Wednesday, 1 February 2017

പട്‌ല ദാറുൽ ഖുർആൻ ഹിഫ്ദ് കോളേജിന് ആശംസകൾ നേരുമ്പോൾ ..../ അസ്‌ലം മാവില

പട്‌ല ദാറുൽ ഖുർആൻ
ഹിഫ്ദ് കോളേജിന്
നിറഞ്ഞ മനസ്സോടെ
ആശംസകൾ നേരുമ്പോൾ ....

അസ്‌ലം മാവില

സുഹൃത്ത്  കൊപ്പളം കരീം ചൊവ്വാഴ്‌ച വൈകുന്നേരം ഒരു ജനകീയ  വാട്ടസ്ആപ് ഗ്രൂപ്പിൽ ദാറുൽ ഖുർആൻ ഹിഫ്ദ് കോളേജിന്റെ ഉൽഘാടന വർത്ത മാനം  നോട്ടീസ് രൂപത്തിലാക്കി ഒരു  പോസ്റ്റിട്ടു, അതിനെ തൊട്ടു താഴെ സുഹൃത്ത് അസീസ് ടി.വി.  അറബിയിൽ ഒരു ഹദീസ്  ഇങ്ങനെ  കുറിച്ചു-

خيركم من تعلم القرآن و علمه
(صدق رسول اللّٰه (ص ع و س

അതിന്റെ പൂർണ്ണരൂപം ഇങ്ങിനെ

عَنْ عُثْمَانَ رَضِيَ اللَّهُ عَنْهُ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ خَيْرُكُمْ مَنْ تَعَلَّمَ الْقُرْآنَ وَعَلَّمَهُ

(4739 )صحيح البخاري كتاب فضائل القرآن باب خيركم من تعلم القرآن وعلمه
നിങ്ങളിൽ ഉത്തമർ ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരത്രെ. (''The best of you are those who learn the Quran and teach it.”)

നമ്മുടെ ഗ്രാമത്തിൽ ഒരു ഖുർആൻ ഹിഫ്ദ് സ്ഥാപനം കൂടി ആരംഭിക്കുന്നു. ഇത് രണ്ടാമത്തേത്.  ആദ്യത്തെ സ്ഥാപനത്തെ  കുറിച്ചു  നേരത്തേ അതേ ഫോറത്തിൽ പരാമർശ മുണ്ടായപ്പോമ്പോഴും,  എന്റെ ഓർമ്മ ശരിയാണെങ്കിൽ ആ സന്ദർഭത്തിലും ഒരു  സമുദായഗുണകാംക്ഷി എന്ന നിലയിൽ  വാമൊഴിയായി  എന്റെ സന്തോഷം പങ്ക് വെച്ചിട്ടുണ്ട്. (സുഹൃത്ത് സുൽത്താൻ മഹമൂദ്  എന്നോട് മഷ്‌രിഖുൽ ഉലൂം ഹിഫ്ദ്  സ്ഥാപനത്തെ കുറിച്ച് മുമ്പ്  സൂചിപ്പിച്ചതും സാന്ദർഭികമായി ഇവിടെ കുറിക്കുന്നു)

ഇതിനകം തന്നെ നമ്മുടെ നാട്ടിൽ പതിനഞ്ചോളം ഹാഫിദ്മാർ ഉണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.  അത് പോലെ പത്തറുപതിലധികം കുട്ടികൾ നടേപറഞ്ഞ സ്ഥാപനങ്ങളിലും മറ്റും  നമ്മുടെ നാട്ടിലും പുറത്തുമായി   ഖുർആൻ മന:പാഠമാക്കിക്കൊണ്ടിരിക്കുകയുമാണ്. അവർക്ക്ഖുർആൻ എളുപ്പത്തിൽ ഹൃദിസ്ഥിമാക്കാനും ലക്‌ഷ്യം പൂർത്തിക്കരിക്കുവാനും  ഇടയാവട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.  

ആ മക്കളുടെ  കർണ്ണാനന്ദകരമായ ഖുർആൻ പാരായണങ്ങൾ പള്ളികളിൽ നിന്നും പാഠശാലകളിൽ നിന്നും അവരുടെ ഭവനങ്ങളിൽ നിന്നും  കേൾക്കുമ്പോൾ ആർക്കാണ് ചെവി കൊടുക്കാതിരിക്കാൻ മനസ്സ് വരിക. ഏത് തിരക്കിലും ആരും ആ മഹദ്വചനങ്ങൾ  കേട്ട് അത്ഭുതം കൂറി  നിന്ന് പോകും ! അവരെത്ര ചെറുപ്പമാണെങ്കിലും നമ്മടെ മുമ്പിൽ കൂടി അവർ നടന്നു വരുമ്പോൾ അറിയാതെ വഴിമാറി  ആദരവ് നൽകിപ്പോകും. നമുക്ക് ലഭിക്കാത്ത അതിമഹത്തായ അനുഗ്രഹത്തിന്റെ കനകകിരീടമാണ് അവർക്കുള്ളത് . ലോകത്തു ആർക്കും ലഭിക്കാത്ത ആദരവിന്‌ തികച്ചും അവരർഹരുമാണ്. കാരണം നടേ പറഞ്ഞ പ്രവാചക പ്രഭു (സ)വിന്റെ മൊഴിമുത്തുകൾ തന്നെ !

ഈ സ്ഥാപനം  വിജയകരമായി മുന്നോട്ട് പോകട്ടെ, അർഥം നൽകിയും ആത്മാർഥമായ അദ്ധ്വാനം നൽകിയും വിശ്വാസികൾ വിജയിപ്പിക്കുക. ഒപ്പം അകമഴിഞ്ഞ്  പ്രാർത്ഥിക്കുക.  ഇത്തരം സ്ഥാപനങ്ങൾ ഏതൊരു നാടിന്റെയും  കെടാവിളക്കുകളാണ്. ഖുർആനിനെ ശരിക്കും ഞെഞ്ചിലേറ്റുന്നവർ ഇവരത്രെ.  അവരുടെ ഹൃത്തിലും ചുണ്ടിണകളിലും  പരിശുദ്ധവചനങ്ങൾ  നിരന്തം മന്ത്രിച്ചു കൊണ്ടേയിരിക്കുന്നു. മറ്റത് വചനങ്ങളേക്കാളും അതി മഹത്തരം ! അക്ഷരങ്ങൾക്ക് പോലും പടച്ചവന്റെ പ്രതിഫലം എണ്ണി എണ്ണിനല്കപ്പെടുന്നത് ഇതല്ലാതെ മറ്റെന്തുണ്ട്.

ഏതാനും ആഴ്‌ചകൾ കൂടി കടന്ന് പോയാൽ വ്രത ദിനങ്ങളുടെ  വരവറിയിച്ചു ആ മാസം കടന്ന് വരും. ഖുർആൻ ഹാഫിദുമാരുടെ സുന്ദരമായ ഖുർആൻ പാരായണങ്ങൾ തറാവീവ് നിരകളുടെ മുന്നിൽ നിന്ന്  നമുക്ക് കേൾക്കാൻ കൂടിയുള്ള അപൂർവ്വ രാവുകൾ കൂടിയാണ് ആ മുഹൂർത്തങ്ങൾ.

ഞാൻ ജോലിചെയ്യുന്ന  സ്ഥാപനത്തിൽ  സാങ്കേതിക രംഗത്ത് ഉന്നത സേവനം ചെയ്യുന്ന ഒരു പാട് ഈജിപ്ഷ്യൻ, സുഡാനീസ് പൗരന്മാരുണ്ട്. മിക്കവർക്കും ഖുർആൻ മനഃപാഠമാണ്. അവാരുടെ ഭൗതിക വിദ്യാഭ്യാസം അതിനൊരു തടസ്സം തന്നെയല്ലത്രേ. അല്ലെങ്കിലും സമൃദ്ധിയും വിശാലതയും നൽകുന്നവൻ പടച്ചവനല്ലേ, അവന്റെ വചനങ്ങൾ മന:പാഠമാക്കുന്നവർക്ക്  ഒരിക്കലും വഴിതടസമുണ്ടാകില്ലല്ലോ.

കാസർകോട് എന്റെ ഒരു സുഹൃത്തുണ്ട്, ഹാഫിദാണ് അദ്ദേഹം. പേര് സിറാജ്. അദ്ദേഹം  എന്നോട് പറയും,  ഹൃത്തിൽ നിറഞ്ഞ ഖുർആൻ  വചനങ്ങൾ  ജീവിതത്തിൽ സൂക്ഷമത പാലിക്കാൻ തന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. തെറ്റുകളിൽ നിന്ന് മാറിനിൽക്കാൻ അതൊരു ശക്തമായ പരിചയാണ്. ഞാൻ മനസ്സിലാക്കുന്നു,  എല്ലാ ഹാഫിദുമാർക്കും ഇത് തന്നെയായിരിക്കും പറയാനുണ്ടാവുക.

പല ആവശ്യങ്ങൾക്കുള്ള സർവ്വേയുമായി ബന്ധപ്പെട്ട് നമ്മടെ പടിവാതിൽക്കൽ എത്തി ചോദിക്കാറുണ്ട്, എത്ര ബിരുദ ധാരികൾ ഈ വീട്ടിലുണ്ടെന്ന്. അഭിമാനത്തോടെ നാമത് എണ്ണിപ്പറയും. വരും വർഷങ്ങളിൽ എന്റെ നിങ്ങളുടെ വീട്ടിൽ  ഹാഫിദുമാരുണ്ടോ എന്ന ആരുടെയെങ്കിലും  ചോദ്യത്തിന് കണ്ണ് നിറയെ, മനം കുളിർക്കെ ''യെസ്'' എന്ന് ഉത്തരം പറയാനും അവനെ/അവളെ ചൂണ്ടിക്കാണിക്കാനും  ഓരോരുത്തർക്കുമാകട്ടെ. അതിന് പറ്റിയില്ലെങ്കിൽ പടച്ചവന്റെ വജ്ഹും  പൊരുത്തവും പ്രീതിയും പ്രതീക്ഷിച്ചു   ആ സ്ട്രീം തെരെഞ്ഞെടുത്ത മക്കളെ അയക്കുന്ന രക്ഷിതാക്കളെ നമുക്ക് അകമഴിഞ്ഞ പ്രോത്സാഹിപ്പിക്കുകയെങ്കിലും ചെയ്യാം. ആ കുഞ്ഞു ഹിഫ്ദ് മക്കളെ അഭിനന്ദനങ്ങൾ കൊണ്ട് മൂടാം, കരം നിറയെ പുണരാം. നെഞ്ചോട് ചേർക്കാം.

ഒരു വീട്ടിൽ നിന്ന്, മുമ്പൊരു കുറിപ്പിൽ ഞാൻ സൂചിപ്പിച്ചത് പോലെ ,കുറഞ്ഞത്  ഒരു കുടുംബത്തിൽ നിന്ന് ഒരാളെയെങ്കിലും ഇത്തരം സ്ഥാപനങ്ങളിലേക്ക് അയക്കാൻ നമ്മുടെ തിരക്ക് പിടിച്ച ജീവിതത്തിനിടക്ക് സാധിക്കട്ടെ.

മദീന സൂപ്പർമാർകറ്റ്സ് പാർട്ടണർമാരിൽ ഒരാളായ വികെകെ അബ്ദല്ല സാഹിബുമായി (ഞങ്ങളുടെ ഔളക്ക),  ഒന്നിച്ചു ദുബായിലെ  യാത്രാമദ്ധ്യനടന്ന സംസാരത്തിനിടക്ക് ഞാൻ ചോദിച്ചു - ഏത് കാര്യത്തിന് സഹായഹസ്തം നീട്ടുമ്പോഴാണ്  നിങ്ങൾക്ക് ഏറ്റവും സന്തോഷം നൽകുന്നത്? അദ്ദേഹം പറഞ്ഞു - ഹിഫ്ദ് സ്ഥാപനങ്ങളുമായി സഹകരിക്കുമ്പോൾ.  വളരെ വളരെ തിരക്കുപിടിച്ച നേരത്തും അറുപതോടടുത്ത്പ്രായമുള്ള മിതഭാഷിയായ  ആ മനുഷ്യൻ ഒരു  ചെറിയ കുട്ടിയെ പോലെ വീഴ്ചകൂടാതെ വിനയാന്വിതനായി ഇത്ര ഉത്സാഹത്തോട് കൂടി   ഖുർആൻ പഠിക്കാനിരിക്കുന്നത് എന്തിനെന്നെന്ന ഏറെ നാളത്തെ എന്റെ  ആലോചനയുടെ ഉത്തരം കൂടിയായിരുന്നു അത്.

എന്റെ ഈ കുറിപ്പ് ഉപകാരപ്പെടുമെന്നു കരുതട്ടെ, rtpen ബ്ലോഗിൽ ഇതെന്നുമുണ്ടാകും. ഒരിക്കൽ കൂടി നാളെ ( വെള്ളി ) തുറക്കുന്ന  പട്‌ല ദാറുൽ ഖുർആൻ  ഹിഫ്ദ് കോളേജിന് ആശംസകൾ.  ഒപ്പം, നമ്മുടെ സ്‌കൂളിലെ നമസ്ക്കാരപ്രായമെത്തിയ പെണ്കുട്ടികൾക്കടക്കം പ്രാർത്ഥാനാകൃത്യ നിർവഹണത്തിന് വേണ്ടി തയ്യാറാകുന്ന  ''സ്ത്രീകൾക്ക് നിസ്‌ക്കരിക്കാനുള്ള ഹാളിനും''.

ഒരു ഗ്രാമം മുഴുവൻ സന്തോഷിക്കുമ്പോൾ എന്റെ സന്തോഷവും ഇവിടെ  അറിയിക്കുന്നു. നമ്മുടെ ചുറ്റുവട്ടത്തെ കാലിക വിഷയങ്ങൾ  എന്റെ പ്രതിവാരകോളങ്ങളിൽ പരാമർശവിധേയമാകുമ്പോൾ ഈ സന്തോഷവർത്തമാനം  എന്റെ എഴുത്തിൽ വരുന്നത് തികച്ചും സ്വാഭാവികം . എന്റെ എഴുത്തിനോടും   പ്രതിബദ്ധതയോടും ഞാൻ കാണിക്കുന്ന  നീതി കൂടിയാണത്.  പടച്ചവൻ അനുഗ്രഹിക്കട്ടെ. 

No comments:

Post a Comment