Saturday, 18 February 2017

പട്‌ല സ്‌കൂൾ മിഷൻ 2025 / അസ്‌ലം മാവില

പട്‌ല സ്‌കൂൾ മിഷൻ 2025

സ്‌കൂൾ വികസന സമിതി :
സുമനസ്സുകൾക്ക് വേണ്ടിയുള്ളതാണ്
ഈ  സുവർണ്ണ വാതായനം

അസ്‌ലം മാവില

എവിടെയാണ് വികസനം ആദ്യം വേണ്ടത് ? നാട്ടിലോ പുറത്തോ ? നമ്മുടെ ചുറ്റുവട്ടത്തോ അല്ല അതും കഴിഞ്ഞു അപ്പുറത്തോ ?

ഉത്തരം : നമ്മുടെ സ്വന്തം ഗ്രാമത്തിൽ.  അത് പറയാനാണ് നമുക്ക് ഉത്സാഹം ഉണ്ടാകേണ്ടത്. അവനവൻ രാവിലെയും വൈകുന്നേരവും നടന്നുപോകുന്ന പ്രദേശത്തു, അവിടെയുള്ള പരിമിതിക്കകത്തു ലഭിക്കുന്ന വികസനങ്ങൾ ആത്മാർത്ഥമായി ആരെങ്കിലും ആഗ്രഹിക്കുന്നുവോ ? അവനെ വിശ്വസിക്കുക. കാരണം അവന്റെ മനസ്സിൽ കള്ളമില്ല, കാപട്യമില്ല.  അഭിപ്രായ വ്യത്യാസങ്ങൾ അവനൊരു വിഷയമേ അല്ല. അഭിപ്രായാന്തരങ്ങൾ  വികസനത്തിന് ഉത്തേജനമാണ്. അല്ലാതെ വിലങ്ങു തടിയല്ല.

എനിക്കും നിങ്ങൾക്കും ഒരു സ്മാർട്ട് ഫോണും നെറ്റ് കണക്ഷനും ഉണ്ടെങ്കിൽ...... ഉണ്ടെങ്കിൽ ?  കോപ്പി & പേസ്റ്റ് ചെയ്ത് പല നാടുകളിലെയും  വികസന വിജയ കഥകൾ സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യാൻ സാധിക്കും. എന്തെങ്കിലും പ്രത്യേകിച്ച് എഫേർട്ട് എടുക്കേണ്ട.  അതിനു എല്ലാ പണിയും നിർത്തി ഒരുങ്ങാനും പറ്റും.  ആയിക്കോട്ടെ. നല്ലത് തന്നെ.

നമ്മുടെ നാടിന്റെ വികസന വിഷയങ്ങൾ ചർച്ച ചെയ്യാൻ ഒരു  സന്ദർഭം ഉണ്ടെന്ന് കേട്ടാൽ നാം എന്ത് ചെയ്യും ? അവിടെയാണ് നമ്മുടെ ഇഖ്‌ലാസ് പരീക്ഷിക്കപ്പെടുക.   കേൾക്കാത്ത മാതിരി പുറം തിരിഞ്ഞു നടക്കുമോ ? നൂറ് ഞായം പറഞ്ഞു സ്വന്തം വീട്ടീന്ന് അന്നേയ്ക്ക് മാത്രം തടിയെടുക്കുമോ ? പോയ കല്യാണത്തിന് പതിവിന്ന് വ്യത്യസ്തമായി ഈ മീറ്റിങ്ങിൽ നിന്ന് തലയൂരാൻ വേണ്ടി ''പുതുനാട്ടിയും പുതിയാപ്പിളയും വരുംവരെ'' കാത്തിരുന്ന്  വലിയ ആതിഥേയൻ ചമഞ്ഞു  തമിഴ്‌നാട് രാഷ്ട്രീയവും ട്വന്റി ട്വന്റിയും പറഞ്ഞു  കല്യാണപ്പന്തലിലിരുന്ന്  ടൈം പാസ്സാക്കുമോ? അല്ല മറ്റെന്തെങ്കിലും കാരണം സ്വയമുണ്ടാക്കി ''ബിസി'' ആകുമോ ?

 ഒരു മാറ്റത്തിന് വഴിയൊരുക്കുന്ന സുപ്രധാന  യോഗം ബുധനാഴ്ച നമ്മുടെ സ്‌കൂളിൽ നടക്കുന്നു. 2025 വരേക്കുള്ള സ്വപ്ന പദ്ധതിക്കുള്ള ഒരുക്കൂട്ടമാണ് ഇത്. നമ്മൾ, നാട്ടുകാർ ഇരുന്നിട്ട് വേണം അതൊക്കെ നടക്കാൻ.  ഇതിന് ഇറക്കുമതി പരിപാടിയില്ല.  നിരന്തരം കൂടിയാലോചനകൾ നടക്കും. ആ സ്‌കൂളിന്റെ വികാസനോന്മുഖമായ വിഷയങ്ങളിലാണ്ചർച്ച നടക്കുക.  അത് എങ്ങിനെ ആകണമെന്നൊക്കെ എനിക്കും നിങ്ങൾക്കും കൂടുതൽ അറിയാം.

ആയിരത്തിച്ചില്ലാനം മക്കൾ പഠിക്കുന്ന സ്‌കൂളാണ്.  400 x 2 രക്ഷിതാക്കൾ വന്നാൽ അവിടെ ഇരിക്കാനും നിൽക്കാനും സ്ഥലമുണ്ടാകില്ല. അതിന്റെ നാലിലൊന്നെങ്കിലും 100 x 2 എത്താൻ പറ്റുമോ ? ആ സ്‌കൂളിൽ മക്കളെ അയക്കാൻ ഭാഗ്യം കിട്ടാത്തവർക്ക് അവിടെ ഇതിന്റെ പേരിലെങ്കിലും എത്തിനോക്കാൻ, അല്ല സജീവമാകാൻ കൂടിയുള്ള  ഒരവസരമാണ്. ''അങ്ങിനെ ആകണം, ഇങ്ങിനെ ആയിക്കൂടെ'' എന്നൊക്കെ നിരന്തരം പറയുകയും ആലോചിക്കുകയും ചെയ്യുന്ന  യുവാക്കൾക്കും സീനിയർ ക്‌ളാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും കിട്ടുന്ന നല്ല ചാൻസ്.  കല്യാണത്തിന് രണ്ടും മൂന്നും ദിവസം ലീവെടുക്കാമെങ്കിൽ സ്വന്തം നാട്ടിലെ സ്‌കൂളിന്റെ കാര്യത്തിന് വേണ്ടി ''അര'' ലീവെടുത്താൽ ആകാശം ഇടിഞ്ഞു വീഴാനും പോന്നില്ല.

വികസനം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് തുടങ്ങണം. അത്കൊണ്ട് പല ഗുണങ്ങളുമുണ്ട്. മറ്റേത് വികസനങ്ങളെക്കാളും അതിന്റെ ഫലം വളരെ വലുതാണ്. മറ്റു വികസനങ്ങൾക്കുള്ള രാജപാത കൂടിയുമാണ്. നിങ്ങൾ അതാഗ്രഹിക്കുന്നുവോ ബുധനാഴ്ച സ്‌കൂളിൽ എത്തണം. നല്ല ആശയങ്ങൾ, നല്ല ഉപായങ്ങൾ, നമ്മുടെ വിഭവങ്ങളും സ്ഥപരിമിതികളും കണ്ടറിഞ്ഞുള്ള പ്രായോഗിക നിർദ്ദേശങ്ങൾ... അതൊക്കെ പറയാനും കേൾക്കാനും, എല്ലാം   കേട്ടിട്ട് നിങ്ങളുടെ അഭിപ്രായങ്ങൾ  മുമ്പിൽ വെക്കാനുമുള്ള അവസരമാണ്.

''തടി''കൊണ്ടും പണം കൊണ്ടും ആശയങ്ങൾ കൊണ്ടും സംഘാടനം കൊണ്ടും സാന്നിധ്യം കൊണ്ടും നല്ല ഉത്സാഹം കൊണ്ടും നന്മ നിറഞ്ഞ  മനസ്സ് കൊണ്ടും   നിങ്ങൾക്ക് സജീവമാകാം.  സ്‌കൂളുകളിൽ മീറ്റിങ് വിളിച്ചാലോ നാട്ടിലൊരു ഗ്രാമസഭ വിളിച്ചാലോ ചില സ്ഥിരം മുഖങ്ങളും കുറച്ചു കുടുംബശ്രീക്കാരും ഏതാനും  മദർ പിടിഎ ക്കാരും മാത്രം എന്നൊരു പറച്ചിൽ എല്ലായിടത്തുമുണ്ട്.  വലിയ വലിയ ഐഡിയക്കാരൊക്കെ മറ്റു പല തിരക്കുകളിലും ആയിരിക്കും. അങ്ങിനെയൊരു ദുരന്തം  ഇതാകാതിരുന്നാൽ നമ്മുടെ സ്‌കൂളിന്റെ ഭാവിക്ക് നല്ലത്. വരും തലമുറകളുടെ ഉന്നമനത്തിനും നല്ലത്.

സോഷ്യൽ മീഡിയയിൽ സജീവമാകുന്നവർക്ക് ഇക്കാര്യത്തിൽ ഒരുപാട് ചെയ്യാനാകും. കുറഞ്ഞത് ഓരോരുത്തരുടെയും വീടുകളിൽ ഈ സന്ദേശമെത്തിക്കാൻ സാധിക്കും.  സി പിയുടെ മെഡിക്കൽ ക്യാംപിന് കിട്ടിയതിനെക്കാളും ജനപങ്കാളിത്തവും പ്രചാരണവും ഇതിലും ഉണ്ടാകണം. നാം പഠിച്ച പള്ളിക്കൂടമല്ലേ? പഠിച്ചതല്ലെങ്കിൽ നമ്മുടെ മൂക്കിന്റെ തുമ്പത്തുള്ള വിദ്യാഭ്യാസസ്ഥാപനമല്ലേ ? 

No comments:

Post a Comment