Tuesday 28 February 2017

March 01 -March 06 March 28 - March 30 കൊല്ലപ്പരീക്ഷ നാളെ തുടങ്ങുന്നു, പിള്ളേരൊക്കെ റെഡിയാണല്ലോ / അസ്‌ലം മാവില

March 01 -March 06
March 28 - March 30

കൊല്ലപ്പരീക്ഷ നാളെ തുടങ്ങുന്നു,
പിള്ളേരൊക്കെ റെഡിയാണല്ലോ

അസ്‌ലം മാവില

പത്തിലെ പിള്ളേർക്കും പതിനൊന്ന്, പന്ത്രണ്ട് ക്‌ളാസ്സിലെ പിള്ളേർക്ക് മാത്രമല്ല പരീക്ഷ. അവർക്ക് പരീക്ഷകൾ തുടങ്ങുന്നതിന് മുമ്പ് തന്നെ മറ്റുകുട്ടികൾക്ക് പരീക്ഷ തുടങ്ങും. ഒന്ന് മുതൽ ഒമ്പത് വരെയുള്ള പിള്ളേരുടെ കൊല്ലപ്പരീക്ഷ നാളെ തുടങ്ങുകയാണ്. http://www.education.kerala.gov.in/ എന്ന വെബ്സൈറ്റിൽ പോയാൽ എല്ലാ വിവരവും മണിമണിയായി ലഭിക്കും. favorite links-ൽ ഇമ്മാതിരി സൈറ്റൊക്കെ ഉൾപ്പെടുത്തണം.

അപ്പോൾ അവരുടെ കാര്യത്തിൽ ഒരു ശ്രദ്ധ വേണം. ഞാനടക്കം പലർക്കും കാ(ൽ)ക്കൊല്ല-അരക്കൊല്ല പരീക്ഷകൾ മാത്രമാണ് ഒരു  പരീക്ഷ എന്ന് തോന്നിയിട്ടുള്ളത്.  കൊല്ലപ്പരീക്ഷ ഒരു പരീക്ഷ തന്നെയല്ല. ഈ അന്ധവിശ്വാസം നമുക്ക് പലർക്കുമിപ്പോഴും  ഉള്ളത് കൊണ്ട് പിള്ളേർക്ക് സുഖമാണ്. ഇതിന്റെ കാരണം ആദ്യം പറഞ്ഞ രണ്ടുപരീക്ഷകളുടെ ഉത്തരക്കടലാസുകൾ  വീട്ടിലെത്തും, രക്ഷിതാക്കളുടെ ഒപ്പ് ചാർത്താൻ. പിന്നാലെ പ്രോഗ്രസ്സ് കാർഡും, പിടിഎ നോട്ടും വരും , ഓപ്പൺ ഡേയ്ക്ക് പോകാൻ. അന്നേരമാണല്ലോ നമ്മുടെ പിള്ളേരുടെ പഠനത്തേക്കാളേറെ അവരുടെ കുസൃതികളും കൂടോത്രങ്ങളും ഗുരുനാഥന്മാരിൽ നിന്ന് നമ്മൾ നേരിട്ട് കേൾക്കുന്നത് ! മൊബൈലിൽ  50 രൂപ ടോപ്പപ്പ് ചെയ്യാൻ അറിയാത്ത പാവം മോനും മോളും, നമ്മൾ അവിടെക്കാണുന്നത് അണ്ട്രോയിഡിന്റെ അംബാസഡർമാരായിട്ടാണ്. അവർക്കറിയാത്ത കുസൃതികളുമില്ല വേലത്തരങ്ങളുമില്ല. അതുവരെ പാവമെന്നു കരുതി സ്‌കൂളിൽ കുടയും വടിയുമായി പോയ നമുക്ക് ഇങ്ങോട്ട് ''പണി കിട്ടി'' തിരിച്ചു വരാനുള്ള അവസരം കൂടിയാണ് കാൽ-അരക്കൊല്ല പരീക്ഷകൾ.

അത്കൊണ്ട്കൊല്ലപ്പരീക്ഷയ്ക്ക് ഒരു വിലയുമില്ലെന്നാണ് നമ്മൾ കരുതിപ്പോകുന്നത്. എന്നാൽ തെറ്റാണാധാരണ. ഹൌവ്വവർ, പരീക്ഷ നാളെ , മാർച്ച് ഒന്നാം തിയ്യതി തൊട്ട് തുടങ്ങും. പിന്നെ അത് ആറാം തിയ്യതി വരെയുണ്ട്. അത് കഴിഞ്ഞു ഏഴാം തിയ്യതി മുതൽ ഇരുപത്തി ഏഴാം തിയ്യതി വരെ പരീക്ഷയില്ല. ആ ഗ്യാപ്പിലാണ് SSLC ,പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ.  അവരുടെ പരീക്ഷകൾ കഴിഞ്ഞാൽ പിന്നെ 28 മുതൽ വീണ്ടും 30 വരെ ഒന്നാം ക്ലാസ്സ് മുതൽ ഒമ്പതാം ക്‌ളാസ്സിലെ പിള്ളേർക്ക് ബാക്കിയുള്ള പരീക്ഷകൾ നടക്കും. ഒന്നിലെ കുട്ടികൾക്ക് നാളെയല്ല മറ്റന്നാളാണ് പരീക്ഷ തുടങ്ങുന്നത്.

ഇന്നു വൈകുന്നേരവും നമ്മുടെ പിള്ളേർ  ഫുട്‍ബോളും ബാറ്റും സ്റ്റംപ്സും കൊണ്ട്  കളസമിട്ടു പത്രാസ്സിൽ ഇറങ്ങുമ്പോൾ ഉമ്മയും ഉപ്പയും ഒന്ന് ആ മാന്യമാരോട് ചോദിക്കണം - അല്ലടാ , ആ ''മാവില''ക്കാരൻ വാട്സാപ്പിലെങ്ങാണ്ടാ എഴുതിയത് കണ്ടു, ഉള്ളതാണോടേയ് ? നാളെ പരീക്ഷ തന്നെടേയ് ?  പിള്ളേർ സൈക്കിളിന് വീണ ചിരിയുമായി തിരിച്ചു പഠിപ്പ്മേശയിൽ എത്തിക്കോളും.  പെൺകുട്ടികൾ പിന്നെ ഇമ്മാതിരി വേലത്തരത്തിനൊന്നുമിറങ്ങില്ല. ഇരുന്ന് പഠിച്ചു കൊള്ളും.

ഒരു കൊല്ലത്തെ പഠനമാണ് നാളെ പരീക്ഷയ്ക്ക് വിധേയമാകുന്നത്, കുട്ടികൾക്കതിന്റെ ഗൗരവം ഉണ്ടാകും, രക്ഷിതാക്കൾക്കും ഉണ്ടാകണം. നമ്മൾ ഗൗരവത്തിലെങ്കിൽ അവരും ഗൗരവത്തിലാണ്.  പരീക്ഷക്കിരിക്കുന്ന എല്ലാ പിള്ളേർക്കും വിജയാശംസകൾ ! അവരെ ഒരുക്കിയെടുക്കുന്ന രക്ഷിതാക്കൾക്കും !

No comments:

Post a Comment