Thursday 16 February 2017

മൊഗർ റോഡ് നാളെ രാജപാതയായി തുറക്കുമ്പോൾ / അസ്‌ലം മാവില

മൊഗർ റോഡ് നാളെ
രാജപാതയായി
തുറക്കുമ്പോൾ

-----------------------------
അസ്‌ലം മാവില
-----------------------------

എന്റെ മൂത്ത മകന്റെ പ്രായമുള്ള ഒരു കുട്ടി എനിക്ക് എഫ്‌ബിയിൽ മെസേജ് അയച്ചു - വെള്ളിയാഴ്ച മൊഗർ റോഡ് ഉത്‌ഘാടനം നടക്കുന്നു, we expect an article from you ! വിഷയത്തേക്കാളേറെ എനിക്ക് ഇഷ്ടപ്പെട്ടത് ഓൺലൈൻ പത്രങ്ങളിലും അല്ലാതെയും വരുന്ന എന്റെ എഴുത്തുകൾ യങ് ജെനറേഷൻ കണ്ണോടിക്കുന്നുണ്ട് എന്നറിഞ്ഞതിലാണ്,  അവന്റെ (അദ്ദേഹത്തിന്റെ) അഭ്യർത്ഥനയെ ഒട്ടും പ്രാധാന്യം കുറക്കാതെ തന്നെ ചിലതിവിടെ കുറിക്കട്ടെ :

മിക്ക ഗ്രാമങ്ങളിലും മൊഗർ ഉണ്ട്. അല്പം താഴ്ന്ന പ്രദേശം, എപ്പോഴും / മിക്കപ്പോഴും  വെള്ളം കെട്ടിനിൽക്കുന്ന സ്ഥലം,   ഒറ്റപ്പെട്ട  തുരുത്ത് .   ചിലയിടത്തു മൊഗറു , മൊഗർ, തുരുത്തി  എന്നിങ്ങനെ  പേരിട്ടു വിളിക്കും;ചിലയിടത്തു അമ്മാതിരി പ്രദേശമുണ്ട്, പക്ഷെ  പേരുണ്ടാകില്ലന്നേയുള്ളൂ.  ''പട്‌ലയുടെ ചരിത്രം എങ്ങിനെ വായിക്കാം ?'' എന്ന എന്റെ ഒരു തുടർ ലേഖനത്തിലെ ഒന്നാം ചാപ്റ്ററിൽ  (www.rtpen.blogspot.com, 21 Dec 2016 ) നമ്മുടെ മൊഗറിനെ കുറിച്ചും ചെറിയ പരാമർശം ഞാൻ നടത്തിയിട്ടുണ്ട്. ആ  ലേഖനം നടേ പറഞ്ഞ സുഹൃത്ത് വായിച്ചിരിക്കാനാണ് സാധ്യത.  അതിലെ ചില വരികൾ എടുത്തുദ്ധരിക്കട്ടെ -

''സ്രാമ്പിയിൽ ചൂതർമാർ ഉള്ളതായും നമുക്ക് അറിയാം. ഇന്നത്തെ പതിവ്  പോക്ക് വരവ് വഴിയൊന്നുമല്ല അന്നത്തെ കാലത്തേത്. വലിയ പള്ളിയുള്ള ജങ്ഷനെക്കാളും കൂടുതൽ ആളുകൾ പോക്കുവരവിനായി ഉപയോഗിച്ചിരുന്നത് ഇബ്‌റാൻചാന്റെ  മമ്മീൻചാന്റെ പഴയ കടയുള്ള ഭാഗത്തുള്ള വഴികളായിരുന്നു. മധൂരിലേക്ക്(രണ്ടു ഭാഗത്തേക്കായാലും) പോകാൻ എളുപ്പവും അതായിരുന്നല്ലോ. മൊഗർ ഭാഗങ്ങളിൽ ഉള്ളവർക്ക് മധൂരിലെത്താൻ  മാത്രമായിരിക്കണം ഇപ്പോഴുള്ള വഴി അന്ന് ഉപയോഗിച്ചിരുന്നതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇപ്പോഴും ഭൂപ്രകൃതി നോക്കിയാൽ ഇന്ന് കാണുന്ന പട്‌ല ജംഗ്‌ഷൻ, സ്‌കൂൾ പരിസരമൊക്കെ അത്ര വലിയ  ആൾപെരുമാറ്റമില്ലാത്ത സ്ഥലങ്ങൾ ആകാനാണ് സാധ്യത കൂടുതൽ''

ഇപ്പോഴും എനിക്ക് ആ വാദം തന്നെയാണ് -മൊഗർ ഭാഗങ്ങളിൽ ഉള്ളവർക്ക് മധൂരിലെത്താൻ  മാത്രമായിരിക്കണം ഇപ്പോഴുള്ള വഴി അന്ന് ഉപയോഗിച്ചിരുന്നതെന്ന വാദം. പട്‌ലയുടെ  ഇരിപ്പ് കാണുമ്പോൾ മധുവാഹിനിപ്പുഴയുടെ തീരത്തു നിന്നാണ് നമ്മുടെ സംസ്കാരത്തിനും കാർഷിക വിപ്ലവത്തിനും തുടക്കം കുറിച്ചിട്ടുണ്ടാവുക. മൊഗർ അതിന്റെ അങ്ങേതലക്കലുള്ള അറ്റം കൂടിയാണല്ലോ. ശരിക്കും 100 ശതമാനവും കർഷകർക്കുള്ള പ്രദേശമാണ് മൊഗർ. (ഇന്നും അങ്ങിനെതന്നെ എന്നാണു എന്റെ നല്ല ധാരണ )

പട്‌ലയിലെ പഴയ റോഡ് എല്ലാവർക്കും ഓർമ്മയുണ്ടാകുമല്ലോ. ഞാൻ പ്രീഡിഗ്രി പഠിക്കുമ്പോൾ കോളേജ് മേറ്റ്സ് അവരുടെ നാട്ടിലെ ചില റോഡുകളുടെ പേരൊക്കെ വ്യക്തികളുടെ പേര് ചേർത്ത് പറയുമ്പോൾ എന്റെ നാട്ടിലെ പട്‌ല റോഡിനെ ഞാൻ അവർക്ക് പരിചയപ്പെടുത്താറുണ്ടായിരുന്നത് ബിഎസ്‌ടി റോഡെന്നായിരുന്നു (1991 ൽ എന്റെ ഫവാസിന്റെ  ഹൌസ് വാർമിംഗ് പരിപാടിക്ക്  ഇവരെയൊക്കെ അതിഥികളായി വിളിച്ചപ്പോഴാണ് അഞ്ചു കൊല്ലക്കാലം ഞാൻ അവരുടെ മുമ്പിൽ ഞെളിഞ്ഞു പറഞ്ഞിരുന്ന ആ റോഡിന് അങ്ങിനെയൊരു പേരും ബോർഡുമില്ലാത്തത് അവരറിയുന്നതും അവരുടെ  തുടർ ചോദ്യങ്ങൾക്ക് മുമ്പിൽ  ഞാൻ സമ്പൂർണ്ണമായി  പ്ലിങ്ങുന്നതും ).

മധൂരിൽ നിന്ന് വരുമ്പോൾ ഇടതു ഭാഗത്തായി കിടക്കുന്ന പാടങ്ങൾക്കിടയിലെ ഒരു വരമ്പ് മാത്രമാണ് അന്ന് പട്‌ല മൊഗറിനെ ബന്ധിപ്പിക്കുന്നത്. എത്രവട്ടം ആ ചളിവെള്ളത്തിൽ വീണിട്ടുണ്ടാകുമെന്ന് പറയാൻ ഇപ്പോഴും ആ ഭാഗത്തുള്ള പേക്കാച്ചിത്തവളകൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ അവ എണ്ണി  പറയുമായിരുന്നു. റോഡിനു ഇറങ്ങുമ്പോൾ തന്നെ അപകടം മണത്തു തുടങ്ങും, ചെറിയ കുട്ടികളുടെ പുഴുക്കുത്ത്‌ വീണ കുഞ്ഞരിപ്പല്ലുകൾ പോലെ എപ്പോഴും ആടിക്കൊണ്ടിരിക്കുന്ന ഒരു കല്ലിമ്മേലായിരിക്കും ആദ്യം കാല് വെക്കുക. അവിടന്ന് തുടങ്ങണം ബാലൻസിംഗ്. പിന്നെ നടക്കുന്നത് ശരിക്കും  ഞാണിമേൽ കളിയാണ്. ഈ വരമ്പിൽ കൂടി നടന്നായിരുന്നു  എന്റെ പ്രിയപ്പെട്ട രണ്ടു ഉസ്താദന്മാർ മദ്രസ്സയിലേക്ക്‌ വരുന്നത്, മൊഗർ ഉസ്താദും മൊയ്തിഞ്ഞി ഉസ്താദും.

വരമ്പിൽ കൂടി കുറച്ചു നേരെ നടന്നു പത്തു ചുവട് ഇടത്തോട്ട് നടന്നു പിന്നെ നീളത്തിൽ നടക്കുമ്പോൾ തോട് തുടങ്ങും. അതല്പം കൂടി നടന്നാൽ പിന്നെ കിട്ടുക ഇടത് ഭാഗത്ത് വെള്ളമൊഴുകുന്ന തോടും അല്പം ഉയരത്തിൽ വരമ്പും, ഇതൊരു നൂറു മീറ്റർ നടന്നാൽ വീണ്ടും ഇടത്തു വളഞ്ഞു വലത്തോട്ട് നടന്നാൽ ഒരു വേലി.  പിന്നെ ഈ വേലി  പിടിച്ചാണ് നടത്തം, അവിടെ അത്രക്കും നേരിയ വരമ്പ്. വീണാൽ പിന്നെ വീണ ആൾക്ക് തന്നെ അയാളെ തിരിച്ചറിയാൻ പറ്റാത്തത്ര ചളിയുണ്ട് ചവിട്ട് ഓരോന്നിനും.  അവിടെന്ന് നിന്ന് കാണുന്നതാണ് മൊഗർ പാടങ്ങൾ. മൊത്തം കൃഷിക്കളങ്ങൾ. കുഞ്ഞു കുഞ്ഞു വരമ്പുകൾ കൊണ്ട് അതിർത്തി തീർത്ത കണ്ടം തന്നെ. ഒരു പക്ഷെ, കൃഷിക്കാർ മാറാത്ത സ്ഥലവും ഇവിടെയായിരിക്കും. മൊഗറിന്റെ വടക്കേ അക്സ്സസ്സ് ബൂഡ്-ബാക്കിതമാറ് വയലുകളിലേക്കും.

ഞാൻ മനസ്സിലാക്കുന്നത് ബാവുട്ടിച്ചാന്റെ അദ്ലച്ചാന്റെ വീട് മുതൽ വലത് ഭാഗത്തുള്ള വീടുകൾ അങ്ങോട്ടാണ് മൊഗർ എന്നാണ്. അന്ന് ഇടതു ഭാഗത്തുണ്ടായിരുന്ന ഹാജാർച്ചന്റെ കുഞ്ഞാമുച്ച, കുഞ്ഞാമുച്ച പെങ്ങൾ, സൈദാൽച്ച ഇവരുടെ   വീടുകൾ തൊട്ടിങ്ങോട്ടുള്ള പ്രദേശം പട്‌ല തായലിലും പെടും. മൊയ്തീൻച്ച, അന്തുച്ച, മൊയ്തുട്ടി ഹാജാർച്ച, ഇൻഗ്ളീസ് മമ്മീൻച്ച, ബീരാൻച്ച, അന്തച്ച, കുൻച്ചാന്റെ മമ്മസ്ച്ച, യൂസുച്ച, മൂസച്ച, കുഞ്ഞാലിച്ച, കുഞ്ഞമദ്ച്ച  തുടങ്ങിയവരെയൊക്കെ വെള്ളിയാഴ്ച നമസ്കാരം കഴിഞ്ഞു വരിവരിയായി പോകുന്നത് ഇപ്പോഴും മനസ്സിൽ കാണുന്നു. പോകുമ്പോഴും വരുമ്പോഴും അവരുടെ നാക്കിൻതുമ്പത്ത് കൊൾക്കെയും ബിര്പ്പും പുഞ്ചയും കുട്ടിപ്പുഞ്ചയും എല്ലാമാണ് വിഷയം. കൃഷി കഴിഞ്ഞേ അവർക്കെന്തുമുള്ളൂ.

ജൂൺ -ജൂലൈ -ഓഗസ്റ്റ് മാസങ്ങളിലെ നിർത്താതെ പെയ്യുന്ന മഴയിൽ ആ പ്രദേശത്തുകാർ വീട് മുട്ടെ , അല്ല വീടിനകത്തും കുത്തിയൊലിക്കുന്ന വെള്ളം നിറഞ്ഞപ്പോഴും അവർ ഭയന്നോടിയില്ല. പുറത്തു ചെമ്മണ്ണ് നിറത്തിലുള്ള വെള്ളത്തിൽ ഒഴുകുന്ന തോണികളിൽ കുഞ്ഞുകുട്ടികളെയടക്കം ഇരുത്തി ആ കാരണവന്മാർ നേരം വെളുപ്പിച്ചത് മൊഗറിന്റെ തറവാടിത്തം. മൊഗറിൽ നിന്ന് വരുന്ന തോണികൾ റോഡിന്റെ പകുതി നിർത്തി , ഇറങ്ങി മീത്തലെ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ വരുന്നവരെ ഞങ്ങൾ അന്ന് ധൈര്യശാലികളായിട്ടാണ് കണ്ടത്. അവരുടെ സ്ഥിഗതികളൊക്കെ അവിടെയുള്ളവർ ചുറ്റും കൂടി ആരായും.  കർക്കട രാത്രികളിൽ വെള്ളപ്പൊക്കത്തിന്റെ ഏറ്റമിറക്കം അവർ പരസ്പരം പ്രത്ത്യേക രൂപത്തിൽ കൂകിയും പറഞ്ഞുമായിരുന്നു  സിഗ്നൽ നൽകിയിരുന്നത്. ഞങ്ങളൊക്കെ ചെറുപ്പത്തിൽ അതൊക്കെ കേൾക്കാനുള്ള അവസരം ലഭിച്ചവർ.

എന്റെ ഉപ്പയുടെ തറവാടും മൊഗറിൽ അല്ലെങ്കിലും അത് തുടങ്ങുന്നിടത്തായിരുന്നു. ഉപ്പപ്പ, ഉമ്മമ്മ, വലിയ മൂത്ത, ചെറിയ മൂത്ത, ഇച്ചിച്ച, ഇവരുടെയൊക്കെ അടുപ്പക്കാരായ മമ്മിൻച്ച, ഇബ്‌റാൻചാന്റെ കുഞ്ഞമുച്ച, അദ്ലന്ച്ച ഇവരെല്ലാവരുടെയും വീടുകളും  വളപ്പും കഴിഞ്ഞാണ് മൊഗർ ആരംഭിക്കുക.

ശരിക്കും നമ്മുടെ നാട്ടിൽ ആദ്യമുണ്ടാകേണ്ടിയിരുന്നതും മൊഗർ -പട്‌ല -മധൂർ  ''Z'' റോഡായിരുന്നു എന്നാണ് എന്റെ പക്ഷം,  ഞാൻ നേരത്തെ പറഞ്ഞ വാദം സാധൂകരിച്ചും അല്ലാതെയുമാണ് ഇത് പറയുന്നത്.   മൊഗറിലെ  കർഷകരുടെ  ഭാഗത്തു നിന്നുമുണ്ടായ  മുറവിളി കേൾക്കാൻ എന്തേ ഇത്ര വൈകി എന്നാണ് എന്നെ ഇപ്പഴും  അത്ഭുതപ്പെടുത്തുന്നത് !  അവരുടെ ക്ഷമ അപാരം ! ഏതായാലും ഇപ്പോൾ അരക്കോടിക്ക് അടുപ്പിച്ചു കിട്ടിയ കോൺക്രീറ്റ് റോഡ് എല്ലാ അവഗണനക്കുമുള്ള പ്രായശ്ചിത്തമായി കരുതാം. കൂടുതൽ വികസനം ആ ഭാഗങ്ങളിൽ ഇനിയുണ്ടാകാൻ ഈ പൊതുവഴി തുടക്കമാകട്ടെ.

ഈ നല്ല ദിനത്തിൽ മൊഗറിലെ മുഴുവൻ കുടുംബങ്ങളോടൊപ്പം ഞാനും എന്റെ സന്തോഷം പങ്ക് വെക്കുന്നു. ആശംസകൾ ! ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ സുമനസ്സുകൾക്കും അഭിവാദ്യങ്ങൾ !

No comments:

Post a Comment