Friday, 26 May 2017

കാത്തിരിപ്പിനൊടുവിൽ* *അവൾ വന്നു* *കുണുങ്ങിയും* *ചിണുങ്ങിയും /അസ്ലം മാവില

*കാത്തിരിപ്പിനൊടുവിൽ*
*അവൾ വന്നു*
*കുണുങ്ങിയും*
*ചിണുങ്ങിയും **
________________

അസ്ലം മാവില
________________

കഴിഞ്ഞ കുറച്ച് നാളുകളായി ആകാശം മേഘനിബിഡമായിരുന്നു.  പഞ്ഞിക്കെട്ടുകൾ പോലെ കാർമേഘങ്ങൾ നിറയും. നല്ല വെളുപ്പല്ല; വെള്ളം കനപ്പിച്ച ഇരുണ്ട നിറം ! പെയ്യാനായി വരുന്നത് പോലെ, പിന്നെയത് എങ്ങോട്ടോ പോയ് പോകും, തിരക്ക് പിടിച്ചല്ല, മെല്ലെ, "പിന്നെ വരാമേ"  എന്ന് പറഞ്ഞ് പോകുന്നത് പോലെ.

അത് പോകുന്നതോടെ തണുത്ത കാറ്റ്,  പതിവ് പോലെ വീട്ടുകാരിയുടെ കമന്റ് - "മഴ എവിടെയോ പെയ്ത് കാണും." അത് പറയാൻ കാത്തത്  പോലെ കറണ്ടും ധ്യതിയിൽ സ്ഥലം വിടും. മഴ പെയ്ത സ്ഥലവുമന്വേഷിച്ച് കാരണവന്മാർ  ടോർചെടുത്ത് പോകും പോലെയാണ് കറണ്ടിന്റെ ആ പോക്ക്. പെട്ടെന്നൊന്നും തിരിച്ചു വരില്ല. അത് ചുറ്റിത്തിരിഞ്ഞ് വരുമ്പോഴേക്കും  മണിക്കൂറുകൾ കഴിഞ്ഞിരിക്കും !

ഇത് നിത്യസംഭവമായിരുന്നു. ചൂട് അത്ര കൂടിയെന്നൊന്നും ഞാൻ പറയില്ല. രണ്ട് ദിവസമായി ഹ്യുമിഡിറ്റി കൂടുതലാണ്, ശരീരം കുപ്പായത്തിന് വഴങ്ങുന്നില്ല. അന്തരീക്ഷം മാറാൻ തുടങ്ങിയ ലക്ഷണം. യെസ്, അത് അവളുടെ വരവറിയിക്കുകയായിരുന്നു.

ഇന്നലെ അർധരാത്രി, എല്ലാവരും ഉറങ്ങാൻ മഴ കാത്ത് നിന്നത് പോലെ തോന്നി. വന്നു, മെല്ലെ, കുണുങ്ങി, ചിണുങ്ങി, ആരവങ്ങളില്ലാതെ, അവൾ, മഴ തന്നെ, കന്നിമഴ.

സമയമിപ്പോൾ രാവിലെ 7:30, ഇപ്പഴും മഴ തോരുന്നു. കന്നിമഴ പെയ്യുകയാണ്. മുറ്റത്ത് വെള്ളം തളം കെട്ടി നിൽപ്പുണ്ട്, അതിൽ അതിരാവിലെ എന്റെ ചെറിയ പയ്യൻ കടലാസ് തോണിയിറക്കി,  മഴ കാണാൻ കൂട്ടുകാരോടൊന്നിച്ച് പോയി, മഴ തോർന്ന കുപ്പായവുമായി വന്നു കയറിയതേയുള്ളൂ. ഒരു മണിക്കൂറായി ഞങ്ങൾ കുടുംബസമേതം തപ്പിക്കൊണ്ടിരിക്കുന്ന കൈകോട്ട് ഒളിച്ചിടത്ത് നിന്ന് വന്നിട്ടില്ല. പയ്യാരം കേട്ട് കേട്ട് പിള്ളേർ മൂക്ക് ചെമപ്പിച്ച് അകത്ത് കയറി, ഇപ്പോഴും മഴ തോരുന്നു. ചിന്നം പിന്നം മഴ തന്നെ!

ഭൂമി നനഞ്ഞു, മണ്ണിന്റെ മണം വന്നു പോയി, നല്ല തണുപ്പ് , ഇന്നലത്തെ ദിവസമേയല്ല ഇന്ന്, എന്റെ ഗ്രാമത്തിന് കിട്ടിയ ആദ്യ മഴ, അത് വന്നെന്ന് വരുത്തിയതല്ല, വന്നതാണ് ' ശരിക്കും പെയ്തതാണ്. അതാസ്വദിച്ച ത്രില്ലിലാണ് ഞാൻ, എന്റെ നാട്ടുകാർ. എന്നെ തൊട്ടുരുമ്മി നിൽക്കുന്ന അമ്മപൂച്ചയും  മൂന്ന് പൂച്ച കുട്ടികളും കന്നിമഴ ആസ്വദിച്ചത് പോലെയുണ്ട് എന്നെക്കാളേറെ,  തണുപ്പ് പിടിച്ച് രോമമൊക്കെ ഒരുമാതിരി ...

ഇനി മരം പെയ്യിക്കണം, മഴകൊണ്ട നാലഞ്ച് പേരമരങ്ങളുണ്ട്, എന്നെക്കാളും വിളവനാണ് ചെറിയ പയ്യനെങ്കിൽ *മരം പെയ്യൽ* അടുത്ത മഴക്ക് മാറ്റി വെക്കേണ്ടി വരും.

_________________🔹

No comments:

Post a Comment