Sunday 26 February 2017

ഭാവിപട്‌ലയുടെ കായിക പരിസര ചിന്തകളും സ്വപ്നങ്ങളും / അസ്‌ലം മാവില

ഭാവിപട്‌ലയുടെ കായിക പരിസര ചിന്തകളും
സ്വപ്നങ്ങളും

അസ്‌ലം മാവില

പത്ത് നാൽപത് കൊല്ലങ്ങൾക്കപ്പുറം തൊട്ടേ നമ്മുടെ ഗ്രാമം മെയ്‌വഴക്കമുള്ള  കളിയായിരുന്നു തെരെഞ്ഞെടുത്തത്. അങ്ങിനെയാണ് വോളിബോൾ നമ്മുടെ കണ്ണിലുണ്ണിയായത്. ഇതെഴുതുമ്പോൾ വോളിബോളിനൊരു രസകരമായ ചരിത്രം കൂടി പറയാതെ പോകരുതല്ലോ.

(ജനനം 1895. ഈ കളിക്ക്  mintonette എന്നായിരുന്നു അതിന്റെ ഉസ്താദ്  ശ്രീ W. G. Morgan (not മൊഗറൻ )  പേര് വെച്ചത്. അമേരിക്കയിൽ ബാസ്‌ക്കറ്റ്ബോൾ പ്രചുരപ്രചാരത്തിലായപ്പോൾ, ഒരു പ്രശ്നമുദിച്ചു. ഇത് ചാടിയും തള്ളിനീക്കിയും ഒരു മാതിരി കയ്യൂക്കുള്ളവനും അല്പം ആരോഗ്യമുള്ളവനും പിന്നെ കുറച്ചു നീളമുള്ളവനൊക്കെയുള്ള ഏർപ്പാടാണ്. ഒരു സിനിമയിലെ രസകരമായ ഡയലോഗ് പോലെ ''നോ ബോഡി ടച്ചിങ്'' ഇല്ലാത്ത ഒരു വേളയും അതിലില്ല. സംഗതി ഓക്കെ, പക്ഷെ എല്ലാ പ്രായക്കാർക്കും പറ്റിയ ഒരു കളിയല്ല. അങ്ങിനെയാണ് ബെയിസ് ബോൾ, ബാസ്കറ്റ്ബോൾ, ടെന്നീസ് എന്നിവയിൽ നിന്ന് കടമെടുത്തു മുരുഗൻ (just for laugh),  ഈ കളിക്ക്  തുടക്കം കുറിച്ചത്. 1917 mintonette എന്ന  പേര് അത്ര സുഖമില്ലെന്ന് കണ്ടോ എന്തോ വോളിബോളായി മാറി. 1964 ലെ ടോക്യോ ഒളിമ്പക്സോടെ ഫുട്‌ബോൾ, ബാസ്‌ക്കറ്റ് ബോൾ കഴിഞ്ഞു മൂന്നാമത്തെ പോപ്പുലർ ഗെയിമായിത് മാറി. പിന്നീട് ഇതിന് ഒരു  ''പെൺ''കുഞ്ഞുണ്ടായി, അതാണ് ''കുമാരി'' ബീച്ച് വോളിബോൾ !)

കാസർകോട് ഭാഗങ്ങളിൽ ചുരുക്കം സ്ഥലങ്ങളിൽ ക്ലച്ചു പിടിച്ചു കളിയാണ് വോളിബോൾ. നമ്മുടെ ചുറ്റുവട്ടമുള്ള  ചൂരി, എരിയാൽ, മധൂർ ഇതൊക്കെ അവയിൽ പെടും.  പട്‌ല സ്റ്റാർ ക്ലബ് എനിക്ക് തോന്നുന്നത് പട്‌ല സ്റ്റാർ ക്ലബ്ബിനെ പുറം ലോകം അന്നറിഞ്ഞത് വോളിബോളിന്റെ തറവാടിത്ത മഹിമ കൊണ്ടായിരുന്നു. കുമ്പള അദ്രാന്ച്ച , പോക്കുച്ച, എസ്.എ. അബ്ദുല്ല, പി. അഹമ്മദ്,  B.മുഹമ്മദ്‌കുഞ്ഞി,  എച് കെ മൊയ്തു, പി. അബ്ദുൽ കരീം, ഇബ്രാഹിം, അബ്ബാസ്, M.മുഹമ്മദ്‌കുഞ്ഞി തുടങ്ങിയവരാണ് ഞാൻ വളരെ ചെറുപ്പത്തിൽ കണ്ട നാട്ടിലെ വോളിബോൾ കളിയിലെ മുന്നിരക്കാർ. ഞങ്ങളൊക്കെ ജനിക്കുന്നതിനു മുമ്പുള്ള പട്‌ല ക്കാരുടെ കോരിത്തരിപ്പിക്കുന്ന വോളിബോൾ കഥകൾ  ഒരുപാട് തവണ ഞങ്ങൾ അക്കാലങ്ങളിൽ കേട്ടിട്ടുണ്ട്.

ഗൾഫ് കുടിയേറ്റം  ആരംഭിച്ചതോടെ വോളിബോളിന്റെ നല്ല കാലവും പട്‌ലയിൽ  അസ്തമിച്ചു തുടങ്ങി; അതിനു വേറെയും കാരണങ്ങൾ ഉണ്ട്. ഫോള്ളോഅപ്പുണ്ടായില്ല. പുതിയ നിരയെ വാർത്തെടുക്കാൻ സാധിച്ചില്ല; ഗ്രൗണ്ടും പരിസരവും കാലത്തിനനുസരിച്ചു മാറ്റങ്ങളുണ്ടായില്ല; മത്സരങ്ങളിൽ പങ്കെടുക്കുന്നത് നിർത്തി പഴയ കാല പ്രതാപം പറയുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. ബോൾ പൊട്ടിയാൽ പിന്നൊന്ന് വാങ്ങാൻ ദിവസങ്ങൾ കാത്തിരിക്കേണ്ടി വന്നു. പരിശീലനം ലഭിച്ചില്ല. സ്‌കൂൾ  പിടി അധ്യാപകർ ചിലരൊക്കെ മാത്രം സഹകരിച്ചു. മതിയായ പ്രോത്സാഹനം പൊതുവെ ഉണ്ടായില്ല. അതൊക്കെ ഇതിനോട് കൂട്ടിവായിക്കണം.

പിന്നെ തീരെ ചെലവില്ലാത്ത കളിയിലേക്കാണ് നാട്ടിലെ കായികപ്രേമികളുടെ ശ്രദ്ധ തിരിഞ്ഞത്. ഹോക്കി ഇന്ത്യയുടെ ദേശീയ കളിയെങ്കിൽ കബഡി സൗത്ത് ഇന്ത്യയുടെ കൂടെപ്പിറപ്പാണ്. ബിഹാരിയുടെ കൂടി സ്റ്റേറ്റ് ഗെയിമാണ് കബഡിയെങ്കിലും ബിഹാരികൾ ഇവിടെ ''മദ്രാസിഖേൽ'' എന്നാണ് വിളിക്കുന്നത്.  സംഭവം ശരിയാണ്, തുടക്കം തമിഴ്‌നാട്ടിൽ നിന്നാണ്.  ഒരു നയാപൈസ ചെലവില്ലാത്ത ശരിക്കും പാവങ്ങളുടെ കളി. പട്‌ല ക്ലച്ചു പിടിക്കാൻ തുടങ്ങിയെങ്കിലും ഈ കളിയെ ചിലർ ';ഒബിസി'' ലിസ്റ്റിൽ പെടുത്തിക്കളഞ്ഞതോടെ വന്ന പ്രതാപത്തിന്റെ അതെ സ്പീഡിൽ പിന്നോട്ടടിച്ചു.

ക്രിക്കറ്റിന് ഇന്ത്യാ മഹാരാജ്യം വലിയ ഗൗരവം നൽകിയപ്പോൾ നമ്മുടെ നാട്ടിലെ കളിക്കാർ ഇപ്പോഴും അതിന്റെ പ്രിമിറ്റിവ് സ്റ്റേജിൽ തന്നെയാണ് കളി തുടരുന്നത്, അണ്ടർ ആം.  1830 കളിൽ തന്നെ  എടുത്ത് കളഞ്ഞ ഏർപ്പാടാണിത്.  പക്ഷെ  റൌണ്ട് ആമായാലോ അതിന്റെതായ മുൻകരുതലുകളും വേണം, അങ്ങിനെ വരുമ്പോൾ കുറച്ചു എക്സ്പെൻസീവായ കളിയായി മാറുകയും ചെയ്യും. ക്രിക്കറ്റ്  സാധന സാമഗ്രികൾ കിട്ടിയിട്ടും കാര്യമില്ല, അതിനനുസരിച്ചുള്ള ഗ്രൗണ്ടും ഒരുങ്ങണമല്ലോ.  എനിക്ക് തോന്നുന്നത് നമ്മുടെ പിള്ളേർ കൂടുതൽ ബുദ്ധി പൂർവം പ്രവർത്തിച്ചു എന്നാണ്  -  ക്രിക്കറ്റ് കളിക്കുന്നതിൽ ശ്രദ്ധ ചെലുത്തുന്നതിന് പകരം, കളി ടിവിയിൽ കാണാനും അവരുടെ ചരിത്രം പഠിക്കാനും ആര് ചോദിച്ചാലും മണിമണിയായി ഉത്തരം പറയാൻ പറ്റുന്ന രീതിയിൽ ബൈഹാർട്ടാക്കാനും തയ്യാറായി തന്ത്രപൂർവ്വം സ്കൂട്ടായി.

ഇതിനിടയിലാണ് കളിയിലെ കേമൻ ഫുട്‌ബോൾ പട്‌ലയിൽ ഇടം തേടി വരുന്നത്.  അതിനെ സ്വീകരിക്കേണ്ടത് പോലെ  സ്വീകരിക്കേണ്ടവർ സ്വീകരിച്ചു എന്നതാണ് ഇന്നത്തെ ഫുൾബോൾ പട്‌ലയുടെ വിജയ ചരിത്രത്തിനു പിന്നിൽ. ഒറ്റ ദിവസം കൊണ്ട് നേടിയ വിജയ ഗാഥയല്ല. കാശ് കൊടുത്തു വാങ്ങിയ പ്രശസ്തിയുമല്ല. അതിനു പിന്നിൽ പ്രവർത്തിച്ച നല്ല യുവ നേതൃത്വമുണ്ട്.
അവരതിനെ പ്രായോഗികകമായി മുന്നോട്ട് കൊണ്ടുപോകാനുള്ള അണിയറ നീക്കങ്ങൾ നടത്തി. ഒന്നല്ലാത്തതിനെ ഒന്നാക്കി, അങ്ങിനെ ഒന്നുമല്ലാതാകുന്നതിൽ നിന്ന് ഫുടബോൾ പട്‌ലയെ ഒന്നാമത്തെ നിരയിലെത്തിച്ചു.

ഇതൊരു ഭഗീരഥ പ്രയത്നമാണ്. ചുരുങ്ങിയ കാലം കൊണ്ട് പിള്ളേർ കാൽപന്തുകളിയുടെ ആശാന്മാരായി. നാട്ടിൽ എത്ര ഫുഡ്‌ബോൾ ക്ലബ്ബും ഉണ്ടാകട്ടെ, പുറത്തു കളിക്കുന്നത് യുണൈറ്റഡിന്റെ ബൂട്ടണിഞ്ഞു മാത്രമെന്ന തീരുമാനത്തിലെത്തിക്കാൻ  പിന്നെയും എളുപ്പമാണ്, അത് നടപ്പിൽ വരുത്താനാണ് പ്രയാസം. അവിടെയാണ് നമ്മുടെ കുട്ടികൾ വിജയിച്ചത്.

ഇപ്പോൾ നാട്ടിലെ പുതിയ കുട്ടികൾ കളിക്കുന്നത്, പുറം നാട്ടിൽ കളിച്ചു കപ്പ് കൊണ്ട് വരുന്ന സീനിയേഴ്സിന്റെ കാലിന്നടിയിലാണ്. ആ കുഞ്ഞുമക്കൾ അവരറിയാതെയാണ് ഈ ക്‌ളാസ്സിക് കളി പഠിച്ചെടുക്കുന്നത്. കളിയിൽ ഫൗളില്ല, റഫ് മൂവ്മെന്റ്‌സില്ല. down മുതൽ touchdown വരെ ഇന്ന് എല്ലാ ഫുട്‌ബോൾ ഭാഷയും നമ്മുടെ കുട്ടികൾക്ക് കാണാപാഠം. വിജയിച്ച പട്‌ല ഫുഡ്‌ബോള്ളേർസിന്റെ നടുവിലേക്കാണ് പിറക്കുന്ന ഓരോ കുഞ്ഞും വന്നു വീഴുന്നത്. ആത്മവിശ്വാസമാണ് അവർക്ക് തുടക്കം മുതലേ കിട്ടുന്നത്.

എന്റെ നാടിന്റെ അഭിമാനം കാത്തു സൂക്ഷിക്കേണ്ടത് എന്റെ കർത്തവ്യബോധമെന്ന തിരിച്ചറിവാണ് നമ്മുടെ ഫുട്‌ബോൾ വിജയങ്ങൾക്ക് പിന്നിലെ രഹസ്യമെന്ന് ഞാൻ കരുതുന്നു. പ്രവാസികളുടെ സമാന്തരമായ ഒരു  യുവനിര നേതൃത്വം പട്‌ല ഫുടബോളിന്റെ നട്ടെല്ലും നെടുംതൂണുമായും ഉണ്ടെന്നതും കൂട്ടത്തിൽ വായിക്കണം.  നിങ്ങൾ നൽകുന്നത്ര കളിക്ക് പ്രോത്സാഹനം നൽകാത്ത എന്റെ വീട്ടിലെ, ഏറ്റവും ചെറിയ കുഞ്ഞുമോന് വരെ സ്ഥിരം കളിക്കുന്നതല്ലാതെ,  ഒരു എക്സ്ട്രാ ഫുട്‌ബോൾ എപ്പോഴും മുൻകരുതലായി വേണമെന്ന് നിർബന്ധം പിടിക്കണമെങ്കിൽ അതവനെപ്പോലും ഈ ഫുട്‌ബോൾ വിജയങ്ങൾ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ടാകില്ല ! നിങ്ങളുടെ കാര്യം പിന്നെ പറയേണ്ടല്ലോ.

എഴുത്ത് അല്പം നീണ്ടു പോയി, നിങ്ങൾ മുഴുവൻ വായിക്കുമെന്ന പ്രതീക്ഷയിൽ ഇത് കൂടി എഴുതുന്നു. എല്ലാവരും കാത്തിരിക്കുന്നതും ഇത് വായിക്കാനായിരിക്കും. ഇത്രയൊക്കെയായിട്ടും കളിക്കാനുള്ള പരിസരങ്ങൾ നമുക്കുണ്ടാകുന്നില്ലല്ലോ എന്നതാണ് പൊതു സംസാരം. നമ്മുടെ പ്ലാനിങിന്റെ കുറവ് തന്നെയാണ്. അങ്ങിനെയൊരു പ്ലാനിങ് ഉണ്ടാകേണ്ടിയിരുന്നത് അതത് പഞ്ചായത്ത് ഭരണകൂടങ്ങൾക്കാണ്. ദർഘാസ് സ്ഥലങ്ങൾ മൊത്തം കൂലിപ്പണിക്കാരന്റെ പേരിൽ എഴുതി പിന്നീട്‍ സ്വന്തമോ സ്ഥാപനങ്ങളുടെയോ പേരിലെഴുതുക എന്നത് പണ്ടുമുതലേ കേരളം മൊത്തം കണ്ടു കൊണ്ടിരുന്ന തെറ്റായ കീഴ്വഴക്കമായിരുന്നു. നാലും അഞ്ചും ഏക്കർ നമ്മുടെ ഭാവികായിക തലമുറകൾക്ക്  ഉപകാരപ്പെടുമാറുള്ള ഒരു ഗ്രൗണ്ടിനായി ഒഴിച്ചിടുന്നതിന് പകരം അത്തരം ദർഘാസ് സ്ഥലങ്ങൾ ആരാധനാലയങ്ങൾക്കും സ്വകാര്യ ആവശ്യങ്ങൾക്കുമായി കേരളത്തിലങ്ങോളമിങ്ങോളം  മതിൽ കോരാൻ തുടങ്ങിയ ചരിത്രം കേരളത്തിലങ്ങോളമിങ്ങോളമുള്ള റിട്ടയേഡ് വില്ലേജ് ആപ്പീസർമാരോട് ചോദിച്ചാൽ അറിയാൻ സാധിക്കും.   ഇനി അതിന്റ ചർവിതചർവ്വണത്തിലേക്ക് കടക്കരുത്.

അടുത്ത പദ്ധതികൾ  അസൗകര്യങ്ങൾ മുൻ നിർത്തി ആലോചിക്കാൻ സമയമായി. നമ്മുടെ നാട്, പട്‌ല ഏറ്റവും ജന സാന്ദ്രതയുള്ള പ്രദേശമാണ്. ആയിരം വീടുകളാകാൻ ഇനി കുറയൊന്നും താമസിക്കേണ്ട. മുറ്റം കുറയും. മുറികൾ കൂടും. അത് എല്ലായിടവും ബാധിക്കും. കളിക്കളങ്ങൾ കുറച്ചു കൂടി അകന്ന സ്ഥലങ്ങളിലേക്ക് മാറ്റാൻ ഇപ്പോഴേ ശ്രമം തുടങ്ങണം. ഒരു ഗ്രാമം എന്നതിനേക്കാളേറെ ഒന്നിലേറെ ഗ്രാമങ്ങളുൾക്കൊള്ളുന്ന കളിക്കളമെന്ന കൂട്ടായ സംരംഭത്തിലേക്ക് വഴിമാറി ചിന്തിക്കണം. വാഹനങ്ങൾ ഇന്ന് കളിപ്പാത്രങ്ങൾ പോലെ സുലഭം. എല്ലാ വീട്ടിലും ഓരോന്നെങ്കിലുമുണ്ട്. അത്കൊണ്ട് മൂന്നും നാലും കിലോമീറ്റർ ദൂരേക്ക് എത്തിപ്പെടുകയെന്നത് പണ്ടത്തെപ്പോലെ  പ്രയാസമുള്ള കാര്യമേയല്ല. ഒരു ഹെവി സ്പോർട്സ് ഷട്ടിൽസർവീസ് (എന്ന് വെച്ചാൽ വലിയ വാഹനം) എന്നത്  യുണൈറ്റഡ് പട്‌ലക്ക് ആലോചിക്കാവുന്നതാണ്. കുറച്ചകലെയുള്ള ഗ്രൗണ്ടിലേക്ക് കളിക്കാരെയും കൊണ്ട് പോകുന്ന വാഹനം. ചുളുവിലയിൽ നാലഞ്ചു പ്രദേശക്കാർ കൂടി യോജിച്ചു ഒരു ഫുട്‌ബോൾ ഗ്രൗണ്ട് ഏറ്റെടുക്കാനുള്ള നിലയിലേക്ക് ഇപ്പോഴേ ശ്രമം തുടങ്ങണം. അത് കാണിച്ചു ഭരണാധികാരികളോട് ആവശ്യമുന്നയിക്കാൻ സാധിക്കും.   (ഈ നിർദ്ദേശം ഇപ്പോൾ നിങ്ങൾക്ക് തമാശയായി തോന്നുന്നുമെങ്കിൽ, പിന്നീടൊരിക്കൽ വായിച്ചു നോക്കാൻ പാകത്തിൽ  rtpen ബ്ലോഗിന്റെ ആർച്ചീവിസിൽ ഞാനീ ആർട്ടികൾ സൂക്ഷിക്കുകയാണ്.  കുറെ കാലം കഴിഞ്ഞു ആരെങ്കിലുമൊരാൾ അതൊന്നു തപ്പിയെടുക്കുമെന്ന ശുഭപ്രതീക്ഷ എനിക്കുണ്ട്.)

ഉള്ള അസൗകര്യങ്ങളെ കുറിച്ച് പയ്യാരം പറയുന്നതിലും നല്ലത്, നിലവിലുള്ള സാഹചര്യങ്ങളിൽ പുതിയ സൗകര്യങ്ങൾ ഉണ്ടാക്കുന്നതിനെ കുറിച്ച് ആലോചിക്കാനാണ് സമയവും ഊർജവും വിനിയോഗിക്കേണ്ടത്. യുണൈറ്റഡ് പട്‌ല നേതൃത്വത്തിന് അതിനുള്ള ഇച്ഛാശക്തിയും ദീർഘവീക്ഷണവുമുണ്ടെന്ന് തന്നെയാണ് അമ്പതുകളിലേക്ക് കാല് വെക്കുന്ന എന്നെപ്പോലുള്ളവരുടെ പോലും  നല്ല വിശ്വാസം. 

No comments:

Post a Comment