Tuesday, 21 February 2017

സ്‌കൂൾ വികസന സമിതി ചേരുന്നത് / അസ്‌ലം മാവില

സ്‌കൂൾ വികസന സമിതി ചേരുന്നത്

അസ്‌ലം മാവില

ചില മിസ് അണ്ടർസ്റ്റാന്ഡിങ് ഉണ്ടായൊന്ന് സംശയം. ഞാൻ മനസ്സിലാക്കുന്നത് ഇന്ന് ചേരുന്ന യോഗം ഒരു കെട്ടിടത്തിന്റെ ഉത്‌ഘാടനനാൾ കുറിക്കാനല്ല. ക്‌ളാസ്സുകളിൽ നടന്ന വല്ല അധ്യാപക-വിദ്യാർത്ഥി നാക്ക് പിഴവുകളിൻമേലുള്ള തെളിവെടുക്കാനല്ല. മറിച്ചു 2025 മുന്നിൽ കണ്ടു കൊണ്ട് നമ്മുടെ ഗ്രാമവാസികളുടെ, നാട്ടുകാരുടെ, യുവതയുടെ, ഉന്നത വിദ്യാഭ്യാസം നേടിയവരുടെ, അത് നേടാൻ സർവ്വകലാശാലകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ, ഉമ്മമാരുടെ, വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം പേർത്തും പേർത്തും പ്രസംഗിക്കുന്ന മഹല്ല് പണ്ഡിതന്മാരുടെ...അവരുടെ സ്വപ്നങ്ങൾ, അവരുടെ കാഴ്ചപ്പാടുകൾ, അവരുടെ മനസ്സിൽ ഉരുത്തിരിഞ്ഞ ആശയങ്ങൾ...അതൊക്കെ പകുത്ത് നൽകാനും പങ്കു വെക്കാനുമുള്ള ഒന്നാം കൂടിയാലോചനാ യോഗമാണ്.  കൂടിയാലോചനകൾ പിന്നെയും പിന്നെയും നടക്കും, നടക്കണം.

ചിലതൊക്കെ ചെയ്യാൻ വിദ്യാഭ്യാസ അധികൃതർ തയ്യാറാണ്.  ഏത് ചെയ്യാൻ ? നിങ്ങൾ അവിടെ പറഞ്ഞ സ്വപ്നങ്ങൾ പൂർത്തീകരിക്കാൻ, ചിലതിനൊക്ക നാം തയ്യാറാണെങ്കിൽ ! കൊണ്ടുകൊടുക്കലിന്റെ വിദ്യാഭ്യാസ ഭൗതിക സാഹചര്യമൊരുക്കുന്ന  വേദിആയിരിക്കും ഇന്നത്തെ യോഗം. ഇതിവിടെ മാത്രം നടക്കുന്നതല്ല. സർക്കാർ സ്‌കൂളുകൾ ഉള്ളിത്തടത്തൊക്കെ സമിതി ചേരും. നമ്മുടെ ഉത്സാഹവും ഉദാരതയും പോലെയിരിക്കും ഇങ്ങോട്ടുള്ള സർക്കാർ സമീപനം. സ്മാർട്ട് ക്‌ളാസ് വേണോ ? എത്ര ക്‌ളാസ് വേണം ? അത് കിട്ടും. അതിനുള്ള ഫണ്ടും ലഭിക്കും. അവർ പറഞ്ഞ ചില requirements (ആവശ്യകോപാധികൾ ) നമുക്ക് തൃപതികരമായി നടപ്പിലാക്കാൻ (meet their demands) പറ്റിയാൽ.  അങ്ങിനെ പലതും .....

പദ്ധതികൾ  തയ്യാറാക്കാൻ അധികൃതർക്ക്സമയമുണ്ട്. അതൊരു സാമ്പത്തിക വർഷത്തിൽ എപ്പോഴായിരക്കണമെന്നും അവർക്ക് നിശ്ചയമുണ്ട്. ഫണ്ട് വിനിയോഗിക്കാനും ഒരു ടൈമുണ്ട്. ദീർഘകാല പദ്ധതിയാകുമ്പോൾ പ്രത്യേകിച്ചും എല്ലാവരും ഒരുങ്ങേണ്ടതുണ്ട്. അതിനനുസരിച്ചു നമ്മുടെ ഭാഗത്തു നിന്നും നീക്കമുണ്ടാകണം. നേരത്തും കാലത്തും നമ്മുടെ ഭാഗത്തു നിന്ന് പ്രതികരണമുണ്ടായാൽ നമുക്ക് കിട്ടും. ഇല്ലെങ്കൽ ''ആൺപിള്ളേരുള്ള'' നാട്ടിൽ  ആ പദ്ധതികൾ നല്ല കൂളായി നടന്നുകിട്ടും. നമുക്കിവിടെ മണ്ണും ചാരി നിൽക്കാനേ പറ്റൂ. എന്നെ പോലുള്ള ''പേന''ക്കാർ ഇടക്കിടക്ക് കുത്തിക്കോണ്ടിരിക്കും.

കല്യാണത്തിനൊക്കെ പോകുന്നില്ലേ, അത്ര ഉത്സാഹത്തിൽ ഒരുങ്ങി സ്‌കൂളിൽ പോകാൻ ഇന്ന് പറ്റിയാൽ നല്ലത്. ഐഡിയകൾ തലയിൽ വെച്ച് നടക്കാനുള്ളതല്ല. വേണ്ടിടത്തു വേണ്ട സമയത്തു പറ്റിയ സ്ഥലത്തു പോയി പറയണം. മീറ്റിങ്ങിന്റെ ഇടയിൽ നിന്ന്   തിരക്ക് പിടിച്ചു ഇറങ്ങുകയും ചെയ്യരുത്. വല്ലതും  കൊടുക്കേണ്ടിടത്ത് കൊടുക്കാനും പറ്റണം. നല്ല ആശയങ്ങൾ  പറയേണ്ടിടത്ത് പറയാനും പറ്റണം. എന്നാൽ, സ്മാർട്ട് ക്‌ളാസും കുന്തവും കുടച്ചക്രവും നമ്മുടെ സ്‌കൂളിൽ എത്തും. ഇല്ലെങ്കിൽ തെങ്ങിന്റ മുരടിൽ ഇട്ട മടലിൽ ചവുട്ടി പച്ചോലയിൽ നിന്ന് ഈർക്കിലും കീറിയെടുത്തു പല്ലിനു കുത്തിയിരിക്കാം, ഇത് ബാക്കി സ്‌കൂളുകളിൽ നടപ്പിലാക്കുന്ന വാർത്തയൊക്കെ വായിക്കുമ്പോൾ.  നാക്കിന്റെ തുമ്പ് അണ്ണാക്കിൽ തടവി ചോര പൊടിഞ്ഞോന്നും നോക്കിയുമിരിക്കാം.

സോ.... വാട്ട് സോ  ? ഹറിയപ്പ് ടു സ്‌കൂൾ ....യാള്ളാ

No comments:

Post a Comment