫിള് ഫഹദ് ഉസ്താദുൾപ്പെടെ മൂന്ന് പേരാണ് ഫഹിമിന്റെ ഗുരുനാഥന്മാർ. ഇക്കഴിഞ്ഞയാഴ്ച ഭക്തി സാന്ദ്രമായ സദസ്സിൽ വെച്ച് ഫഹീം തന്റെ ഗുരുവന്ദ്യരുടെയും സതീർഥ്യരുടെയും പിതാവടക്കുള്ള ബന്ധുക്കളുടെയും മുന്നിൽ വെച്ച് ഹാഫിള് പദവി ഏറ്റ് വാങ്ങി. *ലോകത്തിലെ ഏറ്റവും ഔന്നത്യമുളള അംഗീകാരം!* മാഷാഅല്ലാഹ് !

ഫഹീമിന്റെ സഹോദരൻ അൻസാർ, പിതൃവ്യപുത്രന്മാരായ ബിലാൽ, ആദിൽ, പിതൃസഹോദരീ പൗത്രൻ നാസിം ... എല്ലാവരും ഖുർആൻ മാറോടണച്ചവരാണ്, ഹിഫ്ള് വിദ്യാർഥികൾ ! ഇവരിൽ ഏറ്റവും ആദ്യം ഖുർആൻ ഹൃദിസ്ഥമാക്കാൻ ഭാഗ്യം ലഭിച്ചതാകട്ടെ  ഫഹീമിനും. അതിന്റെ സന്തോഷം ആ കുഞ്ഞു മുഖത്ത് കാണാം.
....................................

പരിശുദ്ധ റമദാനിന് ഇനി വളരെ കുറഞ്ഞ ദിനരാത്രങ്ങളേ ബാക്കിയുള്ളൂ. കുഞ്ഞിപ്പള്ളിയിൽ തറാവിഹിന്റെ റകഅത്തുകൾ ഇനി ധന്യമാകുക ഫഹീമുൾപ്പെടെയുള്ള അരഡസനിലധികം വരുന്ന ഖാരിഉകളുടെയും ഹാഫിദുമാരുടെയും ഭക്തിനിർഭരമായ പരിശുദ്ധ ഖുർആൻ പാരായണം കൊണ്ടായിരിക്കും. ആ ദിനങ്ങളുടെ കാത്തിരിപ്പിലാണ് ഞാനും കുടുംബവും.  വ്യക്തിപരമായി എനിക്ക് ഏറെ സന്തോഷവുമുണ്ട്. ആ പള്ളിയുടെയും നടേ പറഞ്ഞ ഹാഫിളുമാരുടെയും ചുറ്റുവട്ടത്തൊക്കെ ഞാനുമുണ്ടെന്നതാണാ സന്തോഷത്തിന് നിദാനം.

....................................

തൂവെള്ള തൊപ്പിയും അതിലും തൂവെള്ള  കുർത്തയും ധരിച്ച ആ  ശൂഭ്രമനസ്സിനുടമ  അസർ നമസ്കാരം കഴിഞ്ഞ് പള്ളിയിൽ നിന്ന്  മെല്ലെ പുറത്തിറങ്ങി, ചുണ്ട് നിറയെ  പ്രാർഥനാ മൊഴികൾ.... "അല്ലാഹുമ്മ ഇന്നീ  അസ്അലുക്ക മിൻ ഫദ്ലിക് "

പ്രിയപ്പെട്ട ഹാഫിള് ഫഹീം , നിങ്ങൾക്കഭിവാദ്യങ്ങൾ, നിങ്ങളുടെ ഗുരുവര്യന്മാർക്കും  മാതാപിതാക്കൾക്കും...

ഹൃത്തിലേറ്റിയ പരിപാവനഖുർആൻ മുഴുതാളുകൾ സ്വർഗ്ഗപ്രവേശനത്തിന് താങ്കൾക്കെന്നും കൂട്ടാകട്ടെയെന്ന് പ്രാർഥിക്കുന്നു, നമുക്കൊന്നിച്ചാമ്മീൻ ചൊല്ലാം.
___________________🔹

No comments:

Post a Comment