Friday 24 February 2017

പട്‌ല സ്മാർട്ട് സ്‌കൂൾ ''എന്റെ സ്‌കൂളിന് എന്റെ കൈനേട്ടം'' ഫണ്ട് റൈസിംഗ് കാമ്പയിൻ ഇന്ന്മുതൽ തുടങ്ങിയാലോ ? / അസ്‌ലം മാവില

പട്‌ല സ്മാർട്ട്  സ്‌കൂൾ

''എന്റെ സ്‌കൂളിന്
എന്റെ കൈനേട്ടം''

ഫണ്ട് റൈസിംഗ് കാമ്പയിൻ
ഇന്ന്മുതൽ  തുടങ്ങിയാലോ ?


അസ്‌ലം മാവില

ഫിബ്രവരി 22 കഴിഞ്ഞു 3 - 4 ദിവസമായി. നമുക്കും ഒന്നുണരണ്ടേ? ജാരിയായ സ്വാദഖയിൽ പെടുന്ന ഒരു അവസരമാണ് ഒത്തുവന്നിരിക്കുന്നത്. അവനവന് പറ്റിയ രൂപത്തിൽ മാക്സിമം സഹകരിക്കാൻ ഒരവസരം.
എന്തുമാകാം ഓഫർ. അവിടെ  നൽകിയ ഓഫറിന്റെ ഭാഗവുമാകാം.  അഞ്ചു ക്‌ളാസ്സ് മുറികളിൽ മാത്രമായി ടൈൽസ്പാകൽ ഒതുക്കരുത്.  നാമിവിടെ ഒരുക്കൂട്ടുന്ന സംഖ്യ  മറ്റുള്ള വളരെ ആവശ്യമായ കാര്യങ്ങൾക്ക് കൂടി ബാക്കി വരുന്ന രൂപത്തിൽ  കളക്ഷൻ നടത്തണം.  ഹൈട്ടെക്ക് സ്‌കൂളാകാൻ എന്തൊക്കെ requirements ഉണ്ടോ അതൊക്കെ അതിൽപ്പെടണം, ഡസ്റ്റ് ഫ്രീ, ഷെൽഫ് ......എന്താന്ന് വെച്ചാൽ അവയൊക്കെ.

നിങ്ങളുടെ അനുവാദമുണ്ടെങ്കിൽ, ഇന്നുമുതൽ നമുക്ക് ഈ കാമ്പയിനുമായി മുന്നോട്ട് പോകാം. ഇന്ന് സ്‌കൂൾ വികസന സമിതി നേതൃത്വം നിങ്ങളെ കാണാനുള്ള തയ്യാറെടുപ്പിലുമാണ്. ആത്യന്തികമായി നമ്മുടെ ഉദ്യമം വിജയിക്കണമെന്നതാണ്. നമ്മുടെ ദൃഡനിശ്ചയമാണ് നമ്മുടെ കരുത്ത്. പിന്നോട്ടില്ലെന്ന  ഉറച്ച തീരുമാനം. അധികൃതർ സ്‌കൂൾ തഴയുന്നോ എന്ന സംശയമുണ്ടായപ്പോൾ രണ്ടു രണ്ടര വർഷങ്ങൾക്ക് മുമ്പ് നാമെല്ലാവരും ഭിന്നത മറന്നത് ഓർമ്മയില്ലേ ? ആദ്യം അരമില്യൺ കിട്ടി. പിന്നെ അഞ്ചു മില്യൺ. പിന്നെ പിന്നെ മില്യണും കൈവിട്ട മട്ടായി.

 ഉത്സാഹിച്ചാൽ നിറവേറാത്ത ഒന്നും ഇന്നേവരെ  നമ്മുടെ നാട്ടിൽ ഉണ്ടായിട്ടില്ല. അപകടത്തിൽ പ്രയാസപ്പെട്ടവർക്ക് ചെറിയ ദിവസങ്ങൾ കൊണ്ടാണ് ലക്ഷങ്ങൾ നൽകാൻ ഉദാരമതികളായ നാട്ടുകാർ മുന്നോട്ട് വന്നത്. വീടില്ലാത്തവർക്ക് അതിനുള്ള സഹായം, വീട് പണിതീരാത്തവർക്ക് അതിനുള്ളത്, ഭക്ഷണത്തിനു പ്രയാസപ്പെട്ടപ്പോൾ അങ്ങിനെ.... എല്ലാത്തിനും നാം മുൻകൈ എടുത്തു, ചെയ്തു, തീർത്തു, ഏൽപ്പിച്ചു.

ഇനി ഏറ്റവും ആവശ്യം നമ്മുടെ സ്‌കൂളാണ്. പട്‌ല സ്‌കൂൾ  നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. ഒന്നുമറിയാത്തപ്പോഴാണ് നാം അവിടെ ഒന്നാം ക്‌ളാസിൽ ചേർന്നത്. നമ്മുടെ മാതാപിതാക്കളുടെ പ്രാർത്ഥനയും നാട്ടുകാരുടെ കഠിന പ്രയത്നവും  കൊണ്ടാണ് അന്നാസ്‌കൂൾ നമുക്ക് വേണ്ടി  ഒരുങ്ങിയത്.  നാട്ടുകാർക്ക് വേണ്ടി അങ്ങിനെ തന്നെ നൽകാൻ  സ്‌കൂളിന് തുടക്കം കുറിച്ചവർ മഹാമനസ്കത കാണിച്ചു. എൽ.പിയായി.  യുപിയായി.  പിന്നീടത്   ഹൈസ്‌കൂളായി. അവസാനം ഹയർസെക്കണ്ടറിയും.

വടക്ക്-കിഴക്ക് മൂലയിലെ 3 മുറി ഓടിട്ട ഒരു കെട്ടിടം കണ്ടോ ? നാട്ടുകാർ രാവും പകലും പണിയെടുത്തും മണ്ണുചുമന്നും വെള്ളമൊഴിച്ചും കയ്യിൽ നിന്ന് മുതലിറക്കിയും ഉണ്ടാക്കിയതാണ്. കെട്ടിടമുണ്ടെങ്കിൽ ഹൈസ്കൂൾ പാസാക്കാമെന്ന് അന്നത്തെ  സർക്കാർ  പറഞ്ഞപ്പോൾ നാട്ടുകാരെ പിടിഎ  ഇതേ പോലെ വിളിച്ചു കൂട്ടി. വളരെ വളരെ സാധാരണക്കാരായ നാട്ടുകാർ അതൊരു  ചാലഞ്ചായി ദൗത്യം ഏറ്റെടുത്തു. അന്ന് ഇന്നത്തെപ്പോലെ പൈസയുടെ പളപളപ്പ് എല്ലായിടത്തുമില്ലെന്ന് കൂടി ഓർക്കണം.

ഇന്നോ ? പടച്ചവന് സ്തുതിക്കണം, ആയിരം വട്ടം. അഭിമാനത്തോട് കൂടി, സന്തോഷത്തോടു കൂടി പടച്ചവൻ തന്നതിൽ നിന്ന് ''എന്നെ പഠിപ്പിച്ച, ഞാൻ പഠിച്ച, എനിക്ക് വിദ്യാഭ്യാസം നൽകിയ എന്റെ സ്‌കൂളിന്'' നൽകാൻ നൂറുവട്ടം നമുക്കാകും. സാധിക്കില്ലേ ? സാധിക്കും. അതുകൊണ്ട്  എല്ലാവരും നൽകണം. അതൊരു നഷ്ട്ടമേ അല്ല. 1981-82 ൽ നമ്മുടെ കാരണവന്മാരോട് സർക്കാർ  ചോദിക്കുന്നുണ്ട്, ഇതൊരു ചാലഞ്ചായി ഏറ്റെടുക്കാൻ പറ്റുമോ എന്ന് ?   2017 ൽ  നമ്മുടെ തലമുറയോട്  സർക്കാർ  ചോദിക്കുന്നത്, ഹൈട്ടെക്ക് സ്‌കൂളാക്കാം, ഈ ചാലഞ്ച് ഏറ്റെടുക്കുമോ എന്ന്.  ''യെസ്'' എന്നാണ് ഫിബ്രവരി 22 ന് അവിടെ കൂടിയ നാട്ടുകാരും അധ്യാപകരും സമ്മതിച്ചത്. നമ്മെ എല്ലാവരെയും നമ്പിയാണ് അവരത് പറഞ്ഞത്.  അതുകേട്ട്, അവിടെ കൂടിയവർ  വിദേശത്തുള്ളവർ, പുറം നാട്ടിലുള്ളവർ പ്രതികരിച്ചു. ഓഫറുകളും കിട്ടിത്തുടങ്ങി.   ആ ഓഫറുകൾ കൊണ്ട്  മാത്രം ലക്ഷ്യം പൂർത്തിയാകില്ല. എല്ലാവരും ഒരുങ്ങണം. ഒരുങ്ങിയേ തീരൂ. പഠിച്ച സ്‌കൂളിനോട് ചെയ്യുന്ന നന്ദികൂടിയാണ് ഈ അവസരം. നമ്മെ ആ സ്‌കൂളിലേക്കയച്ച   ഉപ്പയുടെ, ഉമ്മയുടെ ഓർമ്മകൾക്ക് വേണ്ടി നമ്മുടെ സംഭാവനകൾ സ്മാരകമായി സമർപ്പിക്കാം.

പുറം നാടുകളിലേക്ക്കെട്ടിച്ചയച്ച പെൺമക്കളോടും പെങ്ങമ്മാരോടും നമ്മൾ പറയണം.  പറഞ്ഞാലല്ലേ അവരിയറിയൂ. അവരും ഇതിന്റെ ഭാഗമാകും, തീർച്ച. ആണായാലും പെണ്ണായാലും, ആര് കൊടുത്താലും പടച്ചവൻ കൂലി  തരും, അതുറപ്പ്. ഈ ആവശ്യത്തിലേക്കുള്ള അവരുടെ ഭാര്യമാരുടെ അഭ്യർത്ഥനയോട്  ഭർത്താക്കന്മാർ  സഹകരിക്കില്ലെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ ? ഇല്ല, നമ്മുടെ പുയ്യാപ്പളമാർ അതി-അതി-ഉദാരുക്കളാണ്.

നിങ്ങളുടെ വിഹിതം, അല്ലെങ്കിൽ ഓഫർ ഇനി പറയുന്നവരെ വിളിച്ചോ അവരുടെ വാട്ട്സ്ആപ്പിലോ അറിയിക്കുക.

എച് കെ അബ്ദുൽ റഹിമാൻ
സൈദ് കെ. എം  &  സി എച്ച്
എം.എ. മജീദ് & ആസിഫ് പട്‌ല

അഷ്‌റഫ് ഫാർമസി, സുൽത്താൻ മഹമൂദ് (അബുദാബി)
ബക്കർ മാഷ് (ദുബൈ) അറഫാത്ത് (ഷാർജ)
അരമന മുഹമ്മദ് (അൽഐൻ )
സത്താർ പതിക്കാൽ, നിസാം മൊഗർ  (ബഹ്‌റൈൻ)
നാസർ കെ.എ,  അസ്‌ലം പട്‌ല & അസീസ് ടിവി  (സഊദി )
ഹനീഫ് പേരാൽ, ഷാഫി മീത്തൽ (ഖത്തർ)
അബ്ദുല്ല ബി.എം  & അബൂബക്കർ സൈനുദ്ദീൻ (മുംബൈ)
സിറാർ അബ്ദുല്ല  (മാംഗ്ലൂർ)
സലിം പട്‌ല  (ബാംഗ്ലൂർ )
കാദർ ഒരുമ  (ഒമാൻ )
T.B.D  (കുവൈറ്റ് )

No comments:

Post a Comment