Wednesday 22 February 2017

ഇപ്പോൾ എങ്ങിനെയുണ്ട് നമ്മുടെ സ്‌കൂൾ ? ആരാ പറഞ്ഞത് നമ്മുടെ സ്‌കൂൾ സനാഥമല്ലെന്ന് ? / അസ്‌ലം മാവില

ഇപ്പോൾ എങ്ങിനെയുണ്ട് നമ്മുടെ സ്‌കൂൾ ?
ആരാ പറഞ്ഞത് നമ്മുടെ സ്‌കൂൾ സനാഥമല്ലെന്ന് ?

അസ്‌ലം മാവില

ബലേ ഭേഷ് എന്ന് എപ്പോഴും പറഞ്ഞുകൂടാ. പറയേണ്ടിടത്താണ് പറയേണ്ടത്. ഇപ്പോൾ എനിക്ക് അങ്ങിനെ പറയാൻ തോന്നുന്നു, നമ്മുടെ നാട്ടിലെ ഉദാരമതികളായ നാട്ടുകാരെ നോക്കി.

സന്തോഷം കൊണ്ട് പറഞ്ഞു പോകാറില്ലേ ? എന്ത് പറഞ്ഞു പോകുമെന്ന് - ''കൊട് കൈ''. അങ്ങിനെ പറയേണ്ടതും ഇപ്പോൾ തന്നെ.

ഉന്നതമായ ഒരു കലാലയമാണ് നമ്മുടേത്. അതിനു 115 കൊല്ലത്തെ പാരമ്പര്യം നാരായണൻ മാഷ് പറഞ്ഞത് വെറുതെയാകില്ല. നമ്മുടെ ഗുരുകുലവിദ്യാലയത്തിന്റെ കണക്ക് പറച്ചിലാണ്. സ്രാമ്പി പള്ളിയുടെ ഓരവും ചാരവുമുണ്ടായിരുന്ന ഏകാധ്യാപകപാഠശാലയും അതിൽ വരുമായിരിക്കും. അതിന്റെ ഡിബേറ്റ് നമുക്ക് പിന്നെ നടത്താം.

ആളുകൾ എത്തി. തുടക്കവും കലക്കി. വേദിയും സദസ്സും ധന്യമായി. ആയില്ല. ഇനിയും വേദിയിൽ ആളുകൾ എത്താനുണ്ട്. സദസ് ഇനിയും നിറയാനുണ്ട്. അതൊക്കെ വഴിയേ വന്നുകൊള്ളും. ചിലർക്ക് അറിയാൻ പറ്റിയിട്ടുണ്ടാകില്ല. വേറെ ചിലർക്ക് അതിന്റെ ഗൗരവം ഉൾക്കൊള്ളാൻ സാധിച്ചിരിക്കില്ല. പബ്ലിസിറ്റി ഇത്തിരി കുറഞ്ഞു പോയെന്ന് എവിടെയോ ചെറിയ സന്ദേഹം.

''ഇതെന്റെ കൂടി സ്‌കൂളാണ്'' എന്ന് തോന്നിത്തുടങ്ങിയാൽ അന്ന് നമ്മുടെ സ്‌കൂൾ പച്ച വെക്കും. അതെല്ലാവർക്കും തോന്നിത്തുടങ്ങിയതിന്റെ ലക്ഷണമാണ് ഈ കൂട്ടായ്മ. വീട്ടിലെ ഒരാൺ/പെൺ തരിയെ ഇനി ആ സ്‌കൂളിൽ അയച്ചിട്ടേ ബാക്കിയുള്ളൂ എന്ന് തോന്നിത്തുടങ്ങുന്നതോടെ മാത്രമേ നമ്മുടെ കഴിഞ്ഞ 13 വർഷം മുമ്പെടുത്ത ഹോംവർക്കിന്റെ വിജയമാഘോഷിക്കാൻ സാധിക്കുകയുള്ളൂ. അതിന്റെയും ഗ്രീൻസിഗ്നൽ ഉടനെ ഉണ്ടാകും, കുറേയൊന്നും കാത്തിരിക്കേണ്ടി വരില്ല.

ഓഫറുകൾ അതിമഹത്തരം. അതാര് ചെയ്തുവെന്നതിനേക്കാളേറെ, അതെന്തായിരുന്നുവെന്നതിനേക്കാളേറെ അവരുടെ ആത്മാർത്ഥതയെയാണ് ഞാൻ അഭിനന്ദിക്കുന്നത്. ഇനി ആ ക്യാംപസിൽ നിങ്ങളോരോരുത്തരുടേയും കാലടികൾ ഇടക്കിടക്ക് ഒച്ചവെക്കണം. വിദ്യാർത്ഥി-അധ്യാപക -രക്ഷിതാക്കളുടെ ഒരു സൗഹൃദകൂട്ടായ്മ അവിടെ പൂവാടിപോലെ സൃഷ്‌ടിച്ചെടുക്കണം. Pupil oriented study ആണ് ഇനിയുള്ള കാലം കാത്തിരിക്കുന്നത്. കുട്ടികൾക്ക് മുൻ‌തൂക്കം നൽകിയുള്ള പഠനവും പാഠശാലയും. അതേ വിദ്യാലയത്തിലെ  മുതിർന്ന കുട്ടികളെ കൂടി നിങ്ങളുടെ ചർച്ചകളിൽ ഉൾപ്പെടുത്താൻ ഇനിയുള്ള കൂടിയാലോചനാ യോഗങ്ങൾ ശ്രമിക്കുക.

അണ്ണാറക്കണ്ണന്റെ ദൗത്യമല്ല നിങ്ങൾ ചെയ്തത്. ആനയോളം വലുപ്പമുള്ളതാണ് നിങ്ങളോരുരുത്തരും വാഗ്ദാനം ചെയ്തത്. എല്ലാവരുടെയും കോൺട്രിബ്യുഷൻസ് ഉണ്ടാകുമ്പോഴാണല്ലോ ശരിക്കും ഈ സ്‌കൂൾ നമ്മുടേതാകുന്നത്, വിയർപ്പ്കണം പോലും ആ കോൺട്രിബ്യുഷന്റെ ഭാഗമാണ്.  ''മാൻപവർ ഓഫർ'' (മാനവശേഷി ) വരെ സ്വാഗതം ചെയ്യപ്പെടണം, അല്ല, അത് ഉണ്ടായേ തീരൂ.

മുൻ നിരയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ, അധ്യാപകരും പിടിഎ യും എസ് എം സിയും സോഷ്യൽമീഡിയ ഗ്രൂപ്പുകളും അഭിനന്ദനം അർഹിക്കുന്നു.

  ഇന്നത്തോടെ ഓഫറുകളുടെ ബുക്ക് മടക്കി വെക്കരുത് ഉത്തരവാദിത്തപെട്ടവർ. അത് കുറച്ചു ദിവസം കൂടി തുറന്നു തന്നെയിരിക്കട്ടെ, പുതിയത് വരും. വരാതിരിക്കില്ല. ഇതെഴുതുമ്പോഴും ഓഫറുകൾ തുടരുകയാണ്, യോഗം തീർന്നാലും ഓഫറുകൾ പിന്നെയും ഉണ്ടാകുമെന്നാണ് എന്റെ പ്രതീക്ഷ. മഴ നിന്നാലും മരം പെയ്യട്ടെ, പെയ്യണമല്ലോ. അതിനാണ് കുളിർ കൂടുതൽ. അതിന്റെ മിനുക്ക് പണിയിലൊക്കെ ആയിരിക്കും, സംഘാടക ചാണക്യന്മാർ.  നടക്കട്ടെ, നമ്മുടെ സ്‌കൂൾ വിജയിക്കട്ടെ. നമ്മുടെ കുട്ടികൾ സന്തോഷിക്കട്ടെ. 

No comments:

Post a Comment