Tuesday, 21 February 2017

''കുക്കാകുക്ക'' 50 ലക്കം കഴിഞ്ഞപ്പോൾ / മാവിലേയൻ

''കുക്കാകുക്ക''
50 ലക്കം കഴിഞ്ഞപ്പോൾ

മാവിലേയൻ

50 ചാപ്റ്റർ എഴുതി. ഏതാനും ആഴ്ചകൾ കൂടി തുടർന്ന് ഈ പംക്തി നിർത്താൻ ഉദ്ദേശിക്കുന്നു, അതും തുടർച്ചയായ എല്ലാ ആഴ്ചകളും പ്രതീക്ഷിക്കുകയുമരുത്. നിരുപദ്രവസമീപനത്തോട് കൂടി മാത്രമാണ് ഇത്രയും നാൾ ഈ പംക്തി കൈകാര്യം ചെയ്തത്, അതാകട്ടെ, എന്റെ കൂടെപ്പഠിച്ചവരുടെയും  രണ്ടു മൂന്ന് ബാച്ച് മുകളിലും താഴെയുമുള്ള കൂട്ടുകാരുടെയും  വായനാ താത്പര്യവും പ്രോത്സാഹനവും മുൻനിർത്തിയുമാണ്.

ഞാനും അവരുമൊക്കെയാണ് ഇതിലെ കഥാപാത്രങ്ങളും കാഴ്ചക്കാരും, ചിലതൊക്കെ ഒരു നൂൽ കിട്ടിയപ്പോൾ കയറാക്കിയ സാന്ദർഭിക ഭാവനയാണ്. എല്ലാം ഉള്ളത് പോലെ  പകർത്താൻ ഞാൻ ഫോട്ടോ ഗ്രാഫറോ വീഡിയോ ഗ്രാഫറോ അല്ല.  ഇതൊട്ട് ഹിസ്റ്ററിയോ ബിബ്ലിയോഗ്രാഫിയോ ബയോഗ്രഫിയോ ഓട്ടോബയോഗ്രഫിയോ ഒന്നുമല്ല. ''കുക്കാകുക്ക'' യെ അതിന്റെ ഗണത്തിൽ പെടുത്താനും ഉദ്ദേശമില്ല. കുഞ്ഞാവയുടെ എരുമപ്പാലെന്ന് പറഞ്ഞപോലെ, എല്ലാമുണ്ട് താനും, പാലും പാടയും വെള്ളവും !

ഇന്ന് മുതൽ ഇതിലെ ഒന്നാം ചാപ്റ്റർ തൊട്ട്ചില എഡിറ്റിങ്ങൊക്കെ നടത്തി rtpen ബ്ലോഗിൽ പോസ്റ്റ് ചെയ്യാനുള്ള ശ്രമം തുടങ്ങും. ഇത് വരെ അത് എന്റെ വ്യക്തിപരമായ പേരിലുള്ള ബ്ലോഗിലായിരുന്നു. വെറുതെയൊന്ന് പ്രിന്റ് ചെയ്‌തെടുത്ത് നോക്കിപ്പോൾ A4 സൈസ് പേപ്പറിൽ 225 പേജുകളോളമുണ്ട് .  രണ്ടാം വായനക്കുള്ള സമയമില്ലാതെ, അക്ഷരത്തെറ്റും വാൿഘടനയും നോക്കാൻ പോലും ശ്രമിക്കാതെ ''ഓടിച്ചു'' എഴുതിയതായത്കൊണ്ട്  അതിന്റേതായ പരിമിതികൾ ഉണ്ട് . അത് കൊണ്ടായിരുന്നു ഇത് വരെ RTPEN ബ്ലോഗിൽ പോസ്റ്റ് ചെയ്യാൻ മുതിരാത്തത്.

ഒന്നര വർഷം മുമ്പ് സുഹൃത്ത് അശ്റഫ് (സീദുൻച്ച) പറഞ്ഞ ഒരു ആശയമായിരുന്നു ഈ രചന തുടങ്ങാനും തുടരാനും പ്രേരകം. അന്ന് RT യിൽ അമ്പതിൽ താഴെ അംഗങ്ങളേ ഉണ്ടായിരുന്നുള്ളൂ. വാമൊഴിയും (സൃഷ്ടിപരമായ) വാഗ്വാദവുമായിരുന്നു അന്ന് RT ഫോറത്തിൽ കൂടുതൽ.  നൂറ് പേരെ ഉൾക്കൊള്ളാനുള്ള സ്‌പെയ്‌സ് ഉണ്ടായിരുന്നെങ്കിലും അതങ്ങിനെ തന്നെ ഒഴിച്ചിട്ടു. (ഇപ്പോഴും അങ്ങിനെത്തന്നെയാണല്ലോ )  മറ്റുള്ളവരും അശ്‌റഫിന്റെ അഭിപ്രായത്തിന് പിന്തുണയുമായി വന്നു. അങ്ങിനെ അങ്ങിനെ എഴുതിത്തുടങ്ങിയതാണ് ഈ പംക്തി.

2009  -2010 കാലയളവിൽ ജലീൽ പട്ടാമ്പി (ഗൾഫ് ചന്ദ്രിക), സാദിഖ് കാവിൽ (ഗൾഫ് മനോരമ) എന്നിവരുടെ പ്രോത്സാഹനം കൊണ്ട് ആ പത്രങ്ങളിലെ ഗൾഫ് പേജുകളിൽ വല്ലപ്പോഴും എഴുതിയിരുന്ന എന്റെ അഡ്മിൻ സർവീസ് ജീവിതത്തിലെ തമാശ നിറഞ്ഞ അനുഭവങ്ങൾ ''ഡിസേർട്ട് സ്റ്റോറീസ്'' എന്ന പേരിൽ എഴുതുമായിരുന്നു. അതിന്റെ ഒരു ശൈലിയിലാണ് ഞാൻ ''കുക്കാകുക്ക'' യും മുന്നോട്ട് കൊണ്ട് പോയത്. (വർഷങ്ങൾക്ക് മുമ്പ് മാതൃഭൂമി വാരാന്തപ്പതിപ്പിൽ വന്നിരുന്ന   മലയാറ്റൂർ സാറിന്റെ എന്റെ സർവീസ് കഥകളും, അക്ബർ കക്കട്ടിൽ മാഷിന്റെ  അധ്യാപക കഥകളും ചിരിച്ചുമരിച്ചു  വായിച്ച ചില ഓർമ്മകളും എന്റെ മനസ്സിൽ അന്നുണ്ട് )

അവരവരുടെ പിഴവുകളും പാളിച്ചകളും മണ്ടത്തരങ്ങളും പരസ്പരം പറഞ്ഞും ചിരിച്ചും തികച്ചും ആസ്വാദ്യകരമാക്കുന്നതിൽ നടേ പറഞ്ഞ അഞ്ചാറ് ബാച്ചുകൾ  മുന്നിലായിരുന്നു, ഇപ്പോഴും എപ്പോഴും. അങ്ങിനെയൊരു വിശാലമനസ്കതയുടെ തിണ്ണബലത്തിലാണ് ''കുക്കാകുക്ക'' മുന്നോട്ട് പോയത്. അവരുടെ കുടുംബങ്ങളിൽ ഇതിനു കിട്ടിയ സ്വീകാര്യത,  നിർത്തിക്കളയാം എന്ന് വിചാരിച്ചു രണ്ടു മൂന്ന് വട്ടം നിർത്തിയപ്പോൾ വീണ്ടും ''പേന'' എടുപ്പിക്കുകയും ചെയ്തു.

ബ്ലോക്കുകൾ എന്നുമുണ്ട്. പക്ഷെ അത് അന്ന്  വഴിവിട്ടു പോയിരുന്നില്ല.  ഇവനെക്കേൾക്കരുതെന്ന്,  ഇവനെ വായിക്കരുതെന്ന്   ആ കാലങ്ങളിൽ പറഞ്ഞാലും അതൊന്നും മുഖവിലക്കെടുക്കാൻ അന്നത്തെ പൊതുബോധം  തയ്യാറുമായിരുന്നില്ല. അന്ന് നടന്നിരുന്ന  സാഹിത്യ സമാജങ്ങൾക്ക് വലിയ പങ്കുണ്ട്. P.അഹമ്മദ് , എച്‌കെ സഹോദരങ്ങൾ , സിഎച്ച് തുടങ്ങിയവർ നയിച്ച  ഒഎസ്എ, നാട്ടിലെ സൗഹൃദ മഹല്ല് സംവിധാനങ്ങൾ, വിശാലമനസ്കതയുടെയും  പക്വതയുടെയും ഭാഗമായ പ്രാദേശികനേതൃനിര, അവരിൽ തന്നെയുള്ളവരുടെ പരന്നവായന ഇതൊക്കെയാവാം അന്ന് എല്ലാവർക്കും വലിയ മുതൽക്കൂട്ടായത്.

നേതൃത്വങ്ങളും പദവികളും ഇങ്ങോട്ട് വന്നു വാതിൽ മുട്ടുന്ന അന്തരീക്ഷമായിരുന്നു അന്ന്. ആദരവുകൾ പരസ്പരം കൊണ്ടുകൊടുക്കലുകളുടെ ഭാഗമായി. ചിരിക്കാൻ കിട്ടിയ അവസരങ്ങൾ എല്ലാവരും ഉള്ളുതുറന്ന് ഉപയോഗപ്പെടുത്തി. ഇന്നത്തെപ്പോലെ പഠിപ്പും പത്രാസും അന്നുള്ളവരിൽ ഇല്ലായിരിക്കാം. പക്ഷെ, അതൊരു വലിയ കുറവായി ഞാൻ കാണുന്നില്ല.  (അത് കൂടി എല്ലാവർക്കും , അല്ല പകുതി പേർക്കെങ്കിലും ഉണ്ടായിരുന്നെങ്കിൽ നമ്മുടെ നാടിന്റെ  അന്നത്തേയും ഇന്നത്തെയും ചിത്രം തന്നെ മാറുമായിരുന്നല്ലോ) എല്ലാത്തിനേക്കാളും തൂക്കം നിന്നത് ബ്ലോക്കുകൾ ഇല്ലാത്ത ജീവിത സാഹചര്യമായിരുന്നു, അതുറപ്പ്.

അവസാനമായി പറയട്ടെ,  ഈ ഒരു പംക്തിയിൽ  മാത്രമാണ് ഞാൻ മാവിലേയൻ എന്ന  പേര്  സ്വീകരിച്ചത്. ''കുക്കാകുക്ക'' വായിക്കുമ്പോൾ ഒരു തമാശനിറഞ്ഞ ഇടപെടലായി  (funny business ) വായനക്കാർക്ക് തുടക്കം മുതൽ തന്നെ  തോന്നിക്കോട്ടെ എന്ന് കരുതിയാണ് ആ പേരിലെഴുതുന്നത്.

എല്ലാവരോടും നന്ദി, എന്നെ വായിച്ചവർക്കും വായിക്കാൻ തുടങ്ങുന്നവർക്കും. എന്റെ വിശ്വാസം ഇതാണ് - വായിക്കാതെയും നിരീക്ഷിക്കാതെയും കൂട്ടത്തിൽ കൂടാതെയും നമുക്ക് ഒന്നും നൽകാനാകില്ല.  എഴുത്തിലും പറച്ചിലിലും അതിന്റെ അഭാവം വല്ലാതെ നിഴലിക്കും. എന്റെ ''പരിമിതികൾ'' നിങ്ങൾ കാണുന്നുവെങ്കിൽ,  എനിക്കവയിലുള്ള  കുറവുകൾ തന്നെ. നിസ്സംശയം.

No comments:

Post a Comment