Friday, 26 May 2017

പട്ല സ്കൂൾ:* സൗകര്യങ്ങളോടൊപ്പം പഠന നിലവാരവും മെച്ചപ്പെടണം ചില നിർദ്ദേശങ്ങൾ /സാക്കിർ അഹമ്മദ് പട്ല

*പട്ല സ്കൂൾ:*
സൗകര്യങ്ങളോടൊപ്പം
പഠന നിലവാരവും
മെച്ചപ്പെടണം
ചില നിർദ്ദേശങ്ങൾ
___________________

*സാക്കിർ അഹമ്മദ് പട്ല*
______________________

നമ്മുടെ സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഔപചാരികകമായ ഉദ്ഘാടനം  നാളെ നടക്കുമ്പോൾ, നമുക്കെല്ലാവർക്കും അഭിമാനിക്കാം ഏറെയുണ്ട് .
 ഉയർന്ന ഭൂതലത്തിൽ തലയുയർത്തി നിൽക്കുന്ന ഈ സ്കൂൾ തന്നെ നമ്മുടെ സ്വകാര്യ അഹങ്കാരവും അഭിമാനവുമാണ്. പഞ്ചായത്തിലെ തന്നെ ഒരേയൊരു സർക്കാർ ഹയർ സെക്കന്ററി സ്കൂൾ.    നമ്മുടേതാണ്.
     
ഇന്ന് നമ്മളൊരു സ്വപ്ന പദ്ധതിയുടെ ആലോചനയിലാണല്ലോ.  ഏറ്റവും മികച്ച ആധുനിക സൗകര്യങ്ങളുള്ള ഒരു മോഡേൺ ഹൈടെക് നിലവാരത്തിലെക്ക് നമ്മുടെ സ്കൂളിനെ എത്തിക്കുക എന്ന വലിയ പ്രയാണത്തിലേക്കുള്ള ശ്രമത്തിന്റെ ആദ്യ ചുവടുകൾ ആരംഭിക്കുകയും ചെയ്തു. ഇനി അത് പൂർവാധികം ശക്തിയോടെ മുമ്പോട്ട് കൊണ്ട് പോവണം.

ഇന്നത്തെ നിലയിൽ നാട്ടുകാരും പീ ടി എ യും പൂർവ വിദ്യാര്ഥികളും തുടർന്നും അക്ഷീണം ശ്രമിക്കുകയാണെങ്കിൽ ആ വലിയ  ലക്ഷ്യത്തിലേക്ക് നാം എത്തുക തന്നെ ചെയ്യും, ഒരു സംശയമില്ല. അതോടൊപ്പം നമുക്ക്‌ സ്കൂളിന്റെ പഠന പാഠ്യേതര മികവിന് വേണ്ടിയും നല്ല ശ്രദ്ധ ചെലുത്താനാവണം.  ആദ്യ പടി എന്ന നിലയിൽ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിനോടുള്ള നമ്മുടെ സമൂഹത്തിന്റെ ഭ്രമം അവസാനിപ്പിച്ച് പൊതു വിദ്യാലയത്തിലേക്ക് ആകർഷിക്കുന്നതിന് വേണ്ടിയുള്ള ശക്തമായ പ്രവർത്തനത്തിന്റെ ചുക്കാൻ ഏറ്റെടുക്കേണ്ടതുണ്ട്.
   
അതിന് സ്കൂളിന്റെ  ഭൗതീക സൗകര്യവും  സാഹചര്യവും  വർദ്ദിപ്പിക്കേണ്ടതുണ്ട്. നിലവിൽ തന്നെ  മുമ്പത്തേതിനെ അപേക്ഷിച്ച വലിയ പുരോഗതി ഈ കാര്യത്തിൽ നേടാൻ നമ്മുടെ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. അത് ഇനിയും വർദ്ധിപ്പിക്കാനാവശ്യമായ കാര്യങ്ങൾ ചെയ്യണം. പ്രത്യേകിച്ച് ഇനി വരുന്ന അധ്യയന വര്ഷം മുതൽ ഒന്നാം ക്ലാസ് മുതൽ തന്നെ പ്രത്യേക പരിഗണന നല്കി ദീർഘകാലടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ തുടങ്ങണം.

ഉദാഹരണത്തിന് ഈ വര്ഷം ഒന്നാം ക്ലാസ് നല്ല സൗകര്യത്തോടെ ചിട്ടപ്പെടുത്തുക. ഇവർ ക്ലാസ് കയറിപ്പോകുന്നതോടൊപ്പം ആ സൗകര്യങ്ങളും  കയറിപ്പോകണം. എന്നാൽ തന്നെ ഒരു പരിധി വരെ നമുക്ക്‌ പൊതു വിദ്യാലയത്തിലേക്ക് കുട്ടികളെ അയക്കാൻ രക്ഷിതാക്കളെ ആകർഷിക്കാൻ കഴിയും.

 രണ്ടാമത്തേത് പുതിയ ഒന്നാം ക്ലാസ് ബാച്ച് മുതൽ അദ്ധ്യാപന രീതിയിൽ തന്നെ മാറ്റം വരുത്തണം. ഏറ്റവും മികച്ച യോഗ്യതയുള്ള അധ്യാപകരണല്ലോ പൊതു വിദ്യാലയത്തിലേത്. എന്നിട്ടും തട്ടിക്കൂട്ടി അദ്ധ്യാപകരെ ചെറിയ വേതനത്തിൽ  ജോലിയെടുപ്പിക്കുന്ന സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ പഠന നിലവാരത്തിലേക്ക് എന്ത് കൊണ്ട് എത്താൻ സർക്കാർ സ്കൂളിന്  കഴിയുന്നില്ല എന്നത് ഗൗരവമായി പി ടി എ ചർച്ച ചെയ്യണം.

ആദ്യ ഘട്ടം കുറഞ്ഞത്  ഒന്നാം ക്ലാസ് ഇംഗ്ലീഷ് മീഡിയം ബാച്ചിലെങ്കിലും  പഠന നിലവാരം ഉയർത്തുന്നതിന് വേണ്ടിയുള്ള ശക്തമായ ശ്രമം തുടങ്ങണം. പിന്നെ നേരത്തെ പറഞ്ഞത്  പോലെ   ഈ കുട്ടികൾ ക്ലാസ് ഉയർന്ന പോകുന്തോറും ഈ പഠന രീതിയും മുന്നോട്ട്  പോകണം. സ്വകാര്യ സ്കൂളുകളിലേക്ക് കുത്തൊഴുക്ക് ഇംഗ്ലീഷ് മീഡിയത്തിലേക്കായതിനാൽ   ഇംഗ്ലീഷ് മീഡിയത്തിന് പ്രാധാന്യം പറഞ്ഞു എന്ന് മാത്രം.  സ്വകാര്യ മാനേജ്മെന്റുകൾ നടത്തുന്ന തയ്യാറെടുപ്പുകളും ശ്രദ്ധയും നമുക്കും ചെയ്യാം. ഈ ആദ്യ ബാച്ച് തൊട്ട് തന്നെ പി ടി എ അതിന് വേണ്ടി മാത്രമായി ഒരു സബ്കമ്മിറ്റിക്ക് രൂപം നൽകി, പ്രസ്ത ചുമതല നൽകിയാൽ നന്നായിരിക്കും. പുതിയ ഒന്നാം ക്ലാസ് ബാച്ചിന്റെ പഠന നിലവാരം ശ്രദ്ധിക്കാൻ വേണ്ടി ഒരു സബ്കമ്മിറ്റി. ആ കമ്മിറ്റിക്ക് വിദ്യാർത്ഥികളുടെ പഠനവുമായി ബന്ധപ്പെട്ട ദൈനംദിന വിലയിരുത്തലുകൾ നടത്താൻ കഴിയണം. പഠന നിലവാരത്തെക്കുറിച്ചുള്ള റിപ്പോർട്ട് പി ടി എ യ്ക്ക് അപ്ഡേറ്റ് ചെയ്തു കൊണ്ടേയിരിക്കണം. പഠ്യേതര വിഷയങ്ങളും ശ്രദ്ധിക്കണം. ഈ രീതിയിൽ ക്രിയാത്മകമായ ചിട്ടയായ പ്രവർത്തനത്തോടെ മുമ്പോട്ട് പോയാൽ ഒരു പക്ഷെ ഭാവിയിൽ നമ്മുടെ സ്കൂൾ മത്സരിക്കുന്നത് ജില്ലയിലെ ഏറ്റവും മികച്ച അൺ എയ്ഡഡ്, എയ്ഡഡ്  സ്കൂളുകളോടായിരിക്കും.. നമ്മുടെ നാട്ടിൽ നിന്നും സ്വകാര്യസ്കൂളുകൾ തേടിയുള്ള കുത്തൊഴുക്കും  ചിലപ്പോൾ അത് തന്നെ തീരെ നിർത്തലാക്കാനും നമുക്ക്‌ കഴിഞ്ഞെന്ന് വരും.
       
വലിയ ഭൗതീക  സൗകര്യങ്ങളുടെ സാധ്യതകൾ തേടലും ഒരു നൂതന പഠന നിലവാരം സൃഷ്ട്ടിക്കലും എളുപ്പമാണ് എന്ന മിഥ്യാ ധാരണയില്ല. എന്നാൽ ഇന്നത്തെ സ്കൂളിനോടുള്ള മൊത്തം നാട്ടുകാരുടെ താല്പര്യവും പ്രത്യേകിച്ച് പി ടി എ യുടെയും എസ്. എം.സിയുടെയും അദ്ധ്യാപകരുടെയും അക്ഷീണ പ്രയത്നവും കാണുമ്പോൾ ഇതിലപ്പുറം നമുക്ക്‌ നേടാൻ കഴിമെന്നുറപ്പുണ്ട്.  അതിലേക്കുള്ള ക്രിയാത്മകമായ പ്രവർത്തനത്തിന്റെ കൂടെ ഔദ്യോഗിക തുടക്കമാവട്ടെ നാളെത്തെ നമ്മുടെ  ഉൽഘടനച്ചടങ്. കൂടെ സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും നമ്മോട് തോളുരുമ്മി നിന്ന പ്രിയ എം ൽ യുടെയും അത് വഴി കേരള സർക്കാരിന്റെയും എല്ലാ സപ്പോർട്ടും ഭാവിയിൽ ലഭിക്കുന്നതിനുള്ള ശ്രമവും ഉണ്ടാവട്ടെ.
     
പറ്റുമെങ്കിൽ നമ്മുടെ ഡ്രീം പ്രൊജക്റ്റിന്‍റെ പ്രഖ്യാപനം ഒരു ആഘോഷത്തോട് കൂടി സമീപഭാവിയിൽ നടത്താൻ സാധിക്കണം. വിദ്യാഭ്യാസമന്ത്രിയും തദ്ദേശ വകുപ്പ് മന്ത്രിയും  എം എൽ എ യു മൊക്കെ ഉൾക്കൊള്ളുന്ന ഒരു ചടങ്ങ്. അതിലൂടെ നമുക്ക്‌ ലക്ഷ്യത്തിന്റെ പകുതി നേടാൻ സാധിക്കും തീർച്ച.
     
 നാമോരോരുത്തർക്കും മത-രാഷ്ട്രീയ- സംഘടന താല്പര്യങ്ങൾക്ക് ഉപരിയായി ഒറ്റ ലക്ഷ്യത്തോടെ പ്രവർത്തിക്കാനുള്ള സന്മനസ്സുണ്ടായാൽ  അതിവിദൂരമല്ലാത്ത ഭാവിയിൽ  നാം ലക്ഷ്യത്തിലേക്കല്ല, ലക്‌ഷ്യം നമ്മളിലേക്കെത്തും....
__________________🔹

No comments:

Post a Comment