Tuesday 7 February 2017

ചപ്പുചവറുകൾ കത്തിക്കുന്നതിനു മുമ്പ് / അസ്‌ലം മാവില

ചപ്പുചവറുകൾ
കത്തിക്കുന്നതിനു മുമ്പ്

അസ്‌ലം മാവില

http://www.kasargodvartha.com/2017/02/before-burning-wastes-aslam-mavila.html


ഇന്നലത്തെ വാർത്ത ഇങ്ങിനെ : കാഞ്ഞങ്ങാട് കടപ്പുറം ബാവാനഗറിലെ പൂർണ്ണ ഗർഭിണിയായ സൗദ മരണപ്പെട്ടത് നിസ്സാരമെന്നു നാമൊക്കെ തള്ളിക്കളയുന്ന ചപ്പുചറുകൾ കൂട്ടിയിട്ടു തീകൊടുക്കുന്നതിനിടയിലാണ്. 70 ശതമാനം പൊള്ളലേറ്റു. വയറ്റിലുള്ള പിഞ്ചു പൈതലും മരിച്ചു. ജനുവരി 23 നാണ് നടേപറഞ്ഞ ദാരുണ സംഭവം നടക്കുന്നത്; മരണം ഇന്നലെയും.  കരണമെന്തെന്നോ ? കൂട്ടിയിട്ട ചവറുകൾക്കിടയിൽ കാലിയായ  സ്പ്രേ ബോട്ടിൽ ഉണ്ടായിരുന്നു. അത് അവരുടെ ശ്രദ്ധയിൽ പെടാത്തതോ അല്ലെങ്കിൽ പെട്ടിട്ടും കാര്യമാക്കാത്തതോ. കത്തുന്ന തീയിൽ ആ കുപ്പി പൊട്ടിത്തെറിച്ചാണ് ആ ഉമ്മയുടെയും വയറ്റിലെ കുഞ്ഞിന്റെയും ജീവനെടുത്തത്.

അപ്പോൾ ഇത് ചെറിയ വിഷയമല്ല. മിക്കവീടുകളുടെ പരിസരത്തും രാവിലെയോ വൈകുന്നേരമോ ഉള്ള സ്ത്രീകളുടെ ഒരു കലാപരിപാടിയാണ് ചപ്പ് ചവറുകൾ കൂട്ടിയിട്ടു തീകൊടുക്കുക എന്നത്. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലുള്ള വീട്ടിൻ  പരിസരങ്ങളിൽ.

കണ്ണിൽ കണ്ട സാധനങ്ങളൊക്കെ കൂട്ടിയിടും. അതിലെന്താണ് എന്നൊന്നും നോട്ടമുണ്ടാകില്ല. നമുക്ക് ശ്വസിക്കാൻ പോലും പറ്റാത്തത്ര രൂപത്തിലുള്ള പുകപടലങ്ങൾ ആകാശത്തു വട്ടമിട്ടു പറക്കുന്നുണ്ടാകും. അതൊക്കെ പരിസരത്തുള്ളവർ ശ്വസിക്കുകയും വേണം. എല്ലാം  പരിസരം വൃത്തിയാക്കുക എന്നതിന്റ പേരിൽ !

ശരി, സമ്മതിച്ചു. പക്ഷെ, അത്തരം സന്ദർഭങ്ങളിലും നടേ പറഞ്ഞ അപകടങ്ങൾ പതിയിരിപ്പുണ്ടെന്നറിയാനുള്ള തിരിച്ചറിവ് ഈ ദാരുണ സംഭവം അറിഞ്ഞെങ്കിലും  പാഠമാകണം.  പൊള്ളലേറ്റാൽ  സ്ത്രീകൾക്കാണ് പുരുഷന്മാരെക്കാളും അപകട സാധ്യതയെന്നു എല്ലാവർക്കുമറിയാം. പൊള്ളലേൽക്കുന്നതിനേക്കാളേറെ പ്രയാസം, തുടർന്ന് ജീവിച്ചു തീർക്കേണ്ട പരിതാപകരമായ നാളുകൾ കൂടിയാണ്.

ചിലർ തലേദിവസം കൂട്ടിയിട്ട ചപ്പുകൾക്ക് തീയിടാൻ വരും. അത് പലപ്പോഴും സൂര്യനസ്തമിച്ചു ഇരുൾ വീണ നേരത്തായിരിക്കും.  മാസങ്ങൾക്ക് മുമ്പ് അങ്ങിയെനെയൊരു തീയിടൽ സംഭവത്തിൽ, ചവറുകൾക്കടിയിൽ പതുങ്ങിക്കിടന്നിരുന്ന വിഷപ്പാമ്പിന്റെ  കടിയേറ്റ് ഒരാൾ ദാരുണമായി മരിച്ചതും നാം വായിച്ചതാണല്ലോ.

നമ്മുടെ സുരക്ഷ ഉറപ്പു വരുത്തി മാത്രമേ ഇത്തരം പരിസരശുചിത്വ പരിപാടികൾക്കിറങ്ങാവൂ. കുട്ടികളും സ്ത്രീകളും ഇതിൽ നിന്ന് ഒഴിവാകണം. വീട്ടിലെ ആണുങ്ങൾ ഇത് ചെയ്യട്ടെ, അതും പൊട്ടലും  സ്ഫോടനവും നടക്കുന്ന വസ്തുക്കൾ, അവിടെ  കൂട്ടിയിട്ട ചവറുകൾക്കിടയിൽ ഇല്ലെന്ന് ഉറപ്പാക്കിയിട്ട്. പ്ലാസ്റ്റിക് വസ്തുക്കൾ , കുപ്പികൾ, തുരുമ്പിച്ച ഇരുമ്പ് കഷ്ണങ്ങൾ, റബ്ബർ വസ്തുക്കൾ, കളിപ്പാട്ടങ്ങൾ, മരുന്ന് പാത്രങ്ങൾ,   ഫാർമസി & കോസ്മറ്റിക്  വസ്തുക്കൾ, വീട്ടുപകരണങ്ങൾ,  മലിന-പൈപ്പുകൾ,  ഡയപെർസ്‌ തുടങ്ങിയവയൊന്നും കത്തിക്കാൻ കൂട്ടിവെക്കരുത്. ചിലർ ബാക്കിയായ ഫുഡ് ഐറ്റംസ് വരെ കത്തിച്ചു കളയും !

തുടർച്ചയായ ഇത്തരം വീണ്ടുവിചാരമില്ലാത്ത കച്ചറ കത്തിക്കലിൽ കൂടി അന്തരീക്ഷത്തിൽ എപ്പോഴും കാർബൺ ഡൈഓക്‌സൈഡ്, മെർക്കുറി, ആസിഡ് അംശങ്ങൾ തുടങ്ങിയവയുടെ സാന്നിധ്യമുണ്ടാകുകയും ശ്വാസകോശ സംബന്ധമായ അസുഖത്തിന് അവ  വഴിവെക്കുകയും ചെയ്യുമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞർ ആധികാരികമായി പറയുന്നുണ്ട്. കളിപ്പാട്ടങ്ങൾ, ഫാർമസി & കോസ്മറ്റിക്  വസ്തുക്കൾ, വീട്ടുപകരണങ്ങൾ,  മലിന-പൈപ്പുകൾ, വിനൈൽ ഫർണീച്ചർ  ഇവയിലൊക്കെ കാണപ്പെടുന്ന പൊളിവീനൈൽ ക്ളോറൈഡ്  കത്തുമ്പോൾ കാൻസർ, വളർച്ച കുറവ്  തുടങ്ങിയ  രോഗങ്ങൾക്ക്കാരണമാകുന്ന ഡയോക്സിനായി രൂപമാർജിക്കുമത്രേ.  ഇതൊക്കെ കണ്ടുകൊണ്ടാണ്  ലെബനൻ പോലുള്ള രാജ്യങ്ങൾ വളരെ വ്യസ്ഥാപിതമായ ഇക്കോ-ഫ്രണ്ട്‌ലി വെയിസ്റ്റ് മാനേജ്‌മെന്റ് സംവിധാനം വർഷങ്ങൾക്ക് മുമ്പ് തന്നെ തുടങ്ങിയിട്ടുള്ളത്.

  മുമ്പൊക്കെ ചവറുകൾ കത്തിക്കുമ്പോൾ ഒരു തൊട്ടി വെള്ളവും ഒരു വട്ടി മണ്ണും  എപ്പോഴും മുൻകരുതലായി കൂടെ വെക്കാൻ കാരണവന്മാർ പറയാറുണ്ട്. അത് പോലെ കാറ്റിന്റെ ഗതിനോക്കി, വളരെ ശാന്തമായ നേരം നോക്കിയായിരുന്നു   അവർ അന്നൊക്കെ ചവറുകൾക്ക്  തീ കൊളുത്തിയിരുന്നത്. മറ്റുള്ളവരുടെ ബുദ്ധിമുട്ട് അവരുടെ കൂടി ബുദ്ധിമുട്ടായി അന്നുള്ളവർ പരിഗണിക്കുമായിരുന്നു.

ഇന്നതൊക്കെ മാറിക്കഴിഞ്ഞു. വീട്ടുമുറ്റത്തു രണ്ടില വീഴുന്നത് വരെ പടച്ചതമ്പുരാൻ  എന്തോ ചെയ്ത പാതകം പോലെ കരുതുന്ന ഒരു വല്ലാത്ത ലോകത്താണല്ലോ നാമെല്ലാവരും. പണ്ടൊക്കെ എല്ലാ വീടുമുറ്റവും ചുറ്റുപാടും തണുപ്പും ''സംപ്പും'' നിലനിന്നിരുന്നത് മുറ്റത്തും പരിസരങ്ങളിലും ഉണ്ടായിരുന്ന പച്ചപ്പും  അവിടെവിടെയായി വീണ് ഭൂമിക്കൊരു മെത്ത വിരിച്ചിരുന്ന  ഉണക്കിലകളുമായിരുന്നുവെന്ന് ആരെങ്കിലും പറഞ്ഞാൽ ആ പറഞ്ഞവന്റെ മെക്കിട്ട് കേറാനായിരിക്കും പലർക്കും താൽപര്യം.

അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ മുൻകൈ എടുത്ത് ഓരോ വീട്ടിലും വളരെ ലളിതമായ വെസ്റ്റ് മാനേജ്‌മെന്റ് നടപ്പിൽ വരുത്താനുള്ള സംവിധാനം കൊണ്ട് വരാൻ മുന്നോട്ട് വരണം. വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ ഓരോ പ്രദേശങ്ങളിലെയും സേവനകൂട്ടായ്മകൾക്കും ക്ളബ്ബുകൾക്കും ഈ വിഷയത്തിൽ ചെറുതല്ലാത്ത പങ്ക് വഹിക്കുവാൻ സാധിക്കും. ഓർഗാനിക് , റീസൈക്കിൾ , നോൺ-റീസൈക്കിൾ എന്നിങ്ങളെ ഇനം തിരിച്ചു തരം തിരിക്കാനും പ്രോസസ്സ് ചെയ്യാനും വെസ്റ്റ് മാനേജ്മെന്റ് വലിയ ഗുണം ചെയ്യും.   മറ്റുള്ളവർക്ക്  ആരോഗ്യപ്രശ്നമുണ്ടാക്കുന്നതും  സ്വന്തം ജീവൻ പോലും അപകടപ്പെടുത്തുന്നതുമായ ഇത്തരം burning garbage ഒഴിവാക്കാൻ അത് വഴി സാധിച്ചേക്കും. ( അതേസമയം  ഉത്തരവാദപ്പെട്ട  ഭരണ സ്ഥാപനങ്ങൾ വെയിസ്റ്റ് മാനേജ്മെന്റിന്റെ ''കൊയിസ്റ്റ്'' മാനേജ്‌മെന്റാക്കി  ഉണ്ടാക്കി വെച്ച   കേളിഗുഡ്ഡയിലെ ആരോഗ്യപ്രശ്നങ്ങൾ ഇന്നും അപരിഹാര്യമായ തുടരുന്ന കാര്യം കൂട്ടത്തിൽ സൂചിപ്പിക്കട്ടെ.)

അടുത്ത ഒരു സൗദയുടെയും  ഗർഭസ്ഥ കുഞ്ഞിന്റെയും ദാരുണ വാർത്ത ആരും  കേൾക്കാത്തിരിക്കട്ടെ, അതിനുള്ള ജാഗ്രത നാം സ്വയം കൈക്കൊള്ളുക.

No comments:

Post a Comment