Sunday, 19 February 2017

എണ്‍പതുകളുടെ ബോംബായ്.../ (ഓര്‍മ്മക്കുറിപ്പ്-2)/ അസീസ്‌ പട്‌ലഎണ്‍പതുകളുടെ ബോംബായ്...

(ഓര്‍മ്മക്കുറിപ്പ്-2) നിശംപട റോഡില്‍ പതിനാറാം നമ്പര്‍ കെട്ടിടത്തിലെ ആറാം നമ്പര്‍  ഫ്ലാറ്റാണ്  “അഷ്‌റഫ്‌ മനസില്‍” എന്ന് നാമേധയം ചെയ്ത നമ്മുടെ ജമാഅത് റൂം., സ്ഥിരതാമസക്കാരായി ചുരുക്കം ചില ആള്‍ക്കാരെ ഉണ്ടായിരുന്നുള്ളൂ.. ബോംബെ മനസ്സില്‍ കാണുമ്പോള്‍ ആദ്യം തെളിയുന്ന ചിത്രം മര്‍ഹൂം മല്ലത്തെ മമ്മസ്ച്ച (മല്ലത്തെ എളിയ) ഡി. അബ്ദുല്ലച്ച, കൈപ മമ്മദുന്‍ച, കൊള്മാജ മമ്മസ്ച്ച, ഗോദി അബ്ദുല്ലച്ച, ബീരാന്ച്ച (ദാറുസ്സലാം മനസില്‍) ഡോക്ടര്‍ സാഹിറിന്‍റെ ഉപ്പ, അന്ത കാക്ക, അങ്ങിനെ ഒരു പാട്...അവരാരും ഇന്ന് നമ്മോടോപ്പമില്ല, അല്ലഹുംമാഗ്ഫിര്‍ലഹും ജമീഅന്‍, അമീന്‍

കൂടാതെ എയര്‍പോര്‍ട്ട് അബ്ദുല്ലച്ച, മൂസ ഹാജി അബ്ദുല്ലച്ച, ദൈന്ദീന്‍ചാന്‍റെ അദ്രഞ്ഞി, മുക്രി ഷാഫി, കെ.എച്.ബഷീര്‍, സഖാവ് അബ്ദുള്ള, സുലൈമാന്‍ അരമന, പുത്തൂര്‍ അദ്രഞ്ഞി, സുലൈമാന്‍ മല്ലം, അബൂബക്കര്‍ പള്ളിച്ചാന്‍റെ മമ്മദുന്ച്ചാന്‍റെ,ടി.എച്. അദ്രഞ്ഞി, ഔകര്‍ചാന്‍റെ മമ്മദ്ന്‍ചാന്‍റെ ഔകര്‍ഞ്ഞി, ബൂട് അമ്മന്‍ചാന്‍റെ റഷീദ്, കോപ്പളം യൂസുഫും  അങ്ങിനെ പല കൂട്ടുകാരും...


പുത്തൂര്‍ അദ്രഞ്ഞിയും, സഖാവ് അബ്ദുള്ളയുമായിരുന്നു  എന്‍റെ അടുത്ത കൂട്ടുകാര്‍, (ഇപ്പോഴും അതേ..) അത് കൊണ്ട് തെന്നെ ഞാന്‍ അവരെ ഹിന്ദി പഠിക്കാന്‍ വേണ്ടി ആവുംവിധം ശല്യം ചെയ്തിട്ടുണ്ട്.,


തുടര്‍ച്ചയായി ജമാഅത്ത് റൂമില്‍ താമസിച്ചത് പതിനഞ്ചോ ഇരുപതോ ദിവസം മാത്രമാണ്, പിന്നീട് എന്‍റെ ഇച്ച ശാഫിച്ചാന്‍റെ കൂട്ടുകാരന്‍റെ ബോംബെസെന്‍ട്രല്‍ ലിമിഗ്ടന്‍ റോഡിലുള്ള  ജ്യൂസ്‌ സെന്‍ററില്‍ നിര്‍ത്തി, ഭാഷ പഠിക്കാനും കാര്യങ്ങള്‍ മനസ്സിലാക്കാനും, സഹപ്രവര്‍ത്തകര്‍ എല്ലാം കാസര്‍ഗോഡ്‌കാരായതിനാല്‍ ഹിന്ദി പഠിപ്പു നടന്നില്ല, ബോംബെ സെന്‍ട്രല്‍ ആയതു കൊണ്ട് പഠിച്ചതത്രയും “ക്ലാസ്സിക്‌” ഹിന്ദിയായിരുന്നു., ഹിന്ദി ഭാഷയോടുള്ള അഭിനിവേശം മൂത്ത ഞാന്‍ പിന്നീട് മാട്ടുങ്കക്ക് ചേക്കേറുകയാണുണ്ടായത്., മസാലപ്പീടികയില്‍ ജോലി ചെയ്യാന്‍.


വഴിയോരക്കാഴ്ചകളും, നഗരവല്‍കൃത ജീവിത സംസ്കാരങ്ങളും, പരിഷ്കാരങ്ങളും    അടുത്തറിയാന്‍ ഞാന്‍ ദിശയില്ലാതെ നടക്കുമായിരുന്നു,  കൂട്ടിനാളില്ലാത്തതിനാല്‍ എവിടെ ചെന്ന് പെട്ടാലും ഒന്നാം നമ്പര്‍ ബസ്സില്‍ കയറി ബേണ്ടി ബസാറില്‍ ഇറങ്ങും, പിന്നെ നേരെ എസ്.വി.പി. റോഡ്‌ പിടിക്കും, (സര്‍ദാര്‍ വല്ലഭായി പട്ടേല്‍) റോഡരികില്‍ വെച്ച അലമാരകളും, സവാരിക്ക് നിര്‍ത്തിയിട്ട കുതിരകളെയും വലതു വശത്തെ ഖൈറുള്ള ഡോക്ടറുടെ ക്ലിനിക്കും, നസീര്‍ ഡ്രഗ് ആന്‍ഡ്‌ കെമിസ്റ്റ് ഫര്‍മസിയും ഫേമസ് ബെകറിയും, അജുവ സ്വീട്സും  ഒക്കെ നടന്ന് കാണുക ഒരു ഹോബിയായിരുന്നു .

ജോലി ആവശ്യാര്‍ത്ഥം നാടു വിടുന്ന  യുവാക്കള്‍, ഗള്‍ഫിലേക്ക് പറക്കാന്‍ ചിറകു മുളപ്പിച്ചു  തയ്യാറായി നില്‍ക്കുന്ന ചെറുപ്പക്കാര്‍, പാസ്പോര്‍ട്ടില്‍ തല മാറ്റിയോ, വിസിറ്റ് വിസയിലോ കഷ്ടിച്ച് അക്കരയെത്തി തലനാരിഴയ്ക്ക് രക്ഷപ്പെട്ടവര്‍, , പിടിക്കപ്പെട്ട് ജയില്‍ ശിക്ഷയും കഴിഞ്ഞു മാനസികവും സാമ്പത്തികവുമായി തകര്‍ന്ന്‍ വലീയൊരു കടബാധ്യതയ്ക്ക് മുന്നില്‍ ചോദ്യചിഹ്നമായി പകച്ചു നിന്നവര്‍, രണ്ടാമൂഴത്തിന് ശ്രമിക്കാന്‍ ത്രാണിയില്ലാത്ത നിസ്സഹായര്‍, വീണ്ടും അധ്വാനിച്ചു ജീവിതത്തെ നേരിട്ടവര്‍, മദ്യ-മയക്കു മരുന്നുകള്‍ക്കും, നിശാസുന്ദരികള്‍ക്കും വേണ്ടി ജീവിതം ഹോമിച്ചവര്‍,  ഒരു ജോലിയും ചെയ്യാതെ മറ്റുള്ളവരെ ആശ്രയിച്ചും, ചൂഷണം ചെയ്തും ജീവിക്കുന്നവര്‍., ഇരിപ്പിടവും, പറമ്പും പണ്ടവും പണയപ്പെടുത്തി ലക്‌ഷ്യം കാണാതെ പോയ ഹതഭാഗ്യര്‍, ഉറ്റവരെയും, ഉടയവരെയും അഭിമുഖീകരിക്കാനാവാതെ സമനില തെറ്റിയവര്‍.. ബോംബയില്‍ കല്യാണം കഴിച്ചു  സ്ഥിരതാമസമാക്കിയവര്‍,


ചതിക്കുഴിയില്‍ പെടുന്നവര്‍,  എയര്‍പോര്‍ട്ട് വരെ പിതാവോ സഹോദരനോ അനുഗമിച്ചു ഇമിഗ്രേഷന്‍ പ്രശ്നമാണ്, അടുത്ത ഫ്ലൈറ്റില്‍ പോകാമെന്ന വ്യാജേന ട്രാവല്‍ എജന്‍ട് പിന്‍വാതിലിലൂടെ  ഉന്നതര്‍ക്ക് ചെയ്യുന്ന മാമാപ്പണിക്ക് വശംവദരാകുന്ന അഭ്യസ്തവിദ്യരായ യുവതികള്‍, ഒരു ദുസ്സ്വപ്നം പോലെ മറന്നു കൊണ്ട് ജീവിതം തുടരുന്നവര്‍, ഒടുക്കുന്നവര്‍.. രണ്ടിനും ധൈര്യമില്ലാതെ ഒരിക്കലും രക്ഷപ്പെടാനാവാതെ ചുവന്ന തെരുവിന്‍റെ നീരാളിപ്പിടുത്തതില്‍ ഞെര്നിഞ്ഞമരുന്നവര്‍..

തീര്‍ന്നില്ല.. ഇനിയും ഒരുപാട് ഒരുപാട് ദു:ഖ രോദനങ്ങളേറ്റു വാങ്ങി മൂകസാക്ഷിയായി നില്‍ക്കുന്നു ബോംബ എന്ന മഹാനഗരം! എല്ലാവര്‍ക്കും  ആശ്രിതന്‍...

കള്ളക്കടത്തിലൂടെയും, അന്യരെ ആക്രമിച്ചും കൊന്നും കൊല്ലിച്ചും  പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മതി മറന്നുല്ലസിക്കുന്ന നരാധമന്‍മാര്‍, അധോലോക രാജാക്കന്മാരായ ദാവൂദിന്‍റെയും, കരീംലാലയുടെയും, ചോടാരാജന്‍റെയും ഗുണ്ടകളെന്നു സ്വയം അവരോധിച്ച് “ഹപ്ത” എന്ന പേരില്‍ പിച്ചച്ചട്ടിയില്‍ കയ്യിട്ടു വാരുന്നവര്‍!
ഇതിന്നിടയിലും മാലാഖ തുല്യരായ  മനുഷ്യരൂപങ്ങള്‍ തങ്ങളുടെ കൃത്യനിര്‍വഹണ-ത്തിനു വിഘ്നങ്ങളൊന്നും കൂടാതെ പൂര്‍ത്തീകരിക്കുന്നു, ടോന്ഗ്രിയിലെ മദ്രസയെന്ന നാമമാത്രമായ ഇടുങ്ങിയ മുറികള്‍ക്കുള്ളില്‍ ഇസ്ലാമിക വേഷധാരികളായ കുരുന്നുകളെ ഖുര്‍ആനും, ദീനും  പഠിപ്പിക്കുന്ന മുല്ലയെയും, പഠിക്കുന്ന പിഞ്ചു മക്കളെയും കണ്ടു നോക്കി നിന്നിട്ടുണ്ട് , അവരുടെ മാതാപിതാക്കളുടെ ആത്മാര്‍ത്ഥത  ഓര്‍ത്തു, ഞാന്‍ സ്വയം ചെറുതായിട്ടുണ്ട്., പരിമിതമായ സൌകര്യത്തില്‍ ഇത്രയേറെ പഠിതാക്കളെ തിങ്ങിക്കാണുമ്പോള്‍, നമ്മുടെ നാടിന്‍റെ ദീന്‍ പഠിക്കാനുള്ള സൗകര്യവും സ്വാതന്ത്ര്യവും, ഭൌതിക സാഹചര്യവുമോര്‍ത്തു വിതുമ്പിയിട്ടുണ്ട്, അവരൊക്കെ എത്രയോ ഉന്നതിയിലുള്ളവരാണ്, ആത്മീയതയില്‍. അള്ളാഹുവിന്‍റെ ദീന്‍ പഠിക്കുന്നതില്‍.

തുടരും...


അസീസ്‌ പട്‌ല 

No comments:

Post a Comment