Saturday 18 February 2017

WISDOM Guidelines For Parents & Students

WISDOM  Guidelines For Parents & Students

പരീക്ഷയും പരീക്ഷാകാലവും
എങ്ങിനെ ഫലപ്രദമായി സമ്പന്നമാക്കാം
------------------------------------------------------------------

പരീക്ഷാകാലമാണ് ഇനി വരുന്നത് !

പരീക്ഷ എന്ന്  കേൾക്കുമ്പോൾ ചിലരത് ഗൗരവത്തിലെടുക്കും,  ചിലർ പേടിക്കും, വേറെ ചിലർ വളരെ  നിസ്സാരമായി കാണും.

ദൗർഭാഗ്യകരമെന്ന്   പറയട്ടെ രണ്ടും മൂന്നും വിഭാഗത്തിൽ ഉള്ളവരാണ് അധികവും. പ്രത്യേകിച്ച് നമ്മുടെ ജില്ലയിലുള്ളവർ. കുട്ടികളും രക്ഷിതാക്കളും ഈ വിഷയത്തിൽ ശ്രദ്ധിക്കേണ്ടതല്ലേ ?

മക്കളെ വിദ്യാലയങ്ങളിലേക്ക് അയക്കുന്ന കാര്യത്തിൽ മാത്രമാണ് രക്ഷിതാക്കൾക്ക് ശ്രദ്ധ. അതോട് കൂടി ഉത്തരവാദിത്തം കഴിഞ്ഞു എന്നിടത്ത് നിന്നാണ് കുട്ടികളുടെ ഉഴപ്പൽ തുടങ്ങുന്നത്. ഒരു തൈ  നടുന്നതോട് കൂടിയല്ലല്ലോ കൃഷിക്കാരന്റെ ബാധ്യത തീരുക. ആടുകളെ മേയ്ക്കാനിറങ്ങുന്ന ഇടയന് യഥേഷ്ടമവയെ അതിന്റെ വഴിക്ക് വിടുന്നതോട് കൂടി ഉത്തരവാദിത്തം കഴിഞ്ഞെന്ന് പറഞ്ഞാൽ ആരെങ്കിലും അംഗീകരിച്ചു തരുമോ ? ഇല്ലല്ലോ. മറിച്ചു ഉദ്യമത്തിന്റെ ഒന്നാം നാൾ മുതൽ ചുമതല തുടങ്ങുകയാണ്.  അപ്പോൾ പള്ളിക്കൂടത്തിൽ മക്കളെ അയക്കുന്ന രക്ഷിതാക്കൾക്ക് വളരെ ഭാരിച്ച ഉത്തരവാദിത്തമുണ്ടെന്നു പ്രത്യേകിച്ച് പറയണോ ? ചുരുക്കത്തിൽ,  മക്കളെ പഠിപ്പിക്കാൻ അയക്കുന്നത് മുതൽ രക്ഷിതാക്കളുടെ ഉത്തരവാദിത്തം  തീരുകയല്ല, തുടങ്ങുകയാണ്എന്നർത്ഥം . വളരെ നല്ല ശ്രദ്ധ കുട്ടികളുടെ കാര്യത്തിൽ ഉണ്ടായേ തീരൂ.  പരീക്ഷാകാലങ്ങളിൽ പ്രത്യേകിച്ചും.

എല്ലാ വീട്ടിലും  സൗകര്യങ്ങൾ കൂടി.  ആ സൗകര്യങ്ങൾക്കനുസരിച്ചു മക്കൾ പഠനകാര്യത്തിൽ ശ്രദ്ധാലുക്കളാണോ ? മുൻതലമുറകൾക്ക് കിട്ടാത്ത സൗകര്യങ്ങളെ മക്കൾ നേരാം വണ്ണമാണോ ഉപയോഗിക്കുന്നത് ? അതല്ല , ദുരുപയോഗം ചെയ്യുന്നുണ്ടോ? അത്തരം ഘട്ടങ്ങളിൽ അപ്പപ്പോൾ രക്ഷിതാക്കൾ ഇടപെട്ട് മക്കളെ പഠനകാര്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു വിടാൻ ശ്രമിച്ചിട്ടുണ്ടോ ? അങ്ങിനെ ഒരു പാട് ചോദ്യങ്ങൾ... തൃപ്‍തികരമായ ഉത്തരമല്ല  നിങ്ങളുടെ  മനസാക്ഷി പറയുന്നതെങ്കിൽ, മക്കൾക്ക് അറിയുന്ന രീതിയിൽ, വളരെ  സ്നേഹപൂർവ്വം,  ഗുണകാംക്ഷ ആഗ്രഹിച്ചു ഇന്ന് തന്നെ അവരുടെ പഠനകാര്യത്തിൽ രക്ഷിതാക്കൾ ഇടപെട്ടേ തീരൂ.  അറിയാമല്ലോ, ഒരു വർഷം അവരെ പ്രതീക്ഷയോട് കൂടി വിദ്യാലയങ്ങളിൽ പറഞ്ഞയച്ചതിന്റെ റിസൾട്ട് ലഭിക്കുന്ന കൊല്ലവർഷ പരീക്ഷയ്ക്ക് കുറഞ്ഞ ദിവസങ്ങളേയുള്ളൂ.

നേരത്തിനു മക്കൾ  വീട്ടിൽ എത്തട്ടെ, സന്ധ്യ കഴിഞ്ഞാൽ ഒരാവശ്യത്തിനും മക്കളെ പുറത്തേക്ക് വിടരുത്. ടിവി, സീരിയൽ, മൊബൈൽ, ഇലക്ട്രോണിക് ഡിവൈസിസ് ഇതിന്റെ ഉപയോഗങ്ങൾ ആദ്യം രക്ഷിതാക്കൾ സ്വയമൊന്ന് കുറക്കുക. അവരുടെ പരീക്ഷകൾ കഴിഞ്ഞും നിങ്ങൾക്കവ ഉപയോഗിക്കാമല്ലോ. ആഘോഷങ്ങൾ, കല്യാണങ്ങൾ, വിനോദയാത്രകൾ, മറ്റു പരിപാടികൾ  തുടങ്ങിയവയിൽ  രക്ഷിതാക്കൾ പരീക്ഷകൾ  കഴിയുന്നത് വരെ  അമിതമായ ശ്രദ്ധ കൊടുക്കാതിരിക്കുക. വീടും പരിസരവും  മക്കളുടെ പഠനത്തിനാവശ്യമായ അന്തരീക്ഷമുണ്ടാക്കുക. സ്നേഹപൂർവ്വവും അവരുടെ നന്മ ആഗ്രഹിച്ചുമുള്ള രീതിയിൽ മക്കളെ ഉപദേശിക്കുക. വീട്ടിൽ അനാവശ്യമായ സംസാരങ്ങൾ രക്ഷിതാക്കളും നിർത്തുക. പഠന സമയത്തുള്ള കുടുംബ സന്ദർശനങ്ങൾ ഒഴിവാക്കുക ( പ്രത്യേകിച്ച് രാത്രി കാലങ്ങളിൽ). കുട്ടികളുടെ കൂടെ നിങ്ങളും നേരത്തെ എഴുന്നേൽക്കാൻ ശീലിക്കുക. മക്കളുടെ പരീക്ഷയ്ക്കുള്ള മുഴുവൻ സപ്പോർട്ടുമായി മാതാപിതാക്കൾ  ഒരുങ്ങുന്നുവെന്നു അവർക്ക് തോന്നിത്തുടങ്ങിയാൽ തന്നെ കുട്ടികൾ ഉഷാറായിക്കോളും ! പരീക്ഷയ്ക്ക് തയ്യാറാകാനുള്ള താൽപര്യവും ഉത്സാഹവും അവരിൽ താനേ ഉണ്ടായിക്കൊള്ളും, ഉറപ്പ്, അത് നൂറ് ശതമാനം.

കുട്ടികളേ ,  ഇനി നിങ്ങൾ എങ്ങിനെ ഒരുങ്ങണം?
വളരെ സിമ്പിൾ.  ചെറിയ മനസ്സ് വെച്ചാൽ മതി. ആവറേജിന് മുകളിൽ   മാർക്കുകൾ ലഭിക്കുന്ന Excellent കാറ്റഗറിയിൽ പെടുന്ന കുട്ടികൾക്ക് ഈ ലീഫ്-ലെറ്റിന്റെ ആവശ്യമില്ല.  അവർ ഇതിന്റെയൊന്നും സഹായമില്ലാതെ പഠിച്ചോളും.  പക്ഷെ, ആ നിലവാരത്തിലേക്ക് എത്താൻ ബാക്കിയുള്ള കുട്ടികൾക്കാണ് ഈ ഗൈഡ്-ലൈൻസ് ഉപകാരപ്പെടുക. അതിനുള്ള ശ്രമം വിദ്യാർത്ഥികൾ  ഇന്ന് മുതൽ തുടങ്ങുമെങ്കിൽ.  കുറഞ്ഞത് അതിന്റെ തൊട്ടടുത്തെത്താനെങ്കിലും ഒരുപാട് പേർക്ക്  ഈ ശ്രമങ്ങൾ കൊണ്ട് സാധിക്കും.

അതിന് എന്ത് വേണം ? ചില അഡ്ജസ്റ്റ്മെന്റുകൾക്ക് നിങ്ങൾ തയ്യാറാകണം. അതെങ്ങിനെ ?  അതും സിമ്പിൾ. ചിലത് തുടങ്ങണം. അത് തുടങ്ങിക്കഴിഞ്ഞാൽ വേറെ ചിലത് താനേ ഒഴിവാകും. പിന്നെയും ചിലവ  ബാക്കിയുണ്ടെന്ന് നിങ്ങൾക്ക് സ്വയം ബോധ്യവുമാകും. അവ കണ്ണുംചിമ്മി വളരെ ഈസിയായി ഒഴിവാക്കാൻ തീരുമാനിച്ചാൽ  കാര്യങ്ങൾ എളുപ്പമായി. പരീക്ഷയൊക്കെ കഴിഞ്ഞു, റിസൾട്ട് അറിയുമ്പോൾ  നിങ്ങളൊരിക്കലും പ്രതീക്ഷിക്കാത്തതായിരിക്കും നിങ്ങളെ കാത്തിരിക്കുക.

അപ്പോൾ തുടങ്ങാം.   അതിരാവിലെ എഴുന്നേൽക്കുക. നമ്മുടെ മൊബൈൽ ഇനി മുതൽ അലാറാമിനായി  മാത്രം ഉപയോഗിക്കുക. പ്രാഥമിക കൃത്യങ്ങളും  പ്രാർത്ഥനയുമൊക്കെ കഴിഞ്ഞു,  വെറും വയറ്റിൽ മൂന്ന്-നാല് ഗ്ലാസ്സ് ശുദ്ധജലവും കുടിച്ചു പഠിക്കാനിരിക്കുക.  ഗൃഹപാഠത്തിന് നിങ്ങൾ ഒരു ടൈംടേബിൾ ഉണ്ടാക്കിയിട്ടുണ്ട്. ഓരോ വിഷയത്തിനും ഇത്ര മണിക്കൂറെന്ന് ഇനിയും  നിശ്ചയിക്കാത്തവർ അത് ചെയ്യുക. ഒരേ വിഷയം പഠിക്കുമ്പോൾ ഉണ്ടാകുന്ന ബോറിങ്‌ ഒഴിവാക്കാൻ വിഷയങ്ങൾ മാറി മാറി പഠിക്കുക. ഔട്ട് ഓഫ് സിലബസ് ഭാഗങ്ങൾ ഒന്ന് കൂടി ഉറപ്പാക്കി, പ്രത്യേകം മാർക്ക് ചെയ്ത് മാറ്റിവെക്കുക. ഓരോ ഭാഗങ്ങൾ പഠിക്കുമ്പോഴും അതിനൊരു ഡെഡ്‌ലൈൻ വെക്കുക, ഇത്ര മണിക്കൂറിൽ, ഇത്ര ദിവസത്തിൽ പൂർത്തിയാക്കുമെന്ന്.   കുറച്ചു ടഫ് തോന്നിക്കുന്ന വിഷയങ്ങൾ പഠിക്കാൻ ദിവസത്തിന്റെ ആദ്യ മണിക്കൂറുകൾ ഉപയോഗിക്കുക.

 നിങ്ങൾക്ക് കൺഫർട്ടബ്ളായ വീട്ടിലെ ഒരു മുറി പഠിക്കാനായി തെരഞ്ഞെടുക്കുക.  ടാബ്, ഗെയിംസ്, മൊബൈൽ, മാസികകൾ, വളർത്തു മൃഗങ്ങൾ  ഇവ പഠന മുറിയിൽ നിന്ന് മാറ്റുക.  അതൊക്കെയുണ്ടെങ്കിൽ ശ്രദ്ധ പിന്നെ അങ്ങോട്ടായിരിക്കും. ഇരിക്കുന്നത് ഉറക്കത്തിലേക്ക് വഴിവെക്കുന്ന രൂപത്തിലാകരുത്.  കട്ടിലിൽ ഇരുന്നു വായിക്കുന്നതിന് പകരം കസേരയാണ് നല്ലത്.  മുറിയിൽ നല്ല വെളിച്ചമുണ്ടാകട്ടെ. പുസ്തകം, പേന, പെൻസിൽ, റബ്ബർ തുടങ്ങിയവ കയ്യെത്തും ദൂരത്തു തന്നെ  വേണം. നോട്ടുബുക്കിലും ടെക്സ്റ്റ് ബുക്കിന്റെ മാർജിനിലും  കുറിപ്പ് എഴുതുക.  ആവശ്യമുള്ളിടത്ത് അണ്ടർലൈൻ & ഹൈലൈറ്റ് ചെയ്യുക.  ഇതൊക്കെ പെട്ടെന്ന്  ക്യാച്ച് ചെയ്യാൻ സഹായിക്കും.

 ഓരോ  മണിക്കൂറിലും ഒരു ഇടവേള ആവശ്യമാണ്. പത്തു മിനിറ്റ് മതി ; ഒന്ന് റിലാക്‌സാകാൻ. പത്ര വായന, വീട്ടിലുള്ളവരോട് കളിതമാശ.  ഒരു കളിയിൽ ഏർപ്പെടാം, അല്ലെങ്കിൽ ഒരു പാട്ട് കേൾക്കാം.  ഇനി  നിങ്ങൾ  പഠനമുറിയിൽ പോയിനോക്കൂ. അത്ഭുതം ! ആദ്യത്തെ അതേ ഉന്മേഷം!  മാത്രമല്ല ഇങ്ങിനെയുള്ള ''ബ്രൈക്ക്സ്'' പരീക്ഷാപഠനകാലത്തുണ്ടാകാറുള്ള ''സ്റ്റഡി തലവേദന'' ഒഴിവായി കിട്ടാൻ സഹായിക്കും.  ഒറ്റയിരുപ്പിനു  കുറെ നേരം പഠിക്കാൻ പറ്റിയ സംവിധാനമല്ല നമ്മുടെ തലച്ചോറിനെന്ന് എല്ലാവർക്കുമറിയാമല്ലോ.

വായിക്കുമ്പോൾ ഉറക്കം വരും ചിലർക്ക്. അതിനുള്ള കാരണങ്ങൾ : വെളിച്ചക്കുറവ്, ഇരുത്തം ശരിയാവാഞ്ഞ്, ഉറക്കക്കുറവ്, പോഷകാഹാരകുറവ്, ശ്രദ്ധമാറൽ.  ഇവയിൽ ഏതാണ് നിങ്ങൾക്ക് കാരണമായിട്ടുള്ളതെന്ന് നിങ്ങൾക്കേ  അറിയൂ. അത് കണ്ടെത്തി പരിഹരിച്ചാൽ തീരാവുന്ന സംഗതിയേയുള്ളൂ. എല്ലാവര്ക്കും എല്ലാ വിഷയങ്ങളും ഒരേ അളവിൽ പഠിക്കാനും ഗ്രഹിക്കാനും സാധിക്കില്ല. അത്കൊണ്ട്  വായിക്കുമ്പോഴുള്ള ഉറക്കം അതിനൊരു കാരണമാക്കരുത്.

ഭക്ഷണത്തിന്റെ മെനുവിലും ചെറിയ മാറ്റങ്ങൾ ഉണ്ടായാൽ നല്ലത്. അധികവും പയർ-പച്ചക്കറികൾ ഇനങ്ങളാകട്ടെ. ഹൈ ഷുഗറും കാർബോഹൈഡ്രേറ്റ്സുമുള്ള എല്ലാ  ഭക്ഷണ ഇനങ്ങളും  തൽക്കാലത്തേക്ക് മാറ്റിവെക്കുക ( ഗോതമ്പ് അടങ്ങിയ ഭക്ഷണങ്ങൾ,  നൂഡിൽസ്‌, ചിപ്സ്, കാൻഡി മുതലായവ.)  കോള, എനർജി ഡ്രിങ്ക്സ്,  ചോക്ലേറ്റ്സ്  ഇതൊക്കെ നമുക്ക് പരീക്ഷ കഴിഞ്ഞു നോക്കാം. കാപ്പിയും  ചായയും  ഒന്നോ രണ്ടോ  നേരത്തേക്ക് മാത്രമാക്കി, പകരം  ധാരാളം വെള്ളം കുടിക്കുക.  ജലപാനം മൂലം ഉറക്കവും പമ്പ കടക്കും.

ഉപകാരപ്പെടുമെന്ന് ബോധ്യമുണ്ടെങ്കിൽ ഗ്രൂപ്പ്  സ്റ്റഡി നല്ലതാണ്. ക്ലാസ്സ്മേറ്റ്‌സൊക്കെ കൂടിയിരുന്നു നാട്ടുവർത്തമാനമാണ് ഉദ്ദേശമെങ്കിൽ ആ ഏർപ്പാടിനു നിൽക്കരുത്. ഫലത്തേക്കാളേറെ ദോഷം ചെയ്യും.

പരീക്ഷാതലേരാത്രി പതിവിലും അരമണിക്കൂർ നേരത്തെ കിടക്കുക. രാവിലെ അരമണിക്കൂർ നേരത്തെ എഴുന്നേൽക്കുക. പരീക്ഷയ്ക്കുള്ള എല്ലാ സാധന സാമഗ്രികളും തയ്യാറെന്ന് ഉറപ്പ് വരുത്തണം. കൂട്ടത്തിൽ മൂന്നോ-നാലോ ഗ്ലാസ് വെള്ളം കൊള്ളുന്ന വാട്ടർ ബോട്ടിൽ കൂടെ കരുതണം. പരീക്ഷയ്ക്കിരിക്കുന്നതിനു തൊട്ട്മുമ്പും വെള്ളം കുടിക്കണം. പരീക്ഷാ ഹാളിൽ നിന്ന് പുറത്തിറങ്ങിയിട്ടും വെള്ളം കുടിക്കണം.

കുറച്ചു നേരത്തെ തന്നെ പരീക്ഷാ സെന്ററിൽ എത്തുക. ആദ്യം വായിക്കേണ്ടത്  ചോദ്യക്കടലാസിലെ നിർദ്ദേശങ്ങളാണ് . ഏറ്റവും നന്നായി അറിയുന്ന ചോദ്യങ്ങൾക്കായിരിക്കണം   ആദ്യം ഉത്തരങ്ങൾ എഴുതേണ്ടത്.  ബാക്കിസമയം മറ്റുള്ള ചോദ്യങ്ങൾക്കും വിനിയോഗിക്കുക. പരീക്ഷാഹാളിൽ  ചിലർക്ക് അനുഭവപ്പെടുന്ന സ്ട്രസ്സ് & സ്‌ട്രെയിൻ ( ലക്ഷണങ്ങൾ : തലകറക്കം, മനംപുരട്ടൽ, തലവേദന, അമിതമായ ഹൃദയമിടിപ്പ്, ശ്രദ്ധ തെറ്റൽ  ) രണ്ടു മിനിറ്റ് കൊണ്ട് ഒഴിവാകും. അതിന് ഇത്രമാത്രം ചെയ്യുക - കാൽ അൽപം ആയാസത്തോടെ നീട്ടിയിരുന്ന്, ദീർഘമായി ശ്വാസമെടുത്ത്, ഒരൽപവിരാമത്തിനു (pause) ശേഷം ശ്വാസം പുറത്തുവിടുക.  ഇത് രണ്ടു മൂന്ന് വട്ടം ആവർത്തിച്ചാൽ മതി.

പരീക്ഷാഹാൾ വിട്ടാൽ, തൊട്ട് മുമ്പ് നടന്ന  പരീക്ഷയുടെ ചോദ്യപേപ്പറും വെച്ച് കൂട്ടുകാരോടൊന്നിച്ചു പോസ്റ്റ്മോർട്ടം ചെയ്യാൻ നിൽക്കരുത്. ഒന്നാമത് ടൈം വെയിസ്റ്റിങ്, പോരാത്തതിന് അനാവശ്യ ടെൻഷനും.  മുഴുവൻ പരീക്ഷകളും കഴിഞ്ഞു നല്ല സൗകര്യത്തിൽ പിന്നെയും ഇതൊക്കെ  ആകാമല്ലോ. അടുത്ത വണ്ടിക്ക് ധൃതിയിൽ വീട്ടിലെത്തി തൊട്ടടുത്ത പരീക്ഷയ്ക്ക് ഒരുങ്ങാനാണ് നിങ്ങൾ ശ്രമിക്കേണ്ടത്. അടുത്ത ദിവസം പരീക്ഷ നടക്കുന്ന സബ്ജെക്റ്റിന്റെ ഏതെങ്കിലുമൊരു നോട്ട്  കൂടെയുണ്ടെങ്കിൽ വീട്ടിലേക്ക് വരുന്ന വഴിക്കും നോക്കാനും പറ്റും.

ഏറ്റവും അവസാനം:  ഇതൊരു പരീക്ഷയാണ്. ഈ പരീക്ഷയോട് കൂടി ലോകാവസാനമുണ്ടാകുന്നില്ല.  പാഠങ്ങൾ ഉൾക്കൊള്ളാനുള്ള അവസരങ്ങൾ മാത്രമാണ് ഓരോ പരീക്ഷയും. ഈ ഗൈഡ്-ലൈനിൽ പറഞ്ഞതിന്റെ മുഴുവൻ ഉദ്ദേശം ഒന്ന് മാത്രം -  ഒരൽപം ഗൗരവം ഈ വിഷയത്തിൽ നിങ്ങൾക്കോരുത്തർക്കും  നിർബന്ധമായും ഉണ്ടാകുക.

ഒരുപാട് നല്ല ഗുണങ്ങളും കഴിവുകളും ജീവിതത്തിൽ സമ്മേളിച്ച നൽമരങ്ങളാണ് നിങ്ങൾ, കുട്ടികൾ.  അതോടൊപ്പം, പഠനം കൂടി ഗൗരവത്തിൽ എടുത്തു ഓരോ  പരീക്ഷയ്ക്കും തയ്യാറെടുത്താൽ അതിന്റെ മെച്ചവും ഗുണഫലങ്ങളും ആത്യന്തികമായി നിങ്ങൾക്ക്, കുട്ടികൾക്ക്, തന്നെയാണ്. മാതാപിതാക്കൾക്കും കുടുംബക്കാർക്കും നാടിനും നാട്ടുകാർക്കും അതൊരു സന്തോഷവർത്തമാനവുമായിരിക്കും.

പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന എല്ലാ കുട്ടികൾക്കും, അവരെ ഒരുക്കൂട്ടുന്ന എല്ലാ രക്ഷിതാക്കൾക്കും  സർവ്വ നന്മകളും നേരുന്നു.

No comments:

Post a Comment