Sunday, 19 February 2017

എണ്‍പതുകളുടെ ബോംബായ്.../(ഓര്‍മ്മക്കുറിപ്പ്-1)/ അസീസ്‌ പട്‌ല

എണ്‍പതുകളുടെ ബോംബായ്...

(ഓര്‍മ്മക്കുറിപ്പ്)അറുപതുകളുടെ സന്ധ്യാതീരത്ത് ജന്മംകൊണ്ട ഞാന്‍ എന്‍പതുകളുടെ മധ്യാഹ്നംവരെ ഭാരിച്ച ഉത്തരവാദിത്തങ്ങളൊന്നുമില്ലാതെ, അന്തരീക്ഷത്തിലെ തലങ്ങും വിലങ്ങും രൂപം കൊണ്ട വികിരണപര്‍വ്വങ്ങളെ (radiation) വലയം ചെയ്യുന്ന റേഡിയോ, ടെലിവിഷ സംപ്രേഷണ സിഗ്നലിന്‍റെ വീര്‍പ്പുമുട്ടലുകളൊന്നുമില്ലാതെ പ്രകൃതിരമണീയമായ ഹരിത പൂങ്കാവനത്തിലൂടെ യഥേഷ്ടം പാറി നടന്നു.

ഗള്‍ഫില്‍ പോകണമെങ്കില്‍ ബോംബയില്‍ താമസിച്ച മിനിമം യോഗ്യതയെങ്കിലും വേണമെന്ന അപരശ്രുതി എന്നെ തെല്ലു നിരാശപ്പെടുത്തി,

അറബികള്‍ വരെ ഹിന്ദി പറയുന്ന കാലമാണെന്ന് ചിലര്‍ കണ്ണുകള്‍ വിടര്‍ത്തി നെറ്റി ചുളിച്ചു, മറ്റൊന്നും ആലോചിച്ചില്ല, സര്‍വ്വസമ്മതനായല്ലെങ്കിലും ഞാനും കയറി നടന്‍ തിക്കുറുശ്ശിയുടെ ഭാഷയില്‍ പറഞ്ഞാല്‍ “ബാംബെക്ക്”


അവിടെ ചെന്നെപ്പോഴുള്ള സംഭവബഹുലമായ ചില നേര്‍ക്കാഴ്ചകളാണ് എന്നെ അത്ഭുതപ്പെടുത്തിയത്!, കഷ്ടിച്ച് അഞ്ചര മീറ്റര്‍ നീളവും, നാല് മീറ്റര്‍ വീതിയുമുള്ള വിശാലമായ ജമാഅത്ത് റൂം, പ്രവേശന കവാടത്തിന്‍റെ വലതുവശത്ത്‌ ‘മോരി” എന്ന ഓമനപ്പേരോടു കൂടിയ കുടിവെള്ളവും, കുളിവെള്ളവും സജ്ജീകരിച്ച വാഷ്റൂം, കുടിവെള്ളജാറിനെ “മടക്ക” എന്നാണു പറയാറ്.

നവാഗതര്‍ മടക്കയില്‍ മൂന്നു പ്രാവശ്യം തല മുട്ടിക്കണമെന്ന അലിഖിത നിയമവും ചില മുതിര്‍ന്ന ആള്‍ക്കാര്‍ “റാഗിങ്ങ്” പരുവത്തില്‍ നടപ്പാക്കിയിരുന്നു., ഇത് ഒറ്റ പ്രാവശ്യം മതിയോ, അതോ ദിവസവും മുട്ടിക്കണോ എന്ന് ചോദിച്ച പയ്യന്മാരും കൂട്ടത്തിലുണ്ടായിരുന്നുവത്രേ..

മടക്ക എന്ന പദത്തിന് വേറെയും അര്‍ത്ഥമുണ്ട്, കാശു വെച്ച് കളിക്കുന്ന ഒരുതരം ചൂതാട്ടമാണ്, അതിനു വേണ്ടി പ്രത്യകം ക്ലബ്‌ വരെ ഉണ്ടെന്ന ശ്രുതി.


വീപ്പയില്‍  നിന്നും ആരെങ്കിലും ഒരു ബക്കറ്റു വെള്ളമെടുത്താല്‍ ഒരു “പോത്തുകട്ചി” വെള്ളം നിറച്ചിരിക്കണം, അതാ നിയമം.....

അങ്ങിനെ പലനിയമങ്ങളുമുണ്ട്. “പോത്തുകട്ചി” എന്നത് ഭായ്യാമാര്‍ വെള്ളം മുതുകിലെറ്റികൊണ്ടുവരാനുപയോഗിക്കുന്ന തുകല്‍സഞ്ചി, പ്രത്യക്ഷത്തില്‍ അറുത്ത പോത്തുകട്ച്ചിയെ മലര്‍ത്തിക്കിടത്തിയയപോലിരിക്കും,

സര്‍ക്കാരില്‍ നിന്നും കിട്ടുന്ന വെള്ളം ദിവസത്തില്‍ ആകെ ഒരു മണിക്കൂര്‍, രാത്രി ഏഴിനും എട്ടിനും ഇടയില്‍, അതും ചാമ്പി ചാമ്പി വേണം എടുക്കാന്‍, ഡ്യൂട്ടിയിലല്ലാത്തവര്‍ അലക്കാനും കുളിക്കാനും ആ സമയം വിനിയോഗിക്കും,

ഒട്ടുമിക്കവരും അലക്കിനു കൊടുക്കാറാ  പതിവ്. മെട്രോപോളിറ്റന്‍ സിറ്റിയായ ബോംബ നഗരത്തില്‍ ഒരു മണിക്കൂറെങ്കിലും സൗജന്യമായി വെള്ളം ലഭ്യമാക്കാന്‍ സാധിക്കുന്നു എന്നത് എന്നെ വളരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

നിലക്കാത്ത ഇലക്റ്റ്രിക്ക് പ്രവാഹവും, വൈദ്യുതിയിലോടുന്ന ചുവര്‍ ക്ലോക്കും, ട്രെയിനും  സന്തെര്‍സ്ട് റോഡിലെ റയില്‍വേസ്റ്റേഷന്‍നിലെ തിരക്കും ധാരാവിയിലെ ചേരിപ്രദേശവും, നൂറുകിലോ വരെ തലച്ചുമടായി ക്രൌഫോര്‍ടു മാര്‍ക്കറ്റില്‍ നിന്നും മയിലുകള്‍ താണ്ടി ഷോപ്പുകളില്‍ ഫ്രൂട്സ് എത്തിക്കാന്‍  അദ്ധ്വാനിക്കുന്ന ഭയ്യാമാരും എന്നെ അത്ഭുതപ്പെടുത്തിയവയാണ്.

ചില ഭയ്യാവിരുതന്മാര്‍ മൊത്തം വെള്ളം വീപ്പയിലേക്ക് ഒഴിക്കാതെ തിരിച്ചു കൊണ്ടുപോകും, രണ്ടര രൂപയായിരുന്നു കൂലി., വെള്ളം കൊണ്ടുവന്നു ഒഴിക്കുന്നതിനു മുമ്പ് ഭയ്യാ ചോദിക്കും

“കോയീ പാനി കോ ബോല?”,

“ങ്ഹാ മൈ അന്താ” റൂമില്‍ ഒറ്റക്കിരുന്ന ഒരാള്‍ പറഞ്ഞുവത്രേ

 “അതെ.... ഞാന്‍ അന്തയാണ് പറഞ്ഞത് എന്ന്”,

കേട്ടതോടെ ഭയായുടെ മനസ്സില്‍ ലഡ്ഡു പൊട്ടി, അന്തയല്ലേ.. (കണ്ണ് കാണാന്‍ പാടില്ലാതായാള്‍), പകുതി ഒഴിച്ചാല്‍ മതി.

ഭയ്യാ പകുതി ഒഴിച്ചു കാശ് ചോദിച്ചപ്പോള്‍ “അന്ത” യെന്നയാള്‍ പറഞ്ഞുവത്രേ..

“പാനി പൂരാ ഡാലോ”, മേരാ നാം അന്താ ഹേ, മേം അന്ത നഹീഹും”

(മുഴുവന്‍ വെള്ളവുമോഴിക്ക്, എന്‍റെ പേരാണ് അന്ത, ഞാന്‍ നീ ഉദ്ദേശിച്ച അന്തയല്ല”,പകച്ചുപോയി ഭയ്യാ........ കേട്ട പാതി കേള്‍ക്കാത്ത പാതി, മുഴുവന്‍ വെള്ളമൊഴിച്ചു കോണിപ്പടി പതിനൊന്നും ഇറങ്ങിത്തീര്‍ക്കുമ്പോള്‍ ലഡ്ഡുവിന്‍റെ കൈപ്പുരുചി അയാളെ വീണ്ടും ഒരു തീന്‍ സൌ ബീസ് തിന്നാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാവും. (തീന്‍ സൌ ബീസ്, കടുപ്പമേറിയ ബീഡ)


(“അന്ത” എന്ന വ്യക്തി  ഇപ്പോള്‍ നമ്മോടൊപ്പമില്ല, അള്ളാഹു അദ്ദേഹത്തിന്‍റെ  പരലോകം പ്രകാശപൂരിതമാക്കി കൊടുക്കുമാറാകട്ടെ  ആമീന്‍)

(മറ്റൊരു രസക്കൂട്ടുമായി അടുത്ത ലക്കം, ഇ.അ.)


അസീസ്‌ പട്‌ല 

No comments:

Post a Comment