Monday, 20 February 2017

പരീക്ഷാ കാലമായി രക്ഷിതാക്കൾ ഇതൊക്കെ അറിഞ്ഞോ ആവോ ?/ അസ്‌ലം മാവില

പരീക്ഷാ കാലമായി
രക്ഷിതാക്കൾ ഇതൊക്കെ അറിഞ്ഞോ ആവോ ?

അസ്‌ലം മാവില

പരീക്ഷ അടുക്കാറായി.  SSLC ,  പ്ലസ് ടു, CBSE പത്താം തരം, പതിനൊന്നാം തരം , പന്ത്രണ്ട്, ഡിഗ്രി പരീക്ഷകൾ ........ ഇനി പരീക്ഷകളുടെ നാളുകളാണ്. ചില സ്‌കൂളുകളിൽ മോഡൽ പരീക്ഷയും  തുടങ്ങിക്കഴിഞ്ഞു എന്നാണ് വിവരം.

രക്ഷിതാക്കൾ ഈ വഴിക്കൊക്കെയല്ലേ ? അല്ല മറ്റു വല്ല തിരക്കിൽ പെട്ട് പിള്ളേരുടെ പരീക്ഷയുടെ കാര്യങ്ങൾ മറന്നോ ? മറക്കരുത്. അതിനാണ് ഈ കുറിപ്പ്.

എന്നെപ്പോലെയുള്ള ''പ്രവാസി'' വീടുകളിലാണ് കുറച്ചു കൂടി ശ്രദ്ധ വേണ്ടത്. ഉപ്പ പുറം നാട്ടിൽ, ഉമ്മ വീട്ടിൽ. ബന്ധുക്കളിൽ ആരെങ്കിലും ഒരാൾ ഒരു ഗാർഡിയൻ എന്ന നിലയിൽ നിങ്ങളുടെ വീടും പരിസരവുമൊക്കെ ശ്രദ്ധിച്ചും നോക്കിയും നിങ്ങൾക്ക് കൈത്താങ്ങായി ഉണ്ടാകും. അവർക്കും ചില പരിമിതികളൊക്കെ ഉണ്ട്. അത് ആദ്യം മനസ്സിലാക്കുക. ആത്യന്തികമായി ഉപ്പയും ഉമ്മയും തന്നെയാണ് ഏറ്റവും ഉത്തരവാദിത്തപ്പെട്ടവർ. അവരുടെ ശ്രദ്ധ ഒന്നൊന്നരയായിരിക്കും.

കുട്ടികളുടെ പ്രകൃതം എല്ലാവർക്കുമറിയാം. നമ്മളൊക്കെ ആ ഒരു സ്റ്റേജ് കഴിഞ്ഞാണ് ഇപ്പോൾ നരച്ചിട്ടുള്ളത്, അല്ലാതെ ഒരു സുപ്രഭാതത്തിൽ മാതാപിതാക്കൾ ആയതല്ലല്ലോ. സന്ധ്യ കഴിഞ്ഞാൽ  പിള്ളേരെ പുറത്തു വിടരുത്. (ഈ കുറിപ്പ് വായിച്ചു വീട്ടിൽ പിള്ളേരോട്  വഴക്കും വക്കാണത്തിനും നിൽക്കരുത്. ).  സൗഹൃദന്തരീക്ഷം ഉണ്ടാക്കി, കുട്ടികളെ ''ഒക്കെക്കൂട്ടി'' (കൂടെക്കൂട്ടി ) പഠിക്കാനുള്ള സൗകര്യമൊരുക്കുക. തഞ്ചത്തിൽ കൂടെക്കൂട്ടാൻ ഉമ്മമാർക്ക് അറിയാം. ''ചക്കരേ, പൊന്നേ, മിന്നേ...'' എന്നൊക്കെ പറഞ്ഞാൽ ഉമ്മാന്റെ വാക്കുകളിൽ വീഴാത്ത  കുട്ടികൾ എവിടെയുമുണ്ടാകില്ല. ഓരോ മണിക്കൂറിലും അവർക്ക് അഞ്ചു പത്തു മിനിറ്റ് റിലാക്സ് നൽകി, ആ ഇടവേളകൾ രസകരമാക്കാൻ ഉമ്മമാർ ഒരുങ്ങിയാൽ പിന്നെ പറയണ്ടാ, എല്ലാം ശുഭം.

കുട്ടികളുടെ ശ്രദ്ധ മാറുന്ന രീതിയിലുള്ള ഒന്നും വീട്ടിൽ നാം കാരണം ഒരുക്കരുത്.  ഓരോ കാര്യങ്ങൾക്കും നാമൊരു ടൈം ടേബിൾ ഉണ്ടാക്കുന്നില്ലേ ? അത് പോലെ ടിവിയുടെ കാര്യത്തിലും ടൈം ടേബിൾ ഉണ്ടാക്കണം. അത്യാവശ്യത്തിനു തുറക്കുക, അത് തുറന്നേ പറ്റൂ എന്ന് നിർബന്ധമുള്ളവർ.  എക്സാം കഴിഞ്ഞാൽ പിന്നെ ഒന്ന് രണ്ട് മാസം അതിന്റെ മുന്നിൽ തന്നെ തപസ്സിരിക്കാമല്ലോ. അന്നേരം ഉണ്ണുന്നതും ഉറങ്ങുന്നതും നിങ്ങളുടെ ഇഷ്ടം. ടാബ് , ഗെയിംസ് ഡിവൈസ് ഇതൊക്കെ തൽക്കാലം എടുത്ത് മാറ്റുക.

അത്യാവശ്യത്തിനു മാത്രം കുട്ടികൾ മൊബൈലൊക്കെ  ഉപയോഗിക്കട്ടെ, നല്ല രൂപത്തിൽ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തിയാൽ അവർ വഴങ്ങിക്കോളും.  (അതിന്റെ പേരിൽ തല്ല് കൂടണമെന്നല്ല). കുട്ടികൾക്ക് കാര്യങ്ങൾ പറഞ്ഞാൽ അറിയാം. പരീക്ഷയുടെ ഗൗരവമൊക്കെ അവർക്ക് ബോധ്യമുണ്ട്. നിങ്ങൾക്കും ബോധ്യമുണ്ടെന്ന് അവർക്ക് തോന്നിയാൽ മാത്രം മതി. ഇപ്പോഴത്തെ പിള്ളേർ മുമ്പത്തെ പോലെയല്ല, പെട്ടെന്ന് അവർക്ക് സംഭവം  ''കത്തും''.  എന്റെ അഭിപ്രായത്തിൽ മൊബൈൽ (അവർക്ക് ഉണ്ടെങ്കിൽ ) പരീക്ഷാക്കാലങ്ങളിൽ  അലാറമായി മാത്രം ഉപയോഗിക്കാമെന്നാണ്.

ചില വിരുതന്മാർ പഠിക്കാൻ ''മൊബൈൽ''  പഠന സഹായിയായി  യൂസ് ചെയ്യാറുണ്ട്. ഗ്രൂപ്പ് സ്റ്റഡി എന്നാണ് അതിന് അവർ ഓമനപ്പേരിട്ടിട്ടുള്ളത്.  സംഭവമൊക്കെ ശരിയായിരിക്കും, നമ്മൾ പഴഞ്ചനുമായിരിക്കും.  ഒരു പലകയും എടുത്ത് നമ്മൾ അവരുടെ കൂടെ ഇരിക്കുമെങ്കിൽ, ഇപ്പറഞ്ഞത് ഓക്കേ  ! അല്ലെങ്കിൽ കണ്ണ് തപ്പിയാൽ ഓൺ ലൈൻ ഗ്രൂപ്പ് സ്റ്റഡിയുടെ കോലം തന്നെ കുട്ടികൾ മാറ്റിക്കളയും. അതിനു നമുക്ക് സമയമുണ്ടാകുമോ ?

പ്രവാസി രക്ഷിതാക്കളെ പ്രബുദ്ധരാക്കുമ്പോൾ നാട്ടിലുള്ളവർ എല്ലാം തികഞ്ഞവർ എന്നർത്ഥമില്ല കേട്ടോ. ടവറിനടിയിലാണ് റെയ്ഞ്ച് തീരെ കിട്ടാത്തത് എന്നൊക്കെ തമാശ പറയാറുണ്ട്. ഞാനെഴുതിയതൊക്കെ  എല്ലാവർക്കും ബാധകമാണ്.

കടയിൽ അപ്പപ്പോൾ കുട്ടികളെ അയക്കുന്നതിന് പകരം ഒരാഴ്ചക്കുള്ള കോപ്പൊക്കെ ഒന്നിച്ചു വാങ്ങുക. പരീക്ഷ കഴിയുന്നത് വരെ  ''ചത്തിറ്റ്'' കളിക്കുന്നത് ഒഴിവാക്കി, വിയർപ്പ് പൊട്ടാനും റിലാക്സ് ചെയ്യാനും മാത്രമായി കളികൾ  ചുരുക്കുക. ചെറിയ ചെറിയ കളികളിൽ ഏർപ്പെട്ട് പെട്ടെന്ന് കൂടണയുക എന്നർത്ഥം.  ഇന്നലെ ഒരാൾ വിളിച്ചു പറഞ്ഞു, നന്നായി പഠിക്കുന്ന മകൻ, അത് പോലെ കളിക്കും. കുറച്ചു ആത്മാർഥത ഗ്രൗണ്ടിൽ കാണിച്ചു പോയി പയ്യൻ.  കാലിന്റെ കഴയാണ് ഊരിയത്. പ്ലാസ്റ്ററിട്ട ഫോട്ടോ അയച്ചപ്പോൾ ഞാൻ ആലോചിച്ചത് പെറ്റ തള്ള ഇത് കണ്ട് എങ്ങിനെ സഹിക്കുന്നു എന്നാണ്.  ഇനി എങ്ങിനെ പരീക്ഷക്കിരിക്കും എന്ന ഗവേഷണത്തിലാണ് അവരുടെ കുടുംബക്കാരിപ്പോൾ.  (ഇപ്പറഞ്ഞതിന്  ''ആക്സിഡന്റാകുന്നില്ലേ ?'', നടന്നു പോകുമ്പോൾ ചക്കയും തേങ്ങയും  തലയിൽ വീഴില്ലേ ?'' എന്ന മറു ചോദ്യം പറയുന്നവർ എന്റെ ഈ പാരഗ്രാഫ് കണ്ടിട്ടേയില്ല, ഞാൻ എഴുതിയിട്ടുമില്ല ).

ഇപ്പോൾ പിന്നെ മിക്ക വീട്ടിലും രാവിലെ വെളിച്ചം കാണുന്നുണ്ട്. സന്തോഷം ! മുതിർന്നവർ മാത്രമല്ല കുട്ടികളും രാവിലെ എഴുന്നേൽക്കട്ടെ, സൂര്യനുദിക്കുന്നത് കാണാത്തവർക്കു കാണുകയും ചെയ്യാം.

പരീക്ഷാ പഠനത്തിന് ചെറിയ ടൈംടെബിളൊക്കെ അവർ ഉണ്ടാക്കിയിട്ടുണ്ടാകും. ധാരാളം വെള്ളം കുടിക്കാൻ പറയണം. കരിച്ചതും പൊരിച്ചതും നിയന്ത്രിച്ചാൽ പുസ്തകം കാണുമ്പോഴുള്ള ഉറക്കച്ചടവ് ഒഴിവാക്കാം. പയറും പച്ചക്കറിയൊക്കെ കൂടുതൽ മെനുവിൽ ഉൾപ്പെടുത്തുക, അതിൽ തന്നെ എന്തൊക്കെ വെറൈറ്റി ഉണ്ടാക്കാം. അതൊക്കെ അടുക്കളഭരണക്കാർക്ക് അറിയുകയും ചെയ്യും. മനസ്സ് വെക്കണമെന്നേയുള്ളൂ.

കുറച്ചു നേരത്തെ കിടന്നും അതിനു കണക്കാക്കി കുറച്ചു നേരത്തെ എണീറ്റും ഉമ്മമാർ അവരോടു സഹകരിച്ചാൽ ചെറിയ ചിട്ടയൊക്കെ ഉണ്ടാകും. കൊല്ലപ്പരീക്ഷയല്ലേ ? കുട്ടികൾ എന്തേലും എഴുതണ്ടേ ? പ്രവാസി ഉപ്പമാർ നാട്ടിലേക്കുള്ള വിളിയിൽ കുട്ടികളുടെ പഠനകാര്യം അന്വേഷിക്കുക. നല്ല മാർക്ക് വാങ്ങിയാൽ നിങ്ങൾക്ക് കൊടുക്കാൻ പറ്റുന്ന ചെറിയ സമ്മാനങ്ങൾ ഓഫർ ചെയ്യുക. (മൊബൈൽ ഒഴികെ ), കുട്ടികൾ  ടാർജറ്റ് പൂർത്തിയാക്കിയാൽ നിങ്ങൾ അത് കഴിഞ്ഞ കൊല്ലവും പ്രോമിസ് ചെയ്ത്, അവസാനം,  കൊടുക്കാതെ വെളുക്കെ ചിരിച്ചു നടന്നത് പോലെ  ഇപ്പ്രാവശ്യം ചെയ്യരുത്. ''ഉപ്പാന്റെ, ഇച്ചാന്റെ വാക്ക് പോലെ'' എന്ന്  നിങ്ങൾ ഇല്ലാത്ത സമയത്ത് ഉമ്മയും മക്കളും സന്ദർഭം കിട്ടുമ്പോഴൊക്കെ  ഉപയോഗിക്കുമെന്ന് പറയേണ്ടല്ലോ ! (ഇപ്പോൾ കീറിയ ചാക്കിന് എവിടെയും വിലയുമില്ല )!

പ്രവാസികൾ നാട്ടിലേക്ക് മണിക്കൂറുകൾ വിളിക്കുമ്പോൾ പ്രധാനമായും  ശ്രദ്ധിക്കേണ്ടത് ഇവിടത്തെ വെള്ളിയാഴ്ച അവിടത്തെ ''ഞായറാഴ്ച'' അല്ല എന്നാണ്. ഒന്നര, രണ്ടര മണിക്കൂർ വ്യത്യാസവുമുണ്ട്.  സംഭവം കത്തിയല്ലോ ? എന്താണ് ഉദ്ദേശമെന്ന് പരത്തി  എഴുതി ഒരു പാരഗ്രാഫ് നാഷ്ടപ്പെടുത്തുന്നില്ല.

അതത് ഏരിയകളിലുള്ള ചെറിയ ചെറിയ മഹല്ല് നേതൃത്വത്തിനൊക്കെ കുട്ടികളുടെ പരീക്ഷാ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട്  ഒരുപാട് ചെയ്യാൻ  സാധിക്കും.  ചെറിയ ചെറിയ സബ്കമ്മിറ്റികൾ ഉണ്ടാക്കി, അഭ്യസ്തവിദ്യരായ യുവാക്കളെ ഉൾപ്പെടുത്തി ഒരു ടീം.  ചെറിയ ചെറിയ ഗ്രൂപ്പുകളായി ഇടക്കിടക്ക് ചുറ്റുവട്ടമുള്ള വീടുകളിലൊക്കെ കയറി, മക്കളുടെ പഠനമന്വേഷിച്ചു, അവർക്കൊക്കെ ആശംസകൾ അറിയിച്ചു ..... എന്തൊരു രസമായിരിക്കും അതൊക്കെ. അതിനർത്ഥം  ''അഞ്ഞൂറ്റയ്‌മ്പത്'' മൊത്തം ഇറങ്ങണമെന്നല്ല. ഈ വിഷയത്തിൽ താൽപര്യമുള്ളവരുണ്ടാകുമല്ലോ. അവർക്ക് കുറച്ചു പേർക്ക് ഇറങ്ങാം.  കുട്ടികൾക്ക് നൽകാൻ മഹല്ല് വക  കുറച്ചു മിടായി പൊതികൾ ! പോകുമ്പോൾ ഇത് പോലുള്ളൊരു പ്ലെക്കാർഡുമാകാം  - Dont stress, do your best, forget the rest.

support our children , support our students ഇതാകട്ടെ നമ്മുടെ , രക്ഷിതാക്കളുടെ, വിദ്യാഭ്യാസ പ്രവർത്തകരുടെ ഇനിയുള്ള  ദിനങ്ങളിലെ slogan. ഭാവുകങ്ങൾ !

(NOTE : ഈ ആർട്ടികൾ എവിടെത്തുകാർക്കും അപ്പ്ളിക്കബിളാണ് )

No comments:

Post a Comment